This post is part of the series വായനയും നിരീക്ഷണങ്ങളും
Other posts in this series:
ഒരു മാസത്തിലധികമായി, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചാഞ്ചാട്ടങ്ങളെ പിന്തുടരുന്ന ഈ സ്പ്രെഡ്ഷീറ്റ് ഞാൻ അപ്ഡേറ്റ് ചെയ്യാറില്ലായിരുന്നു; കാരണം പോളുകളിൽ പൊതുവേ ദുർബലനെന്നു തോന്നിച്ചിരുന്ന ഡോണൾഡ് ട്രമ്പ് ജയിക്കാൻ വേണ്ടി ഒന്നും തന്നെ ചെയ്തിരുന്നില്ല: ടി.വിയിൽ പരസ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നില്ല; പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ പ്രചരണത്തിന് വളരെ ചുരുങ്ങിയ സംവിധാനങ്ങൾ; മിക്കവറും എന്നും സ്ഥാനാത്ഥിയുടെ അപഹാസ്യമായ ജല്പനങ്ങൾ.
എന്തായാലും ജയിക്കും എന്ന അഹങ്കാരമാണോ, അതോ, ജന്മലാളുള്ള സ്വഭാവമാണോ എന്നറിയില്ല, കാര്യങ്ങൾ ഗോപ്യമായി ചെയ്യാനുള്ള ഹിലരിയുടെ പ്രവണത അവരുടെ പ്രതിച്ഛായക്ക് വളരെ മങ്ങലേൽപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ജോലിക്കാര്യത്തിന് സ്വന്തമായി ഇ-മെയിൽ സെർവർ (അമേരിക്കൻ സർക്കാറിന്റെ കൈപ്പിടിയിലുള്ള എന്തു സാങ്കേതിക വിദ്യയും അവർക്ക് ഉപയോഗിക്കാമെന്നിരിക്കെ) ഉപയോഗിക്കുക; എന്തിനും വളരെ മിതമായ തോതിൽ ഉത്തരങ്ങൾ കൊടുക്കുക; പത്രക്കാരോട് അധികം ഇടപഴകാതിരിക്കുക തുടങ്ങിയ ഹിലരിയുടെ പ്രവൃത്തികളൊക്കെ മാധ്യമങ്ങൾക്കും വോട്ടർമാർക്കും അവരോട് വലിയ പ്രതിപത്തി ഇല്ലാതാക്കി.
എങ്ങനെ ചോർന്ന് കിട്ടിയതാണെന്ന് അറിയില്ല: ട്രമ്പ് കുറച്ച് നാളുകളായി ഹിലരിയുടെ ആരോഗ്യത്തെപ്പറ്റി സംശയമുന്നയിച്ചു തുടങ്ങിയിട്ട്. അദ്ദേഹം പറയുന്ന കാര്യങ്ങൾക്ക് സത്യവുമായി വലിയ ബന്ധമൊന്നും സാധാരണ ഉണ്ടാവാറില്ലാത്തതുകൊണ്ട് ആരും അത് ഗൗനിച്ചിട്ടില്ലായിരുന്നു – ഹിലരി 9/11-ന്റെ വാർഷികത്തിൽ തളർന്നുവീഴുന്നതു വരെ. അതിന്ന് 2 ദിവസം മുമ്പ് അവർക്ക് ന്യൂമോണിയ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പക്ഷേ, ഹിലരി പുറത്താരെയും അറിയിച്ചിട്ടില്ലായിരുന്നു. പക്ഷേ, ആ വീഴ്ച മത്സരത്തിന്റെ ഗതിയെത്തന്നെ മാറ്റുമോ എന്ന സന്ദേഹമാണ് ഡമോക്രാറ്റുകൾക്കിപ്പോൾ.
ന്യൂമോണിയ ഉണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിൽ, 9/11 വാർഷികത്തിന് ആ സ്ഥിതിയിൽ പങ്കെടുത്തെങ്കിൽ, രാജ്യമൊന്നടങ്കം അവരെ കൈയിലേറ്റിയെനെ. അതിനു പകരമാണ് അവരിപ്പോൾ സ്വന്തം നിഗൂഡനീക്കങ്ങളുടെ തന്നെ ഇരയായി ട്രമ്പിന് ഒരവസരം ഒരുക്കി കൊടുത്തിരിക്കുന്നത്. ഹിലരിയെ വിശ്വസിക്കാൻ പറ്റില്ല എന്ന വിശ്വാസം അമേരിക്കൻ മനസ്സിൽ രൂഢമൂലമായിരിക്കുകയാണ്. ട്രമ്പിനെപ്പോലെ തികച്ചും അസാശ്യമായൊരു എതിരാളി ഉള്ളതുകൊണ്ടാണ് ഹിലരിക്ക് പ്രസിഡന്റാകാനുള്ള സാധ്യത തെളിഞ്ഞുകിട്ടിയതുതന്നെ.
ഹിലരിയുടെ വീഴ്ചക്കുശേഷം, അനുമാനങ്ങളുടെ സ്ഥിതി എങ്ങനെയെന്നു നോക്കാം:
– ന്യൂ യോർക്ക് ടൈംസ് ഏകദേശം 75% സാധ്യതയാണ് ഇപ്പോൾ ഹിലരിക്ക് കൊടുക്കുന്നത്. ഇത് 80-ൽ അധികാമായിരുന്നു ഇതിന്നു മുമ്പ്.
– പല പോളുകളിലും, രാജ്യമൊട്ടാകെ നോക്കുകയാണെങ്കിലും, ട്രമ്പിന് നേരിയ മുന്തൂക്കം ഉണ്ട്. കുറച്ചുനാൾ മുമ്പ് വരെ ഹിലരിയുടെ ലീഡ് 10% ൽ അധികം ആയിരുന്നു.
– നേറ്റ് സിൽ വർ എന്ന പ്രശസ്തനായ തിരഞ്ഞെടുപ്പു നിരീക്ഷകൻ പ്രധാനപ്പെട്ട, സമരാങ്കണങ്ങൾ എന്നറിയപ്പെടുന്ന (ബാക്കിയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ആരാണ് ജയിക്കാൻ പോകുന്നതെന്ന് ഏറെക്കുറെ സുനിശ്ചിതമാണ്), പല സംസ്ഥാനങ്ങളിലും രണ്ടു പേർക്ക്കും തുല്യസാധതയാണ് കൽപ്പിക്കുന്നത്.
ഒരാഴ്ചക്കിടയിൽ ഹിലരിക്ക് പറ്റിയ ഒരു കാലിടറൽ ഉണ്ടാക്കിയ മാറ്റം വളരെയാണ്. ട്രമ്പിന് എന്ത് നുണയും പറയാം, ആരെയും ചീത്ത വിളിക്കാം. മാധ്യമങ്ങളോ വോട്ടർമാരോ അതൊന്നും ഗൗനിക്കുന്നില്ല. ഹിലരി എന്തെങ്കിലും തെറ്റായി ചെയ്താൽ ട്രമ്പിന് വോട്ടു ചെയ്തേക്കാം എന്ന ഒരു മട്ടാണ് അമേരിക്കക്കാരുടെ മനസ്ഥിതി എന്ന് പോളുകളിലൂടെ തെളിഞ്ഞുവരുന്നതെന്ന് തോന്നുന്നു.
എന്റെ കണക്ക് പ്രകാരം ഹിലരി ഇപ്പോഴും ജയിക്കുമെന്നു തന്നെയാണ്. ആകെയുള്ള 538 വോട്ടിൽ 280 എണ്ണം നേടി. (കേവല ഭൂരിപക്ഷത്തിന് 270 വേണം.) പെൻസിൽ വേനിയ പോലുള്ള വലിയൊരു സംസ്ഥാനത്തു കൂടി ട്രമ്പ് മുന്നേറുകയാണെങ്കിൽ ഹിലരിയുടെ കാര്യം കഷ്ടമാകാൻ ഇടയുണ്ട്.
തുടർന്ന് വായിക്കുക :
ക്ലിന്റന്റെ കെണിയിൽപ്പെട്ട ട്രമ്പ്