ദുരന്തമുഖത്തും
പ്രളയത്തിലും
ഭൂകമ്പത്തിലും
കുലുങ്ങാതെ
നിർവികാരനായി
കൈകളിൽ കയ്യുറയിട്ട്
ദൂരേക്ക് നോക്കിയിരുന്ന
ഒരു ഹെലികോപ്റ്ററുണ്ടായിരുന്നു.
തകർച്ചയിൽ നിന്ന്
നിലം തൊടാതെ പൊങ്ങിപ്പറന്ന്
കൂട്ടിരുന്ന പത്ത് പേരെയും
പൊക്കിപ്പറന്നിരുന്നു.
ഉലകം ചുറ്റി
കിരീടങ്ങൾ കൊണ്ട്
അലമാര നിറച്ചപ്പോഴും
താഴേക്ക് മാത്രം നോക്കിപ്പറന്നവൻ.
വില്ലോ മരത്തിൽ കൊത്തിയ
ദൈവവും
ലോകത്തിന്റെ നെറുകയിൽ
കയറി നിന്നത്
ഹെലികോപ്ടറിലായിരുന്നു.
ലോകം കീഴടക്കിയപ്പോഴും
ചെറുമന്ദഹാസത്തോടെ
മൂന്ന് കുറ്റികളുടെ മറവിൽ
പതുങ്ങി നിന്ന്
പറന്ന് പോകുന്ന
തീയുണ്ടകൾ റാഞ്ചിയെടുത്തിരുന്നു.