ഗൃഹപ്രവേശം

വീട് പൊളിച്ച് പുതുക്കി പണിയണമെന്ന് മക്കൾ പറഞ്ഞപ്പോൾ മുതൽ
വിങ്ങലാണാമനുഷ്യന്

വിട് പഴയതായത്രേ!
ഭംഗി പോരത്രേ!
സൗകര്യമില്ലത്രേ!

വീടിനു കല്ലിട്ട ചെറിയവനാണതാദ്യം പറഞ്ഞത്.
അവൻ്റെ കുഞ്ഞി കൈയിലയാളുടെ കൈ ചേർത്ത് വച്ചാണന്ന് കല്ലിട്ടത്.

തിലോത്തമൻ മേസ്തിരിയുടെ ചാണക തറയിലിരുന്നു പ്ലാൻ വരച്ചതും
ഉറക്കത്തിനിടയിൽ എഴുന്നേറ്റ് ചുവന്ന സിറോ ബൾബ് വെട്ടത്തിനു താഴെ
പ്ലാൻ നിവർത്തിപിടിച്ച്
അവളും അയാളും കലഹിച്ചതും
തറവാട്ടിലെ പ്ലാവൊന്നു വെട്ടാൻ അച്ഛൻ സമ്മതിക്കാഞ്ഞപ്പോളിടഞ്ഞതും
ലോണിനായ് വിയർത്തൊലിച്ചു നിന്നതും
മക്കളുടെ ഫീസിനായി സഹപ്രവർത്തകനോട് കടം ചോദിച്ചതും
വളയില്ലാത്തവളുടെ കൈകളിലവളറിയാതെ തലോടിയതും
വാർപ്പുനനയ്ക്കുന്നതിനിടെ തെന്നിവീണു പ്ലാസ്റ്ററിട്ടതും
പ്ലാസ്റ്ററിൽ മൂത്തവൾ അവളുടെ മുറിയുടെ
ചിത്രം വരച്ചതും
ഒരോരോ കല്ലുകളയയാളിൽ അടിത്തറ പാകി കൊണ്ടിരുന്നു.

അച്ഛൻ സമ്മാനിച്ച കട്ടിലിൽ ഗൃഹപ്രവേശത്തിൻ്റെയാദ്യ ദിവസം മക്കളേം അവളേം ചേർത്തുറങ്ങിയതും
തിളച്ചുപൊന്തുന്ന പാലിലന്ന് അയാൾ മാത്രം കണ്ട അവളുടെ കണ്ണുനീർ വീഴുന്നതും
പുതിയ വീട്ടിലെ ഫാൻ
പുതിയ വിട്ടിലെ മേശ
പുതിയ വീട്ടിലെ കസേര
പുതിയ വീട്ടിലെ ടി പോയ്
എല്ലാം വീണ്ടും വീണ്ടും
നോക്കി കൊണ്ട് കാലങ്ങൾ പോയതും

അയാളും ഭാര്യയും മക്കളും വിടിനു മുന്നിൽ നിന്നു
കൂട്ടുകാരൻ്റെ കൊടാക്ക് ക്യാമറക്ക് പോസ് ചെയ്തതും
പിള്ളേരെ പഠിപ്പിക്കലും അടിക്കലും
അയാളും ഭാര്യയും തമ്മിൽ തമ്മിൽ ശബ്ദമുയർത്തുന്നതുമൊക്കെയായ്
അതൊരു വീടായതും അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു

ലോൺ മുഴുവനടഞ്ഞ ദിവസം മക്കളേം ഭാര്യയേയും സിനിമക്കു കൊണ്ടു പോയി ബിരിയാണി വാങ്ങി കൊടുത്തതും
രാത്രിവിട്ടിലെത്തിയപ്പോൾ താക്കോൽ കളഞ്ഞു പോയതറിഞ്ഞതും
അയൽക്കാരൻമാത്യൂസിൻ്റെ മുകളിലെ ബെഡ് റൂമിൽ ഉറങ്ങാനാവാതെ
ഒറ്റ നിലയുള്ള തൻ്റെ വീട് നോക്കി പകലായതും
അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു

കാലം പോകെ പുതിയ സ്വീച്ച് ബോർഡ് വെച്ചതും
ഡൈനിംഗ് മാറ്റിയതും
ഫ്രിഡ്ജ് മാറ്റിയതും
പുതിയ കർട്ടനിട്ടതും
വിണ്ടും ലോണെടുത്ത്
മക്കൾക്ക് മുകളിൽ മുറി പണിതതും
മക്കൾക്ക് എൻട്രൻസിനു ചേരാനുള്ള ഫീസ് ‘സ്ഥലം മാറിപോയ സഹപ്രവർത്തകനിൽ നിന്ന് കടംവാങ്ങിയതും
അയാളുടെയുള്ളിൽ പാകി കൊണ്ടിരുന്നു

ഈ വീടെങ്ങനെ പഴയതാകും ?
ഈ വീടെങ്ങനെ ഭംഗിയില്ലാത്തതാകും?
ഈ വീടെങ്ങനെ സൗകര്യമില്ലാത്തതാകും?

മനോഭാരം ഇഷ്ടികകളായ് അയാളിൽ കെട്ടി കൊണ്ടിരുന്നു
താനൊരു വീടാവുകെയാണെന്നയാൾക്കു തോന്നി

തിലോത്തമൻ മേസ്തിരിയുടെ പ്രേതം വന്നു വീടിൻ്റെ പ്ലാൻ കൊള്ളാമെന്നു പറഞ്ഞു പോയിരിക്കുന്നു
അച്ഛൻ പ്ലാവ് വെട്ടാൻ മുന്നിൽ നിൽക്കുന്നു
സഹപ്രവർത്തകൻ തൻ്റെ കയ്യിൽ നിന്നു കടം വാങ്ങുന്നു
ലോണേടുക്കണ്ട ആവശ്യമില്ലെന്നു വരുന്നു
മാത്യുസിൻ്റെ വീടിനേക്കാൾ ഒരിഷ്ടിക പൊക്കത്തിൽ നിൽക്കുന്നു

അയാളെ പൂട്ടിയെല്ലാവരും
എങ്ങോട്ടോ പോയിരിക്കുന്നു
ആരും തിരിച്ചു വരാതായിരിക്കുന്നുഅകത്തേക്കുള്ള താക്കോൽ വീണ്ടും കളഞ്ഞു പോയതാണോ?

അതോ തുറക്കാത്തതാണോ?

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here