ഹര്‍ത്താലുകളില്‍ വലയുന്ന കേരളം

അപ്രതീക്ഷിതിമായ ഒരു ഹര്‍ത്താല്‍ മാമാങ്കം കൂടി കടന്നു പോയിരിക്കുന്നു. അപ്രതീക്ഷിതമായി കടന്നു വന്ന ചുഴലിക്കാറ്റ്, മഴ എന്നിവയുടെ കൂടെ പ്രതീക്ഷിക്കാത്ത ഒരു ഹര്‍ത്താല്‍. വെളുപ്പിനു മൂന്നു മണിക്കു ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സാധാരണ ജനങ്ങളിലേക്ക് എത്തിയത് വെളുപ്പിനു ആറുമണിക്കു ശേഷം. വിവാഹത്തിന്റെ അന്ന് രാവിലെ ഹര്‍ത്താലെന്നു അറിയുന്ന ഗൃഹനാഥനും കുടുംബവും, ഡയാലിസിസ് ചെയ്യാന്‍ മുന്‍കൂട്ടി ഡേറ്റു ലഭിച്ചിരിക്കുന്ന രോഗി, ജോലിസ്ഥലത്തു നിന്നും വീടുകളിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ പകുതി വഴിയിലായ കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാര്‍, മക്കള്‍ വിദേശങ്ങളില്‍ നിന്നും എത്തി മണ്ണിനടിയിലേക്കു യാത്രയാകാന്‍ കാത്തിരുന്ന മൃതശരീരങ്ങളും, എത്തിച്ചേരാന്‍ കഴിയാതിരുന്ന ബന്ധുക്കളും. അങ്ങനെ ഓരോ മനുഷ്യന്റെയും കണുക്കുകൂട്ടലുകള്‍ തെറ്റിച്ചു ഈ അപ്രതീക്ഷിത ഹര്‍ത്താല്‍. ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കളോട് ഒരു ചോദ്യം – ഇതുപോലുള്ള ഒത്തിരി പ്രശ്നങ്ങള്‍ ഉള്ള സമൂഹത്തിലാണ് നിങ്ങളും ജീവിക്കുന്നത്. ഇതു പോലുള്ള പല കാര്യങ്ങളും നിങ്ങള്‍ക്കും കുടുബത്തിനും ബാധകമാണ്. ഈ ഹര്‍ത്താലുകൊണ്ട് നിങ്ങള്‍ എന്തു നേടി? ആര്‍ക്കാണ് ഇതില്‍ നിന്നുള്ള ഗുണങ്ങള്‍ ലഭിച്ചത്? സമൂഹത്തിലുള്ള ഒരു വിഭാഗം ജനങ്ങളെയാണ് ശബരിമല എന്ന പ്രശ്നം മുഖ്യമായി ബാധിച്ചിരിക്കുന്നത്. സമൂഹത്തിലെ ഒരു വിഭാഗമൊഴിച്ച് ബാക്കിയുള്ള ഏതു സമുദായക്കാരേയും ഈ പ്രശ്നം കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ഇതിന്റെ പേരില്‍ തുടരെ, കേരളത്തിലെ എല്ലാ ജനതകളുടേയും പ്രവര്‍ത്തങ്ങളെ ഇതുകാര്യമായിത്തന്നെ ബാധിക്കുന്നു. അപ്പോള്‍ ഒരു പരിധിവരെ വളരെ മടുപ്പിക്കുന്ന ഒരു നിലപാടാണ് ബാക്കിയുള്ള സമുദായങ്ങള്‍ക്ക് ഈ വിഷയത്തോടുണ്ടാകുന്നത്. നമ്മുടെ വികാരങ്ങളും പ്രതിഷേധങ്ങളും ഒരു പരിധി വരെ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. പക്ഷെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ ഉണ്ടാകുന്ന ഇതു പോലുള്ള സംഭവങ്ങള്‍ പൊതുജനങ്ങളെ നന്നായി ബാധിക്കുന്നു. തൊഴിലിടങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തതും, പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുന്ന സ്ഥാപനങ്ങളും അതിന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനം അവതാളത്തിലാകുമ്പോള്‍ അത് നാടിന്റെ ഉയര്‍ച്ചയുടെ താളം തെറ്റിക്കുന്ന അവസ്ഥയാണു സംജാതമാക്കുന്നത്. ഖജനാവിലേക്കെത്തുന്ന ഒരു ദിവസത്തെ ഈ ഭീമമായ വരുമാനം നിലയ്ക്കുമ്പോള്‍ അത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായിത്തന്നെ ബാധിക്കുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ ഒരു നിമിഷമെങ്കിലും സ്വന്തം നാടിന്റെ അവസ്ഥയെ ഓര്‍ക്കുകയാണെങ്കില്‍ അത് ഈ നാട്ടിലെ എല്ലാ ജനങ്ങളോടും ചെയ്യുന്ന വലിയൊരു നന്മയായിരിക്കും. സമരങ്ങള്‍ നല്ലതു തന്നെ അത് ജനങ്ങളെ വലച്ചിട്ടാകരുത് . നമ്മുടെ മണ്മറഞ്ഞ പല നേതാക്കളും സമരങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ അത് ഒരിക്കലും ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടായിരുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി കോടതിയെങ്കിലും ഈ കാര്യത്തില്‍ ഇടപെടുമെന്നു പ്രത്യാശിക്കാം . ഹര്‍ത്താലുകള്‍ ഇല്ലാത്ത ഒരു കേരളം നമുക്ക് സ്വപ്നം കാണാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here