ചൂട്

 

മരണവക്കിൽ കിടക്കുന്ന ദാഹത്തെ
കഴുത്ത് ഞെരിച്ച് കൊല്ലുവാൻ
വരൾച്ചയും കൂടെയെത്തി.
കാറ്റ് പോലും കത്തിക്കരിഞ്ഞ് വീശുമ്പോൾ,
വിളവുകൾ ചാരമായി മാറി.
വാലിൽ തീ പിടിച്ച്
ഉഷ്ണക്കാറ്റ്
അലക്ഷ്യമായി വീശുന്നു.
ചർമ്മത്തിന്റെ പതിനാറഴകും
വരണ്ട കാറ്റിനാൽ,
ചുളിഞ്ഞു മൂലക്കിരിക്കുന്നു.
കണ്ണുകളിൽ കാണുന്നത്
ആവി പറക്കുന്ന
ചൂടിന്റെ നൃത്തം മാത്രം.
ഇലകൾ മരങ്ങളോട് പിണങ്ങി
ഇറങ്ങിപ്പോയപ്പോൾ…
മരങ്ങൾ നഗ്നരായി.
ചില്ലകൾ തെളിഞ്ഞ് എല്ലും കോലമായി.
നാണം മറക്കാൻ
മഴയെ കാത്തിരിക്കുന്നു.
നിലം തൊട്ട് നടക്കുവാൻ
ഇരു കാലുകൾ വിസമ്മതിക്കുന്നു.
സൂചിക്കുത്തുകൾ പോലെ
ചൂടിന്റെ പ്രവാഹം
ചർമ്മത്തിനകത്തേക്ക്
തുളച്ച് കയറുന്നു.
ശ്വാസ കോശങ്ങൾ വരണ്ടുണങ്ങി
മുക്രയിടുന്നു.
ദാഹിച്ച് നിൽക്കുന്ന പൂക്കൾ
ദയനീയമായി നോക്കുന്നു.
തണൽ തേടിയലഞ്ഞ കിളികൾ
നഗ്നരായ മരങ്ങളെ നോക്കി
ഈണമില്ലാതെ പാടുന്നു.
ഒളിച്ചിരിക്കുന്ന മഴ മേഘങ്ങൾ
ഇടിമിന്നലുകളുടെ
അകമ്പടിക്കായി
കാത്തിരിക്കുന്നു.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here