ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു പുസ്തകം

  1. image

 

“ഓർത്തു നോക്കുമ്പോൾ എന്റെ കാര്യം മഹാകഷ്ടമാണ്.ദരിദ്രനും നിസ്സഹായനും പരാജിതനും ആർക്കും വേണ്ടാത്തവനുമായി ഞാനീ ജന്മം മുഴുവൻ കഴിയണമെന്നാണോ ദൈവം വിചാരിക്കുന്നത്? നിസ്സഹായനായ ഒരു മനുഷ്യൻ ജീവിതത്തിൽ ഇത്രയൊക്കെ സഹിക്കേണ്ടി വരുന്നതിന്റെ യുക്തിയെന്താണ്? എവിടെയും പരാജയപ്പെടുകയാണ് എന്റെ അനുഭവം. ഒടുവിൽ ഹൃദയത്തിൽ മുറിവുകൾ മാത്രം ബാക്കിയാകുന്നു. നന്മകൾ മാത്രമുള്ള ഒരാൾ ഇന്നേക്കാലം തോറ്റു പോവുകയേ ഉള്ളെന്നാണോ? നന്മകൾ മാത്രമുള്ള ഒരാൾ എന്ന് ഞാനെന്നേപ്പറ്റി പറയുമ്പോൾ അതിരു കടന്ന അവകാശവാദമാണെന്ന് അങ്ങു കരുതുന്നുണ്ടോ? തിന്മ ചെയ്യാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതാരാണ്? ലോകം കുറേക്കൂടി നന്നായി സൃഷ്ടിക്കാമായിരുന്നു എന്ന് സത്യത്തിൽ ഇപ്പോൾ അങ്ങേയ്ക്കു തോന്നുന്നില്ലേ? മനുഷ്യൻ തിന്മ ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണത്തിൽ നിന്നും ഉത്തരവാദത്തിൽ നിന്നും ഒഴിഞ്ഞുമാറുവാൻ അങ്ങേയ്ക്കു കഴിയുമോ? മനുഷ്യനിൽ ആ ദൗർബല്യങ്ങൾ വെച്ചതാരാണ്?”
മലയാളം പോലൊരു ചെറിയ ഭാഷയിൽ ഒരു പുസ്തകത്തിനു നൂറു പതിപ്പുകൾ പുറത്തിറങ്ങുക എന്നത് ഒരിക്കലും ചെറിയ കാര്യമല്ല. വായനയിൽ മലയാളി ഒട്ടും പുറകിൽ അല്ലെങ്കിലും ഇത്ര മാത്രം വിശാലമായ അളവിൽ വായിക്കപ്പെട്ട പുസ്തകങ്ങൾ മലയാള ഭാഷയുടെ ചരിത്രത്തിൽ തന്നെ കുറവാണ്

cover_picture_of_the_book_oru_sankeerthanam_pole
റഷ്യൻ നോവലുകളോട് റഷ്യൻ ഭൂമികയോട് കേരളക്കരയുടെ പ്രണയം ദസ്തെവിസ്കിയിലേക്കും ,ടോൾസ്റ്റോയിയിലേക്കും ,ഗോഗോളിലേക്കും എല്ലാം പടർന്നു കയറിയ കാലങ്ങൾ, മനോഹരമായ തർജ്ജമകളിലൂടെ അന്നയും,കരമസോവും എല്ലാം നമ്മുടെ വീട്ടുപടിക്കൽ എത്തി.അത്തരം കൃതികൾ വായിച്ച് പ്രചോദനം നേടിയ ഒരു തലമുറയുടെ പ്രതിനിധി അത്തരം ഏകാന്ത വായനകൾ സമ്മാനിച്ച മാസ്റ്ററിന് സമർപ്പിക്കുന്ന ആദരമായി ഈ കൃതിയെ കാണാം.
“ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?”
ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനാവേളയിലെ ദസ്തെവിസ്കിയുടെ ജീവിതമാണ് സങ്കീർത്തനം പോലെ പറയുന്നത്.അന്നയുടെ കടന്നുവരവും അത് എഴുത്തുകാരനിലുണ്ടാക്കുന്ന മാറ്റങ്ങളും നോവൽ പറയുന്നു.പലപ്പോഴും കഥ പറയുന്നതിനപ്പുറം ദസ്തെവിസ്കി എന്ന എഴുത്തുകാരനെ പിന്തുടരാനാണ് പെരുമ്പടവം ശ്രമിക്കുന്നത് .

ഇന്ന് പുസ്തകത്തിന്റെ നൂറാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും 1992 ൽ ദീപിക വാർഷികപ്പതിപ്പിലൂടെ മലയാളികളിലേക്കെത്തിയ ഈ കൃതി പിന്നീട് പല തലമുറകളുടെ അക്ഷരപ്രണയത്തിനു ശമനം നൽകി.

ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള എഴുത്തുകാരനെക്കുറിച്ചുള്ള നോവലിന് വയലാർ അവാർഡ് അടക്കം നിരവധി അവാർഡുകളും ആദരങ്ങളും ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here