വിശ്വനാഥൻ മാസ്റ്ററുടെ മലയാളം ക്ലാസിനു വേണ്ടി മാത്രം സ്കൂളിൽ പോകാൻ ഉഷാറെടുത്തിരുന്ന കാലം. ചെറുപ്രായത്തിൽ സ്കൂളിൽ ചെന്നാൽ ആദ്യം തിരയുന്നത് വിശ്വനാഥൻ മാഷ് വന്നിട്ടുണ്ടോ എന്നായിരുന്നു. ജനൽപ്പാളികളിലൂടെ സൂര്യരശ്മി അരിച്ചിറങ്ങുമ്പോൾ വിശ്വനാഥൻ മാസ്റ്ററുടെ ക്ലാസ്സിനു സമയമായല്ലോ എന്ന് ഉറപ്പാക്കിയിരുന്ന ദിനങ്ങൾ. അന്നു തുടങ്ങിയ സാഹിത്യത്തോടുള്ള “കുട്ടിക്കളി” സ്കൂൾ ജീവിതത്തോടെ അവസാനിക്കുമെന്നാണ് കരുതിയിരുന്നത്. അന്നൊക്കെ എഴുതിക്കൂട്ടിയ തുണ്ടുകടലാസുകൾ പലപ്പോഴും, മുത്തശ്ശിയുടെ പഠനമേശ വൃത്തിയാക്കലിൽ മുറ്റത്തെ കരിയിലക്കൂമ്പാരത്തിൽ സുരക്ഷിതം നിക്ഷേപിക്കപ്പെട്ടിരുന്നു. ഒരു വാശിയായിരുന്നോ അതോ മുത്തശ്ശിയെ കബളിപ്പിക്കുവാനായിരുന്നോ എന്നറിയില്ല, മേശമുകളിലെ “കൂമ്പാര”ത്തിന്റെ ഘനം കുറയുമ്പോൾ അതിലേറെ എഴുതി നിറക്കാൻ വേണ്ടി എഴുതിക്കൂട്ടുവാനും ഞാൻ മറന്നിരുന്നില്ല.
തുലാവർഷം കൊടുപിരികൊണ്ട ഒരു ദിവസം. അപ്രതിക്ഷിതമായി പതിവിലും വേഗം വന്നെത്തി സായംസന്ധ്യ. മംഗലക്കാവ് തറവാടിന്റെ ഉമ്മറപ്പടിയിക്കരുകിൽ ഇരുന്ന് മഴത്തുള്ളികൾ മുറ്റത്ത് കിന്നാരംത്തുള്ളി കുമിളകൾ പണിതിരുന്നത് നോക്കിയിരിക്കയായിരുന്നു ഞാൻ. എന്തോ കുത്തി ക്കുറിച്ച ഒരു കടലാസുകഷ്ണം ഒരു ചെറുവഞ്ചിയാക്കി “പാത്തി”യിൽ നിന്നും വാർന്നൊലിച്ച ജലധാരയിൽ നിക്ഷേപിച്ചു. തലയുയർത്തി എണീക്കാൻ ഒരുമ്പെട്ട ഞാൻ മുറ്റത്താരോ നിൽക്കുന്നതായി മനസ്സിലാക്കി. തലയുയർത്തി നോക്കി.
“എന്താ, മനസ്സിലായില്ല അല്ലേ?” അപരിചിതത്വം നിറഞ്ഞ ആ സ്വരം കാതുകളിലെത്തി.
ഞാൻ എണീറ്റു. അറിയാതെ നാവിൽ നിന്നും ഉത്തരമുതിർന്നു, “ശരിക്കറീല്ല്യാ”.
“അയ്യോ, കുട്ടൻറെ വഞ്ചി നനഞ്ഞൂലോ” ഞാൻ പറഞ്ഞത് ഗൗനിക്കാതെ കുട ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിച്ചു കൊണ്ട് ആ മാന്യൻ കുനിഞ്ഞു വഞ്ചി കൈയ്യിലെടുത്തു.
അറിയാതെ പറ്റിയതാണെങ്കിലും, കടലാസിലുണ്ടായിരുന്ന “തലക്കെട്ട്” മായാതെ കളിത്തോണിയുടെ പുറമെ കാണാറായി.
“കുഴിയാന കൊട്ടാരം……” ഞാനല്ല, മുൻപിൽ പ്രത്യക്ഷനായിരുന്ന ആളായിരുന്നു ഞാൻ കേൾക്കേ വായിച്ചത്.
“കുട്ടൻ എഴുതിയതാ?” തുടർന്നൊരു ചോദ്യവും.
ഉത്തരം, പറയാൻ തുനിഞ്ഞു പക്ഷെ പറയുന്നതിന് മുൻപ്, “ആ…. ഈ കുട്ടിക്ക് ഇതല്ലാണ്ട് മറ്റൊരു പണീം ഇല്ല്യാ സ്കൂളീന്നു വന്നാലേ” മറുപടി പിന്നിൽ നിന്നും മുത്തശ്ശിയുടേതായിരുന്നു.
“അല്ലാ, അച്ചുതൻ എപ്പോഴാവോ വന്നേ? മഴ ശ്ശിയായിട്ടു പേയ്യിണ്ടല്ലോ. നനേണില്ല്യേ? ഇങ്ങട് കേറീട്ടാവാം ബാക്കീള്ള വർത്താനം”. മുത്തശ്ശിക്ക് ഇരയെ കിട്ടിയ മട്ടായി.
വായിൽ നിറഞ്ഞുനിന്നിരുന്ന കോളാമ്പി ഉമ്മറത്തുണ്ടായിരുന്ന ചാമ്പത്തടത്തിലേക്ക് നീട്ടിത്തുപ്പിക്കൊണ്ട് അതിഥി ഉമ്മറത്തളത്തിൻറെ ചവിട്ടുപടിയിലേക്ക് കയറി നിന്നു. കക്ഷത്തിരുന്നിരുന്ന ബാഗ് നിലത്ത് വെച്ചിട്ട്, നനഞ്ഞ കുട മടക്കി ജനലഴിയിൽ തൂക്കി.
“കുറച്ചുനാളായി വരണം, അമ്മയെ കാണണം എന്നൊക്കെ വിചാരിക്കാൻ തുടങ്ങിയിട്ട്. ജോലി കൂടുതൽ കാരണം തരപ്പെട്ടില്ല. ആരോഗ്യമൊക്കെ എങ്ങിനേ?” മുത്തശ്ശിയോടായ് അതിഥിയുടെ മുഖവുരയും അന്വേഷണവും.
“വയസ്സിത്രയായില്ലേ അച്ചുതാ? ആരോഗ്യം മങ്ങീം ശോഭിച്ചും ഇരിക്കും. ആരേം അങ്ങട് ബുദ്ധിമുട്ടിക്കാണ്ട് പോയാ മതീന്നു മാത്രാ പ്രാർത്ഥന ഇപ്പോ”. മുത്തശ്ശീയുടെ പതിവ് പല്ലവി.
അതിഥി ഭവ്യതയോടെ കസേരയിലിരുന്നു. എന്നിട്ട് കൈനീട്ടി എന്നെ അരികിലേക്ക് വിളിച്ചു. അപരിചിതനായ അതിഥിയുടെ അടുത്തേക്ക് ചെല്ലാൻ കാണിച്ച മടി കണ്ടിട്ടാണോ എന്നറിയില്ല, മുത്തശ്ശി ഒരു പരിചയപ്പെടുത്തലെന്ന രീതിയിൽ എന്നോടായി ഇങ്ങിനെ പറഞ്ഞു.
“അല്ലാ, കുട്ടനറിയില്ല്യേ ഇതാരാന്ന്? അമ്മേടെ ആപ്പീസിലാ ജോലീന്ന് ച്ചാലും വിരുത് മുഴോനും ഭാഷേലാന്നാ ഞാനറിഞ്ഞേ. കുട്ടന്റെ മുത്തശ്ശനിണ്ടാരുന്ന കാലത്ത് കാണണ്ടീരുന്നു രണ്ടാൾടേം ഒന്നിച്ചായാലുള്ള കസർത്ത്കള്! എന്താ അച്ചുതാ, ഇപ്പോ അതൊക്കെ തീരേ വേണ്ടാന്ന്ച്ചുവോ? എന്താ കുട്ട്യേ, മടി വേണ്ടാ. അച്ചുതൻ അന്യനൊന്നുല്ലല്ലോ. മാഷിൻറെ അടുത്തേക്കങ്ങടു ചെന്നോളു കുട്ട്യേ. കുട്ടന്റെ സ്വന്തം മാഷാന്നു തന്ന്യേന്നങ്ങട് നിരീക്ക്യാ.”.
മുത്തശ്ശി ഇത്രയും പറയുന്നതിനിടയിൽ അച്ചുതൻമാഷ്, വെള്ളത്തിൽ നിന്നെടുത്ത എൻറെ കൊച്ചുതോണി നിവർത്തി ആ പേപ്പറിൽ ഞാൻ കുത്തിക്കുറിച്ചതെന്താണെന്ന് കണ്ണോടിക്കയായിരുന്നു. ഞാൻ മാഷിൻറെ അടുത്ത് ചെന്നെങ്കിലും അൽപനിമിഷങ്ങൾക്ക് ശേഷമേ മാഷിൻറെ ശ്രദ്ധ ആ കടലാസിൽ നിന്നും വിട്ടുവന്നുള്ളു. എന്റെ മുഖത്തേക്കൊന്ന് കൂർപ്പിച്ച് നോക്കി. എന്നിട്ട് കൈ നീട്ടി എന്നെ അടുപ്പിച്ച് ആ മടിയിലിരുത്തി ആശ്ലേഷിച്ചു.
“കുട്ടാ, കുട്ടന്റെ ഈ വാസന ഇന്നേവരെ ആരും പറഞ്ഞുകേട്ടില്ലല്ലോ? ഇത്രയുമൊക്കെ ഇത്ര ചെറുപ്രായത്തിലു്? മുത്തശ്ശന്റെ അനുഗ്രഹം നന്നായിട്ട് വിളങ്ങുന്നുണ്ടിവിടെ. അമ്മേ, കുട്ടൻ എഴുതട്ടേ. വിലക്ക് പറയണ്ടാ. സമയം കിട്ടുമ്പോൾ ഇല്ലത്തേക്ക് വിടു കുട്ടനെ”.
എൻറെ നെറുകയിൽ തലോടിക്കൊണ്ട് അച്ചുതൻമാഷ്, പറഞ്ഞ് നിർത്തി. ആ കണ്ണുകളിലേക്ക് നോക്കിയ ഞാൻ എന്തോ ഒരു അദൃശ്യമായ പ്രഭ സ്ഫുരിക്കുന്നത് കണ്ടതോർക്കുന്നു. അങ്ങിനെ എന്നിൽ അച്ചുതൻമാഷ് ജനിച്ചു.
അച്ചുതൻമാഷുമായുള്ള എൻറെ ബന്ധം അതിവേഗം വളർന്നു. ആദ്യമൊക്കെ വാരാന്ത്യത്തിൽ ഒതുങ്ങി നിന്നിരുന്ന മാഷുമായുള്ള എൻറെ കൂടിക്കാഴ്ച മിക്കവാറും ദിവസങ്ങളിലെ ഒരു പതിവായി മാറി. വൈകുന്നേരം, ഓഫീസ് വിട്ട് വീട്ടിലേക്ക് മടങ്ങുന്ന അച്ചുതൻ മാഷിൻറെ വരവും കാത്ത് ഞാൻ നിൽക്കും, മാഷിന്റെ ഒപ്പം ഇല്ലത്തേയ്ക്ക് പോവാനും പാഠ്യേതര വിഷയങ്ങൾക്കപ്പുറമുള്ള ഭാഷയുടെ സീമകൾ തേടുവാനും എന്തൊരു ഉത്സാഹമായിരുന്നു! ഇല്ലത്ത് നിന്നും തിരിച്ചു വിളിച്ചുകൊണ്ട് വരാൻ തറവാട്ടിലെ കാര്യസ്ഥനായിരുന്ന ശ്രീധരൻ നായർ വരുമ്പോൾ സത്യത്തിൽ ദേഷ്യമായിരുന്നു മനസ്സിൽ തോന്നിയിരുന്നത്.
വർഷങ്ങൾ കടന്നു പോയി. കാലത്തിന്റെ പഴക്കത്തിൽ ഗുരുശിഷ്യബന്ധത്തിൻറെ നാരായവേരിന് ആഴമേറി. അച്ചുതൻമാഷ് കുട്ടന് അച്ചുമ്മാവനായി മാറി. ഉയർന്ന ക്ലാസിലായതോടെ കുട്ടനു സൈക്കിൾ സഞ്ചാരവാഹനമായി കിട്ടി. കുട്ടന്റെ അവധിദിവസങ്ങൾ ഒഴികേയുള്ള സന്ധ്യാവന്ദനവും, വാരാന്ത്യത്തിലെ മദ്ധ്യാഹ്നവേളയും അച്ചുമ്മാവന്റെ ഇല്ലത്തായി.
എൻറെ ഗുരുവും, കളിക്കൂട്ടുകാരനും, മൂത്ത ജേഷ്ഠനും ഒക്കെ ആയിരുന്ന അച്ചുമ്മാവൻറെ പല ഉപദേശങ്ങളും ഇപ്പോഴും മനോമുകുരത്തിൽ തെളിയാറുണ്ട്.
“എഴുതാൻ അക്ഷരം പഠിച്ചാൽ മതി. എന്നാൽ എഴുതുന്നത് ഒരു രചനയായി അംഗീകരിക്കപ്പെട്ട് മറ്റുള്ളവർ ആസ്വദിക്കണമെങ്കിൽ രചയിതാവ് രചനകളിൽ കൂടി ജീവിക്കണം.”
“വായിക്കുന്നവർക്ക് ആസ്വാദനമുണ്ടാകണമെങ്കിൽ ഒരു രചന തൂണ്ടുകൾ കൂട്ടിച്ചേർത്ത് തുന്നിക്കൂട്ടിയ ഒരു സഞ്ചിയാവരുത്. മറിച്ച്, തേജസ്വിയായ രചയിതാവിന്റെ ചിന്തകൾ അവന്റെ ഹൃദയസ്പന്ദനങ്ങളോടൊപ്പം ധാരയായി വമിക്കും. അതൊരരുവിയായി മാറും. ഗർജ്ജനമില്ലാത്ത, ഇളം തെന്നലിൻറെ താളത്തിനൊത്ത് ഓളങ്ങളേകുന്ന പൂന്തേനരുവി പോലെ. അതാണ് രചന!”
“ഒരു രചയിതാവ്, മനസ്സിന് വ്യായാമം കൊടുക്കുക്കേണ്ടത് ഗായകൻ ഗാനാലാപത്തിന് മുൻപ് കണ്ഠശുദ്ധി വരുത്തുന്ന തുല്യതയോടെയാണ്.”
“കമ്പോളകോലാഹലങ്ങൾക്കിടയിൽ തട്ടിക്കൂട്ടുന്ന എഴുത്തുകൾക്ക് രചനയെന്നല്ലാ, മറിച്ച് കലപില സാഹിത്യമെന്നാണ് പറയേണ്ടത്. രചനകളുടെ ഉറവിടം കമ്പോളമല്ല തക്ഷശിലകളാണ്.”
“ഒരു രചയിതാവിനെ ശരിയായി വിലയിരുത്തണമെങ്കിൽ ആദ്യരചനയല്ല ശസ്ത്രക്രിയ ചെയ്യേണ്ടത്. മറിച്ചു രണ്ടാമത്തെ രചനയായിരിക്കണം. സ്വതസിദ്ധമായ ഒരുവന്റെ കഴിവു അതിലുണ്ടാവും. ആദ്യരചന മറ്റുപല രാസവസ്തുക്കളുടെ സമ്മിശ്രമാകാം. എന്നാൽ രണ്ടാമത്തെ പ്രയത്നത്തിൽ അതിന്റെ അളവു കുറയും”
എത്ര ആഴമേറിയ ചിന്താഗതികൾ!
അച്ചുമ്മാവൻറെ ഇല്ലത്തിൻറേയും മുഖഛായകളിലും വ്യതിയാനങ്ങൾ പലതായി. അച്ചുമ്മാവന്റെ ഒരേയൊരു മരുമകൾ, രാജി സ്വന്തം അമ്മാവന്റെ മകൻ സേതുവുമായി പ്രണയിച്ച് വിവാഹിതയായി.
രാജിയോപ്പോളും, സേതുവേട്ടനും ഒന്നരമണിക്കൂർ ബസ്സ് യാത്രയുള്ള ദൂരത്തായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാലും കല്ല്യാണം കഴിക്കാത്ത അച്ചുമ്മാവൻ ഇല്ലത്ത് തനിച്ചാകുമല്ലോ എന്നു കരുതി, എന്നും ഇല്ലത്ത് നിന്നും പോയിവരികയായിരുന്നു. എന്നും വൈകുന്നേരം എട്ടുമണിയാവുമ്പോൾ കവലയിലെത്തുന്ന ബസ്സിൽ അവരുണ്ടാവും. രാജിയോപ്പോൾ വന്ന്, ഉണ്ടാക്കിത്തരുന്ന കാപ്പി കുടിച്ചിട്ടേ പഠനമവസാനിപ്പിക്കാവു എന്നത് ഒരു നിബന്ധന കൂടിയായിരുന്നു. ആ കാപ്പിയുടെ മധുരം നുകരാതെ പോവാൻ ഞാനും തയ്യാറല്ലായിരുന്നെന്നതും സത്യമായിരുന്നില്ലേ? കൂടാതെ കാപ്പികുടി സമയത്ത് സേതുവേട്ടനും ഞങ്ങളുടെ കൂട്ടത്തിൽ പദ്യപാരായണത്തിനും, സാഹിത്യ വിജ്ഞാപനത്തിനും കൂടും. ചിലപ്പോൾ വാദങ്ങൾ രസികത്വം കലർന്ന വാഗ്വാദങ്ങളിൽ കലാശിക്കും. അപ്പോൾ രാജിയോപ്പോൾ വന്ന് അന്നത്തെ പഠിത്തവും മതിയാക്കിപ്പിക്കും!
ഇല്ലത്തെ പഠനമുറി കാലക്രമേണ ഒരു “ചെറിയ വായനശാല”യായി. പഴയപുസ്തകങ്ങൾ അച്ചുമ്മാവൻ പൊടിതട്ടിക്കളഞ്ഞ് വൃത്തിയാക്കി. സേതുവേട്ടനും കാണുന്ന പുസ്തകങ്ങളുടെ നല്ലൊരംശം വാങ്ങികൂട്ടി. വാരാന്ത്യത്തിൽ അച്ചുമ്മാവൻ വീട്ടിലില്ലെങ്കിലും ഞാൻ വെറുതെ ആ “വായനശാലയിൽ” സമയം ചിലവഴിച്ചിരുന്നു. പിന്നീടുള്ള ജീവിതത്തിൻറെ നല്ലൊരു “സത്ത” ആ മുറിയുടെ ഉള്ളടക്കത്തിൽ നിന്നായിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല.
അച്ചുമ്മാവൻറെ ഇല്ലത്തിന്റെ മുഖഛായ പാടെ മാറ്റിക്കുറിച്ച ആ സംഭവം ആയിടയ്ക്കാണ് ഉണ്ടായത്. രാജിയോപ്പോൾ ഒരമ്മയായി! ആ ഇല്ലത്തിന്റെ മൂകത എന്നെന്നേക്കുമായി മാറിയതായി തോന്നി. ഒരു ഉണ്ണിക്കാൽ കണ്ട അച്ചുമ്മാവൻ സന്തോഷത്തിൽ ആറാടി. ആ ഇല്ലത്തിൻറെ “ശ്രീ”യായി പിറന്ന അവൾക്ക് “ശ്രീജ” എന്ന് പേരിട്ടു. എനിക്കവൾ “ശ്രീകുട്ടി”യായി. എൻറെ വിളി അവർക്കെല്ലം ഇഷ്ടമായതിനാൽ അവൾ എല്ലാവരുടേയും ശ്രീകുട്ടിയായി മാറി. എല്ലാവരുടേയും അരുമയായി അവൾ നിലം കാണാതെ വളർന്നു. പകൽസയമം ശ്രീക്കുട്ടി, അയൽവക്കത്ത് തന്നെയായിരുന്ന “അച്ഛമ്മ”യുടെ കൂടെ സമയം കഴിച്ചു കൂട്ടും. വൈകുന്നേരം അച്ചുമ്മാവൻ വരുമ്പോൾ ശ്രീക്കുട്ടിയേയും കൂട്ടി വരും ഇല്ലത്തേയ്ക്ക്.
ഞാൻ വരുന്നതും നോക്കി അവൾ പടിപ്പുരയിൽ തന്നെ കാത്തിരിക്കുമായിരുന്നു. അരമണിക്കൂറിനിടെ പലയാവർത്തി “കുട്ടേട്ടൻ വരാറായില്ലേ” എന്ന് അച്ചുമ്മാവനോട് അവൾ തിരക്കും. ഞാൻ പടിപ്പുരയിൽ എത്തിയാൽ അവിടെ നിന്നും ഉമ്മറം വരെ അവളെ സൈക്കിളിൽ കൊണ്ട് വരണമെന്നത് പിടിവാശിയാണ്. അതുപോലെ, കുട്ടേട്ടൻറെ ആദ്യത്തെ അരമണിക്കൂർ അവൾക്കുള്ളതാണ്. കണ്ണാരം പൊത്തി കിന്നാരം ചൂടിച്ചൂടി അവൾ തുള്ളിച്ചാടി കുട്ടേട്ടന്റെ ചുറ്റിനും കൈകളിൽ തൂങ്ങി അവളുണ്ടാവും. കുളിപ്പിക്കാൻ സേതുവേട്ടന്റെ അമ്മ വന്നുവിളിച്ചാലെ മടിച്ചു മടിച്ചാണെങ്കിലും അവൾ വിട്ടുമാറു. കുട്ടേട്ടന്റെ സ്വന്തം അനിയത്തിക്കുട്ടിയായി മാറി അവൾ.
അവളുടെ കിന്നാരം കലർന്ന കാതിന് കുളുർമ്മയേറുന്ന മണിനാദം കേൾക്കാൻ എല്ലാവരും ചോദ്യങ്ങൾ ഉണ്ടാക്കി ചോദിക്കുമായിരുന്നു. മുത്തശ്ശൻറെ ശിക്ഷണം ചെറുപ്പത്തിലെ കിട്ടിയതാവാം കാരണം, അവളുടെ വർത്തമാനം ഒരു പ്രത്യേക രീതിയിലായിരുന്നു. കുട്ടിക്കളികളോടൊപ്പം അവളറിഞ്ഞിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കാണാൻ ഞാൻ പലപ്പോഴും വിഷമിച്ചിട്ടുണ്ട്.
ഞാൻ അന്നു കുത്തിക്കുറിച്ചു കളയാറുള്ള കടലാസ്സുതുണ്ടുകൾ അവൾ ശേഖരിക്കും. കടലാസിന്റെ ഒരുപുറം എഴുതാനേ കുട്ടേട്ടന് അനുവാദമുള്ളു. മറുഭാഗം ശ്രീക്കുട്ടിക്ക് അവകാശപ്പെട്ടതാണ്. അവളുടെ ചിത്രരചന, ഗണിതശാസ്ത്രം, അക്ഷരമാല എന്നിവയുടെ കളമെഴുത്ത് കുട്ടേട്ടൻറെ തുണ്ടുകടലാസുകളിലെ എഴുതാപ്പുറത്തായിരുന്നു.
അച്ചുമ്മാവനില്ലെങ്കിൽ ഒരായിരം ചോദ്യങ്ങളുമായി ശ്രീക്കുട്ടി എൻറെയടുത്ത് എത്തുമായിരുന്നു. ഇല്ലത്ത് നിന്ന് നോക്കിയാൽ കിളിയാമ്പാറ മലപ്രദേശം കാണാം. മാനത്ത് ആ കുഞ്ഞിക്കൈ വിരലുകൾ കൊണ്ട് ദൂരെ കാണുന്ന മാമലകളുടെ ചിത്രം വരച്ചിട്ട് അവൾ ചോദിക്കും, “കുട്ടേട്ടാ, ശ്രീക്കുട്ടി പേപ്പറിൽ വരച്ചാൽ തെളിയും പോലെ ഈ മാനത്ത് വരച്ചാൽ എന്താ തെളിയാത്തേ?”
അവളുടെ കുരുന്നുഹൃദയത്തിൽ ഒളിയിരുന്നിരുന്ന ഭാവനകൾ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തുമായിരുന്നു. അവളിൽ നിന്നും ഉതിരുന്ന ചോദ്യങ്ങൾക്ക് വിശദീകരണങ്ങൾ കടലാസിൽ പകർത്തുമ്പോൾ അവളിൽ ഒരാദരവായിരുന്നു എന്നിൽ അങ്കുരിച്ചിരുന്നത്.
കുളത്തിലെ ഓളങ്ങളിലും, മഴത്തുള്ളികളിലെ നുരകളിലും, തൊട്ടാൽ വാടുന്ന തൊട്ടാവാടിയിലും, സന്ധ്യാസമയം മാനത്തുദിക്കുന്ന പൂർണ്ണചന്ദ്രനിലും എന്നുവേണ്ടാ നമ്മൾ ചിന്തിക്കാത്ത പലതിലും അവളുടെ മനം തുടുത്തിരുന്നു. ഒന്നിൽ തുടങ്ങിയാൽ നീണ്ടുനീണ്ട് പോകുന്ന അവളുടെ ചോദ്യാവലികൾ. “വായാടിയായ വാനമ്പാടിയുടെ” നാവടയ്ക്കാൻ ഞാൻ പലപ്പോഴും പ്രയാസപ്പെട്ടിരുന്നു.
“എനിക്കറിയില്ലല്ലോ എന്റെ ശ്രീക്കുട്ടിയേ” ആ മറുപടിയിൽ കൂടിയായിരുന്നു ഞാൻ പലപ്പോഴും രക്ഷപ്പെട്ടിരുന്നത്.
എന്നാലും അവൾ വിടില്ല. “അയ്യേ ഈ കുട്ടേട്ടൻ തോറ്റേ. ശ്രീക്കുട്ടി കുട്ടേട്ടനെ തൊപ്പിയിടീച്ചേ”
അവൾ വിജശ്രീലാളിതയായ് തുള്ളിച്ചാടുമായിരുന്നു.
അവൾ ഒരു ദിവസം ഇല്ലത്തെ “വായനശാല”യിൽ ഇരിക്കുകയായിരുന്ന എന്റെ അടുത്തു കൂടി.
“അതേ എനിക്കൊരു സംശയം. ഇന്നാള് കുട്ടേട്ടൻ എഴുതിയ ഒരു കഥയില് വായിച്ചു, നമ്മുടെ ചിന്തകള് ഓളങ്ങൾ പോലെയാന്ന്. അതു ശരിയാണോ കുട്ടേട്ടാ?”
“അതേ, ശ്രീക്കുട്ടീ, നീ പറഞ്ഞത് ശരിയാ. നീ കണ്ടിട്ടില്ലേ കുളത്തിലേക്ക് നോക്കി ശ്രീക്കുട്ടീടെ മുഖം കാണുമ്പോൾ ഒരു കുഞ്ഞിക്കല്ലെടുത്ത് അതിലേക്കിട്ടാൽ കുട്ടീടെ പല മുഖങ്ങള് പല ഓളങ്ങളിൽ കാണുന്നത്? ആ ഓരോ മുഖങ്ങളും നിന്റെ തലയിലുള്ള ഓരോ ചിന്തകളാ”
അവൾക്ക് ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ പറഞ്ഞില്ലെങ്കിൽ സമ്മതിച്ചു തരില്ലെന്ന് അറിയാമായിരുന്നു. ഭാഗ്യം! ഇക്കുറി അവൾ തലയാട്ടി അത് ശരിവെയ്ച്ചു. എന്നിട്ടും അവൾ വിടുന്ന മട്ടില്ല.
“അതേ ഈ കുതിരകള് കുറേ ഓടിക്കഴിഞ്ഞ് ക്ഷീണിക്കുമ്പോൾ നുരയും പതയും വരുത്താറില്ലേ? അതുപോലെ അങ്ങു ദൂരെ മുകളീന്ന് വീഴുന്ന മഴത്തുള്ളിക്ക് ക്ഷീണം വന്നിട്ടാ, മുറ്റത്ത് വീഴുമ്പോ പത വരുത്തണേ?”
“എൻറീശ്വരാ, ഞാനിതിനെന്തു സമാധാനം പറയും” മനസ്സിൽ തന്നത്താൻ പറഞ്ഞു. ഒന്നും പറായാതെ അറിയില്ലെന്ന് ചുണ്ട് മലർത്തി. തോൽവി സമ്മതിച്ച് നോക്കി.
അവൾക്ക് ദേഷ്യം വന്നുവെന്ന് തോന്നുന്നു. എൻറെ ചെവിയിൽ നല്ലൊരു നുള്ളൽ! ഭാഗ്യത്തിന് ഓപ്പോൾ അവളെ ചോറുണ്ണാൻ വിളിച്ചതുകൊണ്ട് തൽക്കാലം അവളിൽ നിന്നും തടിതപ്പി.
അങ്ങിനെ സന്തോഷത്തിൻറെ പൂത്തിരിയും കത്തിച്ച് ആ ഇല്ലത്തെ മുഴുവൻ ആനന്ദത്തിൽ ആറാടിച്ചിരുന്ന സമയത്താണ് എല്ലാവരേയും ഞെട്ടിപ്പിച്ച ആ വാർത്ത ആഞ്ഞടിച്ചത്. കുറച്ച് നാളുകൾ കൊണ്ട് എല്ലാവരും ശ്രദ്ധിക്കുകയായിരുന്നു ശ്രീക്കുട്ടിയിലെ ഒരു ചെറിയ മാറ്റം. കുറച്ചു കളിക്കുമ്പോഴേക്കും അവൾ തളരുന്നു. കൂടുതൽ സംസാരിച്ചാൽ അവൾ കിതയ്ക്കുന്നു. ആദ്യമൊന്നും കാര്യമാക്കിയില്ല. പക്ഷെ പലരും അത് ആസ്മയുടെ ആരംഭമാണോ എന്ന് സംശയിച്ചു. വൈദ്യന്റെ അഭിപ്രായം അറിയാൻ ഇല്ലത്തെ സകലർക്കും ധൃതിയായി. അടുത്തുള്ള ഏറ്റവും നല്ല ഡോക്ടറെ തന്നെ കാട്ടി. വിശദമായ പരിശോധന നടത്തി. ഡോക്ടർക്ക് ചില സംശയങ്ങൾ. അദ്ദേഹം മറ്റുപലരുമായി ആലോചിച്ചു. അവളെ കൂടുതൽ പരിശോധനകൾക്ക് വിധേയയാക്കാൻ തീരുമാനിച്ചു. നടക്കുന്നതൊന്നും അറിയാതെ ശ്രീക്കുട്ടി പരിഭ്രമിച്ചു.
“ഈ പ്രായത്തിൽ എല്ലാ കുട്ടികളേയും ഇത്തരത്തിൽ പരിശോധിക്കും” മറ്റെന്തു പറഞ്ഞ് അവളെ സമാധനിപ്പിക്കും?
ആഴ്ചകൾ രണ്ട് കഴിഞ്ഞു. സേതുവേട്ടനേയും അച്ചുമ്മാവനേയും ഡോക്ടർ വിളിപ്പിച്ചു. ഫലമറിയാൻ കഴിച്ചുകൂട്ടിയ കാളരാത്രികൾ ഒന്നൊരുമിച്ച് കരിംഭൂതമായി അവരെ തുറിച്ചു നോക്കി. കേൾക്കാൻ ആഗ്രഹിക്കാത്ത ആ വാർത്ത അവർക്ക് കേൾക്കേണ്ടി വന്നു. അച്ചുമ്മാവനിൽ നിന്നുമാണ് ഞാൻ അറിഞ്ഞത്. അറിഞ്ഞപ്പോൾ തരിച്ച് നിന്നു പോയി?
“കുട്ടനോട് മറയ്ക്കാൻ കഴിയുന്നില്ല. ഒരൽപ്പം ആശ്വാസം കണ്ടെത്താൻ പറയുകയാണ്. ശ്രീകുട്ടി യുടെ ഹൃദയത്തിനാണ് തകരാറു. ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ല. കാരണങ്ങൾ പലതാണെന്നാണ് അവർ പറഞ്ഞത്. ഒരു മാസത്തിനുള്ളിൽ ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും. അവളുടെ മനസ്സ് വിഷമിപ്പിക്കരുതെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. കരയുമ്പോൾ കൂടുതൽ ആയാസമനുഭവപ്പെടും. ശ്വാസം കിട്ടാൻ പ്രയാസം നേരിടാം. കഴിയുന്നതും സൂക്ഷിക്കണം. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾ കുട്ടനാണ്. അപ്പോൾ കുട്ടന്റെ പ്രാർത്ഥന ഈശ്വരൻ കേൾക്കും. കുട്ടൻ പ്രാർത്ഥിക്കണം. നമ്മളെക്കൊണ്ട് കഴിവതു ചെയ്ചാം. ബാക്കി എല്ലാം ഈശ്വര നിശ്ചയം. അല്ലാണ്ട് ഞാൻ എന്തു പറയാൻ?” അച്ചുമ്മാവൻ പലതും എന്നോട് മറച്ചു പിടിക്കുന്ന തായി എനിക്ക് തോന്നി. കാരണം പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നനയുന്നതും ആ ചുണ്ടുകൾ വിറയൽ കൊള്ളുന്നതും അന്നാദ്യമായി ഞാൻ കാണാനിടയായി.
ഞാൻ ആദ്യമായി അഭിനയിക്കാൻ പഠിച്ചത് അന്നുമുതലായിരുന്നു എന്ന് തോന്നുന്നു. അവളെ നേരിൽ കാണുമ്പോൾ മനസ്സിൽ തിങ്ങി നിന്ന ആ വെമ്പൽ. പൂത്തുനിന്നു മന്ദഹസിക്കുന്ന പൂമുല്ല അറിയുന്നുണ്ടോ പടർന്നു പന്തലിച്ച വള്ളിയുടെ കാതലിൽ വെട്ടേറ്റിരിക്കുന്നത്? ശ്രീകുട്ടിയെ കാണുമ്പോൾ, കിന്നാരം കേൾക്കുമ്പോൾ മനസ്സിൽ തീ ആളിക്കത്തുകയായിരുന്നു.
“എന്റെ ശ്രീകുട്ടിയുടെ ഈ കുട്ടിക്കളികൾ ഇനി എത്രനാൾ ഈ ഏട്ടന് അനുഭവിക്കാൻ കഴിയും, മോളേ? നിന്നോടതെനിക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നില്ലല്ലോ എൻറെ പൊന്നനുജത്തി!”
എൻറെ ആധികൾ മനസ്സിലമർത്തി അവളുമൊത്ത് സല്ലപിക്കാൻ ഞാൻ ഏറെ പ്രയാസപ്പെടുകയായിരുന്നു. ഇല്ലത്ത് നിന്നു മടങ്ങുമ്പോൾ ഇരുട്ടിൽ ആരുമറിയാതെ ഞാൻ എന്റെ തേങ്ങൽ പ്രകൃതിയ്ക്കായി ദാനം ചെയ്തു. മനസ്സിന് ഒരാശ്വാസം കിട്ടാൻ അതല്ലാതെ മറ്റെന്തു ചെയ്ചാൻ?
ഒരഴ്ച കഴിഞ്ഞിട്ടുണ്ടാവും. വിശ്വനാഥൻ മാസ്റ്റർ എന്നെ അദ്ദേഹത്തിൻറെ മുറിയിലേക്ക് വിളിപ്പിച്ചു. ഒരു കടലാസ് എന്റെ കൈയ്ചിൽ തന്നു. ബാലസാഹിത്യത്തിൻറെ വിരിമാറു സമ്പന്നവും സജ്ജീവവുമാക്കി മാറ്റിയ കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന സി. എം. എസ് പ്രസ്സിൻറെ ആഭിമുഖ്യത്തിൽ കേരളാടിസ്ഥാനത്തിൽ നടത്താനുദ്ദേശിക്കുന്ന ബാലസാഹിത്യരചനകൾക്കുള്ള സമർപ്പണപത്രമായിരുന്നു എന്റെ കൈയിലേക്ക് നീട്ടിയത്!
“ഇത്?” ഞാൻ സംശയപൂർവ്വം മാസ്റ്ററോട് ചോദിച്ചു.
“അതേ, താൻ ധൈര്യമായി ഇതിൽ പങ്കെടുത്തോളു. എനിക്കുറപ്പുള്ളത് കൊണ്ടല്ലേ തന്നെ വിളിപ്പിച്ചത്?”
ഞാൻ അത്ഭുതത്തോടെ മാസ്റ്ററുടെ മുഖത്തേക്ക് നോക്കി. അന്നുവരെ, തന്റെ ശിഷ്യനെ കുറിച്ചുള്ള മതിപ്പ് ഉള്ളിലടക്കിവെച്ചിരുന്ന മാസ്റ്ററുടെ ആശീർവാദനം ശരീരമാസകലം കോൾമയിർ കൊള്ളിച്ചു.
“തനിക്കറിയില്ല തന്നിൽ നിലകൊള്ളുന്ന അഭിരുചിയുടെ ആഴം. മൂത്തവർ പറയുന്നത് അനുസരിക്കുക. ചെറുപ്രായത്തിൽ അതാ നല്ലതും, എളുപ്പവും. എഴുതിയിട്ട് എൻറെ കൈയ്ചിൽ തന്നാൽ ഞാൻ സ്കൂളിൽ നിന്നും അയച്ചോളാം”. ഇത്രയും പറഞ്ഞിട്ട് മാസ്റ്റർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കയറിപ്പോയി.
“എന്തെഴുതും? ചെറിയ തോതിൽ പലപ്പോഴും പലതിലും പങ്കെടുത്തിട്ടുണ്ടെന്നതിലുപരി ഇന്നു വരെ ഇങ്ങിനെ ഒരു കൊടുമുടി ചവിട്ടേണ്ടി വന്നിട്ടില്ലല്ലോ? ഭാഷ പഠിക്കാൻ ആഗ്രഹിച്ചത് അബദ്ധമായോ? നാണക്കേടായാൽ മാസ്റ്ററുടെ അവജ്ഞ സമ്പാദിക്കണം, അമ്മയുടെ വഴക്ക്, അച്ചുമ്മാവൻറെ നിരാശ, ശ്രീക്കുട്ടിയുടെ കളിയാക്കൽ……..” ആലോചിക്കുന്തോറും കണ്ണിൽ ഇരുട്ട് കയറുകയായിരുന്നു. കണ്ണൊന്ന് മുറുക്കി അടച്ചു. അപ്പോൾ……
“എന്തിനാ എന്റെ കുട്ടൻ അധൈര്യപ്പെടുന്നത്. ഞാനില്ലേ കുട്ടനിൽ?” മുത്തശ്ശൻ, എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു എന്നോട് പറയുന്നു!
വീട്ടിലെത്തി. ആരോടും പറയാൻ മനസ്സ് വരുന്നില്ല. കൊട്ടിഘോഷിച്ചിട്ട് സദ്യക്കിരിക്കുമ്പോൾ എച്ചിലിലയായാൽ! “വേണ്ടാ, ആരോടും പറയണ്ടാ. അച്ചുമ്മാവനോട് പോലും. എന്തെങ്കിലും കുത്തിക്കുറിച്ച് കൊടുക്കാം. ഒന്നും കിട്ടിയില്ലെങ്കിലും സ്കൂളിലെ പരിഹാസം കേട്ടാൽ മതിയല്ലോ?”
രണ്ട് ദിവസം ഇല്ലത്തേക്ക് പോയതേ ഇല്ല. അറിയാതെ വായിൽ നിന്നും വല്ലതും വീണാലോ എന്ന ഭീതിയോ അതോ ആരും കാണാതെ കോലായിൽ ഇരുന്നു എന്തെങ്കിലും കുത്തിക്കുറിച്ച് മാസ്റ്റരുടെ കൈയിൽ കൊടുക്കാനുള്ള ധൃതിയോ?
എവിടെ എന്തു തുടങ്ങണം എന്നറിയാതെ കടലാസ് ശൂന്യമായി മുൻപിലിരുന്നു. മുന്നിലിരുന്ന പേപ്പറിൽ തല ചാഞ്ഞത് അറിഞ്ഞില്ല.
“അല്ലാ, ഇതാപ്പോ നല്ല കേമായേ. ഇന്ന് ഇല്ലത്തേക്കില്ല്യാന്നു കണ്ടപ്പോ പഠിക്കാണ്ടാവുംന്നാ കരുതീത്. എന്നിട്ട്! സന്ധ്യ കഴിഞ്ഞില്ല്യാ. അപ്പഴേക്കും ഉറക്കായോ? ശിവ…. ശിവാ….”
മുത്തശ്ശിയാണ്. ഞാൻ എണീക്കുമ്പോൾ വീണ്ടും കേട്ടു മുത്തശ്ശിയിൽ നിന്നും ബാക്കി.
“എന്താ, വീട്ടിലുള്ളപ്പോഴെങ്കിലും ആവാലോ സന്ധ്യക്കുള്ള നാമം ചൊല്ലലു്? അല്ലാ, അതും വേണ്ടാച്ച്യോ. ആ ‘ശ്രീകുട്ടീടെ കുട്ടിത്തരങ്ങളു്” കണ്ടിട്ടാവും ഇങ്ങനെ ഇള്ളക്കുട്ടിയെ പോലെ”.
എന്താ മുത്തശ്ശി പറഞ്ഞത്? അതേ! അതു തന്നെ ഞാനെഴുതും. എന്റെ ശ്രീകുട്ടിയെ പറ്റി തന്നെ എഴുതാം. പിന്നെ മടിച്ചില്ല. കടലാസിൽ തലക്കെട്ടെഴുതി, “എന്റെ ശ്രീക്കുട്ടി”.
അന്നും പിറ്റേ ദിവസവും എഴുതി നിർത്തിയപ്പോഴാണ് തോന്നിയത്, “ഇത്ര നീളം വേണ്ടിയിരുന്നോ? എന്റെ ശ്രീകുട്ടി ഇത്രയധികം എന്നിൽ ഉണ്ടായിരുന്നെന്ന് അപ്പോഴാണ് അറിഞ്ഞത്”.
പിറ്റേ ദിവസം വിശ്വനാഥൻ മാസ്റ്ററുടെ കൈയ്ചിൽ എഴുതിയ ഭാരം ഏൽപ്പിച്ചു. അപ്പോൾ കൂടുതലൊന്നും തോന്നിയില്ല. “ഒരു ഭാരം ഒഴിഞ്ഞുവല്ലോ” അത്രയേ തോന്നിയുള്ളു.
“ഒരു ഫോട്ടോ കൂടി അയക്കണമെന്നാണ് സ്വീകാര്യപത്രത്തിലുള്ളത്. സാരമില്ല. ഉച്ചയൂണു കഴിഞ്ഞു താൻ എന്റെ ഒപ്പം വരിക. നാൽക്കവലയിൽ നിന്നും ഞാനെടുപ്പിച്ചോളാം”.
ഞാൻ മനസ്സിൽ പറഞ്ഞു, “എൻറീശ്വരാ ഈ മാസ്റ്റർക്കന്തെിൻറെ സൂഖക്കേടാ. തീർന്നില്ലേ ഈ പൊല്ലാപ്പ്?”
ഒരു മാസത്തോളം കഴിഞ്ഞിട്ടുണ്ടാവും. രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുകയായിരുന്നു. അതാ അച്ചുമ്മാവൻ ശരം വിട്ടപോലെ വീട്ടിലേക്ക് വരുന്നു. കൈയിൽ എന്തോ ഉണ്ട്. മുകളിലത്തെ മുറിയിലായിരുന്ന ഞാൻ ആ വിളി പടിക്കൽ നിന്നേ കേട്ടു. “കുട്ടാ…… അമ്മേ….. എവിടെപ്പോയി എല്ലാരും”
എൻറെ മനസ്സിൽ ആധി കൊണ്ടു. “ശ്രീകുട്ടിക്ക് വല്ലതും……….!” ഞാൻ കോണിപ്പടികൾ ഇറങ്ങി.
എന്നെ കണ്ടപാടെ അച്ചുമ്മാവൻ ഓടി അടുത്ത് വന്നു. കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ തന്നു.
“സന്തോഷായി, അച്ചുമ്മാവന്! ഞാൻ പറഞ്ഞില്ലേ എൻറെ കുട്ടനെ ലോകമറിയുമെന്ന്? എന്നാലും അച്ചുമ്മാവനോട് ഒരു വാക്ക് പറയാമായിരുന്നു.”
കാഴ്ചയിലുണ്ടായിരുന്ന മനോരമ പേപ്പർ എൻറെ നേർക്ക് നീട്ടി. ഞാൻ അന്ധാളിച്ചു പോയി.
എൻറെ ഫോട്ടോ! അടിയിൽ ഒരു കുറിപ്പും “ബാലതിലകം അവാർഡ്……” അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി. അച്ചുമ്മാവന്റെ കാലുകൾ തൊട്ടു തൊഴാൻ കുനിഞ്ഞ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചു. ആ കണ്ണുകളിലെ ചാരിതാർഥ്യം ഞാൻ കണ്ടു. എന്റെ മനസ്സിൽ നിറയെ ശ്രീകുട്ടിയായിരുന്നു. ഞാൻ എന്നോടായി പറഞ്ഞു.
“ഇതവൾക്കുള്ളതാണ്. ഇതവളുടെ കഥയാണ്….”
“മുത്തശ്ശി എവിടെ?” അച്ചുമ്മാവൻ തിരക്കി
“അമ്പലത്തിൽ നിന്നും തിരിച്ചെത്തിയിട്ടില്ല” മറുപടി പറഞ്ഞത് കാര്യസ്ഥനായിരുന്നു.
“കുട്ടൻറമ്മ മറ്റന്നാൾ ‘ടൂർ” കഴിഞ്ഞു വരട്ടെ. നമുക്ക് ശരിക്കും ആഘോഷിക്കണം”.
അച്ചുമ്മാവൻ കാര്യസ്ഥനോടായി പറഞ്ഞു. കാര്യമറിയാതെ ശ്രീധരൻ നായർ മിഴിച്ച് നിന്നു.
സ്കൂളിലെത്തിയപ്പോഴേക്കും അവിടെയെല്ലാം സംഗതി പാട്ടായിരുന്നു. പിന്നെ എന്തുണ്ടായെന്ന് പറയേണ്ടല്ലോ? ഒരുവിധത്തിൽ രക്ഷപ്പെട്ട് വിശ്വനാഥൻ മാസ്റ്ററുടെ മുറിയിലേക്ക് ചെന്നു.
“ഇപ്പോൾ മനസ്സിലായോ, തന്റെ ഉള്ളിൽ ഒളിയിരിക്കുന്ന കഴിവ്?” മാസ്റ്റരുടെ മുൻപിൽ കൈകൾ കൂപ്പാനേ കഴിഞ്ഞുള്ളു.
അന്ന് ക്ലാസിൽ ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. വൈകുന്നേരമാകാനും, ഇല്ലത്ത് ചെന്ന് എന്റെ ശ്രീകുട്ടിക്ക് ഏട്ടനു കിട്ടിയ ഉപഹാരം സമർപ്പിക്കാനും മനസ്സ് തുടിക്കുകയായിരുന്നു. വീട്ടിലെത്തി കാപ്പി മോന്തിക്കുടിച്ച് സന്ധ്യയ്ക്ക് മുൻപു തന്നെ ഇല്ലത്തേയ്ക്ക് കുതിക്കുമ്പോൾ പിന്നിൽ നിന്നും കാര്യസ്ഥൻറെ ശബ്ദം.
“കുട്ടാ… എങ്ങോട്ടാ? ഇല്ലത്തേയ്ക്കാണോ? അവിടെ ആരും ഉണ്ടെന്നു തോന്നുന്നില്ലാട്ടോ”.
അതെന്താ ഇന്നങ്ങിനെ, എന്ന് ചോദിക്കാൻ പോലും നിന്നില്ല. ആവുന്നത്ര വേഗത്തിൽ സൈക്കിൾ ചവിട്ടി. പടിപ്പുരയിൽ ശ്രീകുട്ടിയെ കണ്ടില്ല. സമയം ആകാഞ്ഞിട്ടാവുമെന്ന് കരുതി. മുറ്റത്തെത്തിയപ്പോൾ കണ്ടു, അകത്തളത്തിലേക്കുള്ള വാതിൽ അടഞ്ഞു കിടക്കുന്നു! അടുക്കള ഭാഗത്തെത്തിയപ്പോൾ അവിടേയും ആരുമില്ല. പകൽ, സേതുവേട്ടൻറെ അമ്മ ഉണ്ടാവാറുണ്ടല്ലോ? എവിടെ എല്ലാവരും? ഇനിയിപ്പോൾ നാലുവീടിനപ്പുറമുള്ള സേതുവേട്ടൻറെ വീട്ടിലേക്കു തന്നെ പോകാമെന്നു കരുതി. അവളെ അവിടെ വെച്ചുതന്നെ പിടി കൂടാം.
“കമലമ്മായി……” ഞാൻ മുറ്റത്ത് നിന്നു തന്നെ വിളിച്ചു. അമ്മായി വിളക്ക് തുടച്ചുകൊണ്ട് ഉമ്മറ ത്തേക്ക് വന്നു.
“ഇല്ലത്ത് ആരേയും കാണാനില്ലല്ലോ? ശ്രീകുട്ടി എവിടെ? ഒരു വിശേഷമുണ്ട്….” ഞാൻ പറഞ്ഞ് തീരും മുൻപ് സേതുവേട്ടൻറെ അമ്മയുടെ വിഷാദം കലർന്ന മുഖഭാവം ശ്രദ്ധിച്ചു.
“അപ്പോ കുട്ടൻ അറിഞ്ഞില്ല്യാ? ശ്രീകുട്ടിക്ക് ഇന്നുച്ചയ്ക്ക് ഇത്തിരി വെഷമം അധികായി. മിറ്റത്ത് കളിക്ക്യാർന്നു. കാലു തെറ്റിവീണിത്തിരി പൊട്ടി. കരച്ചിലായി. ശ്വാസം മുട്ടലും കൂടി. അപ്പൊ തന്നെ അച്ചുതനെ വിളിപ്പിച്ചു. ആശുപത്രീലക്ക് കൊണ്ടോയി. കുറച്ചു മുമ്പ് സേതു വന്നിരുന്നു.
ഇത്തിരി കലശലായത്രെ. ഓപ്പറേഷൻ ഇനി മാറ്റണ്ടാന്നാത്രെ വൈദ്യൻ പറേണേ. അവരൊക്കെ അവളോടൊപ്പം അവിടെ തന്ന്യാ. എന്താ വിശേഷം ഇണ്ടെന്ന് കുട്ടൻ പറഞ്ഞേ”.
“ഒന്നും ഇല്ല്യാ അമ്മായി”. വിളക്ക് കത്തിക്കാൻ ഒരുമ്പെടുന്ന അമ്മായിയോടായി ഞൻ പറഞ്ഞു. നിന്നിരുന്ന ഭൂമി താണുപോകും പോലെ തോന്നി. ഞാൻ മരവിച്ചു നിന്നു. വീഴാതിരിക്കാൻ
ഉമ്മറത്തൂണിൽ ചാരി.
“എൻറെ ശ്രീകുട്ടീ. നിന്റെ ഏട്ടൻ നിനക്കായി കൊണ്ടുവന്ന ഈ സമ്മാനം വാങ്ങാണ്ട് നീ പോയോ? ഇല്ല, എന്റെ ശ്രീകുട്ടിക്ക് ഒന്നും പറ്റില്ല്യാ. നീ വരും. ജന്മാന്തരങ്ങളായുള്ള, മന്വന്തരങ്ങളുടെ കടപ്പാടുകളാണ് നിന്റെ ജന്മം. അത് ഈ കുട്ടേട്ടൻ അറിയാൻ തുടങ്ങിയിട്ടേ ഉള്ളു എൻറെ കുഞ്ഞനുജത്തീ. നിൻറെ ആ മുഖം ഏട്ടന് മറ്റൊരാളിൽ കാണാൻ പറ്റുമോ എന്റെ മോളേ?”
“ദീപം…….ദീപം…….ദീപം” അമ്മായി വിളക്കുമായി വന്നു.
അന്നുവരെ പ്രാർത്ഥിക്കും സമയം തുറക്കാൻ മറന്ന എന്റെ മനസ്സ് അവൾക്കുവേണ്ടി അന്ന് തുറന്ന് ഞാൻ കേണു. “എൻറീശ്വരാ….. എന്റെ ശ്രീകുട്ടിയ്ക്ക് ഒന്നും വരുത്തല്ലേ? അവൾ വരും വരെയുള്ള ഈ ഏട്ടൻറെ കാത്തിരുപ്പിന് പടുതിരി കത്തിപ്പിക്കല്ലേ….തെറ്റുകൾ നിറഞ്ഞ എന്നെ നിനക്കിരയാക്കി കൂടേ. അവൾ ഉണ്ണിയല്ലേ? അങ്ങല്ലേ പറഞ്ഞു തന്നിട്ടുള്ളത്, മുഷിഞ്ഞ വസ്ത്രം ഉപേക്ഷിച്ച് ഒരു പുതുവസ്ത്രം അണിയുന്ന അവസ്ഥയാണ് മരണമെന്ന്. അവളുടെ വസ്ത്രത്തിൽ ഇന്നുവരെ അഴുക്കായിട്ടില്ലല്ലോ? കളങ്കമെന്തെന്ന് അവൾക്കറിയില്ലല്ലോ എൻറെ ദൈവമേ. പിന്നെന്തിനീ പരീക്ഷണം….?”. ബാക്കി കണ്ഠത്തിൽ തടഞ്ഞ് നിന്നുപോയി.
അച്ചുമ്മാവൻ പറഞ്ഞമാതിരി കഥയെഴുതിയപ്പോൾ കഥയിൽ ഞാൻ ജീവിക്കുകയായിരുന്നില്ലേ? എന്നിട്ടെന്തിനീ ശിക്ഷ? ഭിത്തിയിൽ എന്നെ നോക്കി പുഞ്ചിരിച്ചിരുന്ന അവളുടെ ഫോട്ടോയുടെ മുൻപിൽ ഉപഹാരപത്രികയുമായി നിന്ന എന്റെ നാവിൻതുമ്പിൽ നിന്നും ഞാനറിയാതെ അടർന്നു വീണു ഈ വരികൾ….
“ഇത്തിരി സുഖവും, ഒത്തിരി ദുഃഖവും നൽകാനായിരുന്നെങ്കിൽ, നീ എന്തിനു വേണ്ടിയാ കൺപീലികൾ തുറന്നു ഈ ഏട്ടനെ മാടിവിളിച്ചണച്ചു ചാരേ?”