ഹാപ്പി ബെര്‍ത്ത്‌ഡേയ് ടോ യു…

dogപട്ടണത്തിലെ ഒരു വന്‍കിട ഓഡിറ്റോറിയം. അവിടെ വച്ചാണ് സുഹൃത്തിന്റെ കുട്ടിയുടെ ബെര്‍ത്ത്‌ ഡേ ആഘോഷം. ഒരു വയസ്സ് തികയുകയാണ് കുട്ടിക്ക്.

ഭാര്യയും ഞാനും എത്തുമ്പോള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ കടക്കാന്‍ പറ്റാത്ത അവസ്ഥ! ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു! ഞങ്ങള്‍ പൊരിവെയിലത്ത് പുറത്തു നിന്നു. കൂടെ താമസിച്ചു വന്നവര്‍ ധാരാളം പേര്‍!

ചടങ്ങുകള്‍ തുടങ്ങിയതായി അനൗണ്‍‍സ്മെന്റ് കേള്‍ക്കാം. ഭീമന്‍ കേക്ക് മുറിക്കുന്നു. ആശംസാഗാനം മുഴങ്ങുന്നു.

“…ഹാപ്പീ…ബെര്‍ത്ത്‌ഡേ….ടു.. യൂ….”

“ഹാപ്പീ… ബെര്‍ത്ത്‌ ഡേ…ടു…യൂ…”

പിന്നാലെ ചില പടക്ക ശബ്ദങ്ങളും.

മുറിച്ച അതിമധുരകേക്ക് കഷ്ണങ്ങള്‍ സദസ്സില്‍ വിതരണം ചെയ്യുകയാണ്. വെയിലത്ത്‌ നിന്ന ഞങ്ങള്‍ക്കും കിട്ടി ചെറിയ ഓരോ തുണ്ടുകള്‍.

അടുത്തത് വിഭവസമൃദ്ധമായ ലഞ്ച്. കളരിയും കരാട്ടയും പഠിച്ചതുകൊണ്ട് ഒരുവിധം ലഞ്ച് ഹാളില്‍ കയറിപറ്റി. ഫ്രൈഡ് റയ്സും ചിക്കന്‍ ഫ്രൈയുമാണ്. പിന്നാലെ ഐസ് ക്രീമും.

ഏമ്പക്കം വിട്ട് പുറത്തിറങ്ങി.

ഓഡിറ്റോറിയത്തില്‍ കയറി. സ്റ്റേജില്‍ അപ്പോഴും തിരക്കോട് തിരക്ക് തന്നെ. സുഹൃത്തിനേയും കുട്ടിയേയും പൊതിഞ്ഞ് ജനസമുദ്രം!! ഫോട്ടോ- യെടുപ്പും വീഡിയോ ചിത്രീകരണവും നടക്കുകയാവും?

സമയം പോകുന്നു? ഇനി നിന്നിട്ട് കാര്യമില്ല?

ഞങ്ങള്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചു.

ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്തിറങ്ങി. പെട്ടെന്ന് ഒരു കട്ടൗട്ടില്‍ കണ്ണുടക്കി. ഞെട്ടി!!?

ഏതാണ്ട് ഒരു വയസ്സ് പ്രായമുള്ള ഓമനത്തമുള്ള വെളുത്ത ഒരു “പട്ടികുട്ടി”യേയും പിടിച്ചുകൊണ്ട് സുഹൃത്തും ഭാര്യയും ചിരിച്ചുകൊണ്ട് നില്‍ക്കുന്നു!! കൂടെ ഒരു വാചകവും!

“ഞങ്ങളുടെ “കുട്ടി” ക്ക് ഇന്ന് ഒരു വയസ്സ്”.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here