ചരിത്രം പറയുന്നത്

കാലങ്ങളങ്ങനെ പോയിടും
ദുഃഖഭാരങ്ങളെ ഗർഭം ധരിച്ച
യീക്കാലവുമങ്ങു പോയിട്ടും
ഒടുക്കമതോർമ്മകളിലൊരു
നടുക്കം മാത്രമായിടും

അന്നീയുലകത്തിൽ ഞാനുണ്ടാവുമോ
നീയുണ്ടാവുമോ അറിയില്ല
എങ്ങനെയായാലുമതിനെന്തു പ്രസക്തി

നീയും ഞാനും ഉൾപ്പെടുന്നയീ
ലോകത്തിലാരേലുമന്ന്
അവശേഷിച്ചിരിപ്പുണ്ടേൽ
അവരാ നടുക്കത്തിനു മുമ്പിൽ
മനവാതിൽ കൊട്ടിയടയ്ക്കും

അല്ലേലുമിന്നലെകളിലെ
കയ്ക്കുമുൺമയെ തിരയാൻ
ആർക്കാനേരം
നാളെയൊരു സുന്ദരസ്വപ്നമായി വഴിനീളെ
പൂത്തുലഞ്ഞു കിടക്കുമ്പോൾ

അവരന്നേതോ മായാലോകത്തിൽ
മാനം മുട്ടും സ്വപ്നക്കൊട്ടാരത്തിലേക്കുളള
പടവുകൾ കയറുകയായിരിക്കും

ശാരീരിക അകലം പാലിച്ചില്ലേലും
തമ്മിലറിയാത്ത തന്നിലൊതുങ്ങുമാ
മനസ്സുകൾ തമ്മിലന്നേറെയകലം പാലിച്ചിരിക്കും
കാരണം വൈറസിൻ പ്രഭവകേന്ദ്രം
നിശ്ചയമവിടമാണല്ലോ

ജാതിമതധനാദികൾ നിഷ്കർഷിക്കും
ലോക്ക് ഡൗൺ ലംഘിച്ചേതാനും
മനസ്സുകളെങ്ങാനം കൂട്ടം കൂടി പോയാൽ
ദൈവത്തിൻ കാവലാളുകൾ
അവരുടെ ബുദ്ധിക്കുമേൽ പ്രഹരമേല്പിക്കും

ഒടുക്കമെപ്പോഴോ പടവുകളിടിയും
സ്വപ്ന കൊട്ടാരം പിളർന്നൊരു
മഹാഗർത്തമായി മാറിടുമാ-
ഗർത്തത്തിലൊരിറ്റു ശ്വാസത്തെ ചേർത്തു നിർത്താൻ
അവരന്നേറെ പണിപ്പെടും
എല്ലാ ദൈവനാമങ്ങളും
ഒരുപോലെയലിഞ്ഞില്ലാതായിടും
അന്നൊരു പക്ഷേ വാക്കുകൾ മുറിച്ചു മുറിച്ചു
അവരന്യോന്യം മൊഴിയുമായിരിക്കും
ഇതുപോലൊരു ഗതി പണ്ടുമുണ്ടായിരുന്നെന്ന്

മുകളിലായിരം താരങ്ങൾക്കപ്പുറം
ആകാശക്കോട്ടയിലൊരാൾ
ഇതൊക്കെ കണ്ടാസ്വദിച്ചു ചിരിക്കുന്നുണ്ടാകും

ഇത് ഞാൻ പറയുന്നതല്ല
ചരിത്രം പറയുന്നത്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here