വേനലിനു നല്ലചൂട്
പനിയുടെ ചൂട്
വിറകൊണ്ടു വിതുമ്പുന്നു നാട്
നാവിൻ തുമ്പിൽ എങ്ങുനിന്നും
മൃത്യുവിൻ ദൂതായ്
വീഴുന്നൊരു വാക്ക്
വിറയോടെ ഓർമ്മിക്കുമാ പേര്
കൊറോണ
കാലനെ കാണും പോലെ
അതോർക്കവേ
കതകുകൾക്കു പിന്നിൽ
പഴുതുതുറക്കാൻ വെമ്പുന്നു ജീവിതങ്ങൾ.
ഇടക്കിടെ മാത്രം അടുപ്പുകൾ പുകച്ചു
നരകമായ് തീർന്ന കുടിലുകൾ
ജീവനെയോർത്ത് പട്ടിണിപോലും മറക്കുന്നു.
ജീവിതത്തിൻെ ഉപ്പും ശർക്കരയുമില്ലാതെ
പാതിവേവിച്ച സ്വപ്‌നങ്ങൾ
ചിലർ വാങ്ങിവയ്ക്കുന്നു
ദിനപത്രങ്ങളിൽ നിറയുന്ന
ഭൂപട വാർത്തകളിൽ
പാലായനങ്ങളും പാളയങ്ങളുമില്ല
ഇനിവരും നാളുകളിൽ ജീവനും
ജീവിതവും ഏകാന്തമായ്
ഗർഭപാത്രത്തിലെന്നപോലെ
ചുമക്കേണ്ടി വന്നേക്കാം
മരണപക്ഷികളുടെ മുരൾച്ചകൾക്കും
വെടിയൊച്ചകൾക്കും ഉപരിയായ്
നിശബ്ദമായ വിതുമ്പലിൻ മരവിപ്പാണെവിടെയും
യുദ്ധത്തിനും ആഗോളതാപനത്തിനു മപ്പുറം
അതിരുകളില്ലാതെ ഒന്നാകെ ഇറുത്തെടുക്കാൻ മാത്രം
അദൃശ്യമതിൻ കരങ്ങൾ
പൊരുതാനാവാതെ വിറയ്ക്കുന്നു ലോകം.
Click this button or press Ctrl+G to toggle between Malayalam and English