അയാളും വേലായുധനും

 

ടക് … ടക് … ടക് …

ജനലിൽ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത് ..

ആരാണാവോ ഈ പാതിരാത്രി ? മൊബൈൽ എടുത്ത് സമയം നോക്കി ..

രണ്ടര മണി

വീണ്ടും ശബ്ദം കേട്ടു …. ടക് … ടക് … ടക് …

വീട്ടുകാരെ ആരെയും ഉണർത്തേണ്ട എന്ന് കരുതി അയാൾ ആ ശബ്ദം കേട്ട ജനൽ തന്നെ പതിയെ തുറന്നു.

ആരെയും കാണാനില്ല, സംശയം തീർക്കാൻ അയാൾ അടുത്ത ജനൽ കൂടി തുറന്നു …

നല്ല നിലാവുള്ള രാത്രിയാണ്, ജനലിലൂടെ അയാൾ ചുറ്റിലും നോക്കി ആരെയും കാണുന്നില്ല.

ഒന്ന് നെടുവീർപ്പിട്ട് അയാൾ പതുക്കെ ചോദിച്ചു ” ആരാണ് ? “

അതാ ഒരു മനുഷ്യ രൂപം പതിയെ ജനലിനു മുന്നിലേക്ക് നടന്നടുക്കുന്നു, നിലാവിന്റെ വെളിച്ചം ഉണ്ടെങ്കിലും ആ പാതിരാത്രി അയാളുടെ കാഴ്ചകൾ അവ്യക്തമായിരുന്നു.

പതിഞ്ഞ ശബ്ദത്തിൽ അയാൾ ഒന്നൂടെ ചോദിച്ചു .. ” ആരാണ് ? “

ജനാലക്ക് മുന്നിലെ രൂപം കുറച്ചു കൂടെ അടുത്തേക്ക് വന്നു.

നിലാവിന്റെ വെളിച്ചത്തിൽ ആ മുഖവും കണ്ണുകളും അയാൾ തിരിച്ചറിഞ്ഞു.

അതെ വേലായുധൻ ആണ്.

” വേലായുധൻ എന്താ ഈ സമയത്ത് ? “

” അച്യുതൻ നായർ കാണാതെ പുറത്തിറങ്ങിയതാ , ആ ഗോപിയെയും ശങ്കരൻ കുട്ടിയേയും കാവലിരുത്തീട്ടു മൂപ്പര് എവിടെയോ പോയതാ “

അവരെ പറ്റിച്ചു ഇറങ്ങിയ സന്തോഷം വേലായുധന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.

” അപ്പൊ ആരും അറിയാതെ ഇറങ്ങിയതാണോ ? എവിടെയാ പോയത് ?” അയാൾ ചോദിച്ചു

” അമ്മുകുട്ടിയെ കാണാൻ പോയപ്പോൾ അവിടെ ആരും ഇല്ല, അല്ലേലും അമുക്കുട്ടി മംഗലം കഴിഞ്ഞു പോയതല്ലേ “

” മനയ്ക്കലെ മേലെ വളപ്പിൽ പുല്ലാനിപ്പൊന്തകൾക്കിടയിൽ കരിനീലി തലചിക്കിപ്പറത്തിയിട്ട് പേൻ നോക്കാനിരിക്കും

പണ്ട് മുത്തശ്ശി പറഞ്ഞതാ …

ഞാൻ നോക്കീട്ട് കരിനീലിയെയും കണ്ടില്ല്യ , ഭഗവതിയെയും കണ്ടില്ല്യ “

ഒന്ന് നിർത്തി വേലായുധൻ മന്ദഹസിച്ചു.

” അപ്പൊ തോന്നി നിന്നെ ഒന്ന് കണ്ടിട്ട് പോകാമെന്ന് “

” എന്തേ ഉറക്കം പോയതിൽ ദേഷ്യം ഉണ്ടോ ? ” അയാളോട് വേലായുധൻ ചോദിച്ചു.

” ദേഷ്യമോ ? വേലായുധനോടോ ? ഒട്ടും ഇല്ല ” അയാൾ പറഞ്ഞു.

” അല്ലേലും മുത്തശ്ശിയും അമ്മിണി കുട്ടിയും കഴിഞ്ഞാൽ പിന്നെ നിനക്കേ എന്നോട് സ്നേഹള്ളൂന്ന് എനിക്കറിയാ “

ഇത് പറഞ്ഞപ്പോൾ വേലായുധന്റെ പുഞ്ചിരി നിലാവിന്റെ വെളിച്ചത്തിൽ മറ്റൊരു കുഞ്ഞു നിലവായി അയാൾക്ക് തോന്നി.

” പട്ടിയെ പോലെ അല്ലേ ന്നെ ചങ്ങലക്ക് ഇട്ടത് ?

എനിക്ക് ഭ്രാന്തില്ല്യാ ന്ന് പറഞ്ഞിട്ട് അമ്മുക്കുട്ടിയടക്കം ഒരെറ്റണം വിശ്വസിച്ചില്ല ..

നീ മാത്രം വിശ്വസിച്ചു …. അതോണ്ടല്ലേ ന്റെ കാലിന്ന് ചങ്ങല അഴിച്ചത് ” വേലായുധൻ പറഞ്ഞു.

” എനിക്കറിയാം വേലായുധന് ഒന്നും ഇല്ല .. ആളോള് വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കിയതല്ലേ ” നിറഞ്ഞ സന്തോഷത്തോടെ അയാൾ പറഞ്ഞു.

” എന്നാലും അച്യുതൻ നായർക്ക് വിശ്വാസം ഇല്ല , അതാ ഇപ്പഴും ഗോപിയെയും ശങ്കരൻ കുട്ടിയേയും കാവൽ നിർത്തുന്നത് ..

എന്താ ചെയ്യാ …. “

” ആളോളെ കാര്യം പറയാൻ പറ്റില്യാ കേട്ടാ …

ആദ്യൊക്കെ വല്യ സ്നേഹായിരുന്നു .. പിന്നെ സഹതാപം ആയി …

പിന്നെ പതിയെ പതിയെ വെറുപ്പായി …

വെറുപ്പിൽ നിന്ന് വേഗം തന്നെ ഭയമായി …”

ഇതും പറഞ്ഞു യാത്ര പോലും പറയാൻ നിലക്കാതെ വേലായുധൻ നടന്നു നീങ്ങി

ആ നിലാവെളിച്ചത്തിൽ വേലായുധൻ ചെറുതായി ചെറുതായി പിന്നെ തന്റെ കാഴ്ചകൾക്കപ്പുറത്തേക്ക് എത്തുന്നത് വരെ ജനലിലൂടെ അയാൾ നോക്കി നിന്നു.

നിലാവെളിച്ചത്തിലെ കാഴ്ചകൾ ആയിരുന്നില്ല അയാളുടെ മനസ്സിൽ , തന്റെ ഇന്നലകളിലെ ഊർന്നു വീണ ജീവിതമായിരുന്നു ജനാലക്കപ്പുറം അയാൾ പിന്നെ കണ്ടത്.

വേലായുധൻ പറഞ്ഞത് എത്ര ശരിയാണ്

എത്ര കാര്യമായിരുന്നു എല്ലാവർക്കും എന്നെ ..

വീട്ടിലും നാട്ടിലും ബന്ധുക്കളുടെ ഇടയിലും സുഹൃത്തുക്കളുടെ ഇടയിലും ഒക്കെ വലിയ മതിപ്പായിരുന്നു.

ഏതു കാര്യത്തിലും എന്റെ അഭിപ്രായം ശ്രദ്ധയോടെ അവർ കേൾക്കാറുണ്ടായിരുന്നു.

ആ സ്നേഹം മെല്ലെ മെല്ലെ ഇല്ലാതായി …

അത് .. പതിയെ പതിയെ സഹതാപം ആയി …” അയ്യോ ഇവൻ ഇങ്ങിനെ ആയിപ്പോയല്ലോ ” എന്ന് പരിതപിക്കൽ ആയി.

തന്റെ കുട്ടിക്കാലവും വിദ്യാഭ്യാസ കാലവും ഒക്കെ ഒരു തിരശീലയിൽ എന്ന പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോയി.

മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ഉന്നത വിജയം നേടി, ജോലി അന്വേഷിക്കുന്ന സമയത്താണ് ഇളയമ്മയുടെ മകൾ അമൃതയുടെ കല്യാണം നടന്നത്. കല്യാണ ചെറുക്കൻ രാജേഷ് ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിലെ പ്രൊഡക്ഷൻ മാനേജർ ആണ്.

കല്യാണം കഴിഞ്ഞു വിരുന്നിന് വീട്ടിൽ വന്നപ്പോൾ അമ്മയാണ് ആദ്യം തന്റെ കാര്യം രാജേഷിനോട് പറഞ്ഞത്.

” ഇവന് പറ്റിയ വല്ല ജോലിയും അവിടെ കിട്ടുമോ മോനെ ?”

” എന്താണ് പഠിച്ചത് ? ” രാജേഷ് ചോദിച്ചു.

” ബിടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു ” അമ്മ തന്നെ ആണ് മറുപടി പറഞ്ഞത്.

” ബയോഡാറ്റ എനിക്കയച്ചു തരൂ … നമുക്ക് നോക്കാം .. ” എന്ന് പറഞ്ഞു രാജേഷ് വിസിറ്റിങ്ങ് കാർഡ് അയാൾക്ക് നൽകി.

കല്യാണവും സൽക്കാരവും വിരുന്നും എല്ലാം കഴിഞ്ഞു അമൃതയും രാജേഷും അഹമ്മദാബാദിലേക്ക് പോയി …

അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മനസില്ലാ മനസ്സോടെ ആണ് ബയോഡാറ്റ അയച്ചു കൊടുത്തത്, അഞ്ചു ദിവസം കഴിഞ്ഞപ്പോൾ രാജേഷിന്റെ കമ്പനിയിലെ എച് ആർ ന്റെ ഫോൺ വന്നു ഇന്റർവ്യൂ ഷെഡ്യൂൾ ചെയ്ത് മെയിൽ അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു.

അങ്ങിനെ അഹമ്മദാബാദിലേക്ക് …

രാജേഷ് റെഫർ ചെയ്ത ആളായത് കൊണ്ട് ഇന്റർവ്യൂ വല്യ കുഴപ്പമില്ലാതെ നടന്നു. അല്ലേലും തനിക്ക് നല്ല അക്കാഡമിക് റെക്കോർഡ്‌സ് ഉണ്ടല്ലോ, റെക്കമെന്റേഷൻ ഇല്ലെങ്കിലും തനിക്ക് ജോലി കിട്ടുമെന്ന് അയാൾക്ക് തോന്നി.

ഇന്റർവ്യൂ കഴിഞ്ഞു ഒരാഴ്ചക്കുള്ളിൽ ഓഫർ ലെറ്റർ കിട്ടി. ജോലിക്ക് ജോയിൻ ചെയ്ത് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ അയാൾ താമസം മാറി. അമൃതക്കും രാജേഷിനും തന്റെ സാന്നിധ്യം ഒരു ശല്യമാകേണ്ട എന്നയാൾ കരുതി. രണ്ടും പേരും അവിടെ തന്നെ താമസം തുടരാൻ നിർബന്ധിച്ചെങ്കിലും അയാൾ വഴങ്ങിയില്ല.

അഹമ്മദാബാദിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരെ ഉള്ള നരോദയിൽ സ്വാമി വിവേകാനന്ദൻ റോഡിലെ ശിവദർശൻ അപ്പാർട്മെന്റിൽ ആണ് അയാൾ താമസിച്ചിരുന്നത്. അങ്ങിനെ കോഴിക്കോട്ടെ നാട്ടുമ്പുറത്തുകാരൻ ജീവിതം ഗുജറാത്തിലേക്ക് പറിച്ചു നട്ടു.

അപ്പാർട്മെന്റിനടുത്തുള്ള ഫർഹ സൂപ്പർ മാർക്കറ്റിൽ നിന്നാണ് അയാൾ സാധനങ്ങൾ വാങ്ങിയിരുന്നത്. ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ അയാൾ സൂപ്പർ മാർക്കറ്റ് ഉടമ മുഹമ്മദ് ഇസ്ഹറും ഭാര്യ മറിയം സഹീദയും അവിടെത്തെ സെയിൽസ് മാൻമാരുമായും ഒക്കെ നല്ല സൗഹൃദം ആയി.

മുഹമ്മദ് ഇസ്ഹറിന്റെയും മറിയം സഹീദയുടെയും മൂത്ത മകളായ ഫർഹ ഇസ്ഹർ അഹമ്മദാബാദിലെ ഐ ഐ എം ലെ എംബിഎ വിദ്യാർത്ഥിയാണ്. അയാളുടെ കമ്പനിയും കഴിഞ്ഞു പിന്നെയും ഏതാണ്ട് ആറു കിലോമീറ്റർ യാത്ര ചെയ്യണം ഐ ഐ എമ്മിലേക്ക്.

മിക്കവാറും ദിവസം അയാൾ ഫർഹയെ കാണും, ഫർഹയും അയാളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാൾക്ക് മനസ്സിലായി, അധികം താമസിയാതെ അവർ നല്ല സുഹൃത്തുക്കളായി. ഫർഹയുടെ മാതാപിതാക്കളും അവരുടെ സൗഹൃദത്തെ തടയാൻ നിന്നില്ല. മുഹമ്മദ് ഇസ്ഹറിനാകട്ടെ മലയാളികളോട് ഒരു പ്രത്യേക സ്നേഹവുമുണ്ട്. അയാളുടെ ഉമ്മയുടെ ഉമ്മ മലയാളി ആയിരുന്നു.

ദിവസങ്ങളും മാസങ്ങളും പിന്നിട്ടു … അവരുടെ സൗഹൃദവും വളർന്നു … ചില വീക്കെന്റിലൊക്കെ അയാൾ മുഹമ്മദ് ഇസ്ഹറിന്റെ വീട്ടിലെ അഥിതി ആയി.

ഒരു മാരുതി കാർ അയാളുടെ സ്വപ്നമായിരുന്നു, ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് ഒരു കാർ ലോൺ തരപ്പെടുത്തി കാർ വാങ്ങി. അതിനു ശേഷം പലപ്പോഴും ഫർഹ കോളേജിലേക്ക് പോകുമ്പോൾ അയാളുടെ കൂടെ കാറിൽ പോകാൻ തുടങ്ങി….

അയാളും ഫർഹയും തമ്മിലുള്ള സൗഹൃദം പ്രണയമായി.

ഫർഹ – ഹാപ്പിനെസ്സ് എന്നാണ് ആ പേരിന്റെ അർത്ഥം.

അക്ഷരാർത്ഥത്തിൽ അയാളുടെ ജീവിതത്തിന്റെ എല്ലാ സന്തോഷവും ഫർഹ ആയി മാറി.

മുഹമ്മദ് ഇസ്ഹറിനും മറിയം സഹീദക്കും അയാൾ സ്വന്തം മകനെ പോലെ ആയിരുന്നു, ഫർഹയെ കൂടാതെ രണ്ടു മക്കൾ കൂടിയുണ്ട് അവർക്ക്.

ഫദീല ഇസ്ഹാർ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്നു, കുഞ്ഞു സഹോദരൻ ഫഹദ് ഇസ്ഹാർ മൂന്നാം ക്ലാസ്സിലും. രണ്ടുപേർക്കും അയാളെ വലിയ കാര്യമായിരുന്നു.

അങ്ങിനെ അയാളുടെ ജോലിയും പ്രണയവും ജീവിതവും സന്തോഷത്തോടെ പോകുന്നതിനിടെ ആണ്, ആ ദിവസം എത്തിയത്, അയാളുടെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ട ദിവസം. പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ദിവസം.

2002 ഫെബ്രുവരി 28 , വ്യാഴാഴ്ച.

ബന്ദായത് കൊണ്ട് ഓഫീസിന് അവധിയായിരുന്നു, കഴിഞ്ഞ ദിവസങ്ങളിലെ പ്രശ്നങ്ങൾ കാരണം ഫർഹ വീട്ടിൽ വന്നിരുന്നില്ല, ഹോസ്റ്റലിൽ സുഹൃത്തുക്കളുടെ കൂടെ ആയിരുന്നു രാത്രി കഴിച്ചു കൂട്ടിയത്. ഫർഹയുടെ മാതാപിതാക്കളുടെ നിർബന്ധമാണോ അതോ അതിനേക്കാൾ തന്റെ താല്പര്യമാണോ എന്നറിയില്ല ഫർഹയെ കൊണ്ടുവരാൻ അയാൾ തീരുമാനിച്ചു. ഐ ഐ എം വിമൻസ്ന് ഹോസ്റ്റലിലെ ലാൻഡ് ഫോണിൽ വിളിച്ചു ഫർഹയുടെ സുഹൃത്തിനോട് കാര്യം പറഞ്ഞു, കാറുമായി താനെത്തുമെന്നും ഹോസ്റ്റലിനു മുന്നിൽ നിൽക്കാൻ ഫർഹയോട് പറയണമെന്നും പറഞ്ഞു.

ബന്ദായത് കൊണ്ട് റോഡിൽ വാഹനങ്ങൾ ഒന്നും ഇല്ല … അവിടവിടെയായി ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയാണ് ബന്ദനുകൂലികൾ. മെയിൻ റോഡ് വഴി പോകാതെ പോക്കറ്റ് റോഡുകളിലൂടെ അയാൾ എങ്ങിനെയൊക്കെയോ ഐ ഐ എം ഹോസ്റ്റലിന് മുന്നിലെത്തി.

അയാളെയും പ്രതീക്ഷിച്ചു അക്ഷമയായി ഫർഹ അവിടെ ഉണ്ടായിരുന്നു.

സുഹൃത്തുക്കളോട് യാത്ര പറഞ്ഞു ഫർഹ കാറിൽ കയറിയ ഉടനെ അയാൾ ഫർഹയോട് ഹിജാബ് മാറ്റാൻ പറഞ്ഞു.

ഹിജാബ് മാറ്റിയ ഫർഹ ഒരു മിനിറ്റ് എന്ന് പറഞ്ഞു കാറിൽ നിന്നറങ്ങി സുഹൃത്തിന്റെ അടുത്തേക്ക് ഓടി. അവളുടെ അനുവാദം പോലും വാങ്ങാതെ നെറ്റിയിലെ പോട്ടെടുത്ത് തന്റെ നെറ്റിയിൽ ഒട്ടിച്ചു. സുഹൃത്തിനെ ഒന്ന് കെട്ടിപിടിച്ചു നിറകണ്ണുകളുമായി ഫർഹ വീണ്ടും കാറിനടുത്തേക്ക് നടന്നു.

തിരിച്ചു പോകുമ്പോൾ ഇനിയെന്തൊക്കെ എന്നാശങ്കപ്പെട്ട് അയാളും അസ്വസ്ഥനായിരുന്നു.

പോക്കറ്റ് റോഡുകളിലൂടെ തന്നെ അയാൾ തിരിച്ചും യാത്ര തുടങ്ങി

ഐ ഐ എമ്മിൽ നിന്ന് നവരംഗ്പുരയിൽ എത്തുമ്പോഴേക്കും ഒരു കൂട്ടം ആളുകൾ ജയ് ശ്രീറാം വിളിച്ചു കാർ തടഞ്ഞു.

ബന്ദിന് പുറത്തിറങ്ങിയതിന് അയാളെ തെറി വിളിച്ചു , ഒരു കല്ല് പിറകിലെ ഗ്ലാസിൽ വന്നു പതിച്ചു.

ഒന്നും ചെയ്യാനാകാത്ത അവസ്ഥ …

അയാൾ പുറത്തിറങ്ങി തന്റെ ഐ ഡി കാർഡ് കാണിച്ചു, തന്റെ സഹോദരി ഐ ഐ എം ൽ ആണ് പഠിക്കുന്നത്, ഇന്നലെ അവിടെ ഹോസ്റ്റലിൽ ആയിരുന്നു , കൊണ്ടുവരാൻ പോയതാണ്. ഹിന്ദി കലർന്ന ഗുജറാത്തിൽ അയാൾ പറഞ്ഞു നിർത്തി.

അവളുടെ പേര് എന്താണെന്ന് ഒരാൾ ചോദിച്ചു …

ഒട്ടും സമയം കളയാതെ അയാൾ പറഞ്ഞു അമൃത.

ഐ ഡി കാർഡ് ചോദിച്ചു മറ്റൊരാൾ വന്നു .. തലയിൽ ജയ് ശ്രീറാം എഴുതിയ തുണിയൊക്കെ വരിഞ്ഞു കെട്ടിയിട്ടുണ്ട്, കാഴ്ച്ചയിൽ തന്നെ ഫർഹ ഭയന്നു, മരണം ആണ് മുന്നിൽ എന്ന് തോന്നി വിങ്ങി വിങ്ങി കരയാൻ തുടങ്ങി.

അയാൾ അവരുടെ കാലുപിടിച്ചു പറഞ്ഞു …അയാൾ പണ്ട് വീട്ടിൽ സന്ധ്യാനാമം ജപിച്ചതും വിഷ്ണു സഹസ്രനാമം പഠിച്ചതും അവരുടെ ജീവൻ രക്ഷിച്ചു.

ഹിന്ദുക്കളാണെന്ന് ഉറപ്പിച്ചു യാത്ര തുടരാനുള്ള അനുമതി കിട്ടി ..

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അയാളുടെ കാലുകൾ ആക്സിലറേറ്ററിൽ ആഞ്ഞു പതിച്ചു …

ആനന്ദ് ഹോസ്പിറ്റലിനടുത്തും കുബേർ നഗറിനടുത്തുമൊക്കെ നേരെത്തെ ഉണ്ടായ സംഭവങ്ങൾ ആവർത്തിച്ചു.

ഒടുവിൽ നരോദയിൽ എത്തി, ഫർഹയുടെ ബാപ്പയുടെ സൂപ്പർ മാർക്കറ്റിനടുത്തേക്കുള്ള വളവ് തിരിഞ്ഞതും അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറി.

ഒരു വലിയ ജനക്കൂട്ടം ആയുധങ്ങളുമായി തെരുവിൽ, കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തും തീയിട്ടും താണ്ഡവമാടുന്നു.

ഫർഹയുടെ സൂപ്പർ മാർക്കറ്റ് ഏതാണ്ട് ഒരഗ്നി ഗോളമായിട്ടുണ്ട്…

എന്ത് ചെയ്യണമെന്നറിയാതെ രണ്ടുപേരും നിലവിളിച്ചു .. അപ്പോഴേക്കും ഒരു കൂട്ടം കാറിനു നേരെ പാഞ്ഞടുത്തു …

അയാളും ഫർഹയും ഇറങ്ങി ഓടി ….

അപ്പോഴാണ് നടക്കുന്ന ആ കാഴ്ച കണ്ടത്

ഫർഹയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ശരീരത്തിൽ ഒരാൾ എന്തോ ഒഴിക്കുന്നുണ്ട് ..

ജയ് ശ്രീറാം വിളികളാൽ മുഖരിതമാണ് എങ്ങും …

അയാളുടെയും ഫർഹയുടെയും കാതുകളിൽ അത് കൊലവിളിയായി മുഴങ്ങി.

ഫർഹക്ക് മനസ്സിലായി ..അവർ ഒഴിച്ചത് പെട്രോൾ ആണ്

എന്റെ പ്രിയപ്പെട്ടവരേ ഇപ്പോൾ അവർ കത്തിക്കും …

അങ്ങോട്ടേക്ക് കുതറിയോടാൻ ശ്രമിച്ച ഫർഹയെ അയാൾ രണ്ടു കൈയും കൊണ്ട് പിടിച്ചു വലിച്ചു.

തന്റെ കണ്മുന്നിൽ പ്രിയപ്പെട്ടവരേ അഗ്നി നാളങ്ങൾ വിഴുങ്ങന്നത് കണ്ട് ഫർഹ ബോധരഹിതയായി.

അപ്പോഴേക്കും അയാളുടെ പിറകിൽ നിന്ന് ആരോ അലറി ” അവളെയും വലിച്ചു ആ തീയിലേക്കെറിയൂ .. ആ രാജ്യദ്രോഹി മുസ്ലിമിന്റെ മകളാണ് “

വീണു കിടക്കുന്ന ഫർഹായെ കെട്ടിപിടിച്ചു കിടന്ന അയാളുടെ ശരീരത്തിലേക്ക് തുരുതുരാ ദണ്ഡകൾ പതിച്ചു .

അയാളുടെ വസ്ത്രങ്ങൾ അവർ വലിച്ചു കീറി … ശരീരം നുറുങ്ങുന്നുണ്ട്… നാണം മറക്കാൻ ഒരു തുണിപോലും ഇല്ല ..

അയാൾക്ക് കാഴ്ചകൾ അവ്യക്തമായി …

കണ്ണുകൾ അടയുമ്പോൾ അയാൾ ഭയാനകമായ ആ കാഴ്ച കണ്ടു ..

തന്റെ പ്രിയപ്പെട്ട ഫർഹയുടെ വസ്ത്രങ്ങൾ ഒന്നൊന്നായി ആ കശ്‌മലർ വലിച്ചെറിഞ്ഞു

ബോധമറ്റു കിടക്കുന്ന ഫർഹയുടെ ശരീരീരത്തിൽ ആരൊക്കെയോ കയറിയിറങ്ങി.

ഒടുവിൽ രണ്ടു പേര് ജയ് ശ്രീറാം വിളിച്ചു അവളെയും തീയിലേക്കെറിഞ്ഞു…

ബോധം വരുമ്പോൾ അയാൾ ആ നിരത്തിലെ ഒരു ചെറിയ വീടിനുള്ളിൽ ആണ് …

കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ അയാൾ തിരിച്ചറിഞ്ഞു

നരോദയിലെ പാൻ വിൽപ്പനക്കാരൻ ഗംഗാറാം ..

എത്ര ആഴ്ചകളാണ് അയാൾ ഗംഗാറാമിന്റെ കൂടെ കഴിഞ്ഞത്എന്നൊന്നും അയാൾക്ക് ഓർമ്മയില്ല… .

അയാളുടെ മനസ്സ് മുഴുവൻ തന്റെ പ്രിയപ്പെട്ടവർ എരിഞ്ഞു തീർന്ന ആ കാഴ്ച മാത്രമാണ് …

പതുക്കെ പതുക്കെ അയാൾക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിഞ്ഞു… മാസങ്ങൾ പിന്നിട്ടപ്പോൾ തന്റെ ജീവൻ രക്ഷിച്ച ഗംഗാറാമിനോടുള്ള സ്നേഹം മനസിലൊതുക്കി അയാൾ നരോദയിൽ യാത്ര തിരിച്ചു….

പൈപ്പിലെ വെള്ളം കുടിച്ചും ഹോട്ടലുകളിലെ മിച്ചം വന്നത് കഴിച്ചുമൊക്കെ എവിടെയൊക്കെയോ അലഞ്ഞു.

ഹോട്ടലിലെ ചില്ലു കണ്ണാടിയിൽ തന്റെ പ്രതിരൂപം കണ്ട് അയാൾ ഭയന്നു…

താടിയും മുടിയും ഒക്കെ വല്ലാതെ വളർന്ന് വികൃതമായ രൂപം.

ഭ്രാന്തനെന്നു വിളിച്ചപ്പോൾ അയാളുറക്കെ പറഞ്ഞു

” എനിക്കല്ല .. ഈ സമൂഹത്തിനാണ് ഭ്രാന്ത് “

പിന്നീടിപ്പോഴോ അവിടെ ഉള്ള മലയാളി അസോസിയേഷനിലെ ആരോ ആണ് നാട്ടിലേക്ക് ട്രെയിൻ കയറ്റി അയച്ചത്.

കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഏതോ സന്നദ്ധ സംഘടനയുടെ ആൾക്കാർ അയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

അവിടെ ചങ്ങലക്കിട്ടപ്പോഴും അയാൾ ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു.

” എനിക്കല്ല .. ഈ സമൂഹത്തിനാണ് ഭ്രാന്ത്, എന്നെയല്ല ഈ നശിച്ച സമൂഹത്തിനെയാണ് ചങ്ങലക്കിടേണ്ടത് “

നീണ്ട ഏഴു വർഷങ്ങൾ കഴിഞ്ഞാണ് അയാൾ പിന്നെ പുറം ലോകം കണ്ടത്.

വീട്ടിലെത്തി ദിവസങ്ങൾ കഴിഞ്ഞു ..ആഴ്ചകൾ കഴിഞ്ഞു സഹതാപം വെറുപ്പായി മാറി….

ആരൊക്കെയോ മാറിനിന്നു പറഞ്ഞു

” അയാൾക്ക് ഭ്രാന്തണ് ..”

പിന്നെ അടക്കം പറിച്ചിലുകളായി …

ദൈവത്തിന്റെ നിർവികാരതയേയും ഇരട്ടത്താപ്പുകളെയും മതങ്ങളുടെ പൊള്ളത്തരങ്ങളെയും കുറിച്ചയാൾ ഉറക്കെ ഉറക്കെ പറഞ്ഞപ്പോൾ വീട്ടുകാരും പറഞ്ഞു ” അയാൾക്ക് ഭ്രാന്തണ് .. “

പിന്നെ കാട്ടുതീ പോലെ ആ നാട്ടിൽ മുഴുവൻ പരന്നു .. ” അയാൾക്ക് ഭ്രാന്താണ് …”

ഇപ്പൊ വേലായുധനെ പോലെ താനും, ആരും ഇല്ലാതെ ഒരു മുറിക്കുള്ളിൽ.

ചുറ്റിലും ഉള്ള അടക്കം പറച്ചിലുകൾ കേൾക്കാറുണ്ട്, അതൊന്നും പക്ഷെ വ്യക്തമല്ല.

നിലാവിന്റെ വെളിച്ചത്തിൽ അങ്ങ് ദൂരെ ഫർഹയുടെ പുഞ്ചിരിക്കുന്ന മുഖം അയാൾ കണ്ടു.

ജനൽ കമ്പികളും പിടിച്ചു വിദൂരതയിലേക്ക് കണ്ണും നട്ട് അയാൾ ആലോചിച്ചു

വേലായുധൻ പറഞ്ഞത് പോലെ ഇനി ആരോടൊക്കെ എത്രവട്ടം താനും പറയണം എനിക്ക് ഭ്രാന്തില്ല എന്ന് …

ഉറക്കെ ഉറക്കെ വീണ്ടും അയാൾ വിളിച്ചു പറഞ്ഞു.

” എനിക്കല്ല .. ഈ സമൂഹത്തിനാണ് ഭ്രാന്ത്, ഈ സമൂഹത്തിനെയാണ് ചങ്ങലക്കിടേണ്ടത് “

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here