ഹിന്ദി നഹി മാലൂം


ആരോ തന്നെ അസമയത്ത് പുറത്ത് നിന്നും അനുനയത്തിൽ മലയാളത്തിൽ പേര് ചൊല്ലി വിളിച്ചതായി സദാശിവന് തോന്നി.

 

ഈർപ്പം അടയിരിക്കുന്ന ചുമരിന്റെ ദിശയിൽ നിന്നും മുഖം എതിർഭാഗത്തേക്ക് തിരിച്ച്, എത്ര മൂടിപ്പുതച്ച് കിടന്നിട്ടും, വാതിൽക്കലെ മുട്ട് പെരുമ്പറയിലെന്നോണം കത്തിപ്പടരുകയാണ്, കാതിലേക്ക്.

 

പകലുറക്കം ഈയിടെ പതിവാക്കിയതിനാൽ പുറത്തൂടെ പൂച്ച നടന്നാൽ പോലും കൃത്യമായി കേൾക്കാമെന്ന മട്ടായിട്ടുണ്ട്, രാത്രിയിൽ. ഭീതി അത്രയധികം വളർന്നു മുറ്റിയിരിക്കുന്നു. രാവുറക്കം ഇപ്പോൾ ജീവിതചര്യ മാറ്റി മറിച്ചിരിക്കുന്നു.

 

തെക്കു ഭാഗത്ത് ജനൽ വാതിൽ ഇല്ലാത്തതിനാൽ ഒരു നേർത്ത നൈലോൺ കർട്ടൻ ഇട്ടിരുന്നു. അത് പങ്കയുടെ കാറ്റിൽ മെല്ലെ ചാഞ്ചാടുന്നുണ്ട്, പുറത്ത് നിന്നും ഇപ്പോൾ വേട്ടയാടാൻ പാഞ്ഞെത്തിയേക്കാവുന്ന നിഴൽ രൂപങ്ങൾ കണക്കെ. അതിനപ്പുറത്തെ മരയഴിജനലുകൾ ചിതലെടുത്ത് ജീർണ്ണിച്ചതായിരുന്നു.

 

കുറച്ചു ദിവസത്തേക്ക് ഒരു താമസസ്ഥലം അന്വേഷിച്ചപ്പോൾ തരക്കേടില്ല എന്ന് മാമന്റെ കൂട്ടുകാർക്ക് തോന്നിക്കാണണം. അങ്ങനെ തൽക്കാലത്തേക്ക് വാടയ്ക്കെടുത്ത ചെറിയൊരു വീടാണ്. രണ്ടു മുറി. ആറായിരം രൂപ വാടക. വെള്ളവും കറണ്ടും പുറമെ‌. മാമൻ ജോലി ചെയ്യുന്ന കമ്പനി വക കോളനിയോട് ചേർന്നു കിടക്കുന്ന ഈ സ്ഥലത്തിന് നോർത്ത് ഓഫീസ് പാര എന്ന് പേര്. നൂറോളം പുതിയ ക്വാർട്ടേഴ്സിന്റെ പണി തകൃതിയിൽ നടക്കുന്നു. കാറ്റിൽ അരിച്ചെത്തുന്ന അവിടുത്തെ പണിയുടെ തട്ടലും മുട്ടലും യന്ത്രമുരൾച്ചയും ഈ ജനലരികിൽ നിൽക്കുമ്പോൾ വളരെ അടുത്താണെന്ന് ധ്വനിപ്പിക്കുന്നു. ചുറ്റും പൊടി പടലങ്ങൾ. അലോട്മെന്റ് നടക്കുമ്പോൾ മാമൻ ഓഫീസർ തസ്തികയിൽ ആയതിനാൽ വല്യ സൗകര്യങ്ങൾ ഉള്ള വീട് തരപ്പെടും എന്നാണ് കേഴ്‌വി.

 

കറന്റ് പോയെന്ന് തോന്നുന്നു. കാതുകളിൽ കൊതുകുകളുടെ മൂളിപ്പാട്ട്. പർദ്ദയുടെ ആട്ടം നേർത്തിരിക്കുന്നു. ഇനി മെയിൻ ഫ്യൂസ് ആരെങ്കിലും ഊരിയതാണോ ? കറണ്ടിന്റെ കാര്യം ഇവിടെ വളരെ ദയനീയം തന്നെ.

 

ഉച്ചയ്ക്ക് ഊണു കഴിച്ച് തിരിച്ചു വരുമ്പോൾ ഉടമസ്ഥന്റെ മകൻ എന്തോ ആരാഞ്ഞിരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. അതേ കോമ്പൗണ്ടിൽ ഞങ്ങളുടെ വാടക വീടിനു തൊട്ട് മുന്നിൽ ഒരു കാവൽക്കാരനെപ്പോലെ നിലകൊള്ളുന്നതാണ് ഉടമസ്ഥന്റെ മണിമാളിക. അതിന് പിന്നിൽ ഉടമസ്ഥർ പണ്ട് താമസിച്ച, ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന അവരുടെ പൈതൃക വീട്‌. അതൊന്ന് പുതുക്കി ഇപ്പോൾ വാടകയ്ക്ക് കൊടുക്കുന്നു.

 

വീട്ടുടമയുടെ മകൻ എന്താണ് വിളിച്ചു നിർത്തി ഹിന്ദിയിൽ ചോദിച്ചതെന്ന് മനസ്സിലാവാത്തതിനാൽ വല്ലാത്ത ജാള്യത തോന്നി. കറന്റ് സംബന്ധമായ എന്തോ ആണ്. “ഹിന്ദി ഇല്ലൈ ” എന്ന് കളിയാക്കി ‘സലാ മദ്രാസി’ എന്നോ മറ്റോ ഒച്ച താഴ്ത്തി പിന്നാലെ പറയുന്നതും കേട്ടു. രണ്ടാമത് പറഞ്ഞത് ഒരു തെറിവാക്കാണെന്ന് അതിന്റെ ടോണിൽ നിന്നും ഊഹിച്ചെടുത്ത ഞാൻ ഒരു തുറിച്ച് നോട്ടത്തിലൂടെ ആ പക മടക്കി നൽകി.

 

നാട്ടിൽ അമ്മായിയുടെ അമ്മക്ക് അസുഖം. അതറിഞ്ഞപ്പോൾ പെട്ടെന്ന് മാമനും അമ്മായിയും പുറപ്പെട്ട് പോയതാണ് മൂന്നു ദിവസം മുമ്പ്. അതാണ്‌ ഈ ഒറ്റപ്പെടലിന് കാരണം. ജീവിക്കാൻ ഒരു തൊഴിൽ അന്വേഷിച്ച് നാട്ടിൽ നിന്നും ഇവിടെ ഞാൻ എത്തിയിട്ട് കഷ്ടിച്ച് ഒരു മാസം പിന്നിടുന്നതേ യുണ്ടായിരുന്നുള്ളൂ.

 

മാമൻ നാട്ടിൽ എത്തിയ വിവരത്തിന് രാവിലെ വിളിച്ചിരുന്നു. അമ്മയുടെ അസുഖം കുറവുണ്ട്. ഭേദമാവുകയാണെങ്കിൽ ഞങ്ങൾ രണ്ടുപേരും അടുത്താഴ്ച തന്നെ അങ്ങോട്ട്‌ തിരിക്കും. അതല്ലെങ്കിൽ അമ്മായിയെ ഇവിടെ നിർത്തി ഞാനങ്ങെത്തും…നിനക്കവിടെ പേടിയൊന്നുമില്ലല്ലോ ? പേപ്പറിലെ പരസ്യങ്ങൾ നോക്കി വല്ല ജോലിക്കും അപ്ലൈ ചെയ്തു കൊണ്ടേയിരിക്കണം വെറുതെ ഇരിക്കരുത്. ഞാൻ സോമനോട് എല്ലാ കാര്യവും പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അവൻ വേണ്ടത് ചെയ്തോളും. നിനക്ക് ഒരു ജോലിയാണ് ഇപ്പോൾ പ്രധാനം. കുടുംബത്തിന്റെ അവസ്ഥ അറിയാലോ? വീട് പൂട്ടി പുറത്തൊന്നും അധികം കറങ്ങി നടക്കണ്ട. ചുറ്റും തക്കം പാർക്കുന്ന കള്ളന്മാർ കാണും. പ്രത്യേകിച്ചും കോളനിയുടെ പണി നടക്കുന്നതിനാൽ പലഭാഗത്ത് നിന്നും എത്തിയ പണിക്കാരല്ലേ. അവർക്ക് കിട്ടുന്ന കൂലി തുലോം തുച്ഛവും. അതിനാൽ….

 


അത് കേട്ടപ്പോൾ തന്നെ മനസ്സ് പതറാൻ തുടങ്ങി. പ്രധാനമായും ഇവിടുത്തെ ഭാഷാപ്രശനം. ഹിന്ദി പണ്ടേ ഇഷ്ടമല്ല. ഇംഗ്ലീഷിന്റെ കാര്യവും അങ്ങനെ തന്നെ. കഷ്ടിച്ച് തട്ടി മുട്ടി നിൽക്കാം.

 

മാമനോട് എന്തൊക്കെയോ ഒറ്റശ്വാസത്തിൽ വിളിച്ച് പറയണം എന്നുണ്ടായിരുന്നു. വേവലാതികൾക്കിടയിൽ എല്ലാം മറന്നു പോയി. ആലോചിച്ചെടുക്കുമ്പോഴേക്കും മറുവശത്ത് ഫോൺ കട്ടായി.

 

എനിക്ക് ഇവിടെ വല്ലാത്ത പേടിയാണെന്ന് പച്ചയായി തുറന്നു പറയാനും ഒരു ചമ്മൽ. ഇനി ഈ പൈതൃകവീടിന്റെ വല്ല ദോഷവും ആണോ? ഇരുപതാമത്തെ വയസ്സിലേക്ക് പ്രവേശിക്കുന്ന ഒരു ചെറുപ്പക്കാരൻ. പ്രവാസത്ത് ജോലി തേടി എത്തിയവൻ. ആശ്രിതനായി കഴിയുന്നവന് ഒത്തിരി പരിമിതികളെ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിനിടയിൽ തൽക്കാലത്തേക്ക് ഒരു അഭയം. ഇക്കാലത്ത് അണു കുടുംബം ആണ് പഥ്യം. എങ്ങനെയെങ്കിലും വേഗം ഒരു ജോലി തരപ്പെടുത്തണം. അല്ലാതെ മറ്റ് രക്ഷയില്ല.

 

ഭാഷയാണ് ആദ്യ കടമ്പ. അതറിയാത്തതിനാൽ മുറിയിൽ സദാ സമയവും അള്ളിപ്പിടിച്ച് അടച്ച് കുത്തിയിരിക്കുന്നു. പുറത്ത് അലഞ്ഞു തിരിയുന്ന വായുവിന്റെ നിറം പോലും ഇപ്പോൾ എങ്ങനെയാണെന്ന് ശരിക്കും അറിയാൻ കഴിയുന്നില്ല. ആസ്വദിക്കാനാവുന്നുമില്ല.

 

മാമന്റെ പുസ്തക ശേഖരങ്ങൾ പരതി നോക്കി. കയ്യിൽ കിട്ടിയ വാരികകൾ പഴയവ പലതും നാട്ടിൽ നിന്നും വായിച്ചതും ഇപ്പോൾ നിലച്ചു പോയതും. നല്ല മലയാളം വായിക്കാൻ അത്ര കൊതിയായിത്തുടങ്ങി.

 

ചിലപ്പോൾ ഇംഗ്ലീഷ് പത്രങ്ങൾ വെറുതേ എടുത്ത് നോക്കും. അതിന്റെ എഡിറ്റോറിയൽ പേജ് സ്ഥിരമായി വായിച്ചാൽ ഭാഷ മെച്ചപ്പെടുമെന്ന് പറയുന്നു. ഇതൊക്കെ മാമൻ അടിക്കടി തരുന്ന ഉപദേശങ്ങളിൽ ചിലതാണ്.

 

ജനലിലൂടെ പുറത്തെ വിജനമായ വഴികളിലേക്ക് നോക്കി. ദിവാസ്വപ്നം കാണലാണ് ഇപ്പോഴത്തെ മുഖ്യഹോബി. അരിപ്പൂക്കളും അപ്പക്കാടും കാട്ടു കോളാമ്പിയും തൊട്ടാവാടിയും ഇടതൂർന്ന് നിൽക്കുന്ന ഒരു വെളിമ്പറമ്പ്. ഇവിടെ കാണുന്ന അധികം അരിപ്പൂക്കൾക്കും വെള്ളയും ഇളം നീലയും കലർന്ന നിറം. അതിന്റെ പ്രത്യേക തരം മണം ചെളിയോടൊപ്പം ഇടകലർന്ന് ഇടയ്ക്ക് കാറ്റിൽ മുറിയിൽ ഒഴുകിപ്പരക്കുന്നു.

 

തലചായ്ക്കാൻ ചെറിയ കൂര മാത്രം സ്വന്തമായുള്ള അതിനരികിൽ താമസിക്കുന്ന കൂലികൾ അവരുടെ പ്രാഥമിക കാര്യങ്ങൾ നിറവേറ്റുന്നത് ഈ പറമ്പിലാണ്. അതിനാൽ ഇതിനുള്ളിലാണ് നാടൻ പന്നികൾ അധികവും പെറ്റു പെരുകുന്നത്.പോരാത്തതിന് ചതുപ്പ് നിലവും. ചിലപ്പോൾ അവറ്റകളെ വേട്ടയാടി പിടിക്കാൻ എത്തുന്ന ആദിവാസി കൂട്ടങ്ങളുടെ പ്രത്യേകതരം ആരവം കേൾക്കാം. കുന്തമുന ഏൽക്കുമ്പോൾ ഉയരുന്ന പന്നികളുടെ ദീന ദീനമായ രോദനങ്ങൾ. വല്ലാതെയത് കരളലിയിപ്പിക്കും. മൗഅ എന്ന മദ്യവും പന്നിയിറച്ചിയും നല്ല കോമ്പിനേഷൻ ആണത്രേ. അതൊക്കെ പിന്നീട് ഒരീസം നമുക്ക് രുചിക്കണം. സോമേട്ടൻ കളിയായി ഒരിയ്ക്കൽ പറഞ്ഞു.

 

അതിനപ്പുറത്താണ് പുതുതായി പണി നടക്കുന്ന വിശാലമായ കോളനി വീടുകളുടെ നീണ്ട നിര. പണ്ടത് വല്ല ചുടല പറമ്പും ആയിരിക്കണം. ഒരു ഭൂമി പൂജ. എല്ലാ വിഘ്‌നങ്ങളും മാറ്റും. വിശ്വാസം അതാണ്‌ എല്ലാം. എന്തോ ഭീതിദമായ ഒരു ദുരൂഹത ധ്വനിപ്പിക്കുന്നു ഈ വീടിന് പിന്നിലെ വിജന പ്രദേശം. അനാശാസ്യ പ്രവർത്തനങ്ങളുടെ കൂടി കൂത്തരങ്ങാണെന്ന് സൂചിപ്പിക്കും വിധം ആണിന്റെയും പെണ്ണിന്റെയും കൊഞ്ചലുകളും ശീൽക്കാരവും അസമയങ്ങളിൽ, മിക്കവാറും ശനിയാഴ്ച മൂവന്തികളിൽ, അവിടെ നിന്നും കേൾക്കാം. പണിക്കാർക്ക് ആഴ്ചക്കൂലി കിട്ടുന്ന ദിവസം. ആകെ അലങ്കോലം പിടിച്ച ഒരിടം.

 

ഈ ജനൽ ഭാഗത്ത് സദാസമയവും പടർന്നേറുന്ന തണുപ്പിന്റെ മടുപ്പിക്കുന്ന ഈർപ്പം. കാലുകളിലൂടെ അത്‌ മേലോട്ട് അരിച്ചു കയറും. ചതുപ്പാണ് ചുറ്റും. വഴി തെറ്റുന്ന വിചാരങ്ങളിലേക്ക് മുടന്തി നടന്ന് വെറുതേ മനസ്സിനെ കുറേ കുരങ്ങ് കളിപ്പിച്ചിരിക്കും. ആ മടുപ്പ് വഴിയേ തുടരൻ കോട്ടുവായിൽ ഒതുക്കും. ചിലപ്പോൾ പുറത്തേക്ക് നോക്കിയിരുന്ന് മനക്കോട്ടകൾ കെട്ടും. നേരം കൊല്ലാനും ആശ്വസിക്കാനും. പ്രത്യേകിച്ചും വേറൊന്നും ചെയ്യാനില്ലാത്തപ്പോൾ.

 

അങ്ങനെയാണ് പകലുറക്കം ശീലമാക്കിയത്. അതിനാൽ പകൽ പോലും ദു:സ്വപ്നങ്ങൾ കണ്ട് പേടിക്കുമെന്ന സ്ഥിതി വിശേഷം സ്വന്തമായി.

 

രാവിലെയും ഉച്ചയ്ക്കും വൈകീട്ടും വീട്ടിൽ നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റർ അകലെ കോളനിക്ക് പുറത്തുള്ള മലയാളിയുടെ ഹോട്ടലിൽ പോയി വേണം ആഹാരം കഴിക്കാൻ. ആ വലിയ മിഡ്‌ലാൻഡ് ഹോട്ടൽ മധ്യപ്രദേശിലെ ജബൽപ്പൂർ ആസ്ഥാനമായുള്ള കോഫി ഹൗസ് മാനേജ്മെന്റ് ഏറ്റെടുത്തു നടത്താൻ താല്പര്യം കാണിക്കുന്നു എന്ന് ഇന്നലെ പോയപ്പോൾ അതിന്റെ മുതലാളി കൊല്ലക്കാരൻ അച്ചായൻ സൂചിപ്പിച്ചു. കോളനി കവാടത്തിന് അരികിലായതിനാൽ ഭാരിച്ച വാടക പ്രതീക്ഷിക്കാം. പ്രൈം ലൊക്കേഷൻ. മാമൻ അവരോട് ആണ് എന്റെ ആഹാരത്തിന്റെ കാര്യം പറഞ്ഞ് ഏൽപ്പിച്ചിരിക്കുന്നത്. വേറെ എന്ത്‌ ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുതെന്ന് ആ നല്ല മനുഷ്യൻ ഇടക്കിടെ ഓർമിപ്പിക്കും, തനി ചവറ സ്ലാങ്ങിൽ. രാത്രിയിലെ എന്റെ ഉൾഭയവും ആധിയും മാറിക്കിട്ടാൻ വല്ല ഉപാധിയും ഉണ്ടോ ചേട്ടാ?

 

അത്യാവശ്യം ഒരു കട്ടൻ ചായ അനത്താനല്ലാതെ പാചക കാര്യത്തിൽ വട്ടപ്പൂജ്യം. തിന്നു മുടിക്കാനല്ലാതെ മറ്റൊരു നല്ല സ്വഭാവഗുണവും ഇതു വരേക്കും എന്നെ കൈതൊട്ട് അനുഗ്രഹിച്ചിട്ടില്ല, ജഗദീശ്വരൻ.

 

ഇടയ്ക്ക് മാമന്റെ സഹപ്രവർത്തകൻ സോമേട്ടൻ ഓഫീസിൽ നിന്ന് ഈ വഴി കുശലം അന്വേഷിക്കാൻ വരും. വല്ലപ്പോഴും ഫോൺ ചെയ്യും. ഫോൺ വീട്ടുടമയുമായി ജോയിന്റ് കണക്ഷൻ ആയതിനാൽ വീട്ടുടമയുടെ ഭാര്യ ഒന്നടിക്കുമ്പോഴേക്കും ചാടി വീണ് എടുക്കും. പിന്നെ എന്തൊക്കെയോ ചറുപറെ പറയും. അതും അസ്സൽ ഭോജ്പുരിയിൽ. പഴയ കാലത്തെ ആകാശവാണി സ്റ്റേഷന്റെ ചീറ്റൽ പോലെ. അന്ന് റേഡിയോവിന് ലൈസൻസ് ആവശ്യമുള്ള കാലമായിരുന്നു.

 


സോമേട്ടൻ മിക്കവാറും വരുമ്പോൾ വായിക്കാൻ അവരുടെ റിക്രീയേഷൻ ക്ലബ്ബിന്റെ സീൽ പതിഞ്ഞ ഒരു കെട്ട് പഴയ ഇംഗ്ലീഷ് ഹിന്ദി മാസികകളും പത്രങ്ങളും കൊണ്ടു വന്ന് തരും. അത് തന്ന കാര്യം അപ്പോൾ തന്നെ മാമനോട് വലിയ വായിൽ വിളിച്ചു പറയും. എന്നിട്ട് എന്നെക്കൊണ്ടും സംസാരിപ്പിക്കും. വെറുതേ ഇരിക്കരുത്. ധാരാളം വായിക്കണം. പ്രാക്ടീസ് ചെയ്യണം. എന്നൊക്കെ.

 

ഇവിടെ വന്നതിന് ശേഷം മലയാളം ലിപിയുടെ സ്വാദ് ആസ്വദിക്കാൻ വല്ലാത്ത കൊതി തോന്നുന്നു. സ്വന്തം ഭാഷ കൈകൊണ്ട് തൊടുന്നത് കണ്ടാൽ ഉടനെ മാമന് ഹാലിളകും. വഴക്കുമായി വരും. ഇനി ഒൺലി ഇംഗ്ലീഷ് ഓർ ഹിന്ദി. നോ മലയാളം. സാരോപദേശത്തിന് ഒരു പഞ്ഞവുമില്ലാത്ത കാലം.

 


ഏതാനും വീടുകൾക്കപ്പുറം ആണ് സോമേട്ടന്റെ താമസം. ഭാര്യയെ നാട്ടിൽ പ്രസവത്തിന് വിട്ടിരിക്കുന്നു. തിരുവല്ലയാണ് സ്വദേശം. ഭാര്യ കഴക്കൂട്ടം. ഇപ്പോൾ വീട്ടിൽ ഭാര്യ ഇല്ലാത്തതിനാൽ ഓഫീസിൽ നിന്നും നേരം വൈകിയേ എന്നും ഇറങ്ങൂ. ഓവർടൈം. ആ തുക ഏകദേശം മാസശമ്പളത്തോളം തന്നെ വരും പോലും.

 

കണ്ണൂർക്കാർ ഇവിടെ വളരെ വിരളം. പേരറിയാവുന്ന ഏക മലയാളി സോമേട്ടൻ മാത്രം. മലയാളികളെ കൺനിറയെ കാണാൻ വല്ലാത്ത കൊതി തോന്നുന്നു. മാമൻ വീക്കെൻഡിൽ പോയി വല്ലപ്പോഴും മിനുങ്ങന്നതൊക്കെ അവിടെ നിന്നാണെന്ന് വിശേഷം പറച്ചിലിനിടയിൽ സോമേട്ടൻ അബദ്ധത്തിൽ എന്നോട് സൂചിപ്പിച്ചു.

 

ഞങ്ങളുടെ ഇപ്പോഴത്തെ വീട്ടുടമ ഒരു തനി ബീഹാരിയും പഴയ ജന്മിയും കോൺട്രാക്ടറും ആയിരുന്നു. രണ്ടു ആൺമക്കൾ ഉള്ളത് ഒന്നിനും കൊള്ളാത്തവർ. സ്ഥിരം ഗുണ്ടായിസവും തല്ലും പിടിയുമായി അവിവാഹിതരായി തേരാപാര തെണ്ടി നടക്കുന്നു. അവരോട് അധികം മിണ്ടാനും പറയാനും ഒന്നും നിൽക്കേണ്ട. ആദ്യ ദിവസം വന്നപ്പോൾ തന്നെ സോമേട്ടൻ സൂചിപ്പിച്ചിരുന്നു. കോൺട്രാക്ടറുടെ ആദ്യ ഭാര്യയെ ആറേഴ് കൊല്ലം മുമ്പ് ഒറ്റ തൊഴിക്ക് കൊന്നതാണെന്നും, ഇപ്പോൾ ഉള്ള ഭാര്യ വളരെ ചെറുപ്പമാണെന്നുമൊക്കെ. രാംസിങ്. അതാണയാളുടെ പേര്. ഞങ്ങളുടെ വാടക വീടിന്റെ വിലാസം ആ കെയ്റോഫിൽ ആണിപ്പോൾ അറിയപ്പെടുന്നത്. രാംജി കോട്ടേജ്, 13/A, നോർത്ത് ഓഫീസ് പാര, ഡോറണ്ട, പോസ്റ്റ്‌ ഓഫീസ് ഹിനൂ, റാഞ്ചി 834002.

 

വാടക വീടിന്റെ വാതിൽ തുറന്നാൽ ആദ്യം കാണുക അവരുടെ ഗാരേജിൽ കിടക്കുന്ന പൊടി പിടിച്ച് കിടക്കുന്ന കാറുകൾ. അതിന്റെ നിറം എന്താണെന്ന് കൂടി ഇപ്പോൾ തിരിച്ചറിയാൻ കഴിയില്ല. അത്രക്ക് ഉണ്ട് അതിന്മേൽ ഡസ്റ്റ്. പൊട്ടിപ്പൊളിഞ്ഞ് പാളീസായ മൂന്നാല് സൈക്കിളുകൾ. പഴയൊരു ലാമ്പ്രട്ട. പുതിയതെന്നു തോന്നിക്കുന്ന നീല വെസ്പ. തുരുമ്പിച്ച ഒരു രാജദൂത് മോട്ടോർ സൈക്കിൾ. പിന്നെ പൊട്ടിപ്പൊളിഞ്ഞ കുറേ കസേരകൾ.

 


പുറത്തേക്കുള്ള ചെറിയ നടവഴിക്കരികിൽ ആണ് കുഴൽക്കിണറും തൊട്ടടുത്ത് പൊതുകക്കൂസും. സദാ മുഖപടം ഇട്ടാണ് ബീഹാരി വധുവിന്റെ നടപ്പ്. കൂമ്പാളയുടെ നിറമുള്ള മൈഥിലി താക്കൂർ. തത്തയെപ്പോലെ തത്തി തത്തി നടക്കും. മൈലാഞ്ചി തേച്ച് വലിയ വെള്ളിക്കൊലുസ്സിട്ട മനോഹരമായ കണങ്കാലുകൾ. കൊലുസ്സിന്റെ ഒച്ച ഒരു അപ്സരസ്സിനെ ഓർമ്മിപ്പിക്കും. ഇനി ഇവളാണോ വേഷം മാറി പാതിരാത്രി എന്നെ പേടിപ്പിക്കാൻ ജനലരികിൽ വരുന്നത്?

 

ഒരു ദിവസം ഊണു കഴിച്ചു വരുമ്പോൾ കൊഞ്ചിക്കൊണ്ട് ഒരു കത്ത് തന്നു. ഇത് ഇന്റർവ്യൂ ലെറ്റർ ആണെന്ന് തോന്നുന്നു എന്നൊരു കളമൊഴിയും. ജയിച്ചു വരാൻ മുൻകൂർ ആശംസകൾ പോലും അവർ നേർന്നു. അതും തനി ഭോജ്പുരി ടോണിൽ, പൊട്ട ഇംഗ്ലീഷിൽ. ഈ പെൺകൊടിക്ക് എത്ര വയസ്സ് കാണും. ഒരുവേള തന്റെ അതേ പ്രായം. അവളുടെ ഭർത്താവിനെ കണ്ടാൽ അറപ്പും വെറുപ്പും ജനിപ്പിക്കും. കരിവീട്ടി പോലെ, നരച്ചു പുളിച്ച കഷ്ടിച്ച് അഞ്ചടി പൊക്കമുള്ള ഒരു മധ്യവയസ്ക്കൻ. പൂമൊട്ട. തലയിൽ ശേഷിക്കുന്ന മൂന്നോ നാലോ മുടിയിഴകൾ പോലും ഡൈ തേച്ച് മിനുക്കും. ‘റ ‘ പോലെ മീശഭാഗം കറുപ്പിക്കും. ട്രിo ചെയ്ത തൂവെള്ള താടി. ഒരു മുല്ല ലുക്ക്. സദാ മുറുക്കുന്ന സ്വഭാവം. ഏതു നേരവും മദ്യസേവ. ഇടക്കിടെ ഖൈനി തിന്നും. അഴിഞ്ഞാട്ട ജീവിതത്തിന്റെ ശേഷപത്രം. അതു കണ്ട് മക്കളും തഴച്ച് വളരുന്നു. വെള്ളമടി. പെണ്ണുകേസ്. ആകെ ആടിയുലയുന്ന ജീവിതം.

 

വാതിൽക്കലെ മുട്ട് വീണ്ടും മുറുകുന്നു. ഇനിയും തുറന്നില്ലെങ്കിൽ തല്ലിപ്പൊളിക്കുമെന്ന ഭീഷണി, പുറത്ത് നിന്നും. കൂട്ടത്തിൽ വേറെയും ആരൊക്കെയോ ഉണ്ടെന്ന് തോന്നുന്നു. ഇവിടെ ഗുണ്ടാപ്പിരിവ് അർദ്ധരാത്രിക്ക് ശേഷമായിരിക്കുമോ പതിവ്. ഒന്നും മനസ്സിലായില്ല. കൈകാലുകൾ വിറക്കുന്നു. സമയം അർദ്ധരാത്രി കഴിഞ്ഞ് ഒരു മണിയോളമായിരിക്കുന്നു.

 

ധൈര്യം സംഭരിച്ച് നാട്ടിലേക്ക് വിളിച്ചു. നല്ല ഉറക്കത്തിലായിരുന്ന മാമനെ ഒരു വിധത്തിൽ കാര്യങ്ങൾ പറഞ്ഞു ധരിപ്പിച്ചു. പുറത്ത് എന്തോ വല്യ പന്തികേട് ഉണ്ട്. സങ്കടം മൂലം കൂടുതലൊന്നും പറയാൻ കഴിയുന്നുമില്ല.

 

പേടിക്കേണ്ടെന്ന് പറഞ്ഞ് മാമൻ പെട്ടെന്ന് ഫോൺ കട്ട്‌ ചെയ്തു. വാതിൽക്കലെ മുട്ടി വിളികൾ പെരുകുന്നു. ഇടയ്ക്ക് ആരോ വാതിലിൽ ചവിട്ടിയെന്ന് തോന്നുന്നു. അതിന്റെ ഞടുക്കത്തത്തിൽ പഴകി വിണ്ട ചുമരുകൾ കുലുങ്ങിയാടി. പേടിച്ചരണ്ട ഒരു പല്ലി ലൈറ്റിന് നേരെ പ്രാണനും കൊണ്ട് പാഞ്ഞ് ഇളിഭ്യനായി അവിടെ കുറേനേരം നിലകൊണ്ടു. വാതിൽ ഇപ്പം ചവിട്ടിത്തുറക്കുമെന്ന സ്ഥിതി വന്നു. ഞാൻ തൊട്ടരികിൽ ശ്വാസമടക്കിപ്പിടിച്ച് പ്രാണവേദനയിൽ പുളഞ്ഞു.

 

പക്ഷേ, ഇപ്പോൾ മുട്ടിവിളി അനുനയത്തിലാണ്. അതും തനി മലയാളത്തിൽ. വീട്ടിൽ വല്ല അത്യാഹിതവും. വിചാരങ്ങൾ പല വഴിക്ക് പരക്കം പാഞ്ഞു.

 

എന്തായാലും ജീവൻ വീണു. ഭയന്നു വിറച്ചു കൊണ്ട് എങ്ങനെയോ വാതിലിന്റെ സാക്ഷ നീക്കി. തുറന്നപ്പോൾ മുന്നിൽ കണ്ടത് സോമേട്ടനെ. ഞാൻ പൊട്ടിക്കരഞ്ഞു. പിന്നിൽ നിന്ന വീട്ടുടമ ദഹിപ്പിക്കുന്ന ഒരു നോട്ടം എറിഞ്ഞു തന്നു കൊണ്ട് എന്നെ അടിക്കാനോങ്ങി മുന്നോട്ടാഞ്ഞു.

 

എനിക്കൊന്നും മനസ്സിലായില്ല. ഒരു കുറ്റവാളിയെപ്പോലെ തല കുമ്പിട്ടു നിന്നു. ചുറ്റുമുയരുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം മൂക്കുകളെ തുളച്ചു. അജാനുബാഹുവായ സോമേട്ടൻ നെഞ്ചു വിരിച്ച് വീട്ടുടമയെ രണ്ടു കയ്യും നീട്ടി തടഞ്ഞു. അയാൾ ‘സല മദ്രാസി’ എന്ന തെറി വിളി കൊണ്ട് തലങ്ങും വിലങ്ങും അഭിഷേകം നടത്തി. ചെമ്പോത്തിനെ പോലുള്ള കണ്ണുകൾ ചുവന്നു തുടുത്തിരുന്നു. അതിപ്പം പുറത്തേക്ക് തള്ളിവരുമെന്ന് പേടിച്ചു.

 

കൂട്ടത്തിൽ മൂന്നു പേർ വേറെയുമുണ്ട്. കറന്റ് തന്നെ പ്രശ്നം. ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് വരുമ്പോൾ മുതലാളിയുടെ മകൻ വിളിച്ചു നിർത്തി സൂചിപ്പിച്ചത് ഇതു തന്നെയായിരിക്കണം . ഇടക്കിടെ ലൈൻ ട്രിപ്പ്‌ ആവുന്നു. മെയിൻ സ്വിച്ച് ഈ വീട്ടിനുള്ളിലായതിനാൽ അതൊന്ന് ചെക്ക് ചെയ്യണം. ഇത്രയേയുള്ളൂ കാര്യം.

ഇതൊക്കെ പിന്നീടുള്ള സോമേട്ടന്റെ മലയാളം ട്രാൻസ്‌ലേഷൻ ആണ്. കറന്റ് ചെക്ക് ചെയ്യാൻ ഈ പാതിര കഴിഞ്ഞപ്പോഴാണോ നേരം കിട്ടിയത്? പകലും നിരന്തരം വൈദ്യുതി പ്രശ്നം ഉണ്ടായിരുന്നല്ലോ. ഗുണ്ടകളുടെ യഥാർത്ഥ അഴിഞ്ഞാട്ടം അർദ്ധരാത്രിയ്ക്ക് ശേഷമാണോ തുടങ്ങുന്നത് ? ബീഹാറിനെക്കുറിച്ച് കേട്ട് മനസ്സിൽ ഗ്രഹിച്ച കാര്യങ്ങൾ വാസ്തവമായിത്തീരുകയാണോ?

 

അവർ പോയിട്ടും പാതിക്ക് മുറിഞ്ഞ ഉറക്കം പിന്നീട് പുലരുവോളം കൂടെ കിടന്നില്ല. ഉറക്കത്തിനു മുന്നിൽ എല്ലായ്പ്പോഴും മൂന്നു കിങ്കരന്മാർ വാളോങ്ങി നിന്നു.

 

സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ കഴിയാത്തതിന്റെ മനസ്താപം ആദ്യമായി വേട്ടയാടി.

 

ഇതിനെക്കാൾ ഭേദം സ്വനാട്ടിലെ നാടൻ പണിയായിരുന്നു. നാട്ടിൽ ജീവിക്കാൻ ഭാഗ്യമില്ലാത്തവൻ. സ്വയം ശപിച്ചു. കുറഞ്ഞ പക്ഷം അവിടെ സ്വന്തം മാതൃഭാഷയെങ്കിലും വേണ്ടുവോളം ഭുജിച്ച് കഴിഞ്ഞു കൂടാമായിരുന്നു. കലി പൂണ്ട് അങ്ങനെ ഉള്ളിൽ നിന്നും ആരോ അലറുന്നു.

 

മുറിവേറ്റ മനസ്സിന് അയവ് വരാൻ കിനാവുകൾ അലട്ടാത്ത ഉറക്കമാണ് നല്ലത്. മരവിച്ച ചേതന മൃദുവായി അങ്ങനെ മന്ത്രിക്കുമ്പോൾ ജനാലക്കരികിൽ വീണ്ടും ഒരു കിലുക്കം…ഒരനക്കം…കിണുക്കം…

 

സദാശിവൻ ദേഹമാസകലം മൂടിപ്പുതച്ച് ഇറുകെ കണ്ണടച്ച് വേഗം നേരം പുലരാൻ പ്രാർത്ഥിച്ചു.

 

 

()

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ ഡോ. എം ലീലാവതിക്ക്
Next articleകാർട്ടൂൺ
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ നഗരത്തോട് ചേർന്ന് കിടക്കുന്ന മുയ്യം ഗ്രാമത്തിൽ ജനനം. കോൾ ഇന്ത്യ ലിമിറ്റഡിൽ 1985 മുതൽ 2019 വരെ ജോലി. അസി. മാനേജരായി നാഗ്പൂരിൽ നിന്നും വിരമിച്ചു. ഓൾ ഇന്ത്യ റേഡിയോയിൽ (സ്വരമഞ്ജരി) തുടർച്ചയായി കഥകളും കവിതകളും അവതരിപ്പിക്കുന്നു. ഭാര്യ - ദീപ , മക്കൾ - അങ്കിത, അനഘ. 1977 മുതൽ മുൻ നിരയിലുള്ള മാഗസിനുകളിൽ കഥ, കവിത, ഫീച്ചറുകൾ, മിഡിൽ എന്നിവ എഴുതുന്നു. 40 വർഷത്തെ പ്രവാസം. പലതവണ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. വിലാസം : 'ദീപം' കുന്നുമ്പാറ റോഡ് കോൾമൊട്ട പി. ഒ. നണിച്ചേരി പറശ്ശിനിക്കടവ് കണ്ണൂർ പിൻ - 670 563. E-mail : muyyamrajan@gmail.com Mob : 9405588813

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English