ഹിന്ദുമണമുള്ള കുപ്പായം 

 

 


സുബഹി ബാങ്ക് വിളി കേട്ടാണ് ഹാജി ഉണർന്നത് . സ്‌കൂൾ വരാന്തയിലെ ബെഞ്ചിൽ ഇരുന്നുറങ്ങുകയായിരുന്നു അദ്ദേഹം . തൊട്ടടുത്തായി ആദിത്യൻ ചുരുണ്ടുകൂടി കിടക്കുന്നു .അവന്റെ തലമുടികളിലായിരുന്നു ഹാജിയുടെ കൈകൾ അപ്പോഴും .
അവനെ ഉണർത്താതെ എഴുന്നേറ്റു. പാവം ഉറങ്ങട്ടെ ,അത്രയും സമയത്തേക്കെങ്കിലും എല്ലാം മറക്കുമല്ലോ.

കൈകാലുകൾ തണുപ്പിൽ മരവിച്ചിരുന്നു .
ഉള്ളം കൈ ചൂടാക്കി ഹാജി അകലെ ബാങ്കുവിളി കേട്ടിടത്തേക്ക് കണ്ണുകൾ പായിച്ചു. ഇരുട്ടിലായിരുന്നു സ്‌കൂൾ മുഴുവൻ.
പുലരും വരെ പെയ്ത മഴയിപ്പോൾ വിശ്രമത്തിലാണെന്നു തോന്നുന്നു .
കാവിമുണ്ടിലെ ചെളിയുള്ളിടം തട്ടിക്കളയാനൊരു വൃഥാ ശ്രമം നടത്തിയ ഹാജി സ്‌കൂൾ ഗേറ്റു ലക്ഷ്യമാക്കി നടന്നു.

ഓഫീസുമുറി കടന്നുപോകുമ്പോൾ അകത്തു ചുരുണ്ടുകൂടി ഉറങ്ങുന്ന സർക്കാർ ജീവനക്കാരെയും സന്നദ്ധപ്രവർത്തകരെയും കണ്ടു .
പുലരും വരെയുള്ള രക്ഷാപ്രവർത്തനം എല്ലാവരെയും തളർത്തിയിരിക്കുന്നു.

ആരൊക്കെയോ കൊണ്ടുവന്നു കൊടുത്ത വസ്ത്രങ്ങളും ഭക്ഷണ സാമഗ്രികളും മുറിയിൽ കൂട്ടിയിട്ടിരിക്കുന്നു .

‘നിസ്കരിക്കാൻ നല്ലൊരു മുണ്ടു കിട്ടിയിരുന്നെങ്കിൽ ,ഒരു കുപ്പായവും.
ഇതുടുത്തുകൊണ്ടു പള്ളിയിൽ എങ്ങനെ പോകും ..? ഇവരെ വിളിച്ചുണർത്തിയാലോ ..?’

ചിന്തകളിൽ മുഴുകിയ ഹാജി ,ദുരിതാശ്വാസക്യാമ്പിൽ നിന്നും അദ്ദേഹത്തിന് കിട്ടിയ കാവിമുണ്ടും ചന്ദനനിറമുള്ള ഒരു കുപ്പായവുമായി ഇരുട്ടിൽ പള്ളിയെ ലക്ഷ്യമാക്കി നടന്നു . ആദിത്യൻ ഉണരും മുമ്പേ തിരിച്ചെത്തണം എന്ന ബോധ്യത്തിൽ.

പള്ളിയും ഇരുട്ടിലാണ്. അകത്തെങ്ങോ കത്തിച്ചു വച്ചിരിക്കുന്ന ഓട്ടു വിളക്കിൽ നിന്നുള്ള പ്രകാശം മാത്രമാണ് അവിടെയെങ്ങും. ടൗണിലെ തറവാട്ട് പള്ളിയാണ്. ഇവിടെ അധികം വന്നിട്ടില്ല . വല്ല നിക്കാഹോ മരണങ്ങളോ മാത്രമാണ് ഇങ്ങോട്ടേക്ക് വരാനുള്ള കാരണങ്ങൾ . വീടിനടുത്തു തന്നെ നിസ്കാരപ്പള്ളികൾ ആറും വലിയ പള്ളികൾ മൂന്നും ഉള്ളപ്പോൾ കിലോമീറ്ററുകൾ താണ്ടി ഇങ്ങോട്ടു വരാൻ മെനക്കെടാറില്ല.

ഓട്ടു വിളക്കിന്റെ വെളിച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന ഒരു മധ്യവയസ്‌കൻ ആയിരുന്നു അകത്തെ മുറിയിൽ ഉണ്ടായിരുന്നത് .
ഹാജി വുളു എടുക്കുന്ന ശബ്ദം കേട്ടിട്ടാകണം അയാൾ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ട് വീണ്ടും പാരായണത്തിൽ മുഴുകി .വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു ആ പാരായണം . അകത്തേക്ക് കടന്നപ്പോഴാണ് അവിടെ ഉറങ്ങിക്കിടക്കുന്ന കുറെ ആളുകളെ ഹാജി കാണുന്നത് . പല മുറികളിലായി ആളുകൾ കിടക്കുന്നു.

” ബാങ്ക് വിളിക്കാൻ ഇനിയും അര മണിക്കൂർ ഉണ്ട് വരൂ ” ഉസ്താദ് വിളിച്ചു.

“ബാങ്ക് വിളി കേട്ടിട്ടാണല്ലോ ഞാൻ വന്നത് ..” ഹാജി അത്ഭുതപ്പെട്ടുകൊണ്ട് ചോദിച്ചു.

” ഇവിടെ കരണ്ടു പോയിട്ട് മൂന്നു ദിവസമായില്ലേ ? ബാങ്ക് വിളി എന്തായാലും പുറത്തേക്ക് കേൾക്കാനാവില്ല .. സമയം നോക്കൂ ..” ഉസ്താദ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

പള്ളിയിലെ ക്ലോക്കിലെ സമയം താൻ അര മണിക്കൂർ മുമ്പേ എത്തിയെന്ന സത്യം വിളിച്ചു പറഞ്ഞു. ഇരുട്ടായതിനാൽ ആകണം തന്റെ കുപ്പായവും മുണ്ടും ഉസ്താദ് കണ്ടിട്ടില്ല . ആളുകൾ കൂടുതൽ വരുന്നതിനു മുമ്പേ തിരിച്ചുപോകണം ,കാവിമുണ്ടിലെ ചെളി മുസല്ലയിൽ പറ്റാതിരിക്കാൻ തട്ടിക്കളയുമ്പോൾ ഹാജി ചിന്തിച്ചു .

ആരോ ചിരിക്കുന്ന ശബ്ദം അപ്പോഴും ഹാജി കേട്ടു. ഓട്ടു വിളക്കിന്റെ വെളിച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന ഉസ്താദ് അല്ലാതെ മറ്റാരും അവിടെ ഉണർന്നിരിപ്പുണ്ടായിരുന്നില്ല . കുറച്ചു മുമ്പേ ഓഫീസു മുറിക്കരികിൽ വെച്ചും ഈ ചിരി ഹാജി കേട്ടിരുന്നു .പല തവണയായി തന്നെ പിന്തുടരുന്ന ചിരിയുടെ സ്രോതസ്സ് വല്ല ജിന്നും ആയിരിക്കുമോ എന്നൊരു ഭയം ഹാജിയിൽ ഉടലെടുക്കുന്നത് അപ്പോഴാണ് . ഉസ്താദിനോട് ചോദിച്ചാലോ എന്നൊരു ചിന്ത ഉണ്ടായെങ്കിലും അദ്ദേഹത്തെ ശല്യപ്പെടുത്താൻ തോന്നിയില്ല .

ഉസ്താദിന്റെ ബാങ്ക് വിളി തുടങ്ങിയതും ഉറങ്ങിക്കിടന്നിരുന്നവർ ഓരോരുത്തരായി എഴുന്നേറ്റു വെളിയിൽ പോകാൻ തുടങ്ങി . നമസ്‌കാരത്തിനായി കുറച്ചാളുകൾ അപ്പോഴേക്കും എത്തിയിരുന്നു .
ആരോ കൊണ്ടുവന്ന എമർജൻസി ലാമ്പ് ആ മുറിയെ പ്രകാശപൂരിതമാക്കിയിരുന്നു . ആ വെളിച്ചത്തിൽ തന്റെ ചെളി പുരണ്ട കാവിമുണ്ടും ചന്ദനനിറമുള്ള കുപ്പായവും ആരെങ്കിലും കാണുമോ എന്ന നാണക്കേട് ഹാജിക്കുണ്ടായിരുന്നെങ്കിലും അതെല്ലാം അസ്ഥാനത്താണെന്ന് വൈകാതെ തന്നെ മനസ്സിലായി .കാരണം എല്ലാവരും അവരവരുടെ ലോകങ്ങളിൽ ആയിരുന്നു .സലാം പറയുകയും മടക്കുകയും അല്ലാതെ മറ്റൊരു സംഭാഷണവും ആരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. വീണ്ടും പെയ്യാൻ തുടങ്ങിയ മഴയുടെ ഇരമ്പം മാത്രമായിരുന്നു പള്ളിയിൽ.

നമസ്കാരം തുടങ്ങിയപ്പോഴും അപ്പുറത്തെ മുറിയിൽ ആരോ കിടക്കുന്നുണ്ടായിരുന്നു . മാത്രമല്ല ബാങ്ക് വിളികേട്ടു പുറത്തുപോയവരിൽ പലരും വുളു എടുത്തു തിരിച്ചുവരുന്നതും കാണാഞ്ഞു ഹാജി അത്ഭുതപ്പെട്ടു .അവരെല്ലാവരും പുറത്തെ വരാന്തയിൽ മഴയിലേക്ക് മിഴികൾ നട്ടുകൊണ്ട് ഇരിക്കുകയായിരുന്നു.

“അവരൊന്നും നമ്മുടെ മതത്തിൽ പെട്ടവരല്ല ഹാജി. സ്‌കൂളിലെ മുറികളിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് ഞാൻ ഇങ്ങോട്ടു കൊണ്ടുവന്നതാണ് അവരെ . പല മതത്തിൽപ്പെട്ടവരുണ്ടാകാം. ഞാൻ ചോദിച്ചില്ല .അല്ലാഹുവിന്റെ ഭവനത്തിന് എല്ലാരും അവകാശികളല്ലേ
ആ ഉറങ്ങുന്ന കുട്ടി ഒരു മാരകരോഗത്തിന് അടിമയാണ് .ആ മരുന്നിന്റെ മയക്കത്തിലാണ് അവൻ . അവനെ ഉണർത്താതിരിക്കാനാണ് ഞാൻ ബാങ്ക് വിളിയുടെ ശബ്ദം കുറച്ചത് . അവന്റെ വേദനാസംഹാരികൾ കഴിഞ്ഞിരിക്കുന്നത്രെ . ഇനി വെള്ളം ഇറങ്ങിയാൽ മാത്രേ ടൗണിൽ പോയി വാങ്ങി വരാൻ കഴിയൂ “

തന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഉസ്താദ് തരുമ്പോൾ അവർ ഒരുമിച്ചിരുന്നു കട്ടൻ ചായ കുടിക്കുകയായിരുന്നു അകത്തെ മുറിയിൽ.

പുറത്തു മഴയുടെ ശബ്ദം പെരുമ്പറപോലെ മുഴങ്ങുന്നു .വീണ്ടും ശക്‌തമാകുകയാണ് എന്ന സൂചന നൽകിക്കൊണ്ട് .അരണ്ട വെളിച്ചത്തിൽ അകലെ ഒഴുകിയിരുന്ന പുഴയെ കാണുന്നു. ഇരുവശങ്ങളിലും നിന്നും അടർന്നുപോയ തേക്ക് മരങ്ങൾ, പുഴയെടുക്കുകയാണ് ആ തേക്കിൻകാടിനെ പണ്ടെന്നോ ബ്രിട്ടീഷുകാരാൽ നട്ടുപിടിപ്പിക്കപ്പെട്ട തേക്കിൻകാടുകൾ . അവയിലൂടെയാണ് ഇപ്പോൾ പുഴയുടെ സഞ്ചാരം . തേക്കുമരങ്ങളെ അടർത്തിയെടുത്തുകൊണ്ടവ പ്രയാണം തുടരുന്നു . പള്ളിയുടെ അരികിലേക്കും വൈകാതെ എത്തിയേക്കാം. പള്ളിയും പണ്ടെങ്ങോ പുഴയിൽ ഭിത്തി പണിതതായിരുന്നല്ലോ. ഈ ഒഴുക്കിൽ തേക്കിൻതോട്ടങ്ങളും പള്ളിക്കാടുകളും മൈലാഞ്ചിച്ചെടികളുമെല്ലാം കൂട്ടുചേർക്കപ്പെടാം .പുഴയുടെ മറ്റേതെങ്കിലും ഓരങ്ങളിൽ ചെന്നു പതിക്കപ്പെടാം . അല്ലെങ്കിൽ ആഴിയിൽ പതിച്ചുകൊണ്ട് അനന്തതയിലേക്ക്. ഭൂമി മുഴുവൻ ഒരു പുഴയായി മാറി ആഴിയോടൊത്തുചേരുന്നതും വിദൂരമല്ല.

ഹാജി ഇത്തരം ചിന്തകളിൽ മുഴുകുമ്പോൾ തന്നെ ജീവിതത്തിൽ ഇതിനു മുമ്പിത്തരം ചിന്തകളൊന്നും ഉണ്ടായിട്ടില്ലെന്ന സത്യവും ഹാജിയുടെ മുന്നിലെ ചോദ്യങ്ങളായി . മഴയോ ഈ ഒറ്റപ്പെടലോ ദുരന്തങ്ങളോ ഉസ്താദോ അതോ ഇട്ടിരിക്കുന്ന കുപ്പായമോ ,ആരാണ് ചിന്തകളിലെ വൈവിധ്യങ്ങളിലേക്ക് തന്നെ ഇറക്കുന്നത് ? താഴെ മറിഞ്ഞു വീണുകിടക്കുന്ന ഒരു മരം പള്ളിയുടെ പഴയൊരു കക്കൂസിനെ രണ്ടായി പിളർത്തിയിരിക്കുന്നു.

“ഹാജിയുടെ കുപ്പായം മനോഹരമായിരിക്കുന്നു”

പള്ളിയിൽ നിന്നും യാത്ര പറയുമ്പോൾ ഉസ്താദ് പറഞ്ഞു . കളിയാക്കിയതാണോ എന്ന സംശയം വരുമായിരുന്നു ഉസ്താദിനെ മനസ്സിലാക്കുന്നതിനു മുമ്പായിരുന്നെങ്കിൽ . കളി പറയുന്ന ആളല്ല അദ്ദേഹമെന്നും ഒരുപാടു പഠിക്കേണ്ടവനാണെന്നും ഹാജി മനസ്സിലാക്കിയിരുന്നു .

“ഉച്ചക്ക് വരൂ ,നമുക്കിവിടെ നിന്നും കഞ്ഞി കുടിക്കാം “
ഉസ്താദ് വിളിച്ചു പറഞ്ഞതിനെ നന്ദിയോടെ തലയാട്ടിക്കൊണ്ട് സ്‌കൂളിനെ ലക്ഷ്യമാക്കി നടന്നു.
— — — — — ———————————————


‘എന്തിനാടാ എപ്പോഴും ഇങ്ങനെ തെണ്ടി നടക്കുന്നത് . നിനക്കെന്തെങ്കിലും ഒരു ജോലിക്കു പൊയ്ക്കൂടേ നീ കുറെ പഠിച്ചതല്ലേ അച്ഛനെ ഇങ്ങനെ ബുദ്ധിമുട്ടിക്കണോ’ അമ്മയുടെ ശബ്ദം ആദ്യം അടുത്തുനിന്നുമായിരുന്നു. പിന്നീടവ അകലേക്ക് പൊയ്ക്കൊണ്ടിരുന്നു.

ഭൂതത്താന്റെ നെറുകയിൽ നിന്നും അമ്മയുടെ കൈകൾ മാത്രം കാണാം . തന്നെ തോളിൽ ഇരുത്തി കുന്നിലേക്കു നടക്കുന്ന അച്ഛൻ ദൂരെ സൂര്യൻ മറയുന്നത് കാണിച്ചു തരുന്നു അതാണ് നീ .ആദിത്യൻ ..അച്ഛൻ പറയുന്നു .

ഭൂതത്താൻ മലയുടെ പിന്നിലെവിടെയോ ആണ് സൂര്യൻ മറയുന്നത്. അമ്മാമ്മയുടെ മടിയിൽ കിടന്നുകൊണ്ട് കഥ കേൾക്കുന്നു .കൂടെ അനിയത്തിയും അരുണയും പിന്നാരൊക്കെയോ.

അരുണയുടെ കൂടെയാണ് ഇപ്പോൾ നടക്കുന്നത്. അവളാകട്ടെ ആകെ നനഞ്ഞിരിക്കുന്നു . മേലാസകലം ചെമ്മണ്ണ് പുരണ്ടിരിക്കുന്നു . എന്നിട്ടും അവള്‍ തന്റെ കൈ പിടിച്ചുകൊണ്ടു നടക്കുകയാണ്. തങ്ങളുടെ വീടുകൾ ഇരിക്കുന്നിടം ഇപ്പോൾ മൈലാഞ്ചി ചെടികളാണ്‌ നിറയെ. അവയിലെങ്ങും ചോരയുടെ നിറം പടർന്നിരിക്കുന്നു. അരുണ തന്റെ കൈ വിടുവിച്ചുകൊണ്ട് ഓടുകയാണ് മുകളിലേക്ക്. അവിടെനിന്നും താഴോട്ടുപതിക്കുന്ന വെള്ളത്തുള്ളികൾ. അവ മാറി മഞ്ഞുതുള്ളികള്‍ ആവുന്നു ..പിന്നീടവ മണ്ണുകളായി ഒഴുകുന്നു ..


‘നീ പോയിട്ട് എന്നാണ് എത്തുക ..അത് പറ ആദ്യം …’ അമ്മയാണ് വീണ്ടും ..

‘ഈ അമ്മയുടെ ഒരു കാര്യം ഒരു കാര്യത്തിനു പോവുകയല്ലേ. എപ്പോഴാണ് മടക്കം എന്നൊക്കെ പറയാനാവുമോ ..’?

അമ്മയുടെ മുഖത്തും മണ്ണ് പറ്റിയിരിക്കുന്നു .അവ തുടച്ചുകളയാൻ കൈകൾ നീട്ടിയതും അമ്മ തട്ടിമാറ്റി .. വേണ്ട കയ്യിൽ അഴുക്കുപറ്റും
അമ്മയുടെ നിറമാകെ മാറുന്നു..

എഴുന്നേൽക്കുമ്പോൾ ആദിത്യൻ ആകെ വിയർത്തിരുന്നു .കൊടും തണുപ്പും മഴയുമൊന്നും വിയർപ്പിനെ തടഞ്ഞിരുന്നില്ല .അവൻ ബെഞ്ചിൽ ചാഞ്ഞിരുന്നു. വെട്ടം വീഴാൻ തുടങ്ങുന്നതേയുള്ളൂ. അപ്പോഴും മഴ അതേ ശക്തിയിൽ തന്നെയാണ് . കൂടെയുണ്ടായിരുന്ന ഹാജിയെന്ന ആ പ്രായം ചെന്ന മനുഷ്യനെ കാണുന്നില്ല. ആരൊക്കെയോ വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു .

ഉണരേണ്ടായിരുന്നു. ഉറക്കത്തിൽ അവരെല്ലാം കൂടെയുണ്ട് .പക്ഷെ ഉണരുമ്പോൾ തികച്ചും ഏകനായി ഈ ലോകത്തിൽ …

തിടുക്കപ്പെട്ട് ഓഫീസു മുറിയിലേക്ക് നടന്നു. അവിടെ ആരും ഉണർന്നിട്ടുണ്ടായിരുന്നില്ല. തട്ടി വിളിച്ചപ്പോൾ ഒരാൾ ഒന്ന് തിരിഞ്ഞു കിടന്നു. വീണ്ടും ശബ്ദമുണ്ടാക്കാൻ തുടങ്ങുമ്പോൾ ഡെസ്കിനുമേൽ കിടക്കുന്ന ഒരാൾ എഴുന്നേറ്റു വന്നു.

“പേര് പറയൂ ..” അയാൾ നോട്ടു ബുക്ക് കയ്യിലെടുത്തു.

“ഞാൻ രജിസ്റ്റർ ചെയ്യാനല്ല . എന്റെ ആരെങ്കിലും ഇവിടെ എത്തിയിട്ടുണ്ടോ എന്നറിയാനാണ് .”

‘നോക്കൂ മൂവായിരം പേരോളം ഇപ്പോൾ തന്നെ ഈ ലിസ്റ്റിൽ ഉണ്ട്. ഇതിൽ നിന്നും കണ്ടുപിടിക്കുക എന്നത് …” അയാൾ കോട്ടുവായിട്ടു.

” പ്ളീസ് .. ഈ ബുക് തന്നാൽ ഞാൻ തന്നെ നോക്കിക്കോളാം ..എനിക്ക് ..” ആദിത്യന് തുടർന്ന് സംസാരിക്കാനായില്ല .

അയാൾ അവനെ നോക്കിക്കൊണ്ട് ആ നോട്ടുബുക്ക് അവനു നേരെ നീട്ടി ,ബെഞ്ചിൽ തലചായ്ച്ചുകൊണ്ടു കിടന്നു.

അവൻ ഓരോ പേജുകളായി മറിച്ചുനോക്കി. ആശങ്കയും പ്രതീക്ഷയും, വായിച്ചെടുക്കാനാവാത്ത അക്ഷരങ്ങളിൽ കുരുങ്ങിക്കിടന്നു. വായിച്ചെടുക്കാനാവാത്ത ഓരോ പേരുകളും തന്റെ പ്രിയപ്പെട്ടവരിൽ ആരുടെയെങ്കിലും ആകുമെന്നവൻ പ്രതീക്ഷിച്ചു. അറിയിപ്പ് കിട്ടിയപ്പോൾ വീടുപേക്ഷിച്ചു വന്നവർ പത്തു കുടുംബങ്ങൾ ആണെന്നാണ് അറിഞ്ഞിരുന്നത്. ബാക്കിയുള്ളവരുടെ മുകളിലേക്കാണ് ഭൂമി സംഹാരതാണ്ഡവം ആടിയത്. അതിൽ ആരൊക്കെയോ രക്ഷപ്പെട്ടിരിക്കാം .വരുന്നവരുടെ വിവരങ്ങൾ ക്യാമ്പ് രെജിസ്റ്ററിൽ ഉണ്ടാവും .ഇന്നലെ രാത്രി തഹസിൽദാർ പറഞ്ഞ വാക്കുകളാണ് ഈ തിരച്ചിലിന് ആധാരം.

ആളുകൾ ഓരോരുത്തരായി സംശയനിവാരണത്തിനും ഓരോ ആവശ്യങ്ങൾക്കുമായി വന്നുകൊണ്ടിരിക്കുന്നു. വെള്ളം ഇറങ്ങിയോ എന്നാണ് ചിലർക്ക് അറിയേണ്ടത്. ഫോൺ ചെയ്യാൻ വഴിയുണ്ടോ എന്നറിയാനും ചിലർ. പല തട്ടിലുള്ള ആളുകളെ അവരുടെ ആവശ്യങ്ങൾ നോക്കി മനസ്സിലാക്കാനാവും . നേരം വെളുത്തിരുന്നു അപ്പോഴേക്കും. നോട്ടുബുക്കിലെ പേജുകൾ പകുതിയായപ്പോഴേക്കും വില്ലജ് ഓഫിസർ എഴുന്നേറ്റു. ഇന്നലെ തഹസിൽദാരോട് സംസാരിക്കുന്നത് കണ്ടതിനാലാകണം അദ്ദേഹം അനുഭാവപൂർവമാണ് സംസാരിച്ചത് .

” അതിൽ ഭൂതത്താൻ കോളനിയിൽ നിന്നും പിന്നീടാരും വന്നിട്ടില്ല മോനെ. വിഷമിക്കേണ്ട തിരച്ചിൽ നടക്കുന്നുണ്ട്. നല്ല വാർത്തകൾ പ്രതീക്ഷിക്കാം നമുക്ക് “

“അങ്ങോട്ടൊന്നു പോകണമായിരുന്നു സാർ ..എനിക്ക് “

ആ വഴിയിൽ ഒരു പുഴ ഗതിമാറി ഒഴുകുകയാണിപ്പോൾ ആ ഭാഗത്തുള്ള ആളുകളെ ഇന്നലെ ചങ്ങാടവും മറ്റു മാര്ഗങ്ങളും ഉപയോഗിച്ചുകൊണ്ട് എങ്ങനെയോ ഇക്കരെ എത്തിക്കുകയായിരുന്നു.
അക്കരെ ഒരു ദേവാലയത്തിൽ കുറെ ആളുകൾ ഉണ്ട് ഇപ്പോൾ എത്ര പേരുണ്ടെന്നോ ആരൊക്കെയെന്നോ അറിയില്ല. ഇനി സേന എത്തണം. ഇന്ന് തന്നെ എല്ലാം ശരിയാവും. അവർക്കുള്ള ഭക്ഷണവും മറ്റും എത്തിക്കുവാൻ ഹെലികോപ്റ്റർ വരും. എല്ലാത്തിനും തടസ്സം ഈ കാലാവസ്ഥയാണ് “

“ഭൂതത്താൻ കോളനിയിൽ ഉള്ളവർ ആരെങ്കിലും ഉണ്ടാവുമോ അവരിൽ ..?”

“അറിയില്ല നമുക്ക് നോക്കാം. ഒരു കാര്യം ചെയ്യൂ ഈ ഡ്രെസ്സൊക്കെ ഒന്ന് മാറിക്കോളൂ. ഞാൻ സ്ഥിതിഗതികൾ ഒന്നറിഞ്ഞു വരട്ടെ.
ഗോപീ..ഇയാൾക്ക് ഒരു ജോഡി ഡ്രെസ്സ് കൊടുക്കൂ .തോർത്തും സോപ്പും മറ്റു സാധനങ്ങളും ഇന്നലെ വന്നില്ലേ .അതിൽ നിന്നും എടുത്തു കൊടുക്കൂ ..” അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

“വരൂ ..ഇതിൽ നിന്നും നോക്കി എടുത്തോളൂ” ഗോപി വിളിച്ചു.

അപ്പോഴേക്കും ആ മുറിയിൽ ഉള്ളവരെല്ലാം ഉണർന്നിരുന്നു. അവരാകട്ടെ ഡ്രെസ്സുകൾ തരം തിരിക്കുകയും മറ്റു സാധനങ്ങൾ അടുക്കി വെയ്ക്കുകയും ചെയ്യുകയാണ്.

” ഡാ നമ്മുടെ ടീച്ചറെ കണ്ടില്ലേ .. വീട്ടിൽ ആരെങ്കിലും വിരുന്നിനോ മറ്റോ വന്നാൽ അവർക്കു ഭക്ഷണം കൊടുക്കുന്ന പാത്രവും വെള്ളം കൊടുക്കുന്ന ഗ്ലാസും പിന്നെ ഉപയോഗിക്കാതെ കളയുന്ന ആളാണ് .
അവരുടുത്തിരിക്കുന്ന ഡ്രെസ്സിൽ കുട്ടികളോ മറ്റോ അറിയാതെ തട്ടിപ്പോയാൽ പോലും അതുപേക്ഷിക്കുന്ന സ്ത്രീ ..
ഇന്നലെ ഭക്ഷണം കഴിച്ചത് ആരു കഴിച്ച പാത്രത്തിൽ ആണോ ആവോ”

ഓഫീസിലെ ആളുകൾ അടക്കം പറയുന്നത് കേട്ടപ്പോൾ ആണ് ടൂത്ത് പേസ്റ്റ് ഉണ്ടോ എന്ന അന്വേഷണവുമായി വന്ന ആ സ്ത്രീയെ കാണുന്നത്. ഒന്നാം നിലയിൽ വെള്ളം കയറിത്തുടങ്ങിയപ്പോൾ രക്ഷിക്കാൻ വന്ന ആളുകളെ അവർ അകത്തുകയറ്റിയില്ലത്രേ. രണ്ടാം നിലയിൽ കയറിക്കോളാം എന്നായിരുന്നു അവരോടു പറഞ്ഞത്. അവിടെയും വെള്ളം കയറി നിലവിളിച്ച ഇവരെയും കുട്ടികളെയും കയറും കപ്പിയും ഉപയോഗിച്ചാണ് പുറത്തെത്തിച്ചത് .രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ചെറുപ്പക്കാരന്റെ വാക്കുകൾ ആയിരുന്നു ഇത് .

പുറത്തെ ഗെയ്റ്റിനടുത്ത് എന്തോ ബഹളം കേൾക്കുന്നു . സന്നദ്ധപ്രവർത്തകർ അങ്ങോട്ടോടി. മധ്യവയസ്കനായ ഒരാൾ ഗെയ്റ്റ് തുറക്കാൻ ആവശ്യപ്പെടുകയാണ്. പുറത്തേക്കു പോകാനുള്ള പാസ് ഇല്ലാതെ വിടാൻ പറ്റില്ലെന്ന നിലപാടിലാണ് സെക്യൂരിറ്റി ചുമതലയുള്ള കുട്ടി. ക്യാമ്പിലെ ആളുകൾ രജിസ്റ്റർ ചെയ്തതുകൊണ്ട് അവരുടെ വരവും പോക്കും കൃത്യമായി രേഖപ്പെടുത്താത്ത പക്ഷം പിന്നീട് വരുന്ന അപകടങ്ങൾക്ക് ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്‌ഥർ ബാധ്യസ്ഥരാവും.

“എനിക്കെൻറെ വീട്ടിൽ പോയെ മതിയാവൂ .. എന്റെ ജീവിതത്തിലെ ആകെ സമ്പാദ്യം ആണാ വീട്. അത് തകർന്നു പോകയാണേൽ കൂടെ ഞാനും പോകുന്നതാണ് നല്ലത് ..”

“അവിടെയാകെ വെള്ളമാണ് മൻസൂറിക്കാ. അങ്ങോട്ട് എത്താൻ കഴിയില്ല. നിങ്ങളുടെ വീടിന്റെ രണ്ടു നിലയും മൂടിക്കഴിഞ്ഞു. ഇപ്പോൾ പോകാനാവില്ല . അതുകൊണ്ടാണ് ..നിങ്ങൾ വരൂ ..”
പഞ്ചായത്തുമെമ്പർ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

” നിനക്കറിയാല്ലോ ..മിനിഞ്ഞാന്നാണ് ഞങ്ങൾ ആ വീട്ടിൽ താമസം തുടങ്ങിയത് . ഗൾഫിൽ ഇത്രയും കാലം ചോര വിയർപ്പാക്കി ഉണ്ടാക്കിയതാ . എന്റെ കുട്ടികൾക്ക് വേണ്ടി. സുഖമില്ലാത്ത എന്റെ മോളെയും കൂട്ടി ഞാനിനി എങ്ങോട്ടു പോകും ..നീ പറ ” അയാൾ ഗെയ്റ്റിൽ മുറുകെപ്പിടിച്ചു .

മെമ്പർ ഒന്നും പറയാതെ അയാളുമായി ആ ഗ്രൗണ്ടിലൂടെ നടന്നു ..

എത്രയോ തരക്കാരാണ് ഒരു കുടക്കീഴിൽ വന്നിരിക്കുന്നത് .അതും പ്രകൃതിയുടെ ചെറിയൊരു മലക്കം മറിച്ചിലിൽ. ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്നു ,ഒരേ പായയിൽ ,ചിലപ്പോൾ പായപോലും ഇല്ലാതെ ഉറങ്ങേണ്ടി വരുന്നവർ. അടിസ്ഥാന സൗകര്യ ലഭ്യതയെക്കുറിച്ച് ഇപ്പോഴവർ ചിന്തിക്കുന്നേയില്ല . കണ്മുന്നിൽ കുതിച്ചുയരുന്ന വെള്ളം മാത്രം . സമ്പാദ്യങ്ങൾ കക്ഷത്തിൽ നിൽക്കുന്നതല്ലെന്നും ജീവൻ മാത്രമാണ് ഏറ്റവും വലുതെന്നും കഴിഞ്ഞ രാത്രിയിൽ മനസ്സിലാക്കിയവർ . ഇപ്പോഴും അവരുടെ മനസ്സിലെ നനവുണങ്ങിയിട്ടില്ല . തന്നെപ്പോലെ എല്ലാവരും നഷ്ടപ്പെട്ട വരും ഇവിടങ്ങളിൽ ഉണ്ടാകുമായിരിക്കും . മൂന്നിടങ്ങളിലായി ഉരുൾപൊട്ടലിൽ വ്യാപകമായ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരങ്ങൾ .ചെറുതും വലുതുമായ നൂറോളം ക്യാമ്പുകൾ ഉണ്ടത്രേ .ആൾനാശവും ധനനഷ്ടവും കണക്കുകൂട്ടാൻ പ്രകൃതി തെല്ലുനേരത്തേക്കെങ്കിലും കനിയുക തന്നെ വേണ്ടിവരും.
ക്യാമ്പിലെ സ്റ്റോറിൽ നിന്നും കിട്ടിയ പച്ചനിറമുള്ള കുപ്പായവും ചാരനിറമുള്ള ജീൻസുമെടുത്തുകൊണ്ട് ആദിത്യൻ തനിക്കായി അനുവദിക്കപ്പെട്ടിട്ടുള്ള പതിനഞ്ചാം നമ്പർ മുറിയിലേക്ക് നീങ്ങി . ആദിത്യന്റെ അപരനാകട്ടെ മഴമേഘങ്ങളെ തരണം ചെയ്‌തുകൊണ്ടു മണ്ണിലേക്കിറങ്ങാനാവാതെ മൂന്നാം ദിനവും എങ്ങോ മറഞ്ഞിരിക്കുകയാണ് ..

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപ്രണയമരങ്ങള്‍
Next articleഒരച്ഛൻ പറഞ്ഞത്…..
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here