ഒട്ടും നിനച്ചിരിക്കാതെയെത്തുന്നു
വിധിയെന്നു നാം വിളിക്കുന്ന വില്ലൻ
ദുരിതങ്ങളായി വന്നു ജീവിതമാകെ
വികൃതമാക്കുന്നവൻ
ജ്വലിച്ചേ നില്ക്കും നിന്നാരോഗ്യത്തെ
മാറാരോഗത്തിൻ രൂപമാർന്നതി-
ഞ്ചിഞ്ചായി കാർന്നുതിന്നാലും
രോഗാതുരമാകാതിരിക്കട്ടെ നിൻമാനസം
ആർത്തി മൂത്തപ്പോൾ നീ വാരിക്കൂട്ടിയ
സമ്പത്തുകളൊന്നൊന്നായി
നിന്നിൽ നിന്നൊഴിഞ്ഞു പോയാലും
ദരിദ്രമാകാതിരിക്കട്ടെ നിന്റെ ചിന്തകൾ
വിധിയുടെ ലീലാവിലാസങ്ങളാൽ
നിനക്കു കാഴ്ചയില്ലാതായെന്നു വരാം
എന്നാലും മായാതെ കാക്കുക
നീ നിന്നുൾക്കാഴ്ച
നീ പറയുന്നതെന്തും ചെയ്തിരുന്ന
നിന്റെ കൈകളെ ചിലപ്പോൾ
വിധി ക്ഷയിപ്പിച്ചേക്കാമപ്പോഴും
നീയൊരു ശില്പിയായി തുടരുക
കളിമണ്ണുപോൽ നിൻ മനസ്സിനെ
നിനക്കേതുവിധേനയും വാർത്തെടുക്കാം
നന്മയിൽ ചാലിച്ച പ്രത്യാശ കൊണ്ടാണെങ്കിലങ്ങനെ
കൊടും തിന്മയായ നിരാശ കൊണ്ടാണെങ്കിലങ്ങനെ
നിന്റെ മനസ്സിന്റെ നാഥൻ
എന്നും നീ തന്നെയാണതിനെ
സംരക്ഷിപ്പവനും നീ
സംഹരിപ്പവനും നീ
നീ അനുവാദം കൊടുക്കാതെ കീഴടങ്ങില്ല
കൊടും വിധിക്കും പാവം മനസ്സ്
അനുവാദം കൊടുത്താലോ
നിരാശയുടെ നീരാളിപ്പിടുത്തത്തിലുഴലുമത്
പ്രത്യാശ അതൊരായുധമാണ്,
ദുരിതങ്ങളിൽപ്പെട്ടുഴലും മർത്ത്യനു
ദുഃഖങ്ങളകറ്റാനെന്നും
മൂർച്ച കൂട്ടികൊണ്ടിരിക്കേണ്ടയായുധം
വിധിയാം വില്ലനൊടുവിൽ
മൃത്യുവായി അവതരിച്ചു
നിന്റെ ജീവനെ തന്നെ കവർന്നെടുക്കാം
അപ്പോഴും മൂർച്ചയോടിരിക്കേണ്ടായുധം