മുഖം വീർപ്പിച്ചു നിന്നിട്ട്
ഓർക്കാപ്പുറത്ത്
ഓടി വന്ന് കലമ്പൽ കൂട്ടി
കരഞ്ഞും കരയിപ്പിച്ചും മടങ്ങുന്ന
പെരുമഴ പോലെ
പൊരുത്തക്കേടുകളുടെ
ഭാണ്ഡക്കെട്ടഴിച്ചിടുന്നവൾ
കദനക്കരിമേഘപ്പാച്ചിലിൽ
മിന്നിത്തെറിച്ച പരിഭവച്ചാറ്റലിൽ
നനഞ്ഞ തർക്കുത്തരങ്ങളെ
ചീറ്റിപ്പിഴിഞ്ഞിട്ടവൾ
ചേർച്ചകളിലെ ചെറിയ വിടവ്
വലിയ ചോർച്ചയാക്കി
കോരിച്ചൊരിയുമിടവപ്പാതിയിൽ
വിഫലമോഹങ്ങളിടനെഞ്ചിലിട-
യ്ക്കിടിത്തീയായ് പെയ്തവൾ
കലികൊണ്ട കാലവർഷം പോലെ
പരാതിപ്പറമ്പിൽ നിവർത്തിയിട്ട
ഉണങ്ങാമുറിവിന്നെരിയിൽ
വിയർത്തു കയർത്തവൾ
പ്രതിഷേധത്തിരകളലറും പരിഹാസ-
ത്തിന്നിടിമുഴങ്ങും തുലാമഴ പോലെ
പാഴ്‌ചിന്തച്ചാകരയിൽ തോരാതവൾ
ഉഷ്ണവേഗങ്ങളുടെ ഉശിരിലും
മഴവിൽ പ്രതീക്ഷകളുടെ
മിന്നൽതരി വെട്ടത്തിൽ
വേനൽമഴ പോലെ…