വീടൊരു ‘ സ്മാർട്ട്‌ ഹോമാ’ണ്

 

 

വീട് ഓർത്ത് വയ്ക്കുന്നത്
അതിനിഷ്ടപ്പെടുന്ന
ഏതാനും നിഴലുകളെയാണ്.
അടുക്കളയിലെ മണം
അമ്മയെ ഓർമ്മിപ്പിക്കും.
ഉമ്മറത്തെ നിഴൽ അച്ഛനെയും.
വീടിനെ ഓർക്കുമ്പോൾ നമ്മള്‍
ആരെയോർക്കും?
ആരെയോർക്കുമ്പോൾ നമ്മള്‍
വീടിനെയോർക്കും ?
ഓരോ മുറിക്കുള്ളിലെയും
ഓരോ ശരീരങ്ങളുമപ്പോൾ
അടുക്കളപ്പുറത്തെ പുക പോലെ
വീടിന്‍റെ മറയത്തിരുന്ന്
ചുറ്റിത്തിരിയുന്നുണ്ടാകും .

മക്കള്‍ എപ്പോഴും കുഞ്ഞുങ്ങളാണെന്ന്
വെറുതെ ആശിക്കുന്ന പഴയ വീടിന്‍റെ
ചുവരുകൾ മാത്രമാണ്
അവര്‍ക്ക് ചുറ്റുമുണ്ടാകുക.
‘ആരും മരിച്ചു പോകരുതേ’ എന്നും
‘ആരും വീട് വിട്ടിറങ്ങരുതേ’യെന്നും
വീടിന്‍റെ പ്രാർത്ഥന മുഴങ്ങി നിൽക്കും.

വീടിനെപ്പോഴും
പാലിന്‍റെ മണമായിരിക്കും.
ചിരിയുടെ കുറുകലും
കൊഞ്ചലുമായിരിക്കും അതിന്‍റെ ഭാഷ .
വീട് ജീവനോടെയപ്പോൾ ഓടി നടക്കും.
പാൽ മണം മായുമ്പോഴും
ഭാഷ മാറുമ്പോഴും
വീടിനെ ചിതൽ തിന്നാൻ തുടങ്ങും.
‘വീടുറങ്ങിപ്പോയെന്ന് ‘ പഴമക്കാർ
പറഞ്ഞു തുടങ്ങും.

ഇന്നലെ മുതൽ വീടൊരു
‘സ്മാർട്ട്‌ ഹോമാ’ണ്.
പലതരം റിങ് ടോണുകളിൽ
ആളുകളെ അതിനുള്ളിൽ
സേവ് ചെയ്തു വെക്കും.
വീടിനുള്ളിൽ മറ്റൊരു
വീടെന്ന പോലെ മനുഷ്യരെല്ലാം
വലുതും ചെറുതുമായ ഓരോ
രഹസ്യ മുറികളായിത്തീരും .
സ്മാർട്ട്‌ ഫോണിനുള്ളില്‍ ആളുകൾ
പലതരം ആപ്പുകൾക്കുള്ളിലെന്ന പോലെ.

ഒരിക്കല്‍ വീടിനു സ്വന്തമായിരുന്നവർ
സ്വയം രഹസ്യമെന്ന് തോന്നുമ്പോള്‍
‘സ്മാർട്ട്‌ ഹോമി’ലെ ആപ്പുകൾ
രഹസ്യനമ്പറുകള്‍ക്കുള്ളില്‍
ലോക്ക് ചെയ്തു വെക്കും.
കാത്തിരിപ്പുകളുടെ പലതരം
സന്ദേശങ്ങളതില്‍ ഒച്ചയില്ലാതെ
പതുങ്ങി ഇരിക്കും.
മറുപടിയില്ലാതെ
കാത്തു കെട്ടികിടക്കും.

ആപ്പുകൾക്കുള്ളിൽ ഇരിക്കുന്ന
‘ ആളുകളാ ‘ണ്
‘സ്മാർട്ട്‌ ഹോമി’ന്‍റെ ഒച്ച
കൂട്ടുകയും കുറയ്ക്കുകയും
ചെയ്യണോ എന്ന് നിശ്ചയിക്കുന്നത്.
പലപ്പോഴും അവരുടെ ഒരു വിരലിന്‍റെ
ടച്ചിങ്ങിൽ ഞൊടിയിടകൊണ്ട് ഒച്ചയുടെ
വൈബ്രേഷൻ പോലും നിലച്ചേക്കും.
പൂർണ നിശബ്ദതയുടെ
മരുഭൂമി താണ്ടി വീടൊരു
ഒച്ചിനെപ്പോലെ ഇഴയും.

‘സ്മാർട്ട്‌ ഹോമി’നെ
മറന്നു വെക്കുന്നത്
കുട്ടിക്കളിയല്ല.
‘വീടിന്‍റെ മുറികളുടെ
വാതിലുകളെന്നപോലെ
‘സ്മാർട്ട്‌ ഫോണി’ന്‍റെ ആപ്പുകളും
പൂട്ടാൻ മറന്നു പോയാൽ
അവയെല്ലാം വെറും
മോക്ഷണ വസ്തുക്കള്‍മാത്രമാണ്.
ആഘോഷത്തിനുള്ള വകകൾ.

പുതിയ ‘സ്മാർട്ട്‌ ഹോ’മിൽ
നമ്മൾ മറന്നു വയ്ക്കുന്നത്
പഴയ വീടിനിഷ്ടപ്പെടുന്ന
ഏതാനും വൃദ്ധ നിഴലുകളെയാണ്.
ആരും സേവ് ചെയ്ത് വെയ്ക്കാത്ത
നമ്പറുകളാണ് അവരുടേത്.
അതിനാൽ അവർക്ക്
റിങ് ടോണുകളും ഉണ്ടായിരുന്നില്ല.
വീടിനുള്ളിലെ സാങ്കേതികമായ
ഓരോ ആപ്പുകൾക്കുള്ളിലും
അവരിപ്പോഴും പുക പോലെ
പഴയകാലത്ത്
ചുറ്റിത്തിരിയുന്നുണ്ടാകും .

മക്കള്‍ എപ്പോഴും കുഞ്ഞുങ്ങളാണെന്ന്
വെറുതെ ആശിക്കുന്ന
പഴയ വീടിന്‍റെ ചുവരുകൾ
മാത്രമായിരിക്കും അവർക്ക് ചുറ്റും.
‘ആരും മരിച്ചു പോകരുതേ’ എന്നും
‘ആരും വീട് വിട്ടിറങ്ങരുതേ’യെന്നും
പ്രാര്‍ത്ഥന.
അവരുടെ പഴയ വീടിനിപ്പോഴും
പാലിന്‍റെ മണമായിരിക്കും.
ചിരിയുടെ കുറുകലാവും
അവരിപ്പോഴും കേൾക്കുന്നത് .
ഓർമയിൽ പഴയ വീട് അവർക്കെന്നും
മറ്റൊരു ‘സ്മാർട്ട്‌ ഹോമാ’ണ്.

സൂര്യഗായത്രി പിവി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here