നീറുന്ന വേദനകൾക്കിടയിൽ,
നെഞ്ചുരുകി ചിരിച്ചവൻ…
രക്‌തബദ്ധങ്ങൾക്കായ് വിയർപ്പിനെ,
രണമാക്കി മാറ്റിയവൻ …
ആദ്യദിനങ്ങൾ നീണ്ട പട്ടിണിയായ്,
അടുക്കളകളവരുടെ കിടപ്പറകളായ്…
രാപ്പകലില്ലാതവൻ വിയർത്തു,
രാത്രികൾ നീണ്ട സ്വപ്നങ്ങളായ്…
കുബ്ബൂസ് കഴിച്ചവർ വിശപ്പടക്കി,
കുന്നുകൂടിയ കടമകൾക്കായ്…
കൂട്ടിവെച്ചവൻ പൊന്നൊരുക്കി,
കൂടപ്പിറപ്പിന്റെ കാതുകൾക്കായ്..
ചുട്ടുപൊള്ളും മണലാരണ്യത്തിൽ,
ചുവ൬ സൂര്യനായ് നോക്കിനിന്നവൻ..
ആയുസ്സിൻ പകുതിയിലധികം,
ആരാന്റെ മണ്ണിൽ കഴിച്ചുക്കൂട്ടിയവൻ..
പ്രായംമറന്നവൻ പണിയെടുത്തു,
പ്രായപൂർത്തിയായ പൊൻമകൾക്കായ്.
രോഗം മറന്നവൻ പണിയെടുത്തു,
രോമങ്ങളോരോന്നായ് നരപിടിച്ചു.
കടമകൾ എല്ലാം പൂർത്തിയാക്കി,
കടങ്ങൾ മാത്രം ബാക്കിയായി.
ജീവിതാഭിലാഷങ്ങളുമായവൻ,
ജഡമായ് ഒരു മരപ്പെട്ടിയിലൊതുങ്ങി.