ചിത്രശലഭങ്ങളുടെ വീട്

22195252_1674216215946497_1396870534692697997_n

പുസ്തകങ്ങളുടെ കഥകൾ വിചിത്രമാണ്. കാലങ്ങൾ നീണ്ട സഞ്ചാരത്തിൽ അവ എത്തിപ്പെടുന്ന ഭൂഖണ്ഡങ്ങൾ ആർക്കാണ് പ്രവചിക്കാനാവുക.രോഗപീഡിതയായ ഒരെഴുത്തുകാരി രോഗത്തെ അതിജീവിക്കാൻ പുസ്തകങ്ങളെ കൂട്ടുപിടിക്കുന്നു. അവരുടെ പുസ്തകങ്ങൾ വായനക്കർക്ക് വിചിത്ര അനുഭവങ്ങൾ പകരുന്നു. പുസ്തകത്തിന്റെയും വായനയുടേയും അത്തരം വിചിത്രമായൊരു യാത്രയുടെ കഥയയാണ് ഇവിടെ എഴുത്തുകാരി പ്രിയ .എ .എസ് പങ്കുവെക്കുന്നത്.

 

“ചിത്രശലഭങ്ങളുടെ വീട് “എഴുതുമ്പോൾ എനിക്ക് കുട്ടികളില്ല എന്നു മാത്രമല്ല കുട്ടികളുണ്ടാകുമെന്നൊരു സ്വപ്നം പോലുമില്ല.ഭീമാ ബാലസാഹിത്യ അവാർഡും ശ്രീപത്മനാഭ സ്വാമി എൻഡോവ്മെൻറും കിട്ടിയതായിരുന്നില്ല’ പുസ്തകം വായിക്കാൻ ഒരു കുഞ്ഞുണ്ണിയെ കിട്ടിയതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതം. പുസ്തകം ,കുറേക്കാലമായി ഔട്ട് ഓഫ് പ്രിൻറായിരുന്നു.കിട്ടാനില്ല എന്ന് ഒരു പാടു പേർ പരാതിയോ സങ്കടമോ പറഞ്ഞു. ഒടുക്കം 2016 മെയിൽ റീ പ്രിൻറിനുള്ള കരാറായി.ഏതാണ്ട് ഒന്നര വർഷക്കാലമെടുത്തു എന്റെ കുഞ്ഞുപൂമ്പാറ്റ, “റീപ്രിൻറ് എഗ്രിമെന്റ്പ്യൂപ്പ”യിൽ നിന്ന് പുറത്തു വരാൻ..!ഇങ്ങനെയൊന്നുമല്ല എന്റെ സ്വപ്നത്തിലെ പുസ്തകപ്പൂമ്പാറ്റവർണ്ണച്ചിറകുകൾ! പതിവു മടി വിട്ട് , “ഇതെന്നിറങ്ങും” എന്നന്വേഷിച്ചു നടന്നത് ,ഒരു വാവ സാരംഗിയുടെ അച്ഛന്റെ വാട്സ് ആപ് മെസ്സേജ് ഇക്കഴിഞ്ഞ മെയ് മാസത്തിൽ വന്നതിൽപ്പിന്നെയാണ് . സാരംഗിയച്ഛന്റെ സ്നേഹാക്ഷരങ്ങളിങ്ങനെ…………………………………………………………….:.:………………………. [05/10, 8:55 AM] Sarangi ‘s Father: പ്രിയ പ്രിയ (ചേച്ചിയാകും),

ഞാൻ സന്തോഷ്. ഇത് എന്റെ മകൾ സാരംഗി. അവൾക്ക് പ്രായം ഇപ്പോൾ മൂന്നുമാസമാകുന്നു. വർഷങ്ങൾക്കു മുമ്പ് എന്നുപറഞ്ഞാൽ ഉറപ്പായും 13 വർഷങ്ങൾക്കു മുമ്പ് കല്യാണത്തെപ്പറ്റി ഞാൻ വിദൂരസ്വപ്നങ്ങൾപോലും കാണും മുമ്പ്, ഒരുപക്ഷേ കല്യാണമേ കഴിക്കില്ലെന്നൊക്കെ വീമ്പു പറഞ്ഞു നടന്ന സമയത്ത്, വിരലിലെണ്ണാവുന്ന പുസ്തകങ്ങൾ മാത്രം വായിച്ച് വായന വമ്പൻ സംഭവമാണെന്ന് നടിച്ചിരുന്ന വേനലിൽ മഴയിൽ, അല്പായുസ്സ്കവികളും കഥാകൃത്തും ചിത്രകാരനും പിറക്കുന്ന 18-23 വയസ്സുകളുടെ ഇന്ദ്രജാലക്കാലത്ത് വായിച്ച ഒരു പുസ്തകമുണ്ടായിരുന്നു. സ്വപ്നംപോലും കാണാത്ത കല്യാണത്തിൽ ഒരുപക്ഷേ എനിക്ക് പിറന്നേക്കാവുന്ന മകനോ മക്കൾക്കോ വാങ്ങിക്കൊടുക്കുമെന്ന്‌ ഉറപ്പിച്ച പുസ്തകം, ‘ചിത്രശലഭങ്ങളുടെ വീട്’.
മനോരമ, മംഗളം ആഴ്ചപ്പതിപ്പുകളിലെ തുടർനോവലുകളുടെ കുളിർമയിലും ഷെർലക് ഹോംസ് കഥകളുടെ ത്രസിപ്പിക്കുന്ന ഉദ്വെഗത്തിലും തികഞ്ഞ സംതൃപ്തിയടഞ്ഞ് കഴിഞ്ഞിരുന്ന എന്നെ, പഴുത്തുവീണ കൂഴച്ചക്കയുടെ അവിഞ്ഞ ഗന്ധവും അടുത്തുള്ള മൃഗാശുപത്രിയിലെ പശുക്കളുടെ ചാണകഗന്ധവും കുഴഞ്ഞുകലർന്ന ഗ്രാമീണ വായനശാലയുടെ വിശാലമായ മുറിയിലേക്ക് കൊണ്ടുപോയ സുഹൃത്ത്‌ ഇന്നില്ല. അതുകൊണ്ടാണ് 13 വർഷങ്ങൾ മുമ്പായിരുന്നു ആ പുസ്തകവായനയെന്ന് ഞാൻ ഉറപ്പിച്ചത്. പറഞ്ഞുവന്നത് ഞങ്ങൾ അന്ന് വാങ്ങിയിരുന്ന പുസ്തകം എവിടെയോ കൈമോശം വന്നുപോയി. ചിലപ്പോൾ അത് അവന്റെ വീട്ടിലെ ഷെൽഫിൽ അടുക്കിവെച്ച പുസ്തകങ്ങൾക്കിടയിലോ അല്ലെങ്കിൽ അവനില്ലാതെ അവസാനം ജയ്സാൽമീറിൽ നിന്ന് വന്ന പെട്ടികൾക്കുള്ളിലോ ഉണ്ടാകാം. അതിന്മേൽ ഞാനൊരു അന്വേഷണം പിന്നെ നടത്തിയിട്ടില്ല.

അന്ന് സ്വപ്നം പോലും കാണാത്ത കുട്ടി ഇന്ന് എന്റെ കണ്മുന്നിലുണ്ട്. പക്ഷേ അവൾക്ക്‌ കൊടുക്കാൻ ചിത്രശലഭങ്ങളുടെ വീടില്ല. കേൾക്കുകയും കാണുകയും എന്തൊക്കെയോ അറിയുകയും ചെയ്യുന്നുണ്ടെങ്കിലും തന്ത്രപൂർവ്വമായ തിരിച്ചറിവുകൾക്ക് പ്രായമായിട്ടില്ലാത്ത അവൾക്കായി ഇപ്പോഴേ തിരഞ്ഞുവയ്ക്കാമെന്ന് കരുതി ചിത്രശലഭങ്ങളും വീടും.. പുസ്തകശാലകളിലൊന്നും ഇപ്പോ കിട്ടാനില്ലാത്ത ഈ പുസ്തകം ഔട്ട്‌ ഓഫ്‌ പ്രിന്റെന്ന മറുപടിയാണ് എവിടെ അന്വേഷിച്ചാലും. അതുകൊണ്ട് അതിന്റെ ഒരു കോപ്പി കിട്ടാനുള്ള വഴിയെന്തെന്ന്‌ അമ്മശലഭത്തോട് നേരിട്ട് തന്നെ ചോദിക്കാമെന്ന് കരുതി.
– സ്നേഹപൂർവ്വം സാരംഗിയുടെ അച്ഛൻ!
[05/10, 8:55 AM] Sarangi ‘s Father: ഈ കത്തെഴുതിവച്ചിട്ട് ദിവസങ്ങൾ കുറച്ചായെങ്കിലും ഫെയ്‌സ്ബുക്കിൽ പ്രിയയെ സുഹൃത്താക്കാനോ ചാറ്റ് മെസ്സേജ് വഴി ഇതയക്കാനോ അനുവദിക്കാതെ സുക്കർ സായ്പും പരിവാരങ്ങളും ഇളിച്ചുകാട്ടിക്കൊണ്ടിരുന്നു. (എന്റെ Id- Santhosh Indeevaram) പല വഴികൾ ആലോചിക്കുമ്പോഴാണ് കണ്ണൂരുള്ള ‘തേജു’വിന്റെ അമ്മയെപ്പറ്റി ഓർത്തത്‌. ചോദിച്ചപ്പോൾ ബിന്ദുച്ചേച്ചിയ്ക്കറിയാം! സംസാരിക്കണമെന്ന് തോന്നുമ്പോൾ പ്രിയാമ്മയെ വിളിക്കണം ന്ന്‌ കുഞ്ഞു തേജൂനോട് പ്രിയ പറഞ്ഞിട്ടുള്ള കഥയൊക്കെ ബിന്ദുച്ചേച്ചി സൂചിപ്പിച്ചു. ഹോ, അങ്ങനെ അവർ വഴി കിട്ടിയതാണ് ഈ നമ്പർ!
ഞാൻ തിരുവനന്തപുരത്താണ് താമസം. മഞ്ഞമരങ്ങൾ ചുറ്റിലും വായിച്ച് വല്ലാതെ ആകർഷിച്ച എഴുത്തുശൈലിയിൽ ആവേശിച്ചാണ് അന്ന് ചിത്രശലഭങ്ങളുടെ വീട് വാങ്ങിയത്. കൂട്ടുകാരനൊപ്പം ആ കാലത്ത് വായിച്ച അല്പമാത്രം പുസ്തകങ്ങളൊഴികെ നീണ്ട 15 വർഷങ്ങളുടെ ഇടവേളയിൽ പിന്നെയൊന്നും വായിച്ചിട്ടില്ലായിരുന്നു. 2016 അവസാനം വായന വീണ്ടും തുടങ്ങാൻ നിശ്ചയിച്ചപ്പോൾ പഴയ ഓർമകളിൽ വാങ്ങിയ പുസ്തകങ്ങളിലൊന്ന് ഒഴുക്കിൽ ഒരില. യാദൃച്ഛികമെന്ന് പറയട്ടെ ഇതാ ഇപ്പോൾ കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനും! അതിനുപിന്നിലൊരു കുഞ്ഞു കഥയുമുണ്ട്.. സൗകര്യപൂർവം എന്നെങ്കിലും എപ്പോഴെങ്കിലും കണ്ടുമുട്ടണം സംസാരിക്കണം എന്നൊക്കെ പണ്ടുമുതലേ കരുതിവച്ച ആഗ്രഹമുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക്‌ എപ്പോഴെങ്കിലും യാത്രകളുണ്ടെങ്കിൽ കാണാൻ ശ്രമിക്കാം. അല്ലെങ്കിൽ മറ്റൊരിടം..എന്നെങ്കിലും..
– സന്തോഷ്

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here