കണ്ടിരുന്നോ
എന്നെ?
തണുപ്പുകാലങ്ങൾ
അപ്പോഴേക്കും
കഴിഞ്ഞുപോയിരുന്നു.
ഇപ്പോൾ
വെയിലാണ്,
കുടമുല്ല പൂക്കളുടെ
അതിരിൽ,
ദഹിച്ച,
നോട്ടമെറിയണ,
രക്തപുഷ്പം പോലെ
വെയിൽ,
കണ്ടില്ലല്ലേ
മരവിച്ച രാത്രികൾ
കഴിഞ്ഞ് ഞാനെത്തുമെന്ന്,
അറിഞ്ഞിരുന്നില്ലല്ലേ…
തണുപ്പുകാലത്ത്,
വെയിൽ കായാനായി
വിരിച്ച എൻ്റെ,
നനഞ്ഞ സാരികൾ,
ഇപ്പോളെവിടെയാണ്,
അതിലെ,
തേനൊറ്റുന്ന
അടിവാരപ്പൂക്കളെ,
ഏതു പോക്കിരിവെയിലാണ്
കരിച്ചു കളഞ്ഞത്?
കുന്നിൻ മുകളിലെ
നൃത്തം പഠിപ്പിക്കുന്ന,
ഈറ്റക്കുടിലിൽ,
ഞാനഴിച്ചിട്ട
ചിലങ്കകൾ
ഇപ്പോഴും മിണ്ടാറുണ്ടൊ?
വെയിലിലെ
കള്ളിച്ചിലങ്കകൾ
കിലുക്കുമണികളെ
ഒരോന്നായി
പൊട്ടിച്ചു കളഞ്ഞുവോ?
എൻ്റെ
വിരൽ കോറിയിട്ട
വീടിൻ്റെ,
ജനൽപ്പടികളിലെ,
നഖപ്പാടുകളിൽ
ഞാനൊരു
കവിത സൂക്ഷിച്ചിട്ടുണ്ട്.
എൻ്റെ മയിൽ പീലിക്കെട്ടുകളെ വിറപ്പിക്കുന്ന
ഈറൻ കാറ്റടിച്ച്,
മുറിയിൽ,
ഒരു വേള കണ്ണടക്കാതെയിരിക്കുമ്പോൾ..
ഒറ്റയാൾ നദിക്കരയിലെ
പെൺചീവീടുകൾ,
പറഞ്ഞുതന്നത്.
ജീവൻ ബാക്കിയായ
മുടിയിഴകളിലെ
പെൺപേനുകൾ
തലയിലിരുന്ന്
മന്ത്രിച്ചത്.
മധുരമായാണ്,
സൂത്രപ്പഴുതിലൂടെ
ഒഴുകിയെത്തുന്ന
കൊതുകുകൾ മൂളുന്നത്.
പിന്നെ,
അരികത്തെ
കുളക്കടവിലെ
പാമ്പിൻ പൊന്തകളിൽ
അമ്മത്തവളകൾ കരയുന്നത്
തണുപ്പടിച്ച്
കട്ടിച്ചോരയാൽ
നാട്ടാര് ചത്തുവീഴുമ്പേൾ
ഇലമറവിൽ
കുഞ്ഞുങ്ങൾക്കു മേൽ
വിഷപ്പല്ല് തിളങ്ങണ,
ഇരുട്ട് ഗുഹകൾ വിരിയുമ്പോൾ,
കൊതുകുകൾ മൂളുന്നത്
സംഗീതമാകും
അമ്മത്തവളകൾ
കരയുന്നത്
ധ്വനിയാകും.
ഇനിയെങ്കിലും
എന്നെ കണ്ടിരുന്നെന്ന്,
പറയൂ..
എൻ്റെ ശബ്ദം
കേട്ടെന്ന് പറയൂ..
തണുപ്പു കാലം കഴിഞ്ഞാൽ
അടച്ചിട്ട എൻ്റെ മുറി,
തള്ളിത്തുറന്ന്,
ജനാലകളിലൂടെ,
വീണു കിടക്കുന്ന,
എൻ്റെ ആയിരമായിരം,
മുടിയിഴകളെ തുറന്നുവിടൂ..
അവ പോക്കുവെയിലിൽ,
പാറികളിക്കട്ടെ,
തണുപ്പിൽ വിരിഞ്ഞ
കണ്ണുനീർ
മലഞ്ചെരുവുകളെ,
എൻ്റെ മുടിയിഴകൾ
എന്നന്നേക്കുമായി
മറക്കട്ടെ.