ഹിംസകന്‍

എല്ലാ കൂട്ടായ്മകളും ഒരു വളച്ചു കെട്ടാണ് –നാല്ക്കാലിയുടേതായാലും മനുഷ്യരുടേതായാലും . നിലനിലല്‍പ്പും അതി ജീവനവുമാണതിന്റെ അന്തര്‍ധാര . വളച്ചുകെട്ടിനപ്പുറമുള്ളതൊക്കെ അതിന്റെ ശത്രുക്കളോ ശത്രുഭാവമുള്ള ചുറ്റുപാടുകളോ ആവാം . നാടും ദേശവും ജാതിയും മതവും സംഘടനാ സംവിധാനങ്ങളും രാജ്യവുമൊക്കെ ഇത്തരം കൂട്ടായ്മയുടെ വിപുലീകരണങ്ങളാണ് . ചിട്ടവട്ടങ്ങളും കീഴ്വഴക്കങ്ങളും ആചാരവിശ്വസങ്ങളും ലിഖിതവും അലിഖിതവുമായ നിയമങ്ങളുമൊക്കെ കൊണ്ടു അവയെ ശക്തിപ്പെടുത്തുന്നു . തങ്ങളുടെ കൂട്ടായ്മകയ്ക്കു പുറത്തുള്ളവരെല്ലാം ശത്രുക്കളായതു കൊണ്ടു അവരെ ഇല്ലായ്മ ചെയ്യേണ്ടത് എല്ലാ കൂട്ടായ്മകളുടെയും നിലനില്പിനാവശ്യമാണ് . ചെറുകൂട്ടായ്മകളില്‍ അതു മിക്കപ്പോഴും സംഘനേതാവിന്റെ നേരിട്ടുള്ള ഉത്തരവാദിത്വ മാണ് . കൂട്ടായ്മ വലുതാകും തോറും അതിനായി കൂലിക്ക് ആളെ നിര്‍ത്തുന്നു . അവരുടെ കൈയില്‍ തോക്കു കൊടുക്കുന്നു . കൊല്ലാനുള്ള ലൈസന്‍സ് കൊടുക്കുന്നു . കൂടുതല്‍ കൊല്ലുന്നവനു പട്ടും വളയും പരിതോഷികങ്ങളും നല്‍കുന്നു . അങ്ങനെ കൂട്ടായ്മകളൊക്കെ ഹിംസാധിഷ്ഠിതമാകുന്നു . അങ്ങനെ മനുഷ്യസ്നേഹം തന്റെ കൂട്ടായ്മയില്‍ ഉള്ളവരോടുള്ള മനുഷ്യസ്നേഹവും തങ്ങളോട് ചൊല്ലുവിളിയുള്ളവരോടുള്ള മനുഷ്യ സ്നേഹവും ആകുന്നു . കൂട്ടായ്മകളെ നിലനിര്‍ത്താന്‍ കാലാകാലമായി നിര്‍മ്മിച്ച വ്യവസ്ഥകളും — അതു ഏകാധിപത്യമോ , സോഷ്യലിസമോ, ജനാധിപത്യമോ തന്നെയായയാലും അതും ഹിംസാധിഷ്ഠിതമാണ്‌. നാമെല്ലാവരും ഹിംസകരും.

എല്ലാം മാറുന്നുണ്ടെന്നു ശാസ്ത്രം . അവ്യവസ്ഥ അഴിവും അക്രമവുമാണെന്നു കണ്ടു വ്യവസ്ഥക്കായി ശ്രമിച്ചു മനുഷ്യന്‍ . ഏകാധിപത്യം , മുതലാളിത്തം , സോഷ്യലിസം , ജനാധിപത്യം അവ്യവസ്ഥയുടെ കാട്ടിലെ സിംഹം വ്യവസ്ഥയുടെ നാട്ടിലെ രാജാവാകുന്ന കാഴ്ചയാണ് തുടര്‍ന്നു നാം കണ്ടത് . നിയമവും ചട്ടവും അവരുണ്ടാക്കി . തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്നുള്ളൊരു അലിഖിതം അന്തരീക്ഷത്തില്‍ കനം തൂങ്ങി നിന്നു. അവ്യവസ്ഥയുടെ പുതപ്പണിഞ്ഞു തണുപ്പു മാറ്റുന്ന വ്യവസ്ഥ.

ഒന്നും മാറുന്നില്ല . മാറുന്നുവെന്ന തോന്നലെയുള്ളൂ എന്നു വേദാന്തം . അവ്യവസ്ഥയില്‍ നിന്നും വ്യവസ്ഥയിലേക്കും അതില്‍ നിന്നു മറ്റൊരു വ്യവസ്ഥയിലേക്കും ചേക്കേറിയപ്പോള്‍ മനുഷ്യന്‍ ഒന്നറിഞ്ഞു : പറയുന്നത്ര വ്യവസ്ഥയൊന്നും വന്നതും പോയതുമായ വ്യവസ്ഥകളിലൊന്നും ഇല്ലെന്നുള്ള സത്യം. വേദാന്തമാണോ ശരിയെന്നുള്ള സന്ദേഹം അവനില്‍ ബലപ്പെട്ടു.

ഒരിടത്തുമുറക്കാത്ത , ഒന്നിലുമടങ്ങാത്ത സ്വപ്ന ജീവിയായ മനുഷ്യന്‍ ഒരു സമ്പൂര്‍ണ വ്യവസ്ഥയെ –ഒരു മാവേലിനാടിനെ — സ്വപ്നം കണ്ടു . കാണായ വിപ്ലവങ്ങളും സ്വാതന്ത്ര്യ സമരങ്ങളുമൊക്കെ അത്തരമൊരു സ്വപ്നം കാണല്‍ കൂടിയായിരുന്നു.

കാഴ്ചകള്‍ക്കൊക്കെ ഒരു കാണാപ്പുറവുമുണ്ട് . താജ്മഹല്‍ നമുക്കു ഷാജഹാനും പിന്നെ മുംതാസും മാത്രമാണ് .അതിന്റെ വെട്ടിത്തിളങ്ങുന്ന മാര്‍ബിള്‍ തറയും വെണ്ണക്കല്‍ ഭിത്തികളും മിനാരങ്ങളുമൊക്കെ ആയിരക്കണക്കായ അടിമതൊഴിലാളികളുടെ വിയര്‍പ്പും ചോരയുമാണെന്നു ചരിത്രം നമ്മോടു പറയുന്നില്ല .

മണ്ണിനടിയില്‍ വേരുകള്‍ പിണഞ്ഞു മരങ്ങള്‍ പ്രേമിക്കുന്നുണ്ടാവാമെന്നു കവി . നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍ നമ്മുടെ സാംസ്കാരിക തനിമയുടെ ഊറ്റമാണ് –ഒരു ചതിയുടെ ,കെണിയുടെ , അധിനിവേശത്തിന്റെ ,വ്യവസ്ഥാ വിധേയമാക്കലിന്റെ മറുകാഴ്ച . നെറ്റിപ്പട്ടങ്ങളുടെയും , മുത്തുക്കുടകളുടെയും , ആലവട്ടങ്ങളുടെയും , വെഞ്ചാമരങ്ങളുടെയും , പൂരപ്പറമ്പിലെ എല്ലാ ആള്‍ബഹളങ്ങളുടെയും മറവില്‍ ,തങ്ങളുടെ ഗതകാലത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും പകപോക്കലിനെയും കണക്കുതീര്‍ക്കലിനെയുമൊക്കെക്കുറിച്ചായിരിക്കുമോ നിരത്തിനിര്‍ത്തിയ ഗജവീരന്മാര്‍ ചിന്തിക്കുന്നുണ്ടാവുക ?

എല്ലാ വ്യവസ്ഥാവിരുദ്ധ കലാപങ്ങള്‍ക്കും എന്തൊക്കെയോ അനീതിയുടെയും , അക്രമത്തിന്റെയും , അടിച്ചമര്‍ത്തലിന്റെയുമൊക്കെ കഥകള്‍ പറയാനുണ്ടാവും . ഇന്നത്തെ വ്യവസ്ഥാ പരിപാലകര്‍ ഇന്നലത്തെ വ്യവസ്ഥാ വിരുദ്ധനായിരുന്നു എന്നതും ചരിത്രം പറഞ്ഞു തരൂന്നൊരു ഫലിതം .വ്യവസ്ഥ കൈയിലുള്ളവനും പുതുതായി കൊണ്ടുവരുന്നവനും കൊല്ലുന്നു . ഇതില്‍ ആരുടെ കൊലയാണ് ശരി ,ആരുടെ കൊലയിലാണ് സത്യവും നീതിയുമുള്ളത് ? അണുവായുധങ്ങളും ,അണുവിട തെറ്റാത്ത ആയുധങ്ങളും ,കനപ്പെട്ട കാവലുമേര്‍പ്പാടാക്കി നിലനിര്‍ത്തുന്ന വ്യവസ്ഥയുടെ ഗുണഭോക്താവാരാണ് ?വ്യവസ്ഥാ വിരുദ്ധ കലാപങ്ങള്‍ ഒഴിഞ്ഞൊരു കാലം വരുമോ ? ശാസ്ത്രമാണോ വേദാന്തമാണോ ശരി, സത്യം ? അതോ ഖസാക്കുകാര്‍ പറയും പോലെ ‘സത്തിയം പലതാ’ണോ ?

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here