പറവൂരിന്റെ പെരുമ

 

പതുക്കെപ്പറഞ്ഞാലും പറവൂര്‍ കേള്‍ക്കും

എന്നത് , തൊള്ള തുറന്നു സംസാരിക്കുന്ന ആളുകളെ പറ്റി പറവൂര്‍ പട്ടണത്തിനു ചുറ്റുവട്ടത്തുള്ള നാട്ടിന്‍പുറത്തുകാര്‍ പണ്ടുമുതലേ പറയുന്ന ഒരു ഫലിതമാണ്.

രാവിലെ ഒമ്പതിനും, വൈകീട്ട് അഞ്ചിനും പറവൂര്‍ നഗരസഭയിലെ സൈറണ്‍ തൊള്ള തുറക്കുമ്പോള്‍ , പറവൂര്‍ മാത്രമല്ല സമീപ നാടുകളിലും കേള്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു.

വാച്ചിന്റെ ഉപയോഗം വളരെ കുറവായിരുന്ന അക്കാലത്ത് സൈറണ്‍ പൊതുവെ ഉപകാരപ്രദമായിരുന്നു. ഇന്നത്തെ കാലത്ത് സമയം അറിയുന്നതിനു വേണ്ടിയുള്ള സൈറണ് പ്രസക്തിയില്ല. ആ സൈറണ്‍ നിറുത്തിയിട്ട് കാലങ്ങളുമായി.


ഒമ്പത് ദശാംശം പൂജ്യം രണ്ട് ( 9.02) ചതുരശ്ര കി.മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള പറവൂര്‍ നഗരസഭ.


‍ഒരു കുഞ്ഞു പട്ടണം..!‍


ആരാധനാലയങ്ങള്‍ ഏറെയുള്ള  താലൂക്ക് എന്ന ഖ്യാതി പറവൂരിനുണ്ട്. പറവൂര്‍ പട്ടണമാകട്ടെ ‘ക്ഷേത്ര നഗരം’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.


പരിശുദ്ധ തോമാശ്ലീഹ മുതല്‍ പറവൂര്‍ തമ്പുരാക്കന്മാര്‍ വരെയുള്ള നിരവധി ചരിത്ര നായകന്മാരുടെ പാദസ്പര്‍ശമേറ്റ ആരാധനാലയങ്ങളാല്‍ ഈ ചെറുപട്ടണം ധന്യം.


എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിന് പേരിലും പെരുമയുണ്ട്. പറവൂര്‍ പട്ടണത്തെ ക്ഷേത്ര നഗരമാക്കുന്ന ആരാധനാലയങ്ങളുടെ ചരിത്രവും, ഐതിഹ്യവും ഒരു ചെരു കുറിപ്പിലൊതുക്കുക അസാധ്യമാണ്. എങ്കിലും ഒരു ഓട്ടപ്രദക്ഷിണം‍ നടത്തുവാന്‍ ശ്രമിക്കുകയാണ്.

തമിഴ് സംഘകാല കൃതികളില്‍ പ്രമുഖമായ ഒരു കൃതി ‘ ചിലപ്പതികാരം ‘. അതില്‍ ‘ പറൈയൂര്‍’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ഇന്നത്തെ പറവൂര്‍ തന്നെ ! ‘പറയരുടെ ഊര് ‘ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന പറൈയൂര്‍ എന്ന സ്ഥലനാമം മൊഴി മാറ്റത്തിലൂടെ ‍ ‘പറവൂര്‍ ‘ എന്ന് പരിണമിക്കപ്പെട്ടതായി ചരിത്രകാരന്മാര്‍. ചേര രാജധാനി ‘മുസിരിസ് ‘ എന്നറിയപ്പെട്ടിരുന്ന പുരാതന കാലത്ത് ഇന്‍ഡ്യയിലെ തന്നെ പ്രമുഖ തുറമുഖ പട്ടണങ്ങളായിരുന്നു കൊടുങ്ങല്ലൂര്‍, മാല്യങ്കര, പറവൂര്‍ എന്നീ പ്രദേശങ്ങള്‍.


ഏകദേശം മൂവായിരം വര്‍ഷത്തോളം ഭാരതത്തിലേക്കുള്ള പ്രവേശന കവാടമായിരുന്നു മുസിരിസ് തുറമുഖം.
വാല്‍മീകി രാമായണത്തില്‍ ‘മുരചിപത്തനം’ എന്നും, തമിഴ് കൃതികളില്‍ ‘മുചിറി’ എന്നും, ഭാസ്ക്കര രവിവര്‍മ്മന്റെ ‘ജൂതശാസന’ത്തില്‍ ‘മുയിരിക്കോട്’ എന്നും എഴുതപ്പെട്ടിട്ടുള്ളതും ഇതേ മുസിരിസ് തന്നെയാണ്.


സുഗന്ധ വ്യഞ്ജനങ്ങളും, അമൂല്യ രത്നങ്ങളും വ്യാപാരം നടത്തിയിരുന്ന റോമക്കാരും, ഗ്രീക്കുകാരും ഉള്‍പ്പെടെയുള്ള വൈദേശികരെ സ്വാഗതം ചെയ്തിരുന്ന മുസിരിസ് .


അറബികള്‍, ജ്യൂസ്, ചൈനീസ്, പോര്‍ച്ചുഗീസ്, ഡച്ച് അധിനിവേശങ്ങളുടെ വരവും പോക്കും കണ്ട തീരം.


ക്രിസ്ത്വ: അമ്പത്തി രണ്ടാമാണ്ടില്‍ (AD52)‍ മുസിരിസ് തുറമുഖത്ത് കപ്പലിറങ്ങിയ വി.തോമശ്ലീഹ സ്ഥാപിച്ച ഏഴ് പള്ളികളില്‍ ഒന്നാമത്തേതാണ് പറവൂര്‍ ‘കോട്ടക്കാവ് പള്ളി’. ഇന്‍ഡ്യയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം എന്ന് ചരിത്രം വാഴ്ത്തുന്ന ‘കോട്ടക്കാവ് മാര്‍ത്തോമ സീറോ മലബാര്‍ പള്ളി’ എന്ന വലിയ പള്ളിയും, 1566- ല്‍ നിര്‍മ്മിച്ച ‘സെന്റ് തോമസ് യാക്കോബായ സിറിയന്‍ പള്ളി’ എന്ന ചെറിയ പള്ളിയും കാലത്തെ അതിജീവിച്ച് ഇന്നും പ്രൗഢിയോടെ നിലകൊള്ളുന്നു.
കോട്ടകള്‍ തീരത്തുള്ളതിനാല്‍, ഈ സ്ഥലം ‘കോട്ടക്കായല്‍ ‘‍ എന്നറിയപ്പെട്ടിരുന്നു. കോട്ടക്കായല്‍ കാലാന്തരത്തില്‍ ‘കോട്ടക്കാവ് ‘ എന്ന് പേര് മാറി.
കോട്ടക്കാവ് പള്ളിയുടെ സമീപത്തു തന്നെയാണ് യഹൂദര്‍ നിര്‍മ്മിച്ച , ‘ സിനഗോഗ് ‘എന്നറിയപ്പെടുന്ന ജൂതപ്പള്ളി. ഇന്‍ഡ്യയില്‍ ഇന്നവശേഷിക്കുന്ന ഏറ്റവും പുരാതനമായ സിനഗോഗ് ആണ് പറവൂര്‍ ‍ സ്ഥിതിചെയ്യുന്നത്.


യഹൂദ രാജ്യത്തുനിന്നും അടിമകളായി പിടിക്കപ്പെട്ട് ബാബിലോണിയയില്‍ അകപ്പെട്ട യഹൂദര്‍, രക്ഷപ്പെട്ട് കടല്‍ മാര്‍ഗം സഞ്ചരിച്ച് ഇന്‍ഡ്യയില്‍ മുസിരിസ് തീരത്താണ് അഭയം പ്രാപിച്ചത്. ആരാധന നടത്തുന്നതിനായി അവര്‍ ചേന്ദമംഗലത്തും, പറവൂരും, സിനഗോഗുകള്‍ പണിതു.


ജൂത സംസ്ക്കാരത്തിന്റെ സ്മരണകള്‍ നിലനിറുത്തുന്ന പറവൂരിലെ ഈ ചരിത്ര സ്മാരകം ആയിരത്തി ഒരുന്നൂറ്റി അറുപത്തിയഞ്ചിലാണ് (1165 ) ആദ്യം പണിതത്. പിന്നീട് പല കാലങ്ങളിലായി പൊളിച്ചു പണിയലുകള്‍ നടന്നിട്ടുണ്ട്.


പറവൂര്‍ തമ്പുരാന്‍ നിര്‍മ്മിച്ച ,തെക്കന്‍ ഗുരുവായുര്‍ എന്നറിയപ്പെടുന്ന ‘കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര’വും, അഗ്രഹാരങ്ങളും മത മൈത്രിയുടെ പ്രതീകങ്ങളായി ഈ പള്ളികള്‍ക്ക് സമീപത്ത് തന്നെ നിലകൊള്ളുന്നു.

തോന്ന്യകാവ് , കോട്ടുവള്ളിക്കാവ്, തൃക്കപുരം കാവ്, പുറപ്പള്ളിക്കാവ്, ആലങ്ങാട് കാവ്,
കാളികുളങ്ങര, ചെറുവല്യാകുളങ്ങര, പെരുംകുളങ്ങര, നന്ദികുളങ്ങര എന്നിങ്ങനെ കാവുകളും കുളങ്ങളുമായി സ്ഥലനാമം ചേര്‍ത്തു വെച്ചിരിക്കുന്ന നിരവധി ക്ഷേത്രങ്ങളുണ്ട് പറവൂരില്‍.


ശ്മശാന ഭൂമിയില്‍ പണിതുയര്‍ത്തിയിരിക്കുന്നു എന്ന അപൂര്‍വതയാണ് ‘തോന്ന്യകാവ് ശ്രീഭദ്രകാളി’ ക്ഷേത്രത്തിന്. ദാരികനിഗ്രഹം നടത്തിയ ദേവിക്ക് ഇവിടത്തെ ചുടലക്കളത്തി- ലെത്തിയപ്പോള്‍ തദ്ദേശത്ത് വിഹരിക്കാന്‍ തോന്നിയത്രെ! അങ്ങിനെ ‘തോന്നിയ’ സ്ഥലം ‘തോന്ന്യകാവായി’. ശ്മശാനത്തില്‍ വസിച്ചിരുന്ന കാളിയെ ക്ഷേത്രം പണിത് കുടിയിരുത്തി. ക്ഷേത്രത്തിന് സമീപം ഇന്നും ശ്മശാനങ്ങളുണ്ട്.


കാളികുളങ്ങര ദേവിക്ഷേത്രത്തില്‍ ‘വിളക്കെഴുന്നുള്ളിപ്പ്’, ‘തെണ്ടു ചുടല്‍ ‘‍, ‘കലം പൂജ’ തുടങ്ങിയ പുരാതനമായ ആചാരങ്ങളും, അനുഷ്ഠാനങ്ങളുമാണുള്ളത്.


‘ചെറുവല്യാകുളങ്ങര’യിലെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള കുളത്തിനു ചുറ്റും വാര്യങ്ങളുണ്ടായിരുന്നു പണ്ട്. ചുറ്റും വാര്യങ്ങളുള്ള കുളക്കര ‘ചെറുവല്യാകുളങ്ങര’യായി മാറി എന്ന് ചരിത്രം. പരിവാരങ്ങളോടു കൂടി ശ്രീമഹാദേവന്‍ കുടികൊള്ളുന്ന ക്ഷേത്രാങ്കണം ‘പെരുവാരം’ എന്ന് കേള്‍വി കേട്ടു.


പറവൂരിന്റെ ഗ്രാമക്ഷേത്രം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ‘പെരുവാരം മഹാദേവ ക്ഷേത്രം’. പെരുവാരം ഒരു ക്ഷേത്ര സമുച്ചയമാണ്. ശ്രീരാമ ആഞ്ജനേയ ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, വേട്ടക്കൊരു മകന്‍ ക്ഷേത്രം , മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തുടങ്ങിയവ.


പെരുവാരം കുളക്കരയിലെ കാവ് ‘പെരുംകുളങ്ങര കാവ് ‘ ആണ്.
തമിഴകത്ത് നാട്ടുകൂട്ടം നടത്തുന്ന സ്ഥലം അറിയപ്പെടുന്നത് ‘മന്റം ‘എന്നാണ്. പറവൂരിലെ ‘മന്നം’ സുബ്രഹ്മസ്വാമിക്ഷേത്ര പരിസരം പണ്ട് ‘മന്റം’ നടത്തിയിരുന്ന സ്ഥലമായിരുന്നിരിക്കാം. ‘മന്റം’ മന്നമായതാകാം !


സുപ്രസിദ്ധമായ ‘ദക്ഷിണ മൂകാംബിക ക്ഷേത്രം’ നഗര മധ്യത്തില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. വിദ്യാരംഭത്തിന് ആയിരക്കണക്കിന് കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാന്‍ സരസ്വതി മണ്ഡപത്തിലെത്തുന്നത്.


കോട്ടയില്‍ കോവിലകം ഹോളി ക്രോസ് ചര്‍ച്ച്, കെടാമംഗലത്തേയും കോട്ടയില്‍ കോവിലകത്തെയും ജുമാ മസ്ജിദുകള്‍, സെന്റ് ജെര്‍മെന്‍സ് പള്ളി, വെങ്കിടാചലപതി ക്ഷേത്രം, അമ്മന്‍കോവിലുകള്‍, വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം , എന്നീ പ്രശസ്തമായ ആരാധനാലയങ്ങളും ഈ ചെറു പട്ടണത്തില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.


എഴുതുവാന്‍‍ ഇനിയുമുണ്ട് ഒട്ടനവധി ആരാധനാലയങ്ങളെപ്പറ്റി. സമയപരിമിതി ഓര്‍ത്ത് , ദേവാലയ മഹിമകള്‍ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തുന്നില്ല. പറവൂരിന്റെ പെരുമയുടെ പൊരുള്‍ ഏകദേശം മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു.അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘തട്ടകം’ സാഹിത്യ ക്യാമ്പ് നാളെ തുടങ്ങും
Next articleകടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കവിതാപുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന്
പള്ളുരുത്തി എസ് ഡി പി വൈ ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായിരുന്നു.സ്വദേശം ചെറായി.ഇപ്പോള്‍ നോര്‍ത്ത് പറവൂരില്‍ താമസിക്കുന്നു.പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യകഥ പ്രസിദ്ധീകരിച്ചു.ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും കഥകളും എഴുതിയിട്ടുണ്ട്. ' വസന്തത്തിന്റെ ഓര്‍മ്മക്ക് ' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.ഈ പുസ്തകത്തിന് കോട്ടയം കേന്ദ്രമായുള്ള "പരസ്പരം വായനക്കൂട്ടം പുരസ്ക്കാരം 2020 " ലഭിച്ചു. ഭാര്യ - വി.വി.സിന്ധു ( അധ്യാപിക ) മക്കള്‍ - ഹരിശങ്കര്‍, ഗൗരിലക്ഷ്മി ( വിദ്യാര്‍ത്ഥികള്‍ ) വിലാസം എം എന്‍ സന്തോഷ് മണിയാലില്‍ ഹൗസ് കേസരി കോളേജ് റോഡ് നോര്‍ത്ത് പറവൂര്‍ എറണാകുളം ഫോണ്‍ 9946132439

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here