കഴുമരച്ചോട്ടിലെ
ഏകാന്തതയിൽ
തിളയ്ക്കുന്ന മൗനം
പുകിലുയർത്തിയ
വാക്കിൻ തുകിലുകൾ
പെയ്തൊഴിയാതെ
മത്സരപ്പകയുടെ
തീത്തലോടലുകളിൽ
നീർ വറ്റിയ സൗഹൃദപ്പച്ചകൾ
മഴവിൽക്കാന്തികൾ മായവെ
മയിൽപ്പീലിക്കനവുകളിലെ
മരുക്കാറ്റിന്റെ പിടപ്പ്
വിയർപ്പിൽ പടർന്നു പോയ
ആദ്യ പ്രണയാക്ഷരങ്ങൾക്ക്
അങ്കലാപ്പിൻ പൊങ്കാലകൾ
അസ്വസ്ഥതയുടെ അടുപ്പിൽ
പ്രതീക്ഷയുടെ തിള കാത്ത്
നെല്ലിപ്പലകയിൽ ക്ഷമ
ആത്മരോഷത്തിന്റെ എരിപൊരി
കാത്തിരുപ്പിന്റെ മടുപ്പിൽ വീണ്ടും
ഒറ്റപ്പെടലിന്നുച്ചവെയിൽ
അസഹിഷ്ണതയടവച്ചിറക്കിയ
വെയിൽക്കിളികളുടെ
വിശപ്പണയാത്ത കനൽക്കണ്ണുകൾ
അമർഷം പുകഞ്ഞ്
വിഷാദ ലാവകൾ ഉറഞ്ഞ
ചെങ്കൽച്ചൂള സന്ധ്യകളിൽ
കരൾത്തിട്ടയിലെ
ഇണ്ടൽക്കാടുകളിൽ
പുക്കുന്ന വേവലാതികൾ…