288 ദിവസം നീണ്ടു നിന്ന നിരാഹാരത്തിനൊടുവിൽ ജീവത്യാഗം ചെയ്ത തുർക്കിഷ് തെരുവ് നാടോടി ഗായിക ഹെലിൻ ബോലെക്കിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് …
നീറും നെരിപ്പോടടങ്ങുകില്ല
ഇന്ന് എരിയുന്ന കനലുകളടങ്ങുകില്ല
ഇരുമ്പഴിക്കൂടിനും മരണത്തിനും
കീഴടങ്ങാത്തൊരീസർഗ്ഗരാഗമായി
നിലക്കാത്ത ഗീതമായെന്നുമെന്നും
അണയാത്തൊരീദീപ നാളമായി
മനുഷ്യത്വമുറയുന്ന ഭൂതലത്തിൽ
നാവുകൾ പിഴുതിട്ട മൺപരപ്പിൽ
ചങ്ങല കിലുങ്ങുന്ന കൽതുറുങ്കിൽ
ഭ്രഷട് കല്പ്പിക്കുന്ന കൂരിരുട്ടിൽ
പാരതന്ത്രത്തിൻ്റെ ആമയത്തിൽ
മ്യതിയിലും അടയാത്ത കണ്ണുമായി
ജ്വലിക്കുന്നു പന്തമായ് നിൻ്റെ ഗാനം
വിപ്ലവം കൊണ്ടു നീ പോരടിച്ചു
പടപ്പാട്ടു പാടി നീ പടനയച്ചു
കത്തിപടർന്ന തീനാളമായിയെന്നും
നോവുമാറാത്തൊരു പൊള്ളലായി
അടങ്ങാത്ത കനലുകൾ പേറുന്ന തെരുവുകൾ
ഏറ്റുപാടും നിൻ്റെ ഈരടികൾ
പ്രതിധ്വനിക്കുന്ന നിൻ ശബ്ദമായി
ഇനിയുമേറ്റുപാടും യുദ്ധ-കാഹളങ്ങൾ
ജീവൻ ത്യജിച്ചു തെളിച്ച തിരിനാളങ്ങൾ
എന്നും ജ്വലിക്കും കെടാവിളക്കായ്
ഭ്രഷട് കല്പ്പിച്ച നിൻ ഗാനങ്ങളൊക്കെയും
ആഗ്നിയായ് വീണ്ടും പ്രതിധ്വനിക്കും
വിപ്ലവം എരിയുന്ന മണ്ണിലും മനസിലും
അഗ്നിയായ് എന്നും പ്രതിധ്വനിക്കും..
(കെ ബേരിച്ച് – തുർക്കി ഭാഷയിൽ യാത്രാമൊഴി എന്ന് അർത്ഥം)