അച്ഛനാൽ കിട്ടിയതാണെനിക്ക് എന്നോ,
അറിയാതെ എങ്ങോ കളഞ്ഞു പോയി
അന്ധകാരത്തിൽ വെളിച്ചത്തിന് നാളമായ്
എന്നെ ഞാനാക്കി തീർത്തതെന്തോ…
എവിടെ കളഞ്ഞെന്നെനിക്കു ഓർമയില്ല
എന്നോ കളഞ്ഞു പോയ തോർത്തിന്നു
നിദ്രാ വിഹീനനായ് തിരയുന്നു ഞാൻ …
സമ്പൂര്ണമായൊരു ഗ്രഹണത്തിലെന്ന പോൽ
ഇരുട്ടു ബാധിച്ചൊരെൻ ജീവിത സപര്യയിൽ
ഇരുട്ടിൽ ഇല്ലാത്ത കരിമ്പൂച്ചയെ എന്നപോലെ
തിരയുകയാണിന്നു ഞാൻ എന്തിനോ വേണ്ടി
സന്ധ്യ തൻ തുടിപ്പിനെ പ്രഭാത എന്നോർത്ത്
സംഘമായി ചിലക്കുന്ന കുരുവികൾ
വീണ്ടും കുമിഞ്ഞുകൂടുമീ ഇരുട്ടിന്റെ മുമ്പിൽ
നിസ്സംഗമമായി പകച്ചു പോകുന്ന പോലെ
നിറഞ്ഞും പൊലിഞ്ഞും മാറുമീ സമയത്തിന്
ഇന്ദ്രജാലത്തിന് മാസ്മരികം കണ്ടു
പറക്കാൻ മറന്നൊരു കുരുവിയെ പോലെ ഞാൻ..
ഓർക്കുവാൻ ഒട്ടുമില്ലെനിക്കിഷ്ടം
ഇരുള് നിറഞ്ഞോരെൻ ഭൂതകാലം
നഷ്ട ബോധത്തിന്റെ കാർമേഘ മുണ്ടതിൽ
അലറി തെറിക്കും കൊടും കാറ്റുമുണ്ട്
ഇനി തിരയേണ്ടതെവിടെയാണ് ഞാൻ..
ഇനി തിരയേണ്ടതെവിടെയാണ് ഞാൻ..
എന്തിനോ പൂക്കുന്ന കാട്ടുപൂക്കൾക്കിടയിലൂടെ
എങ്ങോ ഒഴുകി നിലച്ച ജലക്കെട്ടുകളിലൂടെ
മഴക്കാല നദി പ്രവാഹത്തിലൂടെ
അടിയൊഴുക്കും ചുഴികളു മടങ്ങാത്ത
അഗാധമാം ആഴങ്ങളിൽ ഞാൻ ഊഴിയിട്ടു
തിരയുന്നുണ്ടവിടെ എന്നിളം തലമുറ
എന്നോ കളഞ്ഞുപോയ തൻ അസ്തിത്വത്തിനായ്
തിരയുന്നുണ്ടവിടെ എന്നിളം തലമുറ
എന്നോ കളഞ്ഞുപോയ തൻ പൈതൃകത്തിനായ്