മഹാമാരി

മഴപെയ്തു പേമാരിപെയ്തിറങ്ങി

പെരുമേഘസ്ഫോടനമെന്ന പോലെ

മുന്നമൊരിക്കലും പെയ്യാത്തതുപോലെ

രാത്രിയെക്കൊടുംകാളരാത്രിയാക്കി

 

വഴികള്‍ മുങ്ങി വന്‍പുഴകളായി

വിറക്കും സൗധഹര്‍മ്മ്യങ്ങളനാഥരായി

അസ്ഥിവാരങ്ങള്‍ക്കടിയിലൂടെ

ജലപ്രളയത്തിന്‍ നാവുകളാര്‍ത്തിറങ്ങി

 

വറ്റിവരണ്ടോരു സ്രോതസ്സുകള്‍

വീണ്ടും മുടിയഴിച്ചാര്‍ത്തുപാഞ്ഞു

പാഞ്ഞൂ കലികൊണ്ടുഭ്രാന്തരായി

ചണ്ഢമാം സംഹാരനൃത്തമാടി

 

പുഴകള്‍ കലങ്ങിയിരമ്പി, കര-

കവിഞ്ഞൊഴുകി, കയ്യേറിയ

ഭൂവിഭാങ്ങളെ വീണ്ടെടുത്തു

മണല്‍ മോഷ്ടിച്ച് വിറ്റ

മനുഷ്യാർത്തി തീര്‍ത്തുള്ള

ദുര്‍ഗ്ഗങ്ങളാകെ നിലംപതിച്ചു

 

ഭയന്നു ഭരിക്കുന്നോര്‍

കപടധൈര്യം കാട്ടി,

ഒത്തൊരുമിച്ചിതിനെ ചെറുക്കണം നാം

എന്ന പഴയതാം വിപ്ലവപ്പാട്ട് പാടി

 

അറിവില്ലാത്തോരു ജനതയതുകേട്ട്

നിറമുള്ള ശീലക്കുടകള്‍ ചുടി

പുറത്തോട്ടു ചാടി പരക്കം പാഞ്ഞു

കൈകളില്‍ സ്മാര്‍ട്ട് സെല്‍ഫോണുമായി

അലറുമണതന്‍ കവാടങ്ങളെ

ഏന്തിയിരമ്പും തടിനികളെ

പിന്നില്‍നിര്‍ത്തി ചിരിച്ചാര്‍ത്ത്

ഉല്ലാസയാത്രക്ക് പോയപോലെ

സെല്‍ഫിയെടുത്തുന്മത്തനൃത്തമാടി

 

കൂട് നഷ്ടപ്പെട്ട മനുഷ്യക്കുരുവികള്‍

ഭീതിയിലായിരം കേണുനിന്നു

കരള്‍പൊട്ടി ആകാശം നോക്കി വിലപിക്കും

അവരുടെ ദീനസ്വരങ്ങളിന്നാര് കേള്‍ക്കാന്‍?

 

ഭോഷ്കന്‍മാരുടെ മഹാസമുദ്രം

വീടെരിയുമ്പോള്‍ വീണതേടും

ഒരുപറ്റം, അവര്‍ക്ക് കൂട്ടിനുണ്ടേ

ദൂരദര്‍ശന ജ്ഞാനികള്‍, പിന്നെക്കുറേ

വാചാലരാം പത്രലേഖകരും

 

നീന്തലറിയാത്തുറുമ്പുകള്‍, അവരെ-

ന്തറിയുന്നിതസ്സ്വസ്തയാം പ്രകൃതി

മാതാവിന്നുള്ളില്‍ നൊന്തുപൊങ്ങും

പെരും തിരമാലകളുടെ വിഹ്വലങ്ങള്‍,

ഒരുരാത്രികൊണ്ടീക്കുമിയും ചപലമനുഷ്യ-

ക്കൃമികളെയൊക്കെയൊഴുക്കി-

ക്കടലിന്നു തിന്നാന്‍ കൊടുക്കാന്‍

ശപിക്കും മടുത്ത മാതൃത്വമാം ദുരന്തത്തിന്‍

അത്യുച്ചമാം വൃഥാവിലാപങ്ങള്‍?

 

ആനകള്‍ സ്വച്ഛം വിഹരിക്കും

കാനനങ്ങള്‍ കയ്യേറി, അവിടെ

വിനോദസഞ്ചാരികള്‍ക്കായ്

സുഖഹര്‍മ്മ്യങ്ങള്‍ ഒരുപാടുയര്‍ത്തി,

തടിനീതടങ്ങള്‍ കൈക്കലാക്കി

അവിടൊഴുകും തീര്‍ത്ഥപുണ്യങ്ങളില്‍

അഴുക്കും രാസവിഷവും കലര്‍ത്തി

മലീമസ പങ്കിലമാക്കി,

തോടുകളോടും വഴിമുടക്കി,

കുളതടാകങ്ങളെ തൂര്‍ത്തുനീക്കി,

രാവണസമം ദേവബ്രമ്ഹസ്വങ്ങള്‍

രായ്ക്കുരാമാനം കയ്യടക്കി –

അവരോടെങ്ങിനെ ജനനി പൊറുക്കും?

 

അടങ്ങൂ മഹാമാരി, നീ ക്ഷമിക്കൂ,

ഒരിക്കല്‍കൂടി നീ കൊടുക്കൂ,

നിന്‍ വിവരമില്ലാത്തമക്കള്‍ക്ക്

ഒരവസരം നിന്നെയറിയാന്‍,

ബഹുമാനിക്കാന്‍, സ്നേഹിച്ചുവാഴാന്‍,

നീ ചൊരിയുന്ന മാതൃത്വമധുവിന്‍

ഹരിതമാം മധുരങ്ങള്‍ മങ്ങാതെ

കല്‍പാന്തകാലം വരെ നിലനിര്‍ത്താന്‍.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English