ഹോം നഴ്സ്

 

മാരിവിൽപൂമൊട്ടൊളിപ്പിച്ചുവച്ച നിൻ
നീൾ മിഴിക്കോണിലെ  നൊമ്പരത്തുള്ളിയെ
കാണ്മു  ഞാനിന്നെന്‍റെ നോവിലൊരു
തൂവലിൻ സ്പർശമായ്
നീയെന്നരികത്തിരിക്കവേ

 

ഇന്നല്ലയോ സഖീ
ദുരിത ദിനങ്ങൾ തന്നറുതിയിൽ നീ
ജന്മഗൃഹത്തിൻ  സനാഥവിശ്രാന്തിയിൽ
നടു നിവർക്കുന്ന സായന്തനം.

 

എന്നെ കഴുകിത്തുടച്ചു
പൗഡർ കുടഞ്ഞു മിനുക്കിയും
ശുഭ്ര വസ്ത്രം ധരിപ്പിച്ചൊരുക്കിയും
സന്ദർശകർ തൻ മുനയുള്ള നോട്ടങ്ങൾ
കണ്ടിട്ടും കാണാതൊതുങ്ങിനിന്നും

ഏതു രാത്രിയും മാംസദാഹാർത്തമായിത്തീരാമെന്നു
പ്രാണനെപ്പൊത്തിപ്പിടിച്ചും
നീ തളരാതുറങ്ങാതെ തീർത്ത
രാപ്പകലുകൾ കഴിഞ്ഞു പോയ്‌.

പിന്നെ നീ എന്തേ
മൗനമാർന്നിരിക്കുന്നു?
അറിയാതെയെങ്കിലും ഒരു വാക്കുപോലും
തെന്നിത്തെറിച്ചു വീണു പോകാതെ
നിന്നധരങ്ങൾ കൂട്ടിപ്പിടിക്കുന്നു?
ചുറ്റിലും മൗന മേഘം കനത്തു വിങ്ങുന്നു.

 

എന്നിലോ,

മണിക്കൂറുകൾ  മാത്രകൾ തെറ്റാതെ നീയേകു –
മൗഷധക്കൈയ്പ്പു
തികട്ടുന്ന തൊണ്ടയിൽ

നിന്നിലേക്കെത്തുവാനാകാതെ വാക്കുകൾ
വെമ്പിവെമ്പിപ്പിടഞ്ഞു ചാകുന്നു

 

അല്ലെങ്കിലെന്തിന്?

എന്തു ബന്ധം നമുക്കിനി?
നിന്നൂഴം  കഴിഞ്ഞുപോയ്
വരും ഇനി മറ്റൊരാൾ.
നീയിനിയുമൊരുങ്ങണം
പുതിയൊരു വീട്ടിലേക്കവിട-
ന്നിതേപോൽ മരുന്നിൻ  മണവും
തുറക്കാത്ത വാതായനങ്ങളും

സ്വന്തബന്ധങ്ങൾ തൻ വ്യർത്ഥ ദുഃഖങ്ങളും കണ്ടു
വീണ്ടും പടിയിറങ്ങണം , നിന്റെ
സഞ്ചിയിൽ അന്നും നിറയും, പഴ –
ങ്കുപ്പായമൊപ്പം ഒരല്പം പണം.

 

ഞാനോ,

അവസാന യാത്രയ്ക്ക് മുൻപ്
അൽപനേരമീ ജാലക വാതിൽ തുറക്കാൻ കൊതിച്ചിരിക്കുന്നു

മുറ്റത്തു വെയിൽ വന്നുവോ,
മഴക്കാർ വന്നുവോ,
പുൽത്തലപ്പിൽ തുഷാരം തിളങ്ങുന്നുവോ

ഒന്നുമറിയില്ല കൂട്ടുകാരീ
നിന്‍റെ മൗനം മുറിക്കുക,
എന്‍റെ  കണ്ണും കിനാവും
നീയെന്നറിയുക
ഒരൽപ്പനേരം ഒന്നു
മിണ്ടിപ്പറയുക

പിന്നെ

പതിയെ പടിയിറങ്ങി പോവുക പോവുക
നിനക്കായൊന്നും, ഒരു ഓർമ്മ പോലും,
ഇവിടെ ബാക്കിയില്ലെന്നറിയുക.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. അതേ അത്രക്കല്ലേയുള്ളു ജീവിതം. അർത്ഥവത്തായ രചന: അഭിനന്ദനം

Leave a Reply to Dr. Salini Bhasker Cancel reply

Please enter your comment!
Please enter your name here