ഭംഗിയുള്ള
കിളിക്കൂടാണ്
നാലു ഭാഗവും അഴിയുള്ളത്
കാഴ്ചകൾ കാണാൻ തുറസ്സുള്ളത്
മുകളിൽ മറയുള്ളത്
പറന്നിരിക്കാൻ
വെട്ടിയെടുത്ത് മിനുക്കിയ മരക്കൊമ്പ്
കൂടിന്റെ ഒരറ്റത്ത് ചെറുനാരങ്ങ വലിപ്പത്തിൽ ദ്വാരമിട്ടൊരു
മൺകുടം ചെരിച്ചു വെച്ചിട്ടുണ്ട്,
കൊക്കുരുമ്മി ചേർന്നിരിക്കാൻ
ചിറക് കൂട്ടി അടയിരിക്കാൻ
ചിലപ്പോഴൊക്കെ ഒളിച്ചിരിക്കാനും.
ഇഷ്ടത്തിന് തീറ്റ
വൃത്തിയുള്ള വെള്ളം
ഇരുന്നാടാനൊരു വട്ട ഊഞ്ഞാൽ
നീട്ടി ചിലച്ചാൽ വന്നെത്തി നോക്കാൻ ആളുകൾ
എന്നിട്ടുമൊരു നട്ടുച്ചക്ക്
അടഞ്ഞ വാതിൽ ശബ്ദമില്ലാതെ തള്ളി തുറന്ന്
കാറ്റിനൊപ്പം
അവൾ പറന്ന് പൊങ്ങി
വെൺമേഘ മരതലപ്പുകൾ നീട്ടി
ആകാശമവളെ മൃദുവായി വിളിച്ചു
“എന്റെ പൈങ്കിളീ…”