പ്രഭാതം,
കറുത്ത മുഖമുള്ള
കുഞ്ഞായ് പിറന്നു വീണു.
കാറ്റൊരു ,
കാറ്റില്ലാത്ത പൂമ്പാറ്റയായ്
പറന്നു നടക്കുന്നു.
കടൽക്കര,
ആർപ്പുവിളിയുള്ള
മാലഖമാരുടെ
ഫുഡ്ബോൾ കോർട്ടായ് മാറിക്കഴിഞ്ഞു.
തല കുടഞ്ഞ്
കണ്ണടച്ചു കണ്ണിറുക്കി
പലവട്ടം ചുറ്റും നോക്കി
ഭൂമി പന്ത് കറങ്ങുന്നതു പോലെ ഇപ്പോഴും
കറങ്ങി നിൽക്കുന്നു.
കഴിഞ്ഞ രാത്രിയിൽ
തുടർച്ചയായ്
മൗനത്തിന്റെ ആഴം
തേടി നടന്നു പോയ
സന്യാസിയുടെ നിശബ്ദതയെ
വെള്ളം ചേർക്കാതെ
കുടിച്ചു വറ്റിച്ചതിനാൽ,
ബോധങ്ങളുടെ
തിരമാലകൾ ഇപ്പോഴും ശാന്തമായിട്ടില്ല.
ഞാനും ഒരു സന്യാസിയായ്,
മാറുകയാണോ ?
വാക്കുകൾ സംഗീതമാകുന്നു.
കടൽക്കരയിലെ കാറ്റുകൾ നിറുത്താതെ താളം ചവിട്ടുന്ന
നർത്തകിയായ് മാറുന്നു.
കടൽക്കരയിലെ വീട്,
ആളില്ലാത്ത
കടൽവഞ്ചി പോലെയാണ്
മൈക്രോ ഒവനിൽ
ഇന്നലത്തെ പ്രഭാതത്തിൽ
തണുത്തു പോയ ചായ
ഇലക് ട്രോ വേവുകളെ
തിരഞ്ഞു നടക്കുന്നു.
പൂച്ചയുറങ്ങാത്ത,
തുരുമ്പിച്ച
ഗ്യാസ് സ്റ്റൗവ്
വെളുത്ത പൂപ്പലിൽ
മയങ്ങിക്കിടക്കുന്നു.
കടൽക്കരയിലെ
ഇപ്പോഴത്തെ സീൻ
ഡാർക്കാണ്.
മഞ്ഞനിക്കറിട്ട
മാലാഖമാർ
ഇപ്പോൾ അഞ്ചേ അഞ്ചിന്
സമനിലയിലാണ്.