കവിതയുടെ ഹസ്തതാഡനങ്ങള്‍

 

 

 

 

 

കലയുടെ അതേതു തരവുമാകട്ടെ; ആത്യന്തിക ലക്ഷ്യം സര്‍വ്വപാരതന്ത്ര്യങ്ങളേയും ഉല്ലംഘനം ചെയ്ത് നിസീമമായ സ്വാതന്ത്ര്യത്തിന്റെ ലോകം സൃഷ്ടിക്കുക എന്നതാകുന്നു. സാഹിത്യ കലയുടെ പ്രാക്തനാണുരൂപി ആയ കവിതയുടെയും പ്രാണന്‍ മേല്ചൊന്ന പരിധികളില്ലാത്ത സ്വാതന്ത്ര്യവാഞ്ഛ തന്നെ! ” തോന്ന്യേച്ഛേന ചരിക്കലെന്യേ മറ്റൊന്നില്ല കലാദൗത്യം ‘ എന്നതത്രെ അത്യന്തസാരം.

എന്നാല്‍ കാവ്യ കലയുള്‍പ്പെടെ എല്ലാ കലകളുടേയും സ്രഷ്ടാക്കള്‍ പ്രാരംഭകാലം മുതല്‍ രാജസേവകവൃത്തിയില്‍ മുഴുകിയവരായിരുന്നു എന്നതിനാല്‍ അന്നദാതാക്കളായ ആസ്വാദകശ്രേഷ്ഠന്റെ ( രാജാവിന്റെ) പ്രശംസാ തൃപ്തി ആയിരുന്നു ഓരോ കലാകൃതിക്കും മാര്‍ക്കിട്ടിരുന്നത് . കവി പ്രജാപതി എന്നയിടത്തിടത്തു നിന്നും നിഷ്ക്രിയ യാചകാധമന്‍ എന്നയിടത്തേക്കു അധപതിക്കപ്പെട്ടു. കൂട്ടിലിട്ട ഖഗമോ; തുടല്‍ വീണ മൃഗമോ ആയി പരിണമിക്കപ്പെടുകയും ചെയ്തു.

നമ്മുടെ ചൊല്‍ക്കൊണ്ട കാലാവര്‍ത്തി കാവ്യങ്ങളെല്ലാം തന്നെ വ്യാകരണ നിബദ്ധമായി തീര്‍ന്നത് ഈ സ്വതന്ത്ര ശൂന്യപതിതാവസ്ഥയില്‍ കാവ്യകര്‍ത്താക്കള്‍ ജീവിച്ചു പോന്നു എന്നതിലാണ്. ഇതിഹാസ കര്‍ത്താക്കള്‍ മുതല്‍ നമ്മുടെ നവീനോത്തരകവികള്‍ വരെ അറിഞ്ഞും , അറിയാതെയും ഈ നിവേദയാചകപരിഷപടയിലെ കേവല സൈനികരായി കലാകാവ്യ ജീവിതമുന്തുന്നു എന്നതാണ് ആങ്ങയറ്റം പരിതാപകരമായ അവസ്ഥ !

പതിഭ യാചനാപാത്രമായി മാറുന്നു . വരേണ്യ പ്രഭുക്കള്‍ യാചനാ പാത്രത്തിലേക്ക് പുച്ഛത്തോടെ എറിഞ്ഞു കൊടുക്കുന്ന പരിഗണനാ നാണയങ്ങള്‍ കാവ്യകലാകൃത്തുക്കളുടേ മേല്‍ സ്വാധീനത ചെലുത്തുന്ന ദുരവസ്ഥ വന്നു ചേരുന്നു . ഭാഷയുടെ ചെരിപ്പിനനുസരിച്ച് പ്രമേയ വസ്തു ആയ ജീവിതത്തിന്റെ പാദം മുറിച്ച് കലാനിവൃതിയടയുന്ന ഗതിവിപര്യയത്തിലേക്ക് കാവ്യ നിര്‍മ്മാതാക്കള്‍ കൂപ്പു കുത്തുന്നു . പഥ്യഭാഷ സവര്ണ്ണരുടേത് അഥവാ വിയര്‍പ്പ് ഒഴുക്കാതെ ജീവിതം പുഷ്ടിപ്പെടുത്തുന്നവരുടേതാകയാല്‍ കാവ്യഭാഷയും അതായി മാറുന്നു . ഭാഷയിന്മേല് ചിന്തേരു തള്ളുന്ന കേവല പണിക്കാരായി കവികള്‍ മാറുന്നു. ആദികാലത്ത് കവിതയില്‍ വൃത്താലങ്കാര വ്യാകരണങ്ങള്‍ അപ്രമാദിത്വം കൈവന്നത് ഈയൊരു ദുര്ദാരുണാവസ്ഥ നിമിത്തമാണ്.

വരേണ്യമൗലികം അബോധത്തില്‍ പോലും കാവ്യകലാത്വരയെ വിഴുങ്ങുകയും ഉപരിപ്ലവാസ്വാദ്യതയ്ക്കുതകുന്ന കേവല ഡിസൈനിങ്ങ് മാത്രമായി കാവ്യസൃഷ്ടികള്‍ ദുര്‍പരിണമിക്കുകയും ചെയ്തു. വരട്ട് തത്വവാദങ്ങളുടെ കടും നിയമക്കൂട്ടില്‍ സ്വാസം മുട്ടി പിടക്കുന്ന സുന്ദരപജ്ഞരമായ് കാവ്യകലയും പരീക്ഷീണമായി . നവകാലത്ത് സങ്കുചിത കലാവാദങ്ങളുടെ കൂട്ടില്‍ നിന്ന് കുറെ കൂടി അഴി വിസ്താരമുള്ള ഉദാരക്ഷുദ്രവാദക്കൂട്ടിലേക്ക് ഈ സ്വര്ഗ്ഗപക്ഷി മാറ്റി ബന്ധിക്കപ്പെടുന്നു എന്നേയുള്ളു

ഈ അടിമത്തക്കൂട്ടില്‍ കിടന്ന് തല്ക്കാലജീവനസൗഖ്യമേകുന്ന പാലും, പഴവുമാകുന്ന പ്രോത്സാഹനം യാതൊരു അനിഷ്ടവും കൂടാതെ പ്രോത്സാഹനം യാതൊരു അനിഷ്ടവും കൂടാതെ ഭുജിക്കുന്നതിനാല്‍ നമ്മുടെ സര്‍ഗ്ഗസ്രഷ്ടാക്കള്‍ക്കു ലോകസാഹിത്യ നഭോവിശാലതയിലേക്ക് കണ്ണെത്തിക്കാന്‍ പോലും സാധിക്കുന്നില്ല .

ഷേക്സ്പിയറും കാളീദാസനും ഒരേ കാവ്യപ്രതിഭാ മാനസങ്ങളാണെന്നിരിക്കിലും ഷേക്സ്പിയറിനു ബഹുകാതം പിറകില്‍ നില്ക്കാനേ കാളിദാസനു യോഗ്യതയും , യോഗവും ഉണ്ടാകുന്നുള്ളു. കാരണം കാളീദാസന്റേത് രാജസേവിതകലയും/ ഷേക്സ്പിയറിന്റേത് ഏറെക്കുറെ സ്വതന്ത്ര സ്വച്ഛന്ദാധിഷ്ഠിത കലയുമാണെന്നത് തന്നെ! കാളിദാസനും (രാജ) കാലത്തിന്റെ ദാസനാണെന്നും , മൗലികത ഒട്ടും തീണ്ടാത്ത കാവ്യകൃതികളുടെ കര്‍ത്താവാണെന്നുള്ള വാദം സുവിദിതവുമാണല്ലോ!

ഇനി മലയാള കാവ്യലോകത്തേക്കു വരാം. സ്വകാര്യ ഭക്തികാവ്യകര്ത്താവായ എഴുത്തച്ഛനാകട്ടെ അന്നദാതാവായ രാജാവിനേപ്പോലും ആക്ഷേപിക്കാന്‍ മടിയും, പേടിയുമറ്റ , എഴുത്തോ കഴുത്തോ എന്ന ചോദ്യസന്ദേഹത്തിന് നിസ്സംശയം എഴുത്തു തന്നെ എന്നു ജീവിതാന്ത്യത്തോളം തുറന്ന പ്രഖ്യാപനം നടത്തിയ കുഞ്ചന്‍ നമ്പ്യാരാകട്ടെ ഇരുവരേയും സമരാക്കുന്ന പ്രധാന വസ്തുത മൗലിക ശൂന്യങ്ങളായ കാവ്യങ്ങളുടെ കര്‍ത്താക്കളാണ് ഇരുവരും എന്നുള്ളതാണ്. ഈ ആധര്‍ണ്യത്തിനു നിദാനമാകട്ടെ ഇരുവരുടെയും അന്നദാതാക്കളായ രാജസ പ്രമാണിമാര്ക്കു സ്വതന്ത്ര വിഷയകങ്ങളായ കാവ്യങ്ങള്‍ പഥ്യമല്ല എന്നുള്ളതുമാകുന്നു . ഇവിടെ തര്ജ്ജമാവസ്ഥയിലേക്കു ( പദാനുപദ തര്‍ജ്ജമ അല്ല ഇവിടെ വ്യംഗ്യം !) എഴുത്തച്ഛനെപോല്‍ താഴുന്നില്ലായെങ്കിലും – വാത്മീകിയുടെ മര്ത്യരാമനെ ദൈവമാക്കി എന്നൊരു ക്ഷന്തവ്യമല്ലാത്ത അപരാധവും എഴുത്തച്ഛനിലുണ്ട് . രാജതൃപ്തിയെ കൂടി ലക്ഷ്യമാക്കുന്ന ഹാസ്യം പടച്ചു വിടേണ്ട വിപര്യയാവസ്ഥയ്ക്കു നമ്പ്യാര്ക്കും വഴിപ്പെടേണ്ടി വന്നു. രാജതൃപ്തിക്കു വേണ്ടി സ്വകാവ്യഭാവനയെ ‘ ഹാസ്യപേ’ പിടിച്ച ശ്വാനനാക്കി വിഹരിപ്പിക്കേണ്ടി വന്നു എന്നതാണ് കുഞ്ചന്‍ നമ്പ്യാരെ പോലൊരു കാവ്യമനീഷിക്ക് വന്നു കൂടിയ ദുര്യോഗം. എഴുത്തച്ഛന്‍ തന്റെ ഭക്തി കാവ്യങ്ങളില്‍ ( എഴുത്തച്ഛന്റെ എല്ലാ കൃതികളും ഭക്ത്യാന്ധ്യം പിടിക്കപ്പെട്ടവയാണ് എന്നുള്ളതാണ് മറ്റൊരു വസ്തുത) വരേണ്യവാക്കുകള്‍ സമൃദ്ധമായി വിഴുങ്ങി ശ്വാസം മുട്ടി പിടയ്കുമ്പോള്‍ രസദോഷം ( ഹാസ്യാധിക്യം) അസാരമുണ്ടെന്നിരിക്കിലും കുറയൊക്കെ സ്വകാവ്യ ഭാവനയെ സാമാന്യ വാങ്മയത്തിന്റെ സ്വച്ഛന്ദ വായുവിലേക്ക് സംക്രമിപ്പിക്കുവാന്‍ കുഞ്ചന്‍നമ്പ്യാര്‍ക്കാകുന്നു എന്നതാണ് ആശ്വാസജനകമായ കാര്യം, ( മഹാഭാരതത്തിലെ തന്റേടിയായ ശകുന്തളയെ വെറും ‘ പൊട്ടി മുനി കന്യക ‘ കയായി പ്രതിഷ്ഠിച്ച; അധികാര ദര്‍പ്പസ്വരൂപമായ ദുഷ്യന്തനു മുന്‍പില്‍ അഗ്നിസാക്ഷിണിയായി കിടന്നു കൊടുക്കുന്നതില്‍ മാത്രം വീറുറ്റ – സ്ത്രീകള്‍ക്ക് സഹജമായ സാമര്‍ത്ഥ്യവുമാണല്ലോ ഈ അടിമക്കിടക്കയിലെ ‘ ചവിട്ടേറ്റു’ കിടക്കാനുള്ള വ്യഗ്രത – ശകുന്തളാ പുനര്സൃഷ്ടിയിലെ കാളിദാസാധമര്‍ണ്യം എഴുത്തച്ഛനും തുടരുന്നു എന്നേയുള്ളു മഹാകവിപ്പട്ടം നേടാന്‍ ഇതൊക്കെ തുടരണമല്ലോ !)

ഈ രാജസാടിമത്തം ഒന്നു കൊണ്ടു മാത്രമാണ് തദ്സ്വഭാവ കാവ്യകലയുന്തി എന്നതിലാണ് ഷേക്സ്പിയര്‍ മുതല്‍ക്കുള്ള വിശ്വമഹാകവികള്‍ വിഹരിച്ച ആ കാവ്യ സദസിലേക്കു നമ്മുടെ മഹാകവികള്‍ക്കു കടന്നു ചെല്ലാനൊക്കാത്തത് . ഇതിനു നവീനകാലത്തും പിന്‍തുടര്‍ച്ചയേറുന്നു .

കുഞ്ചന്‍നമ്പ്യാരുടെ പേ പിടിച്ച ഹാസ്യം വി. കെ. എന്‍ കൃതികളില്‍ ആവര്ത്തിക്കുന്നത് നാം കാണുന്നു. കുഞ്ചന്‍നമ്പ്യാരുടെ സത്ഗുണമായ സമൂഹ പരിഷ്ക്കരണ വാഞ്ഛ ആരോഗ്യകരമായ അര്ത്ഥത്തിലും , ഭാഷയിലും ഇ. വി. കൃഷ്ണപിള്ളയിലും ഒട്ടൊക്കെ കലാശൂന്യമായി സജ്ഞയനിലും തുടരപ്പെടുന്നു . അധികാരികളുടെ മുമ്പില്‍ കേവല നിവേദനപത്രമായി തദ്കാവ്യഭാവന ചെമ്മനം കൃതികളില്‍ പ്രസരിക്കുന്നു . ചുരുക്കിപ്പറഞ്ഞാല്‍ ഹാസകാവ്യങ്ങളിലെല്ലാം കുഞ്ചന്‍ നമ്പ്യാരുടെ പ്രേതം, സ്വൈരവിഹാരം നടത്തുന്നു . നവകാവ്യ ഭാവനയിലും ഹാസം മൗലിക ശൂന്യമായി കുഞ്ചന്‍നമ്പ്യാരില്‍ വിലയനം ചെയ്യുന്നു.

ഇങ്ങനെയുള്ള മലയാള ഹാസ്യകാവ്യ വേദിയില്‍ പുറം തിരിഞ്ഞെന്നാലും ഒറ്റ തിരിഞ്ഞു നില്ക്കുന്ന വ്യക്തിത്വമാകുന്നു ശ്രീ കെ. ആര്‍. ടോണിയുടേത്. ഹാസക്കവിയല്ലാത്ത അയ്യപ്പപ്പണിക്കര്‍ കണ്ടറിഞ്ഞെഴുതിയ കവികളുള്‍പ്പെടെയുള്ള കപടമാന്യജന പ്രഭൃതികളുടെ വിഡംബനങ്ങള്‍ അയത്നലളിതേന കെ. ആര്‍ ടോണിയുടെ കാവ്യ പ്രതിഭ കണ്ടെടുത്താവിഷ്ക്കരിക്കുന്നു.

കവിതയില്‍ നിന്ന് വരേണ്യപ്രാമാണിത്തം കാംക്ഷിക്കുന്ന ഒരു തരം ഭംഗി വരുത്തലിനും വഴിപ്പെടുന്നുമില്ല. ഇതാണ് മലയാള കവിതയില്‍ കെ, ആര്‍. ടോണിയെ വേറിട്ട വ്യക്തിത്വം ആക്കി നിലനിര്ത്തുന്നത് . തല്ക്കാല രാജസേവിതകലയുടെ ഒരു തരം വ്യാകരണവും തന്റെ കവിതകളില്‍ ദീക്ഷിക്കുന്നില്ല എന്നതാണ് കെ. ആര്‍. ടോണി കവിതകളുടെ വ്യതിരിക്ത ശ്രേഷ്ഠതക്ക് നിദാനവും! മലയാളികളുടെതെന്നല്ല , സമസ്ത ലോകരുടേയും ‘ അവിഞ്ഞ’ സംസ്ക്കാരം നില നില്ക്കുന്നിടത്തോളം സാംഗത്യമുറ്റതുമത്രെ കെ. ആര്‍. ടോണീയുടെ കാവ്യ സൃഷ്ടികള്‍ എല്ലാം തന്നെ. കെ. ആര്‍. ടോണി ഇവിടെ ചെമ്മനം ചാക്കോയെ പോലെ കേവല നിവേദകനാകുന്നില്ല എന്നതും ശ്രദ്ധേയം ! മാറ്റത്തിനു തയാറാകാത്ത സമൂഹത്തെ മാറ്റുവാനും ടോണി വ്യഗ്രതപ്പെടുന്നില്ല.

എന്നാല്‍ നിസ്വരുടെ നിലനില്ക്കാനുള്ള തത്രപ്പാട് അവര്ക്കു പിണയുന്ന നിസാരാപരാധങ്ങളെ കൊടുംകുറ്റമായി ഗണിക്കുന്ന നമ്മുടെ സമൂഹത്തില്‍ ടോണിയുടെ അഹങ്കാരപര്വ്വം നിരന്തരം തലയില്‍ പേറി ജീവിക്കുന്ന പ്രമാണീ സമൂഹഖണ്ഡന ഭാവന കള്‍ മുഖ്യധാരാശ്രദ്ധ അവ അര്‍ഹിക്കും വിധം നേടുന്നില്ലായെന്നത് നമ്മുടെ സമൂഹത്തിന്റെ അടിമത്ത വാഞ്ചയെ അവ തൃപ്തിപ്പെടുത്തുന്നില്ലയെന്നതു കൊണ്ടു മാത്രമാണ് .
( നിസ്വരെ പരിഹസിക്കാനുള്ള സമൂഹവാഞ്ചയെ തൃപ്തിപ്പെടുത്താന്‍ മഹാകാവ്യ പ്രതിഭയായ കുഞ്ചന്‍ നമ്പ്യാര്‍ക്കു പോലും തൂലികയുന്തേണ്ടി അന്നിട്ടുണ്ട്. മാരാരുടെ നമ്പ്യാര്‍ ഖണ്ഡനത്തിന്റെ കാതലും ഇതായിരുന്നല്ലോ)

ജീവിതത്തിന്റെ വെയിലും മഴയും പരിധിയില്ലാതെ പൊഴിയുന്ന സ്വാതന്ത്ര്യത്തിന്റെ വീഥിയിലേക്ക് കവിതയെ കൈപിടിച്ച് വലിച്ച് നടത്തിച്ച എ. അയ്യപ്പനു പോലും വമ്പിച്ച ആസ്വാദക പ്രീതി ലഭ്യമായത് ദൈന്യപ്രഘോഷം ഒന്നു കൊണ്ടു മാത്രമാണ് . ഏറെ പ്രശസ്തമായ ‘ അത്താഴം ‘ എന്ന കവിതക്കു കിട്ടിയ ജനപ്രീതി തന്നെ ദൃഷ്ടാന്തം . കാറപകടത്തില്‍ പെട്ട് മരിച്ചവന്റെ അഞ്ചു രൂപ നോട്ട് വയറിന്റെ കത്തലടക്കുവാന്‍ കൈവശപ്പെടുത്തുന്ന ഒരുവന്റെ ദൈന്യക്കുറ്റം വായിച്ച് നിര്വൃതിയടയാത്ത മലയാള കാവ്യാസ്വാദകരില്ലല്ലോ . ഇക്കൂട്ടര്‍ പക്ഷെ അയ്യപ്പന്റെ തന്നെ ‘ ബുദ്ധനും ആട്ടിന്‍ങ്കുട്ടിയും’ എന്ന കവിതയിലെ പ്രവചന സ്വഭാവം കണ്ടറിയുന്നില്ല.

എന്നാല്‍ അത്രതന്നെ കാവ്യസ്ഫോടനശേഷിയുള്ള കെ. ആര്‍. ടോണിയുടെ ശിഷ്ടം എന്ന കവിത ( അവലംബം- സമനില , കെ ആര്‍ ടോണിയുടെ ആദ്യ കവിതാ സമാഹാരം,) അതര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോകുന്നത് നമ്മുടെ സാംസ്ക്കാരിക പ്രമാണിത്തത്തിന്റെ രൂക്ഷാക്ഷേപത്വരയിന്‍ മേലുള്ള അസഹിഷ്ണുത ഒന്നാല്‍ മാത്രം ! വരേണ്യതയെ ശാസിക്കുന്നത് ബ്രാഹ്മണ്യത്തെ സര്വ്വോത്കൃഷ്ടമായി കാണുന്ന നമ്മുടെ നല്ല സമൂഹത്തിന് സഹിക്കാവുന്നതിനുമപ്പുറമാണല്ലോ.

എന്തും വിറ്റ് കാശാക്കി സ്വാര്‍ഥലാഭ നിര്‍വൃതിയിലഭിരമിക്കുന്ന നമ്മുടെ കാവ്യാദര്‍ശ സാമര്‍ഥ്യത്തെ അയ്യപ്പപ്പണിക്കര്‍ മൃത്യുഗീതത്തില്‍ പരിഹസിക്കുന്നതിനേക്കാള്‍ തീക്ഷണമായി കെ. ആര്‍. ടോണി ശിഷ്ടം ഉള്‍പ്പെടെയുള്ള പല കവിതകളിലും നിശിതാപഹാസത്തിനു പാത്രമാക്കുന്നു. ‘ ജ്ഞാന പീഡനം’ പോലുള്ള കവിതകള്‍ ഇതിനു ഉത്തമദൃഷ്ടാന്തങ്ങളാണ്.

വൃത്ത നിബന്ധമായ കവിതകളില്‍വരെ സവര്‍ണ്ണ ഭാഷ തിരസ്ക്കരിച്ച് ദലിതഭാഷയിലേക്ക് കാവ്യരചന സംക്രമിപ്പിക്കുന്നതില്‍ ദത്ത ശ്രദ്ധമാണ് ടോണിയുടെ കവിത്വം എന്നതു ശ്രദ്ധേയമാണ്. പുതിയ കവികള്‍ക്കു വൃത്താനുസാരം ചിട്ടപ്പടി കവിത എഴുതുവാന്‍ അറിയില്ലായെന്ന; നവ്യകാലത്തും യഥാസ്ഥിതികഭാഷ വിഴുപ്പ് ചുമക്കുന്ന നിരൂപകപ്രമാണി ( അധമരുടെ) കളുടെ വായടച്ചുള്ള മറുപടി ആയേ ടോണിയേപ്പോലുള്ളവരുടെ വൃത്ത നിബന്ധ കവിതകളെ കണക്കിലെടുക്കേണ്ടുതുള്ളു . മലയാള കഥയില്‍ വൈക്കം മുഹമ്മദു ബഷീര്‍ കൊണ്ടു വന്ന അതേ പരിണാമം തന്നെയാണ് കവിതയില്‍ ഇദം പ്രഥമമായി ടോണിയും ചെയ്തു വയ്ക്കുന്നത്.

എന്നാല്‍ കഥയുള്‍പ്പെടുന്ന ഗദ്യ ഭാവനയില്‍ കെട്ടുപാടില്ലാതെ എന്തും ആസ്വദിക്കാന്‍ തയാറുള്ള മലയാള വായനാ സമൂഹം കവിതയില്‍ ആ ആസ്വാദന തലത്തിലേക്ക് വളരാത്തതാണ് ടോണിയേപ്പോലുള്ളവരുടെ കാവ്യ ധീരതകള്‍ ആസ്വാദക സമൂഹത്തില്‍ ( ഏറെക്കുറെ സവര്‍ണ്ണ പ്രമത്ത സമൂഹം തന്നെ ഇത് !) തഴയപ്പെടുന്നതിന്റെ മുഖ്യ ഹേതു . എന്നാല്‍ അര്‍ക്കകാന്തിയെ ഒരു മേഘപ്പടയ്ക്കും തടയാന്‍ സാധിക്കില്ലായെന്നതു കണക്കെ നിസാരമായ ഏത് വിഷയത്തിലും മൗലികത ദീക്ഷിക്കുന്ന കെ. ആര്‍. ടോണിയെ പൂര്‍ണ്ണമായും തഴയാനും ഇക്കൂട്ടര്‍ക്കു കഴിയുന്നില്ല എന്നാല്‍‍ സാവര്‍ണ്യഭാഷയെ , ആവിഷ്ക്കാരത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന നമ്മുടെ കാവ്യാസ്വദക വൃന്ദം വെറുപ്പോടെ മാത്രമേ ടോണിക്കവിതകളെ കടക്ഷിക്കുന്നുള്ളു . ഗതികേടിന്റെ മറ്റൊരു പ്രതികരണ ഭാഷ്യമത്രെ ഇത്.

തനിക്ക് സമകാലികരായ കവിതകളൂടെ പോലും തല്‍ക്കാല ലാഭ പ്രവൃത്തികളെ ഖണ്ഡിച്ച് കവിതയെഴുതാന്‍ മടിക്കാത്ത ടോണിക്ക് സ്വാഭാവികമായി വന്നു കൂടുന്ന പ്രതിബന്ധ ദുരന്തം തന്നെ മേല്‍ ചൊന്ന മലയാള സാവരണ്യപരിഷകളുടെ അവഗണനാ പ്രതിരോധങ്ങള്‍ ( നമ്മുടെ സാഹിത്യ സ്രഷ്ടാക്കളായ മാധ്യമങ്ങള്‍ ഏറെക്കുറെ ഒളിഞ്ഞും തെളീഞ്ഞും സവര്‍ണ്ണവരേണ്യതയുടെ ‘ പിടിപാടില്‍’ തന്നെയാണെന്നുള്ളതും ഇതിനു നിദാനമാണ് )

കെ. ആര്‍. ടോണിയുടെ ആദ്യ സമാഹാരാമായ സമനിലയില്‍ തന്നെ ഈ അവിഞ്ഞ മഹിതസാംസ്ക്കാരിക ബോധം നിശിതമായി വിചാരണ ചെയ്യപ്പെടുന്നു. ഇതിനെ ഒരു പ്രശംസാ വാക്യമായല്ല ടോണി കവിതകളുടെ സവിശേഷ സ്വഭാവം ആയിട്ടാണ് പരിഗണിക്കേണ്ടതും. തൂത്താല്‍ പോവാത്ത ജാത്യാല്‍ സ്വഭാവമായി ഇത് ടോണീ കവിതകളില്‍ രൂഡമൂലം പ്രവര്‍ത്തിക്കുന്നു. കേവല സൗന്ദര്യത്തിലോ സൗന്ദര്യം സൃഷ്ടിക്കാനുതകും വിധം മാലിന്യനാശനത്തിനായി മലിനതിലേക്ക് ദൃഷ്ടി വെയ്ക്കലിലോ ഏതിനാലാണ് സര്‍ഗ്ഗപ്രതിഭകള്‍ തുനിയേണ്ടെതെന്ന പ്രസക്തമായ ചോദ്യസന്ദേഹം ഏറെ അയത്നലളിതമായി ‘ സമനില’ യിലെ ‘കെട്ടിക്കിടപ്പ്’ എന്ന ആദ്യ കവിതയില്‍ ടോണി ഉന്നയിക്കുന്നു.
കവിതയുടെ ആത്മസാക്ഷാത്ക്കാരമായ സൗന്ദര്യതുഷ്ടി അറിയാതെയല്ലല്ലോ, സര്‍ഗ്ഗ ശൂന്യമായ മാന്യമലിനതകളിലേക്ക് കവി തന്റെ സര്‍ഗ്ഗ സൃഷ്ടി എത്തിക്കുന്നതെന്ന വസ്തുത ഇത്തരം കവിതാവായനയില്‍ ആസ്വാദകര്‍ക്ക് മഴവില്‍ തൃപ്തിയേകുവാന്‍ പര്യാപ്തമാകുന്നു.

സാഹൂഹ്യപരതയില്‍ നിന്ന് പുരുഷനെ വ്യക്തിപരതയുടെ ഇത്തിരി വെട്ടത്തില്‍ ബന്ധിച്ചിടാനുള്ള പെണ്മിടുക്കിനെ ഏതൊരു ഫെമിനിസ്റ്റിനേയും ഈറ പിടിപ്പിക്കും വിധം വാസന്തി പോലുള്ള കവിതയിലൂടെ ടോണി ‘ കോറി’ വരയ്ക്കുന്നു.

ഇതാകട്ടെ കവിതയുടെ ‘ ലൈന്‍ ‘ വിട്ട് പോവുന്നുമില്ല സൂക്ഷമവായനയിലൂടെ മാത്രമേ ഈ നഗ്നസത്യം മനസിലാക്കാനാകൂ എന്നതിനാല്‍ ഫെമിനിസ്റ്റുകളെന്നല്ല ഒരു ഇസക്കാരും തങ്ങള്‍ എത്ര രൂക്ഷമായി ആക്ഷേപിക്കപ്പെട്ടാലും ടോണിക്കവിതകള്‍ക്കെതിരില്‍ രംഗത്തു വരുന്നില്ല. കവിത രണ്ടാവര്‍ത്തി വായിക്കുന്ന സ്വഭാവം നമ്മുടെ ബുദ്ധിരാക്ഷസസമൂഹത്തിനില്ല എന്നതു തന്നെ ഇതിനു മുഖ്യ ഹേതു. അല്ലെങ്കിലും വായനയില്‍ അദ്ധ്വാനം ദീക്ഷിക്കാത്ത മലയാള വായനാസമൂഹത്തില്‍ നിന്ന് എങ്ങനെ ഉണ്ടാകാനാണ് മൗലികാര്‍ത്ഥത്തില്‍ സര്‍ഗ്ഗ പ്രതിഷേധ വ്യഗ്രത?

കക്ഷി രാഷ്ട്രീയത്തോട് സങ്കുചിത ജാതി മത പ്രസ്ഥാനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ഗത്യന്തരേണ ഉണ്ടാകുന്ന പ്രതിഭാസങ്ങളുമാണല്ലോ നമ്മുടെ പ്രതിഷേധകോലാഹലങ്ങളെല്ലാം തന്നെ!

രസതൃഷ്ണയോടെ ബാല്യ ദേഹങ്ങളെ ആശ്ലേഷിക്കാനുള്ള ത്വര നില നില്‍ക്കെ തന്നെ ചിന്താ ബാല്യങ്ങളെ അകറ്റാനുള്ള യാഥാസ്ഥികത്വ മാനസങ്ങളെ ( ഈ ആശ്ലേഷാവേശം വ്യക്തി ബന്ധുതയുടേതോ പൗരോഹിത്യത്തിന്റേതോ ആകാം !) ‘ കുട്ടികള്‍’ എന്ന കവിതയില്‍ ടോണീ നിശിതമായി വിചാരണ ചെയ്യുന്നു. എന്നാല്‍ കവിതക്കുള്ളില്‍ കലൗചിത്യം കൃത്യമായി പാലിക്കുന്നതിനാല്‍ ഇത് പ്രബന്ധസ്വഭാവമാര്‍ജ്ജിക്കുന്നില്ല. കുഞ്ചന്‍ നമ്പ്യാരുള്‍പ്പെടെ ഒരു ഹാസ്യ കവിയിലും ( കവിതയിലും) കാണാത്ത ആത്മാക്ഷേപ സന്നദ്ധത സമനില എന്ന കവിതയില്‍ പക്വപരിപ്രേക്ഷ്യമാര്‍ജ്ജിക്കുന്നു. പദ്യമായും, ഗദ്യമായും, കടുത്ത വൃത്താലങ്കാര നിഷ്ഠയിലും പച്ചമലയാളത്തിലും സാമാന്യ ഭാഷാപദങ്ങള്‍ ‍കൊണ്ട് മലയാളക്കവിതയുടെ വരേണ്യമുറ്റത്ത് തികച്ചും പരുഷമായ ഇളകിയാട്ടങ്ങള്‍ നടത്തുന്നു സധീരം ടോണിയുടെ കവിതകള്‍.

ടോണിയുടെ കവിതകള്‍ക്കുള്ള ഏകദോഷം അതും ഇക്കവിതകളുടെ സ്വാഭാവിക സ്വഭാവമത്രെ. മെയില്‍ഷോവനിസത്തിന്റെ ( അമിതമായ പുരുഷദര്‍പ്പത്തിന്റെ) ചീറലുകളായി ഈ കവിതകള്‍ വര്ത്തിക്കുന്നു എന്നതാണ്. താനിങ്ങനയേ എഴുതു എന്ന് സാവര്ണ്ണ്യവ്യാകരണപ്രഭുത്വത്തിന്റെ മുഖത്തടിച്ചു പറയുന്ന ( ടോണിയുടെ ഏറിയ കൂറും കവിതകളുടെ പൊതു സ്വഭാവവും ഇതു തന്നെ ) കവിതകള്‍ പക്ഷെ പുറത്തു വരുന്നത് അത്യന്തം പുരുഷദര്‍പ്പത്തിന്റെ ഭാഷയിലാണ്. എന്നാല്‍ ഇതിനെ ഒരു പരിമിതി ആയി ഗണിക്കുവാന്‍ കഴിയാത്ത വിധം ഒരു മസില്‍ പിടിത്തവുമില്ലാതെ കാപട്യശൂന്യമായ ആവിഷ്ക്കാരങ്ങളാണ് ടോണീയുടെ ഏതാണ്ടെല്ലാ കവിതകളും ! കലങ്ങുന്തോറും തെളീയുന്ന കൊച്ചരുവിയുടെ ഹൃദയ ശുദ്ധി ഈ കവിതകളില്‍ അന്തര്‍ഗതവുമാണ് ആസ്വദിച്ചു നിര്‍വൃതി പൂകും മുന്‍പേ ഉടഞ്ഞു പോകുന്ന ശില്പ്പഘടനയാണ് ടോണിക്കവിതകളുടെ മറ്റൊരു സവിശേഷത . തള്ളാനും‍, കൊള്ളാനും വയ്യാത്ത ഒരു പണ്ടാരക്കെട്ടായി ഈ കവിതകള്‍ വായനാക്കാരില്‍ സവിശേഷാനുഭൂതി സൃഷ്ടിക്കുന്നു. സാകല്യ നിര്‍വൃതിയിലെത്തിക്കാന്‍ കൂട്ടാക്കാതെ സര്‍ഗ്ഗകുടം പാതി വഴിയില്‍ വച്ച് പൊട്ടിപോകുന്ന അവസ്ഥ.

സന്തത സഹചാരികളായ കവികളുടെ കുത്സിത വൃത്തികളെയും നിശിത വിചാര‍ണ ചെയ്യുന്ന അതേ സമയം, ആത്മ വിചാരണക്കും മടികാണിക്കാത്ത സമസ്ത മാന്യതയ്ക്കുള്ളിലും ഗുപ്തമായ മലിനതയെ അനാവരണം ചെയ്യുന്നതില്‍ അത്യന്ത സമര്‍ത്ഥത്തമായ ഒരിക്കലും ഉറങ്ങാത്ത സര്‍ഗ്ഗധികാരതൃഷ്ണ അക്രമശൂന്യനായ ഒരു മദയാനയായി ടോണി കവിതയെ മലയാള കാവ്യമരുവില്‍ വല്ലാത്തൊരു ഒറ്റ തിരിഞ്ഞു നില്പ്പിന്റെ അടയാളം ചാര്ത്തുന്നു.

അന്ധകാണ്ഡത്തില്‍ സര്‍വോത്മുഖമായ വിഷയ വ്യാപ്തിയാര്‍ന്ന പരിഹാസ ശരങ്ങളുടെ ആവനാഴിക്കൂടമായി ടോണിയുടെ കാവ്യ ഭാവന മാറുന്നു.

സമനിലയിലെ കെട്ടിക്കിടപ്പു മുതല്‍ ഉറക്കം വരെ നീണ്ടു കിടക്കുന്ന കാവ്യത്തോറ്റങ്ങളില്‍ സൗന്ദര്യ ബോധത്തിനും ഹാസാഭിനിവേശത്തിനും മധ്യേ കുഴങ്ങി നില്‍ക്കുന്ന കാവ്യ ചേതസാണ് ദൃശ്യപ്പെടുന്നെതെങ്കില്‍ തന്റെ ദൗത്യം അത് സഹൃദയരും അല്ലാത്തവരുമായ ആസ്വാദക സമൂഹത്തിന്റെ ദര്‍പ്പക്കവിളീല്‍ ചെയ്യുന്ന ഹസ്തതാഡനഹാസ്യമാണെന്ന് ബോധ്യപ്പെട്ടുണര്‍ന്നു പ്രവര്ത്തിക്കുന്ന ഉണ്മയാണെന്ന് അന്ധകാണ്ഡം മുതലുള്ള കാവ്യ സമാഹാരങ്ങള്‍‍ പ്രഖ്യാപിക്കുന്നു . നമ്മെ അതനുഭവിക്കുകയും ചെയ്യുന്നു. ‘ താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ അന്യരനുഭവിച്ചീടുകെന്നേ വരു ” എന്ന ഭാഷാപിതാവിനേപ്പോലും തിരുത്താന്‍ ഹാസബോധ്യം കവിയെ സധീരനാക്കുന്നു . ദര്‍ശനഭാരം ഒട്ടുമില്ല എന്നുതന്നെയല്ല ഒരു ദര്‍ശനത്തിന്റെയും വക്താവാതെ ഒരു ശീര്‍ഷകക്കള്ളിയിലും ഒതുക്കാനാകാത്ത സ്വാച്ഛന്ദ്യമാണ് ടോണീക്കവിതകള്‍ അനുവാചകര്‍ക്ക് പകര്‍ന്നേകുന്നത് അതാകട്ടെ കേവല സുഖിപ്പിക്കല്‍ കലയ്ക്കു മാല ചാര്‍ത്തുന്നുമില്ല.

ഹാസ വിമര്‍ശനത്തിന്റെ ഈ സമവികാര തീക്ഷ്ണത എല്ലാ പരിധിയും ലംഘിക്കുന്നത് ‘ പ്ലമേനാമ്മായില്‍ ‘ എത്തുമ്പോഴാണ് പൊയ്പ്പോയ തലമുറയിലെ ഇനിയും കാലഹരണപ്പെടാതെ നമ്മുടെ അബോധത്തെ ഭരിക്കുന്ന പ്ലമേനഅമ്മായി മുതല്‍ പിച്ചക്കാര്‍ വരെ ഒരു ചായക്കൂട്ടും കൂടാതെ അവരുടെ തനി സ്വഭാവത്തിലും ഗുണപാഠവിചാരങ്ങളിലും പ്ലമേനമ്മായില്‍ എഴുന്നു നില്‍ക്കുന്നു.

സുഭാഷ് ചന്ദ്രന്റെ ഭാഷയില്‍ പ്ലമേനമ്മായി കവിതയല്ല വ്യതിരിക്ത സ്വഭാവി ആയ കവിതാ നോവലെത്രേ ! വായനാനന്തരം അനുഭൂതി അല്ലാതെ മറ്റൊന്നും ശിഷ്ടപ്പെടുത്താത്ത ഈ കാവ്യസമാഹാരത്തില്‍ ഒന്നു ചുഴിഞ്ഞു നോക്കിയാല്‍ ദൃശ്യപ്പെടാത്ത ജീവിത സന്ദര്‍ഭങ്ങള്‍ ഒന്നുമില്ല. തന്നെയല്ല കെ. ആര്‍. ടോണിയുടെ ഇതരകവിതാ സമാഹാരങ്ങളില്‍ ഒട്ടുമേ ദൃശ്യമല്ലാത്ത വേദനാജന്യമായ അനുഭവ സാക്ഷ്യങ്ങള്‍ വരെ പ്ലമേനാമ്മായില്‍ അണീചേരുന്നു. സവര്‍ണ്ണതയുടെ ഭാഷക്കു മീതെ അര്‍ണ്ണരുടെ കറുത്ത ഭാവനാ ഭാഷ്യം ഈ നോവല്‍ കവിതയില്‍ നിശിതസ്വാച്ഛന്ദ്യം നേടുന്നത് സാശ്ചര്യം നം കാണുന്നു. ജീവിതത്തിന്‍ മേല്‍ കാവ്യ ഭാഷ ചമയ്ക്കാനുള്ള ടോണിയുടെ ഔസുക്യം പ്ലമേനഅമ്മായില്‍ പൂര്‍ണ്ണ സാഫല്യം നേടുന്നു.

മറിച്ചു പറഞ്ഞാല്‍ വരേണ്യാസ്വാദക പ്രമാണിമാര്‍ക്കു മുമ്പില്‍ ‘ സര്‍ഗ്ഗ പിച്ചപ്പാത്രം ‘ നീട്ടി നില്‍ക്കാന്‍ മനസില്ലെന്നു തുറന്നു പ്രഖ്യാപിച്ച മലയാളത്തിലെ അപൂര്‍വാല്‍ അപൂര്‍വം കവിയാണു കെ ആര്‍ ടോണീ. മലയാളീകളുടെ പാരിസ്ഥിതികാവബോധം അതിന്റെ സൗന്ദര്യ തൃഷ്ണയില്‍ നില നില്‍ക്കുന്നിടത്തോളം കാലം പി കുഞ്ഞിരാമന്‍ നായര്‍ കവിത ജീസുറ്റതായി നില്‍ക്കും എന്നു ചൊല്ലാവുന്നതു പോലെ മലയാളി യൗവനം പൂത്തുലയുന്നിടത്തെല്ലാം‍ ചങ്ങമ്പുഴക്കവിത പ്രസക്തി ചോരാതെ നില നില്‍ക്കും എന്ന് കരുതാവും പോലെ മലയാളികളുടെ എന്നല്ല അവിഞ്ഞതും പ്രഛന്നവുമായ സാംസ്ക്കാരിക വികലതകളില്‍ അഭിരമിക്കുന്ന ഏത് സാമൂഹ്യ പശ്ചാത്തലത്തിലും ശോഭ കെടാതെ ജീവിക്കുവാന്‍ പോന്ന കവിതകളാണ് കെ ആര്‍ ടോണിയുടേത്.

അതെ വരേണ്യതയുടെ കപടമാന്യമാനവാനുശീലന സംസ്കൃതിക്കു മേല്‍ ശക്തമായ പ്രഹരമേല്പ്പിക്കുവാന്‍ പോന്ന ബലവത്തായ കാവ്യം ചിരിയും കോമാളിത്തമേശാത്ത സാഷ്ടാംഗം വട്ടമിട്ടു നില്‍ക്കുന്ന നിഴലിനേപോലും വെച്ചു പൊറുപ്പിക്കാത്ത ‘ മൂര്‍ച്ഛയിലഭിരമിക്കാന്‍ തയാറല്ലാത്ത ജനപ്രിയതയെ മാനിക്കാത്ത അത്ഭുതോര്‍വ്വര വെട്ടമായി തന്റെ ഇടത്ത് തന്റേടത്തോടെ വിഹരിക്കുന്നു ടോണീയുടെ കവിതകള്‍ ഒന്നൊഴിയാതെ എല്ലാം.

ദയനീയത ക്ലാവോ, ചിതലോ, തുരുമ്പോ ഏശാത്ത പ്രതീതി സൗന്ദര്യത്തെ വെല്ലുവിളിച്ച് സത്യയാഥര്‍ത്ഥ്യത്തെ സദാ പുല്‍കുന്ന അനുവാചകരെ ഹാസത്തിലേക്കാനയിക്കുമ്പോഴും ഇതരകവികള്‍ക്കു സാധ്യമാവാത്ത അഭൂതപൂര്‍വ്വമായ നിവര്‍ന്നു നില്പ്പാണു കെ. ആര്‍. ടോണിക്കവിതകളുടെ സവിശേഷ സ്വരൂപം.

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English