ഹാത്രസ്, നീ എന്നെ ലജ്ജിപ്പിക്കുന്നു. ഞാൻ തല താഴ്ത്തട്ടെ!
കരിമ്പുപാടങ്ങളിൽനിന്നു വീശുന്ന കാറ്റിനു
കരിഞ്ഞ മാംസത്തിന്റെ മണം
ഹാത്രസ്, നീ എന്റെ ആരുമല്ല, എങ്കിലും എന്റെ കരൾ നീറുന്നു.
ഹാത്രസ്, നിന്റെ ത്രാസിൽ കള്ള തൂക്കങ്ങൾ ഇല്ലെന്നു ഞാൻ വിശ്വസിക്കട്ടെ . നിന്റെ ത്രാസിൽ ദളിതർക്കു നൽകാൻ നീതിയുടെ അവസാനത്തെ തൂവലെങ്കിലും ശേഷിക്കുമെന്ന് കരുതട്ടെ!
ഹാത്രസ്, എവിടെയുമെന്നപോലെ അവിടെയും ഉപ്പു തിന്നവൻ വെള്ളം കുടിക്കണമെന്ന നിയമം നടപ്പാകില്ലേ? നടപ്പായില്ലെങ്കിൽ അപരാധിയെ
കല്ലിൽ കെട്ടി ഉപ്പുകടലിൽ താഴ്ത്താൻ പുതിയ നീതിമാന്മാർ മുന്നോട്ട് വരുമോ?
ഹാത്രസ്, ചാനലുകളെ നീ ത്രസിപ്പിക്കുന്നു. ടി ആർ പി റേറ്റിംഗിലാണ് അവർക്കു കണ്ണ്. ഒരു ബലാൽക്കാരത്തിന്റെ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി വിട്ട അവതാരകന്റെ വായിലെ വെള്ളം വറ്റും മുമ്പ് വരുന്നൂ മറ്റൊരു ക്രൂരബലാത്സംഗസ്‌കൂപ്പ് ! അധികാരമോഹികൾക്കു വേണ്ടി നീ കള്ളചൂതിന്റെ കരുക്കൾ നീക്കി കുരുതിക്കളങ്ങൾ സൃഷ്ടിക്കരുതേ! കടുക് പൂക്കുന്ന വയലിൽ നിർദോഷികളുടെ രക്തം ചീന്താൻ ആരെയും അനുവദിക്കരുതേ!!
ഹാത്രസ്, ആശ്വിനത്തിലെ ആകാശത്തിൽ വട്ടം ചുറ്റുന്ന പരുന്തുകളെ നീ കാണുന്നില്ലേ. നീ അണിയാറുള്ള ദുപ്പട്ട കൊണ്ട് നിന്റെ കഴുത്തിൽ
ചുറ്റിവരിഞ്ഞു നിന്നെ തെരുവിലൂടെ വലിച്ചിഴക്കുകയായിരുന്നു. നിന്റെ നിലവിളി അമർത്താൻ നാവു മുറിച്ചെറിഞ്ഞു. ബബുൾമരച്ചില്ലകളിൽ കാഹളം മുഴക്കി കാത്തിരുന്ന കാക്കകൾ ആ നാവുമായി കരിമ്പുപാടത്തെ ഇരുളിലേക്കിറങ്ങി!
ഹാത്രസ്, ചോളച്ചപ്പാത്തിയുടെയും കടുകിലക്കറിയുടെയും രുചി നുണയാൻ, നിർദോഷമായ ഫലിതങ്ങളുടെ രസം പറയാൻ, രാമനാമം ജപിക്കാൻ, വാങ്ക് വിളിക്കാൻ നിന്റെ നാവ് എവിടെ? ഹാത്രസിനു നഷ്ടപ്പെട്ടത് ഹാത്രസിനു ആര് തിരിച്ചുകൊടുക്കും? ഹാത്രസ് ആവർത്തിക്കില്ലെന്ന് ഒരു ഹാത്രസ് കാരനും പറയില്ല. ഓരോ പ്രത്യാശയും നമ്മെ ഇരുണ്ട നരകക്കുഴിയിലേക്ക് തള്ളുമെന്നറിയാമെങ്കിലും ഹാത്രസ് ഇനിയുമുണ്ടാകരുതേ എന്ന് പ്രാർത്ഥിക്കാം!
നീതിക്കുവേണ്ടി കത്തിക്കാൻ ഇനി കടലാസ്സുകൂടോ
മെഴുകുതിരിയോ ബാക്കിയില്ല. പകരം ഹാത്രസ്, ഇതാ ഒരിറ്റു കണ്ണീർക്കണം, നിനക്കുവേണ്ടി!