കടൽക്കരയിലെ
മരബെഞ്ചിലിരുന്ന്,
ഒരു കിഴവൻ
പ്രതീക്ഷകളുടെ
അറ്റത്തേക്ക്
ചൂണ്ടയെറിയുന്നു.
തണുത്തുറഞ്ഞ്,
ആത്മാവ്
ഏതോ യുഗത്തിൽ
കൈവിട്ടുപോന്ന
ചെമ്മീനിന്റെ ഉടലുകൾ,
ഈയക്കഷ്ണത്തോടൊപ്പം
മുങ്ങാംകുഴിയിടുകയാണു.
മീൻചുണ്ടുതൊടാതെ;
അതൊക്കെയും
കരക്കുകയറിവരുന്നത്
കാൺകെ
അയാൾ
എന്തോ
പിറുപിറുത്തുകൊണ്ട്,
അരികിലെ
കുഞ്ഞു പാട്ടുപെട്ടിയിൽ
താളമില്ലാത്തൊരു
അറബിപ്പാട്ട്,
ഉച്ചത്തിൽ
വച്ചുകേൾക്കുകയാണ്.
“മീനുകളുടെ
ഗ്രാമത്തിലെ
വറുതിക്കാലങ്ങളിലേക്ക്,
തീറ്റയെറിഞ്ഞുകൊടുക്കുന്ന
മനുഷ്യനെ”ന്ന്
എന്റെ കൂട്ടുകാരൻ
തള്ളവിരലുയർത്തുന്നു.
“ജീവനോളം വിലയുള്ള
ജാഗ്രത”യെന്ന്
ഒരു വാചകം
അവന്റെ
മൊബൈൽ സ്ക്രീനിൽ
തെളിഞ്ഞുനിൽക്കുന്നു.
ജലവീടുകളിലെ
ഏകാന്തവാസത്തിൽ;
ഒരു മീനിനും
മടുക്കുന്നില്ലല്ലോയെന്ന്,
മാസ്കു താഴ്ത്തി
മൂക്കു ചൊറിയുന്ന
എന്റെ മുന്നിലൂടെ
പർദ്ദയിട്ട ഒരു സ്ത്രീ
നടന്നുപോകുമ്പോൾ,
പിറകിൽ;
അയാളുടെ സന്തോഷം
പാട്ടിനേക്കാൾ
ഉച്ചത്തിൽ കേൾക്കാം.
മീനിന്റെ പിടച്ചിലിനൊപ്പം
ഒരു ചുമ
തൊണ്ടയിൽ.
എനിക്ക് ശ്വാസം മുട്ടുന്നു.!
കടൽക്കാഴ്ചകളിൽനിന്ന്;
എനിക്കെന്റെ
കുടുസുമുറിയിലേക്ക്
പോകണം.
ലോകം തൽക്കാലം
അത്രമേൽ ചെറുതാകട്ടെ.