തൂക്കുകയർ കവിത

 

 

മരണം കൊണ്ട്
കവിത എഴുതിയവരുടെ
നാട്ടിൽ
വെളുപ്പു കൊണ്ട്
കറുത്തു പോയ
കള്ളക്കണ്ണാടികൾ

മജ്ഞകൊഴുപ്പില്ലാത്ത
വരികളുടെ
പ്രതിബിംബങ്ങൾ.

 

പള്ളികളിൽ
മരണമണി
മുഴങ്ങുന്ന സമയം
ചെമ്പരത്തിക്കാട്ടിലെ
വിപ്ലവം മണത്ത്
വന്നു.

ഇറച്ചിവെട്ടുകാരന്റെ
കാളകൾ

 

ചോര കൊണ്ട്
വിളഞ്ഞു കിടപ്പുണ്ട്
കുഴിമാട രൂപമുള്ള
നെല്ലുകൾ.

നട്ടെല്ലു പൊട്ടിച്ച്
പതിരു തിരിച്ച്
കഴുത്തരികൾ
കൊണ്ടുപോയി
അപ്പൂപ്പനെ കൊന്ന
ഗില്ലറ്റുകൾ.

 

ഉമ്മറത്തിണ്ണയിൽ
തൂലികാ മുടി പറത്തി
അമ്മച്ചി വേവിച്ചെടുത്തു.
വായനാമരങ്ങളിൽ
നിന്നറുത്ത
പുസ്തക കുരുക്കൾ

 

അമ്മൂമ്മ നിലവിളിച്ച
ചാവേറു
തറയ്ക്കരികിൽ –
കുട്ടികൾ അയവലിച്ചുകെട്ടി.

അമ്മമാർ,
ഉണങ്ങാനിട്ടു.

യുദ്ധക്കുപ്പായങ്ങൾ.

 

മരണം കൊണ്ട്
കവിത എഴുതിയവരുടെ
നാട്ടിൽ

അടുക്കള സംസാരങ്ങൾ
ചൊടലപ്പുക ചുരത്തുന്നു.

ചായക്കട തമാശകൾക്ക്
ചോര ചൂട് തട്ടുന്നു.

 

മണ്ണടിഞ്ഞു പോയ
മക്കൾകുന്നിൽ
പെണ്ണിനെപോലൊരു
കരിമ്പനക്കുടിൽ
ഒറ്റക്ക് നിലവിളിക്കുന്നു.

ചങ്ങലക്കാറ്റുകൾ

അമ്മ ഗീതം
കെട്ടിവലിക്കുന്നു.

 

ക്ഷേത്രച്ചുമരുകളിലിരുന്ന്
വെട്ടുകിളികൾ
മേൽവിയർപ്പൊറ്റുന്നു.

അടച്ചുറപ്പുള്ള
കഥാകൂടുകൾ പണിയുന്നു.

 

ഞാനാണ് കവിതയെന്ന്
വരിതെറ്റിയ
പ്രതിബിംബങ്ങൾ
കളവു പറയുന്നു.

കണ്ണാടിയതിരുകളുടച്ച്
നാടുകാണാൻ
വെളുത്ത കൊറ്റിയുടെ
കുത്തേറ്റ കാക്കകൾ
വിശപ്പുചിറക-
ടിച്ചെത്തുന്നു.

 

വിപ്ലവം പൊടിഞ്ഞ
ചെമ്പരത്തിക്കാടുകളിൽപൂത്ത തൂക്കുകയറുകൾ

ഇറച്ചിവെട്ടുകാരന്റെ
കാളയെനോക്കി

കുട്ടിക്കവിതകൾ
ചൊല്ലുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English