അയാൾ :
കുട്ടിക്കാലത്ത് നാട്ടിലെ വഴികളിൽ എവിടെയെങ്കിലുംനിന്ന് കേൾക്കുമായിരുന്ന പേടിപ്പിക്കുന്ന ശബ്ദം അയാളുടേതായിരുന്നു. ആരോടെങ്കിലും തല്ല് കൂടുന്ന ശബ്ദം. ലഹരിയുടെ അളവനുസരിച്ച് ബഹളത്തിന്റെ വീര്യവും കൂടും. ഉന്മാദത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തി പിന്നീട് പതിയെ നേർത്തു നേർത്ത് അതങ്ങനെ കേൾക്കാതാവും. നാട്ടുകാർക്കോ വീട്ടുകാർക്കോ ഉപകാരമില്ല. എല്ലാവർക്കും ആവശ്യത്തിന് ഉപദ്രവം ഉണ്ട്താനും. നാട്ടിൽ പ്രതിയെ പിടികിട്ടാത്ത മോഷണക്കേസുകളും ഇരുട്ടിൽ ജനാലയ്ക്കൽ കണ്ട നിഴലും പറമ്പിൽ കേട്ട കാല്പെരുമാറ്റവും അയാളെന്ന് ആളുകൾ സംശയിച്ചു. വഴിയിൽ അയാളെ കണ്ടാൽ കുട്ടികളും മുതിർന്നവരും ഒഴിഞ്ഞ് പോകാൻ ശ്രദ്ധിച്ചു. അങ്ങനെയൊരാൾ മുമ്പിൽ ഇല്ലെന്ന പോലെ. അയാളെ കേട്ടില്ലെന്ന പോലെ.
ലോക്ക്ഡൗൺ കാലത്ത് കുറച്ചു നാൾ ഞാൻ നാട്ടിൽ നിന്നപ്പോഴാണ് ഏറെ വർഷങ്ങൾക്കു ശേഷം വീണ്ടും അയാളെ ശ്രദ്ധിച്ചത്. നരച്ചു തുടങ്ങിയിരിക്കുന്നു. സഹോദരങ്ങൾ മറ്റെങ്ങോട്ടോ താമസം മാറ്റിയിരുന്നു. അച്ഛനും അമ്മയും എന്നോ മരിച്ചു പോയിരുന്നു. അയാളിപ്പോൾ പെയിന്റ് പണിക്ക് പോവുന്നുണ്ടെന്ന് പത്രക്കാരൻ പറഞ്ഞു. “കള്ള് കുടിച്ചില്ലെങ്കിൽ നല്ല സ്വഭാവാ. നന്നായി പണിയുമെടുക്കും.” ആ നല്ല സ്വഭാവം കാണാൻ ഭാഗ്യം കിട്ടിയ നാട്ടുകാർ ആരെങ്കിലും ഉണ്ടോയെന്ന് അറിയില്ല. കാരണം വൈകിട്ട് വീട്ടിലേയ്ക്ക് നടന്നു പോവുന്ന അയാളുടെ കാലുകൾ ഒരിക്കലും നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.
ഒരിക്കൽ സന്ധ്യയ്ക്ക് ഞങ്ങളുടെ വീടിന്റെ ഫോട്ടോ എടുത്തു കൊണ്ട് നിന്നിരുന്ന അച്ഛന്റെ നേർക്ക് അയാൾ ആടിയാടി വരുന്നത് കണ്ട് ഞാൻ മുറ്റത്തേയ്ക്കിറങ്ങി. അയാൾ എന്തിനുള്ള പുറപ്പാടെന്ന് അറിയില്ലല്ലോ. “ഇത്രേം ചെടീന്റെ എടേല് കൂടെ ഫോട്ടോ എടുത്താല് വീടിന്റെ പടം കിട്ടോ മാഷേ?” എന്ന് കുഴഞ്ഞ നാക്ക് കൊണ്ടയാൾ പറഞ്ഞൊപ്പിച്ചു. അയാളുടെ ഷർട്ടിന്റെ പുറകിൽ ഒരു കെട്ട് വാടിയ ചീര ഞാന്ന് കിടന്നിരുന്നു. രാവിലെ എപ്പോഴോ വാങ്ങി തൂക്കിയിട്ടതാവണം. അയാൾ ആടുന്ന താളത്തിൽ ചീരയും ആടുന്നുണ്ട്. ആടിയാടി വാടിവാടി അയാളും ചീരയും.
അങ്ങനെയൊരാൾ നാട്ടിൽ ഇല്ലെന്ന മട്ടിൽ പരിസരത്തുള്ള ജീവിതങ്ങൾ മുന്നോട്ടു പോയി. കണ്ടാലും കാണാതെ. കേട്ടാലും കേൾക്കാതെ.
പക്ഷെ ലോക്ക്‌ഡൗൺ ദിനങ്ങളിലെ കനത്ത നിശ്ശബ്ദത തളം കെട്ടി നിന്നിരുന്ന രാത്രികളിലും “ഞാൻ ഇവിടെയുണ്ടെ”ന്ന് അയാൾ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ലഹരിയുടെ ബലത്തിൽ നടത്തുന്ന ഒച്ചപ്പാട് അടങ്ങുമ്പോൾ നല്ല മലയാളം മെലഡികൾ നേരം വെളുക്കുവോളം ഉച്ചത്തിൽ വെച്ചുകൊണ്ട്. എങ്കിലും ആരും അയാളെപ്പറ്റി പരാതിപ്പെട്ടില്ല. അങ്ങനെയൊരാൾ അവർക്കിടയില്ലല്ലോ.
ആരും കേൾക്കാഞ്ഞിട്ടും കാണാഞ്ഞിട്ടുമാവണം ഇന്നയാൾ വന്നത് മണമായിട്ടാണ്. രണ്ടു മൂന്നു ദിവസമായി ഓരോ വീട്ടുകാരും ചത്ത എലിയെ തേടുന്നു. ചെടികളുടെ ഇടയിൽ, തട്ടിൻപുറത്ത്, പഴയ സാധനങ്ങളുടെ ഇടയിൽ അവർ കാണാത്ത എലിയെ തിരഞ്ഞു കൊണ്ടിരുന്നു. പിന്നീട് മനസ്സിലായി കാറ്റ് വീശുമ്പോഴാണ് ദുർഗന്ധം വരുന്നതെന്ന്. അത് അയാളുടെ വീട്ടിൽ നിന്നായിരുന്നു. കാലൊരിക്കലും നിലത്തുറയ്ക്കാഞ്ഞത് കൊണ്ടാവും കഴുത്തു കഴുക്കോലിൽ ചേർത്തുറപ്പിച്ചിരുന്നത്.
നാല് ദിവസമായിട്ടുണ്ടാവും.