പ്രതികാലമേറിവന്ന പനിക്കൊപ്പം
വിറയലും കൂട്ടിനിരുന്നപ്പോൾ
വെറുതെയെങ്കിലും അവളെ മരണഭയം
തഴുകിത്തലോടിയിരിക്കണം
തീയിൽകുരുത്തതെന്നാലും കണ്ണീർ പൊഴിച്ച-
തത്രമേൽ സകടമായേൽക്കലുകളെക്കുറിച്ചോർത്താകണം.
ഉറവ വറ്റാതെയവ ഓസോൺപാളികളരിച്ചെത്തിയത്,
വിജയസംഗികളായ ഹതബോധക്കൂട്ടങ്ങൾക്കു-
മേലായിരുന്നു.
ഇരച്ചു കയറിയയിരുട്ടിൽ ദിശ മറന്നവരാകെ-
പ്പകപ്പിലായി.
*റേച്ചലേ, നീ പറഞ്ഞയിടത്താണവർ.
ഇരുളിനെ ഭയന്ന് തിരികെയോടിയ ചിലർ
അവർ വെളിച്ചം തിരഞ്ഞു,
അവളുടെ വലിമയറിഞ്ഞു,
അവളവർക്ക് പരാനന്ദം കനിഞ്ഞു.
കണ്ണിലിരമ്പിയ കറുപ്പലങ്കാരമാക്കിയവർ.
അവർക്കുമേലുറഞ്ഞു തുള്ളുന്ന കോമരമായവൾ.
മണ്ണടിഞ്ഞവരുടെ കരാളികയ്ക്ക് മുകളിലാരോ
ചെറിയൊരു തൈ നട്ടു.
കാലങ്ങൾക്കപ്പുറം അവിടെയൊരു കാട് ജനിക്കും,
അവളിൽ വീണ്ടും സ്വർഗ്ഗം പൂക്കും.
*റേച്ചൽ കാർസൺ