ഹരി
ഇത് ഹരിയുടെ കഥയല്ല. എന്റെ കഥ. ഹരിയെ തേടിയുള്ള എന്റെ യാത്രകളുടെ കഥ. അതോ ഹരിയായി മാറാനുള്ള എന്റെ ത്വരയുടെ കഥയോ? യാത്രയുടെ ഒടുവിൽ, നഷ്ട്ടപെട്ട അസ്തിത്വത്തിന്റെ വിഭ്രാന്തിയിൽ നിന്നും മുക്തി നേടിയ മനുഷ്യന്റെ കഥ. ഏതുമാവാം, കഥയല്ലേ.
സ്വപ്‌നങ്ങൾ
———-
ഹരിയെ ആദ്യമായി കണ്ടത് ആറാം ക്ലാസ്സിൽ, ഞാനിരിക്കുന്ന ബെഞ്ചിൽ ഒരുദിവസം രാവിലെ അവനെ എന്റെ അടുത്തായി ടീച്ചർ ഇരുത്തിയപ്പോഴാണ്.
ശാരദ ടീച്ചറുടെ മകൻ. രാവിലെ ആറാം ക്ലാസ്സിൽ. ഞാൻ പഠിക്കുന്നതും ആറിലാണല്ലോ. ഉച്ചക്ക് ശേഷം അവൻ ഏഴാം ക്ലാസ്സിൽ. അങ്ങിനെ രണ്ടു ക്ലാസ്സുകളിലായി അവൻ പല പാഠങ്ങളും പഠിച്ചു. ശാരദ ടീച്ചർ എന്നെ പഠിപ്പിക്കുന്നുണ്ടായിരുന്നില്ല. എന്റെ അമ്മ ടീച്ചറല്ല. അത് കൊണ്ട് ഓരോ വർഷവും എനിക്കോരോ ക്ലാസ്സിലും പഠിച്ചു പരീക്ഷയെഴുതി ജയിച്ചാലേ അടുത്ത ക്ലാസ്സിൽ ഇരിക്കാൻ പറ്റുകയുള്ളു. ടീച്ചറുടെ മകനെന്ന നിലയിൽ അവനു പ്രത്യേകം പരിഗണന ഉണ്ടായിരുന്നു. അവൻ എന്നോടൊപ്പം പഠിക്കുന്നതിൽ എനിക്കഭിമാനമായിരുന്നു. ടീച്ചറുടെ മകനല്ലേ!
എല്ലാവരും അവനുമായി കൂട്ടുകൂടാൻ മത്സരിച്ചു. എന്റെ കൂടെ അവനിരിപ്പിടം കിട്ടിയതിൽ പലർക്കും കുശുമ്പായിരുന്നു. ഞാനോ, ഏതോ ഒരു സ്വപ്ന ലോകത്തും.
ഹരി, വെളുത്തു കൊലുന്നനെയുള്ള ഒരു ചെക്കൻ. തുടുത്തു വിടർന്ന കണ്ണുകളാണ് അവനിൽ ആദ്യം എടുത്തു കാണുക. നിറഞ്ഞ പുഞ്ചിരി. എന്റെ അരികിൽ ആദ്യമായി ഇരുന്നപ്പോൾ, എന്നെ നോക്കി ചിരിച്ച ശേഷം ഒന്ന് കൂടി ചേർന്നിരുന്നു. നിറഞ്ഞ മനസ്സോടെ ഞാനവനെ എന്റെ കൂട്ടുകാരനായി സ്വീകരിച്ചു.
അങ്ങിനെ അവൻ എന്റെ ജീവിതത്തിൽ കടന്നു വന്നു. എന്ന് പറഞ്ഞാൽ മുഴുവനായും അത് ശരിയാകണമെന്നില്ല. ഓരോ ഘട്ടത്തിലും അവന്റെ സ്വാധീനം എന്നിൽ ഉണ്ടായിരുന്നു. അവൻ എന്താണോ, അതാകാൻ ഞാൻ കൊതിച്ചു, എന്നും ശ്രമിച്ചു. പുതിയ ലോകം കെട്ടി പടുത്തു.
പിന്നെപ്പോഴോ ഒരു പ്രവാസിയായി മാറി. പൂർവാശ്രമം ഒരു നിശ്ചല ചിത്രമായി മനസ്സിൽ പതിഞ്ഞിരുന്നു. ത്വന്നാമസങ്കീർത്തനം എണ്ണിയെണ്ണി … 1
കാലം ഏറെ കടന്നു. എങ്കിലും മനസ്സിലെ തീയടങ്ങുന്നില്ല. അല്ലെങ്കിലും പ്രവാസം ഒരു വനവാസം പോലെയാണ്. പാതി വഴിയേ വിട്ടു പോയതെല്ലാം കാലം തിരിച്ചു തരും എന്ന തോന്നൽ. ആ തോന്നലിൽ നിന്നും ഉരുത്തിരിയുന്ന കരുതൽ, അതാണീ ജീവിതത്തിന്റെ ആകെ തുക.
അല്ലെങ്കിലും നാമെല്ലാം ഓരോതരത്തിലും പ്രവാസികളാണല്ലോ. പല ജന്മങ്ങളിലൂടെ ജലത്തിലും മണ്ണിലും മരത്തിലും ജീവിച്ചു തീർത്തു, പിന്നെ മനുഷ്യനായ് പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ, പല രൂപങ്ങളിൽ! ഒടുവിൽ ഒതുങ്ങുന്നു, ഒരു ബിന്ദുവായി. ആ ബിന്ദുവെ ചുറ്റി പുതിയ ലോകം പടുക്കുന്നു പിമ്പേ വന്നവർ.
ഒരുമിച്ചായിരുന്നു, ഹരിയും ഞാനും. പാഠങ്ങൾ ഉരുവിടാനും, ഉരുക്കഴിച്ചു പെരുക്ക പട്ടിക പറയാനും പദ്യങ്ങൾ കാണാതെ ചൊല്ലാനും കഥകൾ മെനയാനും ഹരി എപ്പോഴും കൂടെയുണ്ടായിരുന്നു.
ക്ലാസ്സു കഴിഞ്ഞു ഉച്ചക്ക് ഞാൻ വീട്ടിലേക്കു നടക്കുമ്പോൾ സ്കൂളിന്റെ ഗേറ്റ് വരെ അവനുണ്ടാകും. പിന്നെ അവൻ ഭക്ഷണം കഴിക്കാൻ അമ്മയുടെ അടുത്തേക്ക് പോകും. ഞാൻ എന്റെ വീട്ടിലേക്കും. ഉച്ചഭക്ഷണം കഴിഞ്ഞു വേണം അവന് അടുത്ത ക്ലാസ്സിൽ ഇരിക്കാൻ. വാരാന്ത്യങ്ങളിലാണ് ഞങ്ങൾ പിന്നെ ഒത്തു കൂടുക. അവൻ അമ്പലത്തിൽ വരുന്ന നേരം എനിക്ക് വേണ്ടി കാത്തിരിക്കും. അന്നേരമാണ് ഞങ്ങൾ കഥകളും സ്വപ്നങ്ങളും മെനയുക. അവന്റെ അമ്മ പ്രാർത്ഥിച്ചു കഴിഞ്ഞാൽ പിന്നെ അവൻ പോകും അമ്മയോടൊപ്പം.
അൽപ്പം അകലെയായി പിറകെ ഞാനും. ശാരദ ടീച്ചറോട് സംസാരിക്കാൻ എനിക്ക് സങ്കോചമായിരുന്നു. അത് കൊണ്ട്, അവർ ഉള്ളപ്പോൾ ഞാൻ ഹരിയുടെ കൂടെ കൂടിയില്ല. ഒരു അകൽച്ച എപ്പോഴും സൂക്ഷിച്ചു. ഭയമോ ബഹുമാനമോ ആകാം. ടീച്ചറല്ലേ.
വല്ലപ്പോഴും അവൻ നേരത്തെ, ഒറ്റക്കുവരും. എന്റെ വീടിന്റെ വേലിയിറമ്പിൽ വന്നു വിളിക്കും. അവനെ കാണുമ്പോഴേ ഞാൻ വിളിച്ചു പറയും.
‘അമ്മേ, ഞാൻ അമ്പലത്തിൽ പോകുന്നു’. എന്റെ അമ്മക്ക് ഹരിയെ അറിയാം അമ്മ ഒന്ന് മൂളും. സമ്മതം കിട്ടി.
പിന്നെ ഒരു വെളുത്ത ഷർട്ടുമിട്ടു ഞാൻ ഇറങ്ങും. അവനെ നോക്കി ചിരിച്ചും തോളത്തു കയ്യിട്ടും മുൾവേലികൾ കടന്ന്, ഒറ്റയടി പാതയിലൂടെ നടക്കും. ഒരുമിച്ചു അമ്പലപ്പറമ്പിൽ കുറെ നേരം കഥകൾ പറഞ്ഞും കാഴ്ചകൾ കണ്ടും പഞ്ചാര മണലിലൂടെ നടക്കും. അരികിലൂടെ കടന്നു പോയ കുസൃതി കാറ്റ് ഞങ്ങളുടെ മേലാകെ ചന്ദനതൈലം പൂശി കടന്നു പോകും. അമ്പലത്തിൽ അപ്പോൾ ലീലയുടെ മണിനാദം കേൾക്കാം.
‘പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാൻ …’ 2
ഹരിക്കു ഒരുപാട് സ്വപ്നങ്ങളുണ്ട്. അവന്റെ അച്ഛൻ എഞ്ചിനീയർ ആണല്ലോ, അതുകൊണ്ടു തന്നെ അവനും ഒരു എഞ്ചിനീയറാകണം എന്ന് തന്നെയാണ് മോഹം. അവന്റെ അനുജത്തി ഒരു ഡോക്ടർ ആകുമത്രേ!
എല്ലാം തീരുമാനിച്ചുറപ്പിച്ച വർണ്ണ സ്വപ്‌നങ്ങൾ ശലഭങ്ങളെ പോലെയാണ്. അതങ്ങനെ പാറിപ്പറന്നു നടക്കും. അവന്റെ സ്വപ്നത്തിലെ ഒരു ശലഭമാകാൻ ഞാൻ കൊതിച്ചു! യാഥാർഥ്യത്തിലേക്കുള്ള ആദ്യ ചുവട് സ്വപ്നത്തിലൂടെയാകണം. അവന്റെ സ്വപനങ്ങൾ സഫലമാകാൻ കൃഷ്ണാ നീ കനിയേണമേ എന്ന് ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.
‘ഇന്നു നാമസങ്കീർത്തനം കൊണ്ടുടൻ വന്നു കൂടും പുരുഷാര്ഥമെന്നതും …’ 3
ലീലയുടെ ദൈവീക നാദം കേട്ടാൽ തന്നെ ജീവിതം സാര്ഥകമാകും, ജന്മം സഫലമാകും.
അവന്റെ ഭാവിയെ കുറിച്ചുള്ള വർണ്ണ ചിത്രങ്ങൾ എത്ര സുന്ദരമായിരുന്നു! പകരം പറയാൻ എനിക്ക് കഥകളില്ലായിരുന്നു. എഞ്ചിനീയറല്ലല്ലോ എന്റെ അച്ഛൻ, ഒരു കൂലി പണിക്കാരൻ!
അമ്മ അടുത്തുള്ള രണ്ടു വീടുകളിൽ മുറ്റമടിച്ചും പാത്രം കഴുകിയും പിന്നെ വൈകുന്നേരങ്ങളിൽ കൊണ്ട് വരുന്ന ഭക്ഷണ പാത്രത്തിലുമായിരുന്നു ഞങ്ങളുടെ പകലുകളും രാത്രികളും വിശപ്പറിയാതെ കഴിഞ്ഞത്. എങ്കിലും ഉറക്കം വരാത്ത രാത്രികളിൽ, സ്വപ്നം കാണാൻ ഒന്നുമില്ലാത്ത രാത്രികളിൽ ഞാൻ എന്റെ ഒരുഭാവനാലോകം തീർത്തു.
ഞാൻ തീർത്ത കഥകളിൽ ഒരു രാജകുമാരനായി മാറി, ഞാൻ. ഹരിയെ പോലെ വെളുത്തു തുടുത്തു സുന്ദരനായ രാജകുമാരൻ. എല്ലാ കഥകളിലും ഹരിയുടെ ലോകം ഞാൻ തീർത്തു. എന്റെ അമ്മക്ക് ശാരദ ടീച്ചറുടെ മുഖം. എന്റെ അച്ഛൻ കൂലിപ്പണി ചെയ്യുന്നേയില്ല. രാജകുമാരന്റെ അച്ഛനായി അലസമായി വെറുതെ രാജ്യം ഭരിച്ചും സേവകരെ ശാസിച്ചും സമയം തള്ളി നീക്കി. കഥകളിൽ ഹരിയായി മാറി, ഞാൻ. അല്ല! ഹരി തന്നെയാണ് ഞാൻ.
ഭാവന എപ്പോഴും മനോഹര ലോകം തീർത്തു പൂമ്പാറ്റകളെ പോലെ എനിക്കു കൂട്ടിരുന്നു. പിന്നെപ്പോഴോ ഉറങ്ങി, ചുണ്ടിലൊരു പുഞ്ചിരിയുമായി.
പരീക്ഷകൾ
—————–
ദിവസങ്ങൾ അങ്ങിനെ കഴിഞ്ഞു. കൊല്ലപരീക്ഷക്ക് മുൻപേ, വര്ഷാവസാനം നടക്കുന്ന ആഘോഷങ്ങളുടെ തിരക്കായി. അന്ന് വൈകിട്ട് സ്‌കൂളിലേക്ക് വാർഷികാഘോഷ പരിപാടി കാണാൻ പോകുമ്പോൾ, ഞാൻ ഒരു ഉറുമാൽ കരുതിയിരുന്നു. ഹരിക്കു എന്റെ വക സമ്മാനം.
വേലിയിറമ്പിലെ മുക്കുറ്റി പൂക്കളോടും കാറ്റിലാടുന്ന തെങ്ങോലകളോടും കിന്നാരം ചൊല്ലി ഞാൻ നടന്നു. തലേന്ന് കാണാതെ പഠിച്ച കുചേലവൃത്തത്തിലെ ഈരടികൾ മനസ്സിൽ മൂളി,
‘നാളെ നാളെയെന്നായിട്ടു ഭഗവാനെക്കാണ്മാനിത്ര
നാളും പുറപ്പെടാഞ്ഞ ഞാനിന്നു ചെല്ലുമ്പോൾ …’4
പഠിച്ചതൊന്നും മറന്നിട്ടില്ല, പദ്യങ്ങൾ ചൊല്ലാൻ അല്ലെങ്കിലും എന്നെ കഴിഞ്ഞേയുള്ളു എന്റെ ക്ലാസ്സിൽ ആരും.
സ്‌കൂളിലെത്തി ഹരിയെ തിരഞ്ഞു. എന്നെ കണ്ടയുടൻ അവനോടി അരികെയെത്തി. നേരിയ സങ്കോചത്തോടെ ഞാൻ ഉറുമാൽ അവന്റെ കയ്യിൽ കൊടുത്തു.
‘ഹായ്!’ സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ ഒന്ന് കൂടി വിടർന്നു.
‘ഈ ഉറുമാൽ എന്റെ ജീവിതാവസാനം വരെ ഞാൻ സൂക്ഷിച്ചു വക്കും, കേട്ടോ?’
അത് പറയുമ്പോൾ അവന്റെ കണ്ണിലെ തിളക്കത്തിൽ മിന്നാമിനുകൾ പോലും നാണിച്ചു കാണും. പറഞ്ഞത് അരക്കിട്ടുറപ്പിക്കാൻ പിന്നെ അവൻ കൂട്ടിച്ചേർത്തു,
‘നിന്റെ ഓർമക്കായി’.
ഞാൻ നിറഞ്ഞ സന്തോഷത്തോടെ ചിരിച്ചു. പിന്നെ നാടകം കളിക്കുന്ന സ്റ്റേജിനടുത്തേക്കു പോയി, മറ്റു കൂട്ടുകാരൊടൊപ്പം ഇരുന്നു. മറ്റാരും കാണാതെ ഹരി എനിക്ക് വർണ്ണ കടലാസ്സിൽ പൊതിഞ്ഞ ഒരു മിട്ടായി വച്ച് നീട്ടി. അതും നുണഞ്ഞു, നാടകം കണ്ടിരുന്നു. ഇടയ്ക്കെല്ലാം ഉറുമാൽ കൊണ്ട് അവൻ മുഖം തുടയ്ക്കുന്നുണ്ടായിരുന്നു. അപ്പോൾ മിട്ടായിക്ക് കൂടുതൽ മധുരം തോന്നി.
എല്ലാം കഴിഞ്ഞപ്പോൾ രാത്രിയായി. കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ വന്നിരുന്നു. ഹരിയോട് യാത്ര പറഞ്ഞു, അച്ഛന്റെ കൈ പിടിച്ചു വീട്ടിലേക്കു നടന്നു. കുളിർകാറ്റെന്നെ തലോടിയപ്പോൾ ഒന്ന് വിറച്ചു, അച്ഛനോട് ഞാൻ ഒന്ന് കൂടി ചേർന്നുനടന്നു. മുൻവശത്തെ വാതിലിനരികിൽ മൂട്ടവിളക്കും കൊളുത്തി കാത്തിരിക്കുന്നുണ്ടായിരുന്നു, അമ്മ. ഉലയുന്ന തിരി നാളത്തിൽ അമ്മയുടെ കാതരമായ കണ്ണുകളിൽ നിന്നും ഉത്കണ്ഠയുടെ തിരകൾ മെല്ലെ പിൻവാങ്ങിയെന്നു തോന്നി, ഞങ്ങളെ കണ്ടപ്പോൾ.
നല്ല ക്ഷീണം ഉണ്ടായതിനാൽ അത്താഴം കഴിച്ചു വേഗം കിടന്നുറങ്ങി. അടുത്താഴ്ച മുതൽ കൊല്ലപ്പരീക്ഷ തുടങ്ങും. നേരത്തെ എഴുന്നേൽക്കണം, കുറെയേറെ പഠിക്കാനുണ്ട്.
ഹരിയെ പിറ്റേദിവസം അമ്പലത്തിലും കണ്ടില്ല. അതുകൊണ്ടു ശ്രീ കോവിലിൽ കയറാൻ നിന്നില്ല. ഗോപുര വാതിലിനടുത്തായി നിന്ന് കൈകൂപ്പി. കൃഷ്ണാ, പരീക്ഷക്കുള്ള ഉത്തരങ്ങളെല്ലാം മനസ്സിൽ തോന്നണേ…!
വേഗം വീട്ടിലേക്കു നടന്നു. പരീക്ഷയെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു മനസ്സിൽ. പഠിക്കാനുണ്ട് കുറെയേറെ.
എന്നും അങ്ങിനെയായിരുന്നു. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠയാൽ വല്ലാതെ അസ്വസ്ഥനാകുമല്ലോ ഇന്നും. ഓർത്തപ്പോൾ ചിരി വന്നു. ഈ പ്രായത്തിലും ഭാവിയെ കുറിച്ച് ചിന്തിക്കുക സ്വപ്നം കാണുക, എല്ലാവരും അങ്ങിനെയാണോ ആവോ! മകൾ ഇപ്പോഴും ഓർമിപ്പിക്കും ‘റിലാക്സ് ദാദാ’. ഞാൻ ഒരു പുഞ്ചിരിയിലൊതുക്കും മറുപടി.
‘എത്രകാലമിരിക്കുമിനിയെന്നും സത്യമോ നമുക്കേതുമൊന്നില്ലല്ലോ’ 5
മോഹങ്ങൾക്ക് ഇനിയും അറുതി വന്നില്ലേ ഭഗവാനേ? എന്താണിങ്ങനെ മനസ്സ് പതറുന്നത്? അതോ തൃപ്തി തോന്നാത്ത പഥികന്റെ അലച്ചിലോ? വീണ്ടും ഹരിയെ കുറിച്ചുള്ള ഓർമകളിൽ മനസ്സ് ചെന്നു. ഇപ്പോൾ എവിടെയായിരിക്കും? ജീവിത സായാഹ്നത്തിൽ എന്നെ ഓർമയിൽ കാണുന്നുണ്ടാവുമോ? ആവോ…
പരീക്ഷാ നാളുകളിൽ പിന്നെ ഹരിയെ കണ്ടില്ല. ജയം മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ. പരീക്ഷ കഴിഞ്ഞു, മധ്യവേനൽ അവധിയായി. ഹരിയെ കണ്ടതേയില്ല. ശാരദ ടീച്ചറെ ഇടയ്ക്കു കാണും പുഞ്ചിരിക്കും, പിന്നെ നടക്കും. ഞാൻ അവന്റെ വീട്ടിൽ ചെന്നു, ഒരു ദിവസം രാവിലെ. അടിച്ചു വാരുന്ന സ്ത്രീയാണ് പറഞ്ഞത്, അവരെല്ലാം ഹരിയുടെ അച്ഛന്റെ നാട്ടിൽ പോയത്രേ.
നിരാശയോടെ തിരിച്ചു നടന്നു. ഇനി രണ്ടു മാസം കഴിയണം, നാട്ടിൽ നിന്നും അവൻ മടങ്ങി വരാൻ. അവനുണ്ടായിരുന്നെങ്കിൽ ചിത്ര കഥകൾ കടം വാങ്ങാമായിരുന്നു. ഇനി എവിടെനിന്നും കിട്ടാൻ?
തിരികെ വീട്ടിലേക്കു നടക്കുമ്പോൾ അതായിരുന്നു ചിന്ത. അച്ഛനോട് സ്വകാര്യമായി ചോദിക്കാം. കേട്ടാൽ അമ്മ വഴക്കു പറയും. അങ്ങിനെ ചിലവാക്കാൻ പറ്റില്ല, വെറുതെ ചിലവാക്കാൻ കാശില്ല എന്നൊക്കെ കൂടെക്കൂടെ പറയും. ഒന്നും അങ്ങിനെ ആവശ്യപ്പെടാറുമില്ല പലപ്പോഴും, കൂട്ടുകാർ വായിക്കാൻ തരും. ഇനിയെന്താ വഴിയെന്ന് നോക്കണം.
റിസൾട്ട് വരുന്ന ദിവസം അമ്മ നേരത്തെ എഴുന്നേൽപ്പിച്ചു. കുളി കഴിഞ്ഞു അമ്പലത്തിൽ പോയി കൃഷ്ണനെ കണ്ടു. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. തിരികെ വീട്ടിലെത്തി, എന്തൊക്കെയോ കഴിച്ചെന്നു വരുത്തി സ്കൂളിലേക്കു പുറപ്പെട്ടു. നിശബ്ദയായി അമ്മ കതകിൽ ചാരി നിന്നു. മനസ്സിൽ പ്രാര്ഥിക്കുന്നുണ്ടാകും. തിരിഞ്ഞു നോക്കാതെ വേഗം നടന്നു. ഓഫീസിനു മുമ്പിൽ, ജയിച്ചവരുടെ ലിസ്റ്റ് എഴുതിയിടത്തു ആകെ തിരക്കാണ്. പലരുടെയും ചിരിച്ച മുഖങ്ങൾ കണ്ടു.
ജയിച്ചവരുടെ പേരുകൾക്കിടയിൽ എന്റെ പേരും കണ്ടു. ഇനി ഏഴാം ക്ലാസ്സിലായി.
ഹരിയോ? ജയിക്കാതെങ്ങിനെ. അവന്റെ ക്ലാസ്സിലെ കുട്ടികളെ കണ്ടു. അവൻ ജയിച്ചിരിക്കുന്നു. സന്തോഷമായി. വേഗം വീട്ടിലേക്കു നടന്നു. അല്ല, ഓടി.
ഞാൻ വരുന്നതും കാത്ത് അമ്മ നിൽപ്പുണ്ടായിരുന്നു, വാതിലും ചാരി. എന്നെ കണ്ടു. ആകാംഷയോടെ എന്നെ നോക്കി. എന്റെ വിടർന്ന മുഖം കണ്ടപ്പോൾ ആശ്വാസമായെന്നും തോന്നി. ‘ഞാൻ ജയിച്ചമ്മേ’ ഒരു പുതിയ രാജ്യം കീഴടക്കിയ സന്തോഷത്തോടെ ഉച്ചത്തിൽ പറഞ്ഞു. അമ്മ മേലേക്ക് നോക്കി തൊഴുതു. ‘കൃഷ്ണാ…’ പിന്നെ കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് പോയി. പുറകെ ഞാനും.
‘ഇനി പുസ്തകങ്ങൾ വാങ്ങണം. ഹരിയുടെ പഴയ പുസ്തകങ്ങൾ ചോദിക്കട്ടെ? അവനും ജയിച്ചു, എട്ടിലേക്ക്’.
അമ്മയൊന്നു മൂളി. എന്റെ സ്വരത്തിലാകെ ഉത്കണ്ഠയും ആകാംഷയും ഉത്സാഹവും നിറഞ്ഞിരുന്നു. അമ്മയും അത് മനസ്സിലാക്കി വാത്സല്യത്തോടെ പറഞ്ഞു.
‘അച്ഛൻ വരട്ടെ. എന്നാ എനി ക്ലാസ്സു തുടങ്ങാ?’ അമ്മയുടെ സ്വരത്തിൽ ഉത്കണ്ഠ നിറഞ്ഞു തുളുമ്പിയിരുന്നു.
ദിവസങ്ങൾ എങ്ങിനെയോ കഴിച്ചുക്കൂട്ടി. ആകെ വിരസ്സമായിരുന്നു അവധി ദിനങ്ങൾ. ഇടയ്ക്കു അമ്പലത്തിൽ പോകും, കൃഷ്ണനോടു കിന്നാരം ചൊല്ലും. പിന്നെ മടങ്ങി പോരും. ഉറങ്ങാൻ കിടക്കുമ്പോൾ ഹരിയുടെ വിടർന്ന കണ്ണുകൾ ഓർമയിൽ വരും. ചിരിക്കുന്ന മുഖവും തെളിഞ്ഞു വരും. അപ്പോൾ ഞാൻ വീണ്ടും രാജകുമാരനായി മാറും. പുതിയ കാമനകൾ തീർത്തു എപ്പോഴോ ഉറങ്ങും. അമ്മ രാവിലെ വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ മടിച്ചു മടിച്ചെഴുന്നേൽക്കും. അങ്ങിനെ അവധി കഴിയാറായി.
പിന്നെ ഉത്സാഹത്തിന്റെയും ഉത്കണ്ഠയുടെയും നാളുകളായിരുന്നു. പുത്തൻ ഉടുപ്പുകൾ, പുത്തൻ പുസ്തകങ്ങൾ, പുത്തൻ ക്ലാസ് മുറിയിൽ പുത്തൻ പാഠങ്ങൾ.
ജൂൺ അടുത്തു. കാലവർഷത്തിന്റെ തേരൊച്ച ഇത്തവണ നേരത്തേ കേട്ട് തുടങ്ങിയല്ലോ. അമ്മ ആകുലപ്പെട്ടു. അച്ഛൻ നിശ്ശബ്ദനായിരുന്നു.
നനഞ്ഞ ദിവസങ്ങൾക്കിടയിൽ സ്കൂളിലേക്ക് പോകാനുള്ള ദിവസവും വന്നു. വർണ ശലഭങ്ങളായി സുന്ദരന്മാരും സുന്ദരികളും കൂട്ടത്തോടെ സ്കൂളിലേക്ക് തിരക്കിട്ടും കലപില കഥകൾ പറഞ്ഞും ചിരിച്ചും നടക്കുന്നുണ്ടായിരുന്നു. ഞാനും ആ തിരക്കിലൊരു ബിന്ദുവായി മാറി.
ഏഴാം ക്ലാസ്സിൽ ദാമോദരൻ മാഷാണ് എന്റെ ക്ലാസ് ടീച്ചർ. നല്ല കഥ പറയുന്ന, നല്ല പോലെ അടിക്കുകയും ചെയ്യുന്ന വെളുത്തുമെലിഞ്ഞ ദാമോദരൻ മാഷ്. ചിരിക്കുമ്പോൾ വിടരുന്ന നുണക്കുഴികൾ, ദേഷ്യം വരുമ്പോൾ അഗാധ ഗർത്തങ്ങളാകും. പേടിയായിരുന്നു എനിക്കും, മാഷിനെ.
ഇന്റർവെൽ ആയപ്പോൾ ഹരിയെ തിരക്കി. ആർക്കും അറിയില്ല. നിരാശയോടെ മൂകമായ മനസ്സോടെ തിരികെ ക്ലാസ്സിലേക്ക് പോയി.
പിറ്റേന്നും തിരക്കി, ഹരിയെ. കണ്ടില്ല.
വൈകിട്ട് അമ്പലമുറ്റത്തും തിരഞ്ഞു. കണ്ടില്ല. അവൻ വന്നില്ല. ആരോ പറഞ്ഞറിഞ്ഞു, അവൻ ഇനി വരില്ല. വേറെ ഏതോ നഗരത്തിൽ, പേരുകേട്ട ഒരു ഹൈസ്കൂളിൽ അവൻ ചേർന്നുവത്രെ. പിന്നീടറിഞ്ഞു ഹരിയുടെ കുടുംബം താമസം മാറി. ഇപ്പോൾ പട്ടണത്തിൽ അവൻ പഠിക്കുന്ന സ്‌കൂളിനടുത്താണ് താമസം.
അങ്ങിനെ ഹരി ഒരു വേദനയായി, വേദന തീർത്ത ഒരു മുറിപ്പാടായി നെഞ്ചിൽ മായാതെ കിടന്നു. പിന്നെയെപ്പൊഴോ പുതിയ ലോകങ്ങൾ വെട്ടിപിടിക്കുന്ന ത്വരയിൽ എല്ലാം മറന്നു നടന്നു, ഞാനും എന്റെ പുതിയ സൗഹൃദങ്ങളും പുതിയ മേച്ചിൽപ്പുറങ്ങളിൽ അലഞ്ഞുതിരിഞ്ഞു, പലേ പ്രഹേളികകൾക്കും ഉത്തരങ്ങൾ തേടി.
എങ്കിലും വല്ലപ്പോഴും രാത്രിയിൽ ഉറക്കത്തിൽ അവൻ എന്നെ തിരക്കി വന്നു. കയ്യിൽ ഞാൻ കൊടുത്ത ഉറുമാലുമുണ്ടായിരുന്നു. ഒരുപാട് കാര്യങ്ങൾ ചോദിക്കും. എന്നെ കുറിച്ചും പരീക്ഷകളിൽ കിട്ടിയ മാർക്കുകളെ കുറിച്ചും അങ്ങിനെ അങ്ങിനെയൊരുപാട് കാര്യങ്ങൾ.
പിന്നെ പിന്നെ, ഉറങ്ങി കിടക്കുമ്പോൾ അവൻ വരാതെയായി. എങ്കിലും ഓരോ പരീക്ഷകൾ ജയിക്കുമ്പോഴും അവന്റെ മുഖം ഓർമയിൽ വന്നു. പതുക്കെ അവന്റെ കൊലുന്നനെയുള്ള മുഖം മാറുന്നത് ഞാൻ അറിഞ്ഞു. അൽപ്പം ഇരുണ്ടു പോയോ? കണ്ണിലിപ്പോഴും ആ തിളക്കമുണ്ടല്ലോ. ചുണ്ടിൽ ഒരു കള്ള ചിരിയുണ്ടോ?
ആ വര്ഷം ഓണപ്പരീക്ഷക്കു മുൻപേ ശാരദ ടീച്ചർ സ്ഥലം വാങ്ങി പോയിരുന്നു. അവരെ കാണുമ്പോൾ ഹരിയെ ഓർമ്മ വരും. ഇനിയിപ്പോൾ ഹരി അരികിലുണ്ടെന്ന തോന്നൽ മാത്രം ബാക്കി.
ഏഴാം ക്ലാസ്സിൽ ഞാൻ ജയിച്ചു. അവിടെ തുടർന്ന് പഠിക്കാനുള്ള ആഗ്രഹം ഇല്ലായിരുന്നു. അടുത്ത പട്ടണത്തിൽ, പള്ളി വക സ്‌കൂളിൽ ചേർന്നാലോ? അമ്മയോട് മയത്തിൽ കാര്യം പറഞ്ഞു. അച്ഛനും സമ്മതിച്ചു. ഹരിയില്ലാതെ ഇവിടെ പഠിക്കണമെന്ന് തോന്നിയില്ല. പട്ടണത്തിലെ സ്‌കൂളിൽ ആകുമ്പോൾ ഹരിയെ കാണാൻ പറ്റിയാലോ എന്ന ഗൂഢമായ ഒരു മോഹവും മനസ്സിലുണ്ടായിരുന്നു. പ്രതീക്ഷകൾ അങ്ങിനെയാണ്. ചാറ്റലിൽ പൊട്ടിമുളക്കുന്ന പുൽനാമ്പുകൾ പോലെയത്രേ അത്.
പുതിയ സ്‌കൂളിൽ പുതിയ അന്തരീക്ഷത്തിൽ ആകെ ബഹളമയമായിരുന്നു പഠനം. ജീവിതമാകെ പെട്ടെന്ന് മാറിയത് പോലെ. പഴയ സ്‌കൂളിനെ കുറിച്ചോർക്കാൻ സമയമില്ലാതെയായി. പുതിയ ലോകം, പുതിയ രീതിയിലുള്ള പരീക്ഷകൾ. പുതിയ പരീക്ഷണങ്ങൾ!
പഠനം എന്ത് സുന്ദരമാണ്. അത് നമ്മെ മറ്റേതോ ലോകത്തേക്ക് കൊണ്ടുചെന്നാക്കും. കഠിനമായി പ്രയത്‌നിക്കണമായിരുന്നു ഓരോ പരീക്ഷയും ജയിക്കാൻ. ന്യൂട്ടനെയും പൈത്തഗോറസിനെയും ഐൻസ്റ്റീനെയും പരിചയപ്പെട്ടു. എങ്കിലും എഴുത്തച്ഛനെയോ പൂന്താനത്തെയോ വിട്ടു പോരാൻ മനസ്സ് സമ്മതിച്ചില്ല. ഒപ്പം ചങ്ങമ്പുഴയും കൂട്ടരും മനസ്സിൽ ചേക്കേറി. സുഗതകുമാരി ഒരു വിങ്ങലായി മാറി. അപ്പോഴും പരീക്ഷകൾ പരീക്ഷണങ്ങളായി കൂടെ വന്നു.
ഹരിയും എന്നെ ഓർമിപ്പിച്ചു, ജയിക്കണം. അതേ ജയിക്കണം. നിന്നിലേക്കെത്താൻ എനിക്ക് ജയിച്ചേ തീരു ഹരി.
ഒരിക്കൽ കേട്ടു, ശാരദ ടീച്ചർ മരിച്ചു. കാൻസർ. ആദ്യം ഓർമയിൽ വന്നത് ഹരി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും എന്നാണ്. കരയുകയായിരിക്കുമോ? അടുത്തുണ്ടായിരുന്നെങ്കിൽ ഞാൻ അവനെ ആശ്വസിപ്പിച്ചേനെ? ആണോ? എന്ത് പറഞ്ഞാണ് എനിക്കാശ്വസിപ്പിക്കാൻ കഴിയുക? ആവോ.
അവനിപ്പോൾ ഏതു സ്കൂളിലാവും? അനുജത്തി എന്ത് ചെയ്യുന്നോ? അങ്ങിനെ പല വിചാരങ്ങളിൽ മനസ്സിന് ഭാരം തോന്നി. പിന്നെ ഒരു നിശ്വാസത്തിലൊതുക്കി.
സുഗതകുമാരിയുടെ കവിതയെ കുറിച്ച് മലയാളം മാഷ് തകൃതിയായി പഠിപ്പിക്കുന്നു. മനസ്സിൽ പക്ഷെ ഭാസ്കരൻ മാഷുടെ ഒരു പാട്ടാണ് തോന്നിയത്. ഹരിക്കിഷ്ടമുള്ള പാട്ട്!
… ശാരദാ സുധാ കിരണൻ നൃത്ത ശാല വിട്ടൂ ദൂര ചക്രവാള ദിക്കിൽ പോയ്മറഞ്ഞ നേരം … 6
അപരിചിതം
—————-
നീ എവിടെയാണ്, ഒന്ന് കാണണമല്ലോ. മനസ്സ് മന്ത്രിച്ചു. എസ്എസ്എൽസി പരീക്ഷ ഇങ്ങടുത്തു വന്നു, കേട്ടോ? ജീവിതം മറ്റൊരു പാതയിലേക്ക് തിരിയുന്നു. മാർഗദീപം തെളിക്കാൻ നീയടുത്തുണ്ടായിരുന്നെങ്കിൽ, ഹരീ …
സമയമായോ സുഹൃത്തേ?
ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു ഹരി. ഞാൻ വരാം തിരക്കി വരാം. എവിടെയാണെങ്കിലും വന്നെത്താം.
പണ്ടുപഠിച്ച സ്ക്കുളിൽ പോയാൽ ആരെങ്കിലും ഒരാൾക്കറിയാതിരിക്കില്ല, ശാരദ ടീച്ചറുടെ മേൽവിലാസം.
ഇല്ല, സമയമായില്ല പോലും …
അവൻ മൊഴിഞ്ഞു. അതോ ഞാൻ തന്നെയോ മന്ത്രിച്ചത്? കണ്ടിട്ടോ, പിന്നെന്താ?
‘എന്തായാലും ചെന്താമരക്കണ്ണനെന്നെക്കാണുന്നനേരം സന്തോഷിക്കും
സൽക്കരിച്ചയക്കയും ചെയ്യും…’ രാമപുരത്തു വാര്യർ കാതിൽ മന്ത്രിച്ചു.
ഹരി ചിരിച്ചു. ഉത്കണ്ഠ മൂലമാവാം. അതോ മനസ്സിന്റെ വിങ്ങല് കൊണ്ടോ കണ്ണിൽ നിന്നും ഒരു നീർകണം പൊടിഞ്ഞു മണ്ണിൽ വീണു. ഭൂമിയതിനെ കോരിയെടുത്തു നെഞ്ചിലേറ്റിയുറക്കി.
‘എടോ താനെവിടെയാ, സ്വർഗ്ഗത്തിലോ അതോ ഭൂമിയിലോ?’
മാഷിന്റെ കനത്ത സ്വരമാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്. ക്ഷമാപൂർവം മാഷിനെയൊന്നു നോക്കി ഞാൻ പുസ്തക താളിൽ മുഖം കുനിച്ചു. മാഷ് തുടർന്നു
‘കണ്ടാലെത്ര കഷ്ട്ടമെത്രയും … ‘
കാലം എത്ര വേഗമാണ് ഉഴറിയോടുന്നത്! അശ്വനീദേവകൾക്കു ഇത്ര തിടുക്കമെന്താണ്?
പ്രീഡിഗ്രിക്കു നാട്ടിൽ തന്നെയുള്ള കോളേജിൽ ചേർന്നു. എങ്ങിനെയോ ഒപ്പിച്ചെടുത്ത മേൽവിലാസത്തിൽ ഹരിക്കൊരു കത്തെഴുതി.
ഓർമ്മയുണ്ടോ? ഞാൻ ഇവിടെയുണ്ടെടോ. എന്നാണ് തമ്മിൽ കാണുക? എഴുതുമല്ലോ? അവനെക്കുറിച്ചറിയാനുള്ള ആകാംഷയായിരുന്നു കത്തിൽ നിറയെ. എന്നോ ഒരിക്കൽ ഒരു മറുപടി കിട്ടി. എന്തൊക്കെയോ അലക്ഷ്യമായി കോറിയിട്ട വാക്കുകളിൽ നിന്നും ഊഹിച്ചു. അവനു സുഖമാണ്.
ബിരുദവും അനന്തര ബിരുദവും കഴിഞ്ഞു. ഇപ്പോൾ ഞാൻ ഒരു അർത്ഥിയാണ്, ഉദ്യോഗാര്ഥി. പത്ര പരസ്സ്യങ്ങൾക്കു മറുപടിയെഴുതിയും ജോലിക്കായി അപേക്ഷിച്ചും ഞാൻ എന്റെ യാത്ര തുടങ്ങി. പരീക്ഷണങ്ങൾ തുടങ്ങി.
ഈയൊരവസ്ഥ വല്ലാത്തതു തന്നെയാണല്ലോ. അസ്തിത്വം തേടിയുള്ള യാത്ര. ആഗ്രഹിച്ചത് വെട്ടിപ്പിടിക്കാനുള്ള യാത്ര. ഒരു മരീചികയാണീ യാത്ര. നടന്നാൽ തീരില്ല. ദൂരെയെങ്ങോ പ്രകാശത്തിന്റെ ഒരു നേരിയ കിരണം ഉണ്ടെന്ന തോന്നലോടെ നടക്കും. അവിടെയെത്തുമ്പോഴോ? സംസാര ചക്രത്തിലുഴന്നു നടക്കയോ … 7
ശീലങ്ങളെല്ലാം മാറിമറിഞ്ഞു. പരിചയമുള്ള മുഖങ്ങളെ അവഗണിച്ചു. ലക്‌ഷ്യം മാത്രമേ നോക്കേണ്ടതുള്ളു. വരുമാനമുള്ള ഒരു ജോലി, അതുമാത്രമായി ലക്‌ഷ്യം. അതായിരുന്നുവോ ലക്‌ഷ്യം? കൂട്ടിനു പുസ്തകങ്ങൾ ഉണ്ടായിരുന്നു. ദാസനും8 രവിയും9 എന്നെ അസ്വസ്ഥനാക്കി. വർണ്ണശലഭങ്ങളുടെ പുറകെ പറന്നു നടക്കുന്ന, മായാലോകം തേടുന്ന മയ്യഴിയുടെ ദാസൻ. നിത്യ നിദ്രയെ ആലസ്യത്തോടെ പുണരുന്ന രവി. ഇതിലേതാണ് ഞാൻ? എന്റെ വാസ്തവം എന്താണ്?
ഞാൻ തന്നെ എനിക്കൊരപരിചിതനായി മാറി. ചിലപ്പോൾ മുറിക്കുള്ളിൽ ഇരിക്കും, ഇരുട്ടിനെ വരിക്കും, വാല്മീകമായി മാറും. പിന്നെ പതുക്കെ തോട് പൊളിച്ചു പുറത്തു വന്നാൽ, യാത്രയാണ്. വഴിയരികിലെ പുൽക്കൊടികളും പൂക്കളും മരങ്ങളും ചോദിക്കും, എന്തേ, കുറച്ചായല്ലോ കണ്ടിട്ട്?
ഞാനൊന്നു ചിരിക്കും. മുഖം കുനിഞ്ഞു നടക്കും. വീണ്ടും വീട്ടിനകത്തെ ഇരുട്ടിനെ കെട്ടിപ്പിടിക്കും. മറ്റുചിലപ്പോൾ സുഹൃത്തുക്കളെ കാണാനിറങ്ങും. അവരെല്ലാം അപരിചിതരായി തുടങ്ങിയോ? അവർക്കെല്ലാം ആടിന്റെയോ വേറെ ഏതോ ജന്തുക്കളുടെയോ ഛായ തോന്നി. സുഷുമ്നയിലൂടെ നേർത്ത ഒരു ഭയം മിന്നൽപ്പിണർ പോലെ പടർന്നിറങ്ങി. പിന്നെ പിന്നെ, കണ്ണാടി നോക്കുവാൻ പോലും പേടി തോന്നി.
ഇനിയെന്തെന്ന പല്ലവിയിൽ വീണ്ടും സ്വപ്‌നങ്ങൾ നെയ്തു. പലരും ഓരോ ലാവണങ്ങൾ കണ്ടെത്തി പിടിച്ചു അതിലൊതുങ്ങി കൂടി. ചിലർ അഗ്നിശലാകകളെ പോലെ, സൂര്യതാപത്തിലൊടുങ്ങി. എന്റെ ലാവണം ഏതാണ്?
ജീവിതം അങ്ങിനെയാണ്. മരീചികയെന്നു തോന്നുമ്പോഴും പ്രതീക്ഷയുടെ പ്രകാശ രേണുക്കൾ അകലെ മിന്നുന്നുണ്ടാകും. നാമ്പുകൾ പതുക്കെ തല പൊക്കി. ചില ഇന്റർവ്യൂകളിൽ പങ്കെടുത്തു, പിന്നെ കാൾ ലെറ്റർ കിട്ടുന്നതും കാത്തിരുന്നു. ഒരു വേഴാമ്പലിനെപ്പോലെ.
ഇന്റർവ്യൂ ചെയ്തവർ ശുഭ്ര വസ്ത്രങ്ങൾ ധരിച്ചിരുന്നു പുഞ്ചിരിച്ചു. മികവും ആത്‌മവിശ്വാസം തുളുമ്പുന്ന വചനങ്ങളും അവരുടെ മേലാകെ സൗരഭം വിതറി. ദേവലോകത്തു നിന്നുമാണോ അവർ വരുന്നത്. ഒരു മിന്നായം പോലെ ഞാൻ അവരിൽ ഹരിയെ കണ്ടു പലതവണ. പക്ഷെ അവരാരും എന്നെ അറിഞ്ഞില്ല, പരിചയ ഭാവം കാട്ടിയില്ല. ഒരു ശുഭാപ്തി വിശ്വാസവും പകർന്നില്ല.
പിന്നെയും പല തവണ ഞാൻ ഇന്റർവ്യൂകളിൽ പങ്കെടുത്തു പക്ഷെ ഹരിയെ ഞാൻ തിരക്കിയില്ല. അവനും ചിലപ്പോൾ ഒരു ഉദ്യോഗാർത്ഥിയാവാം, എന്നെപ്പോലെ. അല്ലെങ്കിൽ ഒരു അപ്പോയ്ന്റ്മെന്റ് ഓർഡറുമായി എന്നെ തിരയുകയാകാം, ഏതോ കോർപ്പറേറ്റ് കമ്പനിയുടെ തലപ്പത്തിരുന്നു എനിക്ക് വേണ്ടി കാത്ത് നിൽക്കയാവാം.
അവന്റെ മേൽവിലാസം ഒന്ന് തിരഞ്ഞാലോ? ഡയറിയിൽ കാണും. അവൻ ഇവിടെയൊക്കെ തന്നെയുണ്ടല്ലോ മറഞ്ഞിരുന്നാലും അരികെയുണ്ടല്ലോ. ഹരി നഗരത്തിൽ തന്നെയുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞിരുന്നു. തിരക്കിയിറങ്ങാം സമയമാവട്ടെ. ഒരവസരം അടുത്ത് വന്നു.
നിരാസം
————
ഒരുദിവസം എനിക്ക് ഒരു കത്ത് കിട്ടി. എറണാകുളത്തുനിന്നും ഇന്റർവ്യൂവിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത് തന്നെ. ഒരുങ്ങി നിന്നു. പേരുകേട്ട കമ്പനി. ഒരു എൽഡി ക്ലാർക്കിനുള്ള ഇന്റർവ്യൂ ആണ്. ആവശ്യമുള്ള സര്ടിഫിക്കറ്റുകളെല്ലാം കരുതി വച്ചു. റഫറൻസ് എല്ലാം ഉണ്ടല്ലോ എന്നുറപ്പു വരുത്തി തുണിസഞ്ചിയിൽ എല്ലാം ഒതുക്കി വച്ചു. കാത്തിരുന്നു. എനിക്കറിയാം, ഇതെനിക്കുള്ള അവസരമാണ്.
ഏറെ നാളായി അമ്പലത്തിൽ പോയിട്ട്. ഇന്ന് പോകണം. ‘സ്വാഗതം കൃഷ്ണാ ശരണാഗതം കൃഷ്ണാ …’10 മോഹനരാഗത്തിൽ ടേപ്പുറെക്കോർഡർ ഉച്ചത്തിൽ പാടുന്നു.
സ്വപ്നങ്ങൾക്കെല്ലാം ചിറകുകൾ മുളച്ചു. ഇന്റർവ്യൂവിന് ഞാനും ഒരുങ്ങി. തിങ്കളാഴ്ച രാവിലെ കുളിച്ചിറങ്ങി. ബസ്റ്റോപ്പിലേക്കു നടക്കാൻ, വീട്ടിലെ ഇടവഴിയിൽ നിന്നും ഇറങ്ങി, ഒരു വളവു കഴിഞ്ഞാൽ മെയിൻ റോഡായി. അവിടെ നിന്നും പത്തു മിനുട്ടു നടന്നാൽ സ്റ്റോപ്പ് ആയി.
അവിടെയെത്തി കാത്തു നിന്നു. നല്ലതിരക്കാണ്. കുട്ടികൾ തിരക്കിട്ടു കയറുന്നു. അൽപ്പം മാറി നിന്നു. അപ്പോഴാണ് കണ്ടത്. ഒരു മിന്നൽ പിണരാണ് മനസ്സിലൂടെ ആദ്യം കടന്നു പോയത്. ഹരി. അതെ ഹരി തന്നെ. എതിരുട്ടിലും തിരിച്ചറിയാം. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ അവനെ അറിഞ്ഞു.
സുമുഖൻ, ശുഭ്ര വസ്ത്രത്തിൽ അവൻ കൂടുതൽ സുന്ദരനായിരുന്നു. ഒരു നിമിഷം ഞാൻ സ്ഥലജല വിഭ്രാന്തിയിലകപ്പെട്ട ദുര്യോധനനെ പോലെയായി.
ഞാൻ എന്നെ ആകെയൊന്നു നോക്കി. കുഴപ്പമില്ല. മുഖഭാവം നിയന്ത്രിക്കാനാവുമോ? വിറക്കുന്നുണ്ടോ? കൈവിരലുകൾ മരവിച്ചു പോയപോലെ. എന്താണെനിക്കു സംഭവിക്കുന്നത്. ഇതിനാണോ ഇത്രയും നാൾ ഞാൻ കാത്തിരുന്നത്! അവനരികിൽ പോകാമോ, എന്തെങ്കിലും കുശലങ്ങൾ ചോദിക്കാനാവുമോ?
അവൻ എന്നെ അറിയുമോ, ഹരിയല്ലേ
എൻറെ ചങ്ങാതിയല്ലേ പുതു സ്വപ്‌നങ്ങൾ ഒന്നിച്ചു നെയ്തതല്ലെ!
എന്നെ കാണുന്നേരം തിരിച്ചറിയും സന്തോഷിക്കും, സൽക്കരിക്കും11
എന്റെ ചങ്ങാതിയല്ലേ ഹരി, കളിക്കൂട്ടുക്കാരനല്ലേ.
ഒന്ന് മടിച്ചു കൊണ്ടെങ്കിലും ഞാൻ അവൻ നിൽക്കുന്നിടത്തേക്കു നോക്കി. മുണ്ടൊന്നൊതുക്കി മുടിയൊന്നു കോതി നടന്നു, അവനരികെ. അടുത്ത് കണ്ടപ്പോൾ തോന്നി അവനാകെ മാറിയിരിക്കുന്നു. തോളറ്റം വരെ നീണ്ട, അലങ്കോലമായ മുടിയിഴകൾ കാറ്റത്തുലയുന്നല്ലോ. വെളുത്ത ഷർട്ടിലവിടവിടെയായി ചളി പുരണ്ടിരിക്കുന്നു. സ്ലേറ്റിൽ കോറിയിട്ട അക്ഷരങ്ങൾ കണക്കെ അവനിരിക്കുന്നു. അവനെന്നെ കണ്ടു. ഞങ്ങളുടെ കണ്ണുകളിടഞ്ഞു, ഒരു നിമിഷം. ചുണ്ടിലൊരു നേർത്ത പുഞ്ചിരി ഞാൻ തെളിച്ചു.
‘ഹരിയല്ലേ?
ഞാൻ മന്ത്രിച്ചു. സ്വരം പതറിയിരുന്നു. എനിക്കെന്താണ് സംഭവിച്ചത്. എന്തിനാണ് ഞാൻ ആകെ പരവശനാകുന്നത്? അവന്റെ കണ്ണുകൾ കുതൂഹലത്താൽ വിടർന്നു. അവന്റെ കയ്യിലെ ഉറുമാലിൽ നിന്നും നേർത്ത സുഗന്ധം എൻറെ നെഞ്ചിൽ ആഴ്ന്നിറങ്ങി. ഉറുമാൽ!
അവൻ അസ്വസ്ഥനായിരുന്നു. കയ്യിലെ റിസ്റ്റ് വാച്ചിൽ നോക്കി. ആ ഭാവം മറയ്ക്കാനാകും, അവൻ ഉറുമാലെടുത്തു മുഖം തുടച്ചു. അപരിചിത ഭാവത്തിൽ അവൻ പറഞ്ഞു,
‘ഞാൻ ഹരിയാണ്. പക്ഷെ നിങ്ങളെ ഞാനറിയില്ല. അത്ഭുതം! അൽപ്പം മുൻപേ വേറൊരാൾ അടുത്ത് വന്നു, ഇത് തന്നെ ചോദിച്ചു’.
അവന്റെ സ്വരത്തിൽ അപരിചിത ഭാവത്തെക്കാൾ മുന്നോട്ടു നിന്നതു പുച്ഛമായിരുന്നോ, അതോ അസ്വാസ്ഥ്യമോ? കണ്ണുകളിൽ ഉന്മാദത്തിന്റെ തിരയിളക്കമോ? എന്നെയൊന്നു ചുഴിഞ്ഞു നോക്കിയ ശേഷം അക്ഷമനായി അവൻ റോഡിലേക്ക് തലതിരിച്ചു.
ഒരുമാത്ര ഞാൻ നിർന്നിമേഷനായി നിന്നുപോയി. കാലുകൾ മണ്ണിലുറച്ചുവോ? ഇയാൾ ഹരിയല്ല. ഹരിയുടെ ഭാവം ഇതല്ലല്ലോ. എന്ത് ചെയ്യണമെന്നറിയാതെ സ്തബ്ധനായി. ഞെട്ടിയോ? അയാളുടെ അരികിൽ നിന്നും ഞാൻ സാവധാനം പിറകിലേക്കിഴഞ്ഞു നീങ്ങി. അപ്പോഴേക്കും ഒരു ചുവന്ന കാർ അവന്റെ അടുത്ത് വന്നുനിന്നു. അലസമായ്, അലക്ഷ്യമായ് അവൻ എന്നെനോക്കി, പുതിയ അർഥങ്ങൾ തിരയുന്ന പോലെ. അവന്റെ കണ്ണിലെ ഉന്മാദം അഗ്നിസ്ഫുലിംഗങ്ങളായുതിർന്നു. അതിലൊരു കണം എന്റെ നെഞ്ചിലും കിനിഞ്ഞിറങ്ങി, പതുക്കെ ശരീരത്തിലോരോ അണുവിലും കത്തിപ്പടർന്നു.
കാറിൽ നിന്നും അവനെ ആരോ പേരെടുത്തു വിളിച്ചു, അച്ഛനാവാം. ഡോർ തുറന്നവൻ അകത്തു കയറി ഡോറടച്ചു. ഒരു ചുവന്ന ബിന്ദു പോലെ ഹരിയുടെ കാർ അങ്ങകലേ ചക്രവാളത്തിൽ മറയുന്നതു ഞാൻ നോക്കി നിന്നു. പുകപടലം കാറിന്റെ എക്സോസ്റ്റിൽ നിന്നും കിനിഞ്ഞിറങ്ങി കാറ്റിലൂടെ എന്നെ പൊതിഞ്ഞു, അതുകൊണ്ടാവാം എന്റെ കണ്ണുകൾ നീറി.
‘മിണ്ടാതെ കരയാതനങ്ങുവാൻ വയ്യാതെ ഒരു ശിലാ ബിംബമായ് മാറി ഞാൻ…’
അറിയില്ല എന്നെ നീ. അറിഞ്ഞു ഞാൻ, മറന്നതാവാം. ‘സത്യമതാവാം എങ്കിലും നിൻ മിഴികളെൻ നേർക്കു ചാഞ്ഞുവല്ലോ’.12 എന്റെ കളിത്തോഴനല്ലേ, മറന്നതാവാം.
എന്തിനു വേണ്ടിയായിരുന്നു ഞാൻ ഈ നിമിഷങ്ങളെ താലോലിച്ചതും കാത്തിരുന്നതും? സ്വപ്നങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തി നേടുവാനോ, അതോ യാഥാർഥ്യത്തിലേക്കാണ്ടിറങ്ങി സ്വപ്‍ന സാഫല്യം നേടുവാനോ?
ഇതിലെന്താണിത്ര അതിശയകരമായിട്ടുള്ളത്! പണ്ടെന്നോ കൂടെ പഠിച്ച ഒരു കുട്ടി, ബാല്യത്തിൽ പിരിഞ്ഞു പോയാൽ അന്ന് കണ്ടതും പറഞ്ഞതും ഓർത്തിരിക്കണമോ. ഇയാൾ എന്റെ ചങ്ങാതി ഹരിയെന്നു എനിക്കെങ്ങനെ പറയാൻ കഴിയും? അയാളുടെ നിരാസം എന്നെ മറ്റൊരു ലോകത്തിലെത്തിച്ചു. ഇനിയില്ല മടക്കം, പിൻവിളി വിളിക്കാനിനി ഹരിയില്ല. ഇനിയെന്റെ സ്വത്വത്തെ തേടിയൊരു യാത്ര തുടങ്ങാം. നിഴലുകളും മരീചികകളും മുൾപ്പാതകളും മാറി നിൽക്കട്ടെ.
ദൂരെ ഒരിരമ്പം കേട്ടു. കാറ്റാണോ, അതോ ഞാൻ കാത്തിരിക്കുന്ന ബസ്സോ? ഇനിയെന്റെ ഊഴമാണ്. എനിക്കുള്ള ബസ്സു വരാറായി.
എന്റെ വിഹ്വലതകളും യൗവനവും ഒടുങ്ങി.
ആനന്ദം
————-
ഹരിയില്ല, ഇനി ഞാൻ മാത്രം. ഞാൻ തീർത്ത എന്റെ വഴി മാത്രം. കയ്യിലെ തുണിസ്സഞ്ചി നെഞ്ചോടു ചേർത്തുപിടിച്ചു ഞാൻ. അതിലാണെന്റെ ബിരുദങ്ങളുടെ തെളിവുകൾ! എന്റെ സ്വർണഖനി! കാത്തിരുന്നു! നിരാസം കഴിഞ്ഞു. ജീവിതത്തിന്റെ പുതിയ ഏടുകവിളിവിടെ, ഇവിടെ തുടങ്ങുന്നു. ഇനി ഹരിയില്ല, അവനെ തേടിയുള്ള യാത്രയും കഴിഞ്ഞു. അവനായി മാറുവാനുള്ള മോഹവും ഒടുങ്ങി. ഇനി ആദ്യബീജാക്ഷരം തൊട്ടു തുടങ്ങാം. അതുമതി ഈ ജീവിതം ധന്യമാവാൻ,
ഓം ഓം ഓം ഓങ്കാരമായ പൊരുൾ … 13. ഹരിയുടെ പൊരുൾ, എന്റെയും പൊരുൾ!
കഥാന്ത്യം
————
അന്ന് തുടങ്ങിയ യാത്ര, ദാ ഇവിടെയെത്തി നിൽക്കുന്നു. ഇപ്പോഴും നേട്ടങ്ങളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചും പെരുക്കിനോക്കിയും കയ്യിലുള്ള സ്വർണഖനിയുടെ ഭാരം അളന്നു നോക്കുന്നു.
എല്ലാം കഴിഞ്ഞു ദീർഘനിശ്വാസത്തോടെ കണ്ണടച്ച് മയങ്ങുമ്പോൾ ഹരിയുടെ ചിരി കേൾക്കാം. ഉന്മാദം നിറഞ്ഞ ചിരി. അറിയില്ല നിന്നെ ഞാൻ, പക്ഷെ അറിയുന്നു നിന്നെ 14.
അവന്റെ ഉറുമാലിൽ നിന്നും നേർത്ത സുഗന്ധം എന്റെ ഓരോ കോശത്തിലേക്കും പടർന്ന്, എന്നിൽ ലയിച്ചിറങ്ങിയോ? പൊരുളുകളെല്ലാം അറിഞ്ഞല്ലോ, ഇനിയൊടുങ്ങാം ഇവിടെ. അലസമായ് മന്ദമാരുതൻ എന്നെത്തഴുകിയൊഴുകി. കണ്ണുകൾ താനെയടഞ്ഞു പോയീ. സമയമായല്ലോ. ഇനി ഞാനുറങ്ങട്ടെ!
കടപ്പാട്
¹ പൂന്താനം
² പൂന്താനം
³ പൂന്താനം
⁴ രമപുരത്തുവാര്യർ
⁵ പൂന്താനം
⁶ പി. ഭാസ്കരൻ
⁷ പൂന്താനം
⁸ മുകുന്ദൻ
⁹ ഓ വി വിജയൻ
¹º വെങ്കട (കവി) സുബ്ബ അയ്യർ
¹¹ രാമപുരത്തുവാര്യർ
¹² സുഗതകുമാരി
¹³ എഴുത്തച്ഛൻ
¹⁴ സുഗതകുമാരി
————————-
കഥ മനോഹരം. ഹൃദയഹാരിയായ വർണന..