എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം അമിത ശ്രദ്ധ നേടുമെന്ന എം. മുകുന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ. മുകുന്ദന്റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നു ഒരു കൂട്ടർ വാദിക്കുമ്പോൾ പറഞ്ഞതിൽ സത്യമുണ്ടെന്നു മറ്റൊരു കൂട്ടർ പറയുന്നു.എന്തായാലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുകുന്ദമയമായി. ഈ വിഷയത്തെ വ്യതസ്തമായ മറ്റൊരു കോണിലൂടെ നിരീക്ഷിക്കുകയാണ് എ.ഹരിശങ്കർ കർത്ത.പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാൻഡൻ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് മുകുന്ദൻ ഇപ്പോൾ നടത്തുന്നതെന്നാണ് ഹരിയുടെ പക്ഷം.ട്രെൻഡുകളെ പറ്റി അഗാധമായൊരു ഉൾക്കാഴ്ചയുള്ള ആളെന്ന നിലയിൽ പ്രവചനം ശരിയായിരിക്കാനും സാധ്യത ഉണ്ടെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം:
യെമ്മുകുന്ദന്റെ ഒരു സവിശേഷത എന്ന് വെച്ചാൽ അയാൾക്ക് ട്രെൻഡുകളെ പറ്റി അഗാധമായൊരു ഉൾക്കാഴ്ചയുണ്ട്. അത് കോൺസ്പിറസി തിയറികളിൽ നിന്നൊ വരണ്ട അക്കാദമിക് ചുറ്റുവട്ടങ്ങളിൽ നിന്നൊ നുള്ളിപെറുക്കിയുണ്ടാവുന്നതല്ല. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന കുറേറ്റർമാർ എഴുത്തുകാർ പബ്ലീഷർമാർ മുതൽ “മുകുന്ദേട്ടന്റെ പുതിയ കഥ വായിച്ചൂട്ടൊ” എന്ന് മെയിലയക്കുന്നവർ വരെയുള്ളവരെ നിരന്തരം അനാലിസിസ് ചെയ്ത് കൊണ്ടാണ് അത് സാധ്യമാകുന്നത്. അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം, ഫ്രഞ്ച് എംബസി പോലെന്തൊ ആണെന്ന് പറഞ്ഞാൽ തന്നെ അതിന്റെ ഒരു സാഹചര്യം മനസിലാക്കാമല്ലൊ.
യെമ്മു ദൽഹി ഒക്കെ എഴുതി വരുമ്പോൾ കേരളത്തിലെ ആ ആധുനികതയൊക്കെ ശുഷ്കമാണ്. ഖസാക്കിന്റെ ഇതിഹാസം എഴുതി തുടങ്ങുന്നത് തന്നെ പുരോഗമനകലാസാഹിത്യത്തിന്റെ പ്രോജക്ടായിട്ടാണ്. അക്കാലത്ത് ഇവരൊക്കെ ദൽഹിയൊക്കെ പോയത് കൊണ്ട് അതിന്റെ പിടിയിൽ നിന്നും രക്ഷപെട്ടു, പുതിയ ട്രെൻഡുകൾ അറിയാൻ സാധിച്ചു. സോഷ്യൽ റിയലിസം കൊടികുത്തി വാഴുന്ന, തകഴിയേം ബഷീർനേം പോലുള്ള ലജൻഡറി ഡിനോസറുകൾ ഉലാത്തുന്ന ഒരു ഭൂമികയിലാണ് യെമ്മുവൊക്കെ വന്നിട്ട് ഹരിദ്വാരത്തിൽ മണി മുഴക്കുകയും ഒക്കെ ചെയ്യുന്നത്. സാഹസികതയാണ്.
സംഗതി ഏറ്റു. ആധുനികത കുറെ ഓടി. പൊലിച്ചത് വിറ്റും തിന്നും കുറെ കഴിഞ്ഞപ്പഴേക്കും ഉത്തരാധുനികതയായ്. കിളി വന്ന് വിളിക്കുക തുടങ്ങിയ പുതിയ ഏർപ്പാടുകൾ അവിടെ തുടങ്ങുന്നു. സോഷ്യൽ മീഡിയാന്നൊക്കെ ഇവിടെ കേൾക്കുന്നേന് മുന്നെ നൃത്തം പോലുള്ള നോവലുകൾ വരുന്നു. പോസ്റ്റ് മസ്ജിദ് കമ്യൂണിസ്റ്റ് നൊസ്റ്റാൾജിയ പോപ്പുലർ ആർട്ടിലേക്ക് വരുന്നേനും മുന്നെ കേശവന്റെ വിലാപങ്ങൾ വരുന്നു. ദളിത് സാഹിത്യത്തിന്റെ ഡിപാർട്ടുമെന്റിൽ പുലയപ്പാട്ട് വരുന്നു. സിറിയ കത്തിക്കയറുന്ന ഒരു ലോകത്ത് നിയൊ ഡയസ്പോറയുടെ സാധ്യതകൾ ആരാഞ്ഞ് കൊണ്ട് പ്രവാസം വരുന്നു. അങ്ങനെയങ്ങനെ… ഋതുഭേദങ്ങൾ തിരിച്ചറിഞ്ഞ് വിത്തെറിയുന്ന ജ്ഞാനിയായൊരു ഒരു കർഷകനെ പോലെയാണ് യെമ്മു എന്ന് ഇതിൽ നിന്നൊക്കെ മനസിലാക്കാവുന്നതെ ഉള്ളൂ.
ഇപ്പോൾ ലലനാമണികൾ ലലനാമണികളായതിനാലാണ് പലപ്പോഴും പുസ്തകം വിറ്റ് പോന്നതെന്നൊരു കാര്യം കേട്ടല്ലൊ. ഇത് വേറൊരു മട്ടിലും പറയാരുന്നു. “മലയാളികളെ പോലൊരു കപട സദാചാര തുണ്ടു കാണി സമൂഹത്തിൽ കൊള്ളാവുന്ന എഴുത്തുകാരികൾ പോലും വിറ്റ് പോകുന്നത് അവരുടെ സെക്സപ്പീലുള്ള ഫോട്ടോഗ്രാഫ്സിന്റെ സഹായത്തോടെയാവുന്നത് തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.” ഇങ്ങനാരുന്നെ ഇത്ര ഇഷ്യു ഇല്ലാരുന്നു.
യെമ്മു പക്ഷേ ഒരു ഡയറക്ട് ഹിറ്റിലേക്ക് പോയിരിക്കയാണ്. അങ്ങനെയാണെങ്കിൽ അതിന്റെ ഒരു സൂചന എന്താന്ന് വെച്ചാൽ പെണ്ണെഴുത്തെന്ന സംഗതി ഔട്ട് ഡേറ്റഡാവുകയാണ്. അതിന്റെ വിസിനസിൽ ഇടിവാണ്. അന്താരാഷ്ട്രതലത്തിൽ ഒരു റൈറ്റ് വിംഗ് ഉയർപ്പ് ഉണ്ടായി വരുന്ന രാഷ്ട്രീയസാഹചര്യത്തിൽ അങ്ങനെയൊരു മാറ്റം ഉണ്ടാവാനുള്ള അവസ്ഥയുണ്ടായാൽ അത് വെറും സ്വാഭാവികം മാത്രമാണ് താനും.
അങ്ങനെയെങ്കിൽ പെണ്ണെഴുത്തെന്ന സിങ്കിംഗ് ഷിപ് അബാൻഡൻ ചെയ്യാനുള്ള ഒരു ആഹ്വാനമാണ് യെമ്മു നടത്തിയിരിക്കുന്നത്. അയാളെ ട്രസ്റ്റ് ചെയ്യാം. വർഷങ്ങളായിട്ടുള്ള തഴക്കമാണ്. തെറ്റാനുള്ള ചാൻസ് അമ്പത് ശതമാനത്തിൽ താഴെ മാത്രമാണ്. പുസ്തകമൊക്കെ വിറ്റ് പോണേ മതി