അക്കാണും കുന്നിന്മേൽ കാണുന്നതെത്രയും
വിഖ്യാതമിയന്നൊതാം സ്നേഹവീടുകൾ
ചൊല്ലുക; യരക്ഷണത്തിൽ വിളമ്പിടും
കുന്നോളമാർന്ന സ്നേഹപാത്രങ്ങളത്രമേൽ.
പുത്രകളത്രമാതാപിതാബന്ധുമിത്രജന-
വിവിധങ്ങൾ വിരചിച്ചപോൽ തന്മയത്വ-
മാർന്നു കന്മഷമേശാത്ത സ്നേഹപാലാഴി.
പലതുണ്ടു ഭവനങ്ങളവയൊക്കെയും
പലനിറക്കാർക്കു പലതരക്കാർക്കും
മൊക്കെയുമൊറ്റയ്ക്കും സംഘശക്തിയിലും
ബുക്കു ചെയ്യാം കരുതൽ കാലത്തേക്കായ്
ഒന്നല്ല രണ്ടല്ല യെത്രനക്ഷത്രങ്ങൾ ചേർക്കിലും
ആഢംബരത്വമാർന്നു വിരാജിപ്പവ; കീശ-
ശക്തിയത്രെ പ്രമാണവുമാധാരവും.
നിൽക്ക സതീത്ഥ്യയനേകങ്ങളെ ,
രക്ഷയേതുമില്ല മഹദ് വ്യക്തിയാൽവിരചിതം
മംഗളപത്രങ്ങളില്ലാതെ പ്രവേശമവിടേക്ക്.
വരിക, യുവത്വത്തിനോജസ്സിൽ തട്ടിമാറ്റിയവ; തല –
മറന്നെണ്ണതേച്ചവയൊക്കെ മറവിതൻ
ഓർമ്മച്ചെപ്പിലടച്ച് സ്നേഹസീമയിലാറാടാം
ധാത്രിതൻ ധ്വരമാർതൻ കടിതമേന്തുക മാത്രം വേണ്ടൂ.
സ്നേഹവീടുകൾ മാടിവിളിപ്പൂയേറ്റമാറാടാം
ശിഷ്ടകാലമങ്ങനെ നക്ഷത്രസ്നേഹവായ്പിലമരാം
നീറ്റും സ്നേഹരാഹിത്യങ്ങളെ താഴ്‌വാരത്തെറിയാം.
പുതുഭരണത്തിനമാത്യനിന്നലെ മേടയിലോതി പോൽ
“ഇന്നൂറ്റാണ്ടിനവസാനമെത്തും മുൻപെങ്ങുമീ
രാജ്യമെമ്പാടും സ്നേഹാലയങ്ങൾ വിതച്ചിടും;
ഖേദങ്ങൾ നിറഞ്ഞ പ്രാക്കമ്പലങ്ങളാം നിങ്ങൾ തൻ
വീടുകളുപേക്ഷിക്കയീ, കനിവാലയങ്ങളിൽ ചേക്കേറുക! “
Click this button or press Ctrl+G to toggle between Malayalam and English