ഉരുകിയൊലിക്കുന്ന വെയിലിനെ മറക്കാൻ
തണലാകുമാ വൃക്ഷം,
ചിതപോലെ കത്തുന്ന ഉച്ചയിൽ
വഴിയിൽ പരിക്ഷീണിതരാവുന്നവർക്ക്
തുണയായ് കനിവിൻെറ പച്ചപ്പ് ശിരസിലേന്തി
കാത്തുനിൽക്കുന്നു.
അധി കമാരും പോകാത്തൊരാ പാതയിൽ
ബുദ്ധൻ സഞ്ചരിച്ച വഴികളിൽ
ഇതേ വൃക്ഷം വേറെയും ഉണ്ടായിരിക്കണം
അന്നുപോലെ ഇന്നും അധികമാരും
കണ്ടിട്ടില്ലാത്തൊരീ വൃക്ഷത്തിന്
പലർക്കും വിശേഷണം പലത്.
സുഗന്ധിമാരാകും പൂക്കളാൽ അലങ്കരിക്കപ്പെടാതെ
രാത്രിയിൽ ചില്ലകൾ നക്ഷത്രങ്ങളോട് യാചിക്കും
ശിഖിരങ്ങൾ വളരുന്നതുവരെ കാത്തുനിൽക്കാൻ.
കിളികളെക്കാളവ താലോലിക്കുന്നത് കാക്കകളെ
മഴുവിനും മധുര കനികൾക്കും വേണ്ടാതെ
അനാഥമായൊരാ പടുവൃക്ഷം
തനിയെ വളർന്ന് തണലായതുകൊണ്ടു
കിനാവിലൊരു കാട്ടുമരമായ് പന്തലിക്കുമ്പോൾ
അപ്സരസുകളതിനെ പ്രണയിച്ചുകൊണ്ടേയിരിക്കുന്നു.