This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
- മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത് (Current)
- കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
- ട്രമ്പോ ബൈഡനോ?

അമേരിക്ക, സോവിയറ്റ് യൂണിയൻ എന്നീ രണ്ടു മഹാശക്തികളുടെ ശീതസമരം കണ്ടുവളർന്ന എന്റെ തലമുറയിൽ നിന്നുള്ളവർക്ക്, രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പ് നിലവിലുണ്ടായിരുന്ന രാജ്യങ്ങളൂടെ ശക്തിയും അവരുടെ നിലപാടുകൾ എങ്ങനെ ഒരു വൻ ദുരന്തത്തിലേക്ക് അന്ന് ലോകത്തെ നയിച്ചുവെന്നുമൊക്കെ കൃത്യമായി മനസ്സിലാക്കാൻ പ്രയാസമാണ്. അത് ചരിത്രത്തിൽ നിന്ന് വായിച്ചെടുക്കാൻ മാത്രമേ അവസരമുള്ളൂ എന്നിരിക്കെത്തന്നെ ആ ചരിത്രം അധികവും നിർമ്മിച്ചിട്ടുള്ളത് വിജയികൾ ആണെന്ന പോരായ്‌മയുമുണ്ട് കാര്യങ്ങൾ അങ്ങനെ വായിച്ചെടുക്കുന്നതിൽ. പ്രത്യേകിച്ചും ഇംഗ്ളീഷിലും ഇന്ത്യൻ ഭാഷകളിലും നമുക്ക് ലഭിക്കുന്ന ചരിത്രത്തിൽ ബ്രിട്ടീഷ് – അമേരിക്കൻ നിർവചനങ്ങൾക്കാണ് പ്രധാന സ്ഥാനം. ശീതസമരകാലത്ത് ഇന്ത്യ സോവിയറ്റ് യൂണിയന്റെ ക്യാമ്പിൽ ആയിരിന്നിട്ടു കൂടി, റഷ്യൻ സാഹിത്യവും സംസ്ക്കാരവും പ്രചരിപ്പിക്കുന്നതിന്നപ്പുറത്ത് സോവിയറ്റ് യൂണിയന്റെ പ്രചാരണവിഭാഗം ചരിത്രത്തെ കൃത്യമാക്കാനൊന്നും പരിശ്രമിച്ചതായി തോന്നിയിട്ടില്ല.

80-കളിൽ നിന്ന് ഓർമ വരുന്ന, എന്റെ തലമുറയുടെ രാഷ്ട്റീയവീക്ഷണത്തെ സ്വാധീനിച്ച, പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്: ലിബറൽ ജനാധിപത്യക്രമത്തെ സോവിയറ്റ് യൂണിയന്റെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ലോകത്തെവിടെയും ഇടപെടുന്ന അമേരിക്ക (അക്കാര്യത്തിൽ ഇന്ത്യയെ അമേരിക്ക പിന്തുണച്ചില്ല എന്ന് നിരീക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യത്തേക്കാൾ അമേരിക്കക്ക് വലുതായിരുന്നത് സോവിയറ്റ് യൂണിയനെ തകർക്കുക എന്ന ലക്ഷ്യമായിരുന്നെന്ന് ഇന്ന് നമുക്കറിയാം.); മനുഷ്യന് തുല്യതയും സ്വാഭിമാനവും വാഗ്ദാനം ചെയ്തെങ്കിലും പ്രായോഗികതലത്തിൽ ഒരു ഭരണക്രമം എന്ന നിലയിൽ കമ്യൂണിസ്റ്റ് ആശയസംഹിതയുടെ എല്ലാ ബലഹീനതകളും പുറത്തുകൊണ്ടുവന്ന സോവിയറ്റ് യൂണിയൻ എന്ന സാമൂഹികപരീക്ഷണത്തിന്റെ സ്വാഭാവീകമായ അപചയം; ഒരു വൻ സാമ്പത്തിക ശക്തിയായി തലതൊട്ടപ്പനായ അമേരിക്കയെത്തന്നെ വിറപ്പിച്ചുകൊണ്ടുള്ള ജപ്പാന്റെ ഉയർച്ച. അക്കാര്യങ്ങൾ മറക്കുവാൻ പ്രയാസ്സമാണ്, പ്രത്യേകിച്ചും കമ്യൂണിസത്തിന്റെ മേൽ ലിബറൽ ജനാധിപത്യം നേടിയ മേൽക്കോയ്‌മ.
അതാത് രംഗങ്ങളിൽ സോവിയറ്റ് യൂണിയന്റെയും ജപ്പാന്റെയും തകർച്ച പെട്ടന്നായിരുന്നു. 90-കളിൽ സോവിയറ്റ് സാമ്രാജ്യം തകർന്നടിഞ്ഞു. ജപ്പാൻ സാമ്പത്തിക രംഗത്ത് പ്രധാന കളിക്കാരായി ഇന്നും തുടരുന്നുവെങ്കിലും അമേരിക്കയെ വെല്ലുവിളിക്കാനുള്ള ശക്തി പല കാരണങ്ങൾ കൊണ്ടും അവർക്ക് നേടുവാനായില്ല. ആ ശതാബ്ദത്തിൽ ഡെങ്ങ് സിയാവോ പെങ് തുടങ്ങിവച്ച പരിഷ്കരണത്തിന്റെ ഫലമായി ചൈന ലോകസാമ്പത്തികരംഗത്ത് ജപ്പാന്റെ സ്ഥാനം ഏറ്റെടുക്കുകയും ആ പുരോഗതി ഇന്ന് അവരെ അമേരിക്കയെ വെല്ലുവിളിക്കാൻ വരെ പറ്റുന്ന സ്ഥാനത്ത് എത്തിക്കുകയും ചെയ്തു. (സ്വതന്ത്രവിപണിയിലേക്ക് അമേരിക്കൻ പ്രസിഡൻ്റ് റിച്ചാർഡ് നിക്സൻ മുൻകൈ എടുത്ത് ചൈനയെ പ്രവേശിപ്പിച്ചില്ലായിരുന്നില്ലെങ്കിൽ ചൈനയിൽ കമ്യൂണിസ്റ്റ് ഭരണം നിലനിൽക്കുമായിരുന്നോ എന്ന കാര്യം സംശയമാണ്, കാരണം സോവിയറ്റ് യൂണിയനിലെപ്പോലെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു ചൈനയിലും.) ചൈന അവരുടെ സാമ്പത്തിക പുരോഗതി ആയുധശക്തിയിലേക്ക് കൂടി പുരോഗമിപ്പിച്ചതോടെ ലോകത്തിലെ ഏക വൻശക്തി എന്ന അമേരിക്കയുടെ സ്ഥാനത്തിനു തന്നെയാണ് ചൈന ഭീഷണി ഉയർത്തുന്നത്.
സോവിയറ്റ് യൂണിയന്റെ ബാക്കിപത്രമായ റഷ്യ ഇന്ന് ഒരു സാമ്പത്തികശക്തി അല്ലെങ്കിലും സൈനികമായി, പ്രത്യേകിച്ചും ആണവായുധങ്ങളുടെ കാര്യത്തിൽ, ഒരു പ്രധാനശക്തി തന്നെയാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം കുറച്ചുകാലം ഒരു ജനാധിപത്യ രാജ്യമായിരുന്നെങ്കിലും പൂടിൻ അധികാരത്തിലെത്തിയതോടെ റഷ്യ അദ്ദേഹത്തിന്റെ ഏകാധിപത്യത്തിലായി. അമേരിക്കയെ നേരിട്ട് എതിർക്കാൻ കഴിയില്ലെങ്കിലും അമേരിക്കൻ താല്പര്യങ്ങളെ തകർക്കുക എന്നത് പൂട്ടിന്റെ ഒരു പ്രധാന വിദേശകാര്യനയമാണ്.
ലോകത്തെ തങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാനുള്ള ജർമനിയുടെയും ജപ്പാന്റെയും ആക്രമണോത്സുകമായ നീക്കങ്ങളാണ് രണ്ടാം ലോകമഹായുദ്ധം തുടങ്ങിവച്ചതെന്ന് ചുരുക്കി പറയുന്നതിൽ തെറ്റില്ല. സ്റ്റാലിൻ ഹിറ്റ്ലറുമായുള്ള ഉടമ്പടി പ്രകാരം യുദ്ധരംഗത്തു നിന്ന് മാറി നിൽക്കുകയായിരുന്നു. അക്കാലത്ത് ലോകകാര്യങ്ങളി നിന്ന് വിട്ടുനിൽക്കുകയെന്നത് അമേരിക്കയുടെ പ്രധാന നയം തന്നെയായിരുന്നു. ഉടമ്പടി തെറ്റിച്ച് ജർമനി സോവിയറ്റ് യൂണിയനെ ആക്രമിച്ചു; അമേരിക്കയെ ജപ്പാൻ യാതൊരു പ്രകോപനവുമില്ലാതെ പേൾ ഹാർബറിൽ ബോംബു ചെയ്തു. യുദ്ധത്തിലേക്ക് സോവിയറ്റ് യൂണിയനെയും അമേരിക്കയെയും വലിച്ചിഴച്ചത് നാത് സി ജർമനിയുടെയും രാജകീയ ജപ്പാന്റെയും പരിപൂർണ തകർച്ചയിൽ കലാശിച്ചു. അമേരിക്കയുടെ സഹായത്തോടെ ജർമനിയും ജപ്പാനും പിന്നീട് രണ്ട് പ്രധാനപ്പെട്ട ജനാധിപത്യരാജ്യങ്ങളായി പരിണമിച്ച് ലിബറൽ ജനാധിപത്യക്രമത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. കുറച്ചുനാൾ കിഴക്കൻ ജർമനി കമ്യൂണിസ്റ്റ് സർവാധിപത്യത്തിൽ ആയിരുന്നെങ്കിലും ഒരു സർവാധിപത്യക്രമമായിരുന്ന സോവിയറ്റ് യൂണിയൻ ഈ രണ്ടു രാജ്യങ്ങളെയും ജനാധിപത്യക്രമത്തിലേക്ക് വഴി തെളിക്കുന്നതിന് സഹായകരമായത് കൗതുകകരമാണ്. (മഹായുദ്ധത്തിനുശേഷം സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ബാല്യകാലത്തെ താങ്ങി നിറുത്തിയതും സോവിയറ്റ് യൂണിയൻ ആണെന്ന് ഓർക്കണം, അമേരിക്കയുടെ സംരക്ഷണത്തിൽ ഉണ്ടായിരുന്ന പാകിസ്ഥാനിൽ ജനാധിപത്യത്തിന് അധോഗതി ആയിരുന്നു.)
അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തില്ലായിരുന്നെങ്കിൽ ജർമനി അവർക്ക് ആവശ്യമുള്ളതെല്ലാം യൂറോപ്പിൽ നിന്ന് എടുക്കുമായിരുന്നു; അതുപോലെ ജപ്പാൻ ഏഷ്യയിലും. അത്തരം ഒരു ശാക്തീകരണത്തിനുശേഷം, ഒരു പക്ഷേ, അവർക്ക് പിന്നീട് അമേരിക്കയെയും സോവിയറ്റ് യൂണിയനെയും തോൽപ്പിക്കാനും കഴിയുമായിരുന്നിരിക്കും. നമ്മൾ ഇന്ന് കാണുന്ന ഒരു ഭൂലോക-സാമൂഹീകക്രമത്തിൽ ആയിരിക്കില്ല എന്റെ തലമുറയൊക്കെ വളർന്നിട്ടുണ്ടാകുക. ജപ്പാന്റെ ആധിപത്യത്തിൽ ചൈനയെപ്പോലെ ഒരു പുതിയ ശക്തിയുടെ വളർച്ച ചിന്തിക്കാനും പോലും ബുദ്ധിമുട്ടാണ്. കാരണം അമേരിക്ക ഉറപ്പുകൊടുക്കുന്ന, ലിബറൽ ജനാധിപത്യക്രമത്തിലാണ് ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യം ആണെങ്കിൽ കൂടി ആ രാജ്യവും പുരോഗതി പ്രാപിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിലെ ഏകവിജയികൾ അമേരിക്ക ആയിരുന്നു. അതുവരെ മണ്ണും ചാരിനിന്ന് ലോകത്തെ ദൂരെ മാറി നിന്ന് നിരീക്ഷിച്ച അമേരിക്ക യുദ്ധത്തിനുശേഷം ലിബറൽ ജനാധിപത്യത്തിന്റെ സംരക്ഷകരായി. അവർ ഉറപ്പ് കൊടുത്ത സാമ്പത്തിക-രാഷ്ട്റീയക്രമം ലോകത്തിന് പൊതുവേ അഭൂതപൂർവ്വമായ വളർച്ച നേടിക്കൊടുത്തു. ലിബറൽ ജനാധിപത്യത്തെ വെല്ലുവിളിച്ച കമ്യൂണിസ്റ്റ് ആശയങ്ങൾ ഒരു ഭരണക്രമം എന്ന നിലയിൽ പരിപൂർ ണമായി പരാജയപ്പെട്ടു, ചൈനയും വിയറ്റ്നാമും പോലെ കമ്യൂണിസം പേരിലെങ്കിലും നിലനിൽക്കുന്നത് അമേരിക്ക നിയന്ത്രിക്കുന്ന ലോകസാമ്പത്തികക്രമത്തോട് ആ രാജ്യങ്ങൾ ചേർന്ന് പ്രവർത്തിക്കുന്നത് കൊണ്ടാണ്.
അമേരിക്കക്ക് ഒരു യഥാർഥ ബദൽ ആകണമെങ്കിൽ ഒരു സാമ്പത്തികശക്തി മാത്രം ആയാൽ പോര എന്ന് ചൈനക്ക് വ്യക്തമായി അറിയാം. അതിന് വേണ്ടി ലോകസാമ്പത്തിക ക്രമത്തെ നിയന്ത്രിക്കുവാനും കഴിയണം. ലി സിപെങ്ങിന്റെ ഭരണകാലത്തെ ചൈന സൈനിക ശക്തി ആർജ്ജിക്കുവാൻ ശ്രമിക്കുന്നത് അക്കാര്യം കൊണ്ടാണ്. അത്തരമൊരു നീക്കം പ്രതിരോധത്തിലൂന്നിയല്ല എന്നാണ് ചൈനയുടെ നീക്കങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യൻ അതിർത്തിയിൽ അവർക്ക് തോന്നുമ്പോൾ ഒക്കെ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അവരോട് പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് അറിയാവുന്ന ഇന്ത്യ കാര്യമായി എതിർക്കാറുമില്ല. എന്നാൽ അമേരിക്കയെ നേരിട്ട് ആക്രമിക്കാതെ അവരെ ശക്തി കാണിച്ചുകൊടുക്കാൻ പറ്റുന്ന ഒരു രംഗം തയ് വാൻ ആണ്. തയ് വാനെ ആക്രമിക്കുന്നതിൽ നിന്ന് ചൈനയെ പിന്തിരിപ്പിക്കുന്നത് അമേരിക്ക തയ് വാനെ സംരക്ഷിക്കാൻ എത്തുമോ എന്ന പേടിയാണ്. അത്തരമൊരു ഇടപെടലിൽ അമേരിക്കയെ ചെറുക്കാനുള്ള കരുത്ത് നേടി അത് ലോകത്തെ കാണിച്ചുകൊടുക്കാൻ ചൈനക്ക് കഴിഞ്ഞാൽ ചൈന ഒരു വൻ ശക്തിതന്നെയാണെന്ന് ലോകത്തിന് അംഗീകരിക്കേണ്ടി വരും. ശീതയുദ്ധകാലത്ത് അമേരിക്കയും സോവിയറ്റ് യൂണിയനും ലോകത്തെ വിഭചിച്ച് തങ്ങളുടെ നിയന്ത്രണത്തിൽ ആക്കിയതുപോലെ ചൈനയ്ക്കും അവരുടെ കുടക്കീഴിൽ രാജ്യങ്ങൾ ഉണ്ടാകും. അമേരിക്കയും സഖ്യകക്ഷികളും ഏർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മിക്കവാറും എല്ലാ സർവാധിപതികളും ചൈന ഒരുക്കുന്ന കുടക്കീഴിലേക്ക് നീങ്ങാൻ നല്ല സാധ്യതയുണ്ട്.
അത്തരമൊരു സാഹചര്യത്തിന് അമേരിക്ക വഴിയൊരുക്കുമോ? ഏകദേശം 80 വർഷത്തോളം അവർക്ക് ലോകകാര്യങ്ങളിൽ ഉണ്ടായ മേൽക്കോയ്‌മ ചൈനക്ക് കുറച്ചെങ്കിലും വിട്ടുകൊടുക്കാൻ അവർ തയ്യാറാകുമോ? അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും സൈനിക ഇടപെടലുകളിൽ നിന്ന് വളരെ ക്ഷീണിതരാണ് അമേരിക്കയിലെ രാഷ്ട്റീയ നേതൃത്വവും ജനങ്ങളും. ലോകകാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക എന്നത് ഒരു പ്രധാന ട്രമ്പ് നയം തന്നെയായിരുന്നു, അതിന് വോട്ടർമാരുടെ പിന്തുണയുമുണ്ട്. ട്രമ്പ് 2025-ൽ പ്രസിഡൻ്റായി തിരിച്ചെത്താൻ നല്ല സാധ്യതയുള്ളതുകൊണ്ട് അമേരിക്ക ചൈനയ്ക്കോ യൂറോപ്യൻ യൂണിയനോ ലോകകാര്യങ്ങളിൽ നിയന്ത്രണം കൊടുക്കാൻ ഒരു പക്ഷേ മടി കാണിക്കുകയുമില്ല. (അത്തരം ഒരു അവസ്ഥ ലിബറൽ ജനാധിപത്യക്രമത്തിന് നല്ലതായിരിക്കില്ല എന്ന് എക്കണോമിസ്റ്റ് പോലുള്ള മാധ്യമങ്ങളും മറ്റും അലമുറയിട്ട് തുടങ്ങിയിട്ടുണ്ട്.) എന്നിരുന്നാലും തയ് വാനിലെ ഏത് സൈനീക ഇടപെടലും ഒരു അമേരിക്കൻ പ്രതികരണം വിളിച്ചുവരുത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. അത്തരമൊരു സൈനീക പ്രതികരണത്തിൽ ജപ്പാനും ഓസ്ട്രേലിയയും ഭാഗമായിരിക്കും. ഇന്തോ-പസഫികിലെ നാൽവർ (ക്വാഡ്) എന്ന് വിളിക്കുന്ന അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ സഖ്യം ആയിരിക്കും ചൈനക്കെതിരെയുള്ള പ്രതികരണത്തെ നയിക്കുക. ഇന്ത്യ നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കില്ലെങ്കിലും ചൈനയുടെ കൊമ്പൊടിക്കാൻ വേണ്ടുന്ന എല്ലാവിധ ലോജിസ്റ്റിക് സഹായങ്ങളും ചെയ്തു കൊടുക്കാൻ പിന്നണിയിൽ ഉണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ത്യൻ ജനാധിപത്യക്രമത്തിന്റെ സംരക്ഷണത്തിന് അന്താരാഷ്ട്റതലത്തിൽ ജനാധിപത്യ രാജ്യങ്ങളുടെ ഒരു കൂട്ടായ്‌മയുടെ കൈകൊണ്ട് ചൈനയുടെ പരാജയം ആവശ്യമാണ്, അതിൽ നിന്ന് ഇന്ത്യ പതിവുപോലെ ഒഴിഞ്ഞുമാറി നിൽക്കില്ല എന്ന് ആശിക്കാം.
പൂട്ടിന് ചൈനയുമായുള്ള അടുപ്പം കൂടിവരികയാണ്. ചൈന തയ് വാനെ ഉപയോഗിച്ച് അമേരിക്കയെ പരീക്ഷിക്കുന്നതുപോലെ, റഷ്യ യൂറോപ്പിൽ അമേരിക്കയെ പരീക്ഷിക്കുന്നത് യൂക്രെയിനെ ഉപയോഗിച്ചാണ്. ലോകമഹായുദ്ധമൊന്നും പൊട്ടിപ്പുറപ്പെട്ടില്ലങ്കിൽ കൂടി റഷ്യ യൂക്രെയിനെ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്, യൂക്രെയിന്റെ ഭാഗമായിരുന്ന ക്രൈമിയയെ റഷ്യ വിഴുങ്ങിയിട്ട് അധികകാലം ആയിട്ടില്ല. അമേരിക്കൻ ലോകക്രമം തകർന്നുകാണാനുള്ള ഈ രണ്ടു രാജ്യങ്ങളുടെ ആഗ്രഹത്തിനു സഹായമായേക്കാവുന്ന മറ്റു രണ്ടു രാജ്യങ്ങളാണ് ഇറാനും ഉത്തര കൊറിയയും. സാമ്പത്തികമായ മികവൊന്നുമില്ലെങ്കിലും അമേരിക്കക്ക് തലവേദനയായിരിക്കുന്ന രണ്ടു സൈനീക ശക്തികളാണ് ഇറാനും ഉത്തര കൊറിയയും. ഒരു ലോകയുദ്ധത്തിൽ ചൈനയും റഷ്യയും നയിക്കുന്ന അച്ചുതണ്ടിൽ ചേരാൻ ഇവരുടെ അമേരിക്കൻ വിരോധം ചിലപ്പോൾ കാരണമായേക്കാം.
രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ന് യൂറോപ്പിൽ ജർമനിയുടെ റോളിൽ റഷ്യയും, ഏഷ്യയിൽ ജപ്പാന്റെ റോളിൽ ചൈനയുമാണ്. പ്രധാന മത്സരരംഗം യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് മാറിയെന്ന് മാത്രം. ഈ ഏകാധിപത്യരാജ്യങ്ങളുടെ മുൻപറഞ്ഞ പരീക്ഷണങ്ങൾ കൈവിട്ടുപോയാൽ, പ്രത്യേകിച്ച് ചൈന തയ് വാനെ അക്രമിച്ചാൽ, അതൊരു മഹായുദ്ധത്തിലേക്ക് വഴുതിപ്പോകാൻ നല്ല സാധ്യതയുണ്ട്. കാരണം പൂട്ടിനും ലി സിപെങ്ങും കൈക്കരുത്തിന്റെ ഭാഷയിലാണ് വിദേശകാര്യനയങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്, അതാത് രാജ്യങ്ങളിൽ ആ രീതിക്ക് നല്ല പൊതുജനസമ്മതിയുമുണ്ട്. (ഹിറ്റ്ലറിനും ജനപിന്തുണക്ക് കുറവുണ്ടായിരുന്നില്ല എന്നോർക്കണം.) മറ്റൊരു യുദ്ധമുഖം തുറക്കുവാൻ വിമുഖത കാണിക്കുന്ന അമേരിക്കയെ കണ്ട്, അത് ബലഹീനതയുടെ അടയാളമായി വ്യാഖ്യാനിച്ച്, ചൈനയോ റഷ്യയോ തുടങ്ങിവച്ചേക്കാവുന്ന ഒരു വൻ ആക്രമണം ആയിരിക്കും മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കം കുറിക്കാൻ ഇടയാക്കുക. രണ്ടു മഹായുദ്ധങ്ങളിൽ നിന്നുള്ള പാഠങ്ങൾ സൂചകങ്ങൾ ആണെങ്കിൽ ലീ സിപെങ്ങും പൂട്ടിനും മറ്റൊരു മഹായുദ്ധത്തിലേക്ക് അമേരിക്കയെയും സഖ്യകക്ഷികളെയും വലിച്ചിഴക്കാൻ നല്ല സാധ്യതയുണ്ട്. അത് എപ്പോൾ ആയിരിക്കും എന്നത് മാത്രമേ നമുക്കിപ്പോൾ കണക്കുകൂട്ടിയെടുക്കാൻ ബുദ്ധിമുട്ടുള്ളൂ.
Click this button or press Ctrl+G to toggle between Malayalam and English