ഞാൻ നിങ്ങളെ സ്നേഹിക്കാൻ ശ്രമിക്കുന്നു,
സ്വയം തീർത്തൊരു തടവറയിൽ ഇന്നെനിക്ക് ശ്വാസം മുട്ടുന്നു, പുറത്തേക്കുള്ളൊരു വഴി ഞാൻ തിരയുന്നു… നിങ്ങളിലേക്കുള്ള മിഴി ഇന്നുണരുന്നു
വഴി തെറ്റി വന്നയാ കാലൊച്ച
ഹൃദയമിടിപ്പിന് സംഗതിയാവുന്നു, തൂലികകൊണ്ടൊരു ചിത്രം വരക്കാനിന്നു ഞാൻ പാടു പെടുന്നു…
ഭാവനയിൽ തെളിയാത്ത ഒരിക്കലും കാണാത്ത നിങ്ങളുടെ പുഞ്ചിരി ഇന്നെനിക്ക് ദുഃഖം പകരുന്നു…
ക്ഷണികമായെന്നുടെ ചിരിയും കരച്ചിലും മൗനത്തിൽ മരിക്കുന്നു…
ഊർന്നിറങ്ങിയ കണ്ണീർ തുള്ളികൾ എന്നെ കണക്കറ്റ് പരിഹസിക്കുന്നു…
(വിരഹ വ്യഥ എനിക്ക് ചിതയൊരുക്കം നടത്തുമോ – ആത്മഗതം )
തുടക്കമോ ഒടുക്കമോ കാണാത്ത കഥകളിലെല്ലാം ഞാൻ നിങ്ങളെ നോക്കുന്നു,
നിങ്ങളിൽ പിന്നെ ഞാനെന്നെയും തേടുന്നു…
നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള വഴി ഞാൻ തിരയുന്നു, പതിവുകളില്ലാതെ എനിക്കായി മാറുന്ന നിങ്ങളുടെ വിളി ഞാൻ കേൾക്കുന്നു..
(ശൂന്യത, വീണ്ടുമൊരു ശൂന്യത മുഖപടമിട്ടു വന്നതെങ്കിലോ- ഭയാത്മഗതം )
ഉണ്മയിൽ വിരിഞ്ഞെന്റെ മന്ദഹാസം നിങ്ങളുടെ പുഞ്ചിരിയോട് പരിഭവമോതുന്നു,
എന്നിലെ എന്നെത്തന്നെ നിങ്ങൾക്കെപ്പോഴൊക്കെയോ അരോചകമായി തോന്നുന്നു…
എന്നിരിക്കിലും , നിങ്ങളുടെ വാക്കുകളെ അനുവാദമില്ലാതെ എന്റെ ഹൃദയത്തിലേക്കെടുക്കുന്നു,
ഞാനിന്ന് നിങ്ങളെ സ്നേഹിച്ചു തുടങ്ങുന്നു…