മലയാള മാധ്യമചരിത്രത്തിന്‍റെ ഭാഗമായി: വിവാഹത്തിലേക്ക് കടക്കാനൊരുങ്ങി ഹെയ്ദി സാദിയ

 

 

ഹെയ്ദി സാദിയ എന്ന പേര് ഇനി മലയാള മാധ്യമചരിത്രത്തിന്‍റെ ഭാഗമാണ്. മലയാളത്തിലെ ആദ്യ ട്രാൻസ്ജെൻഡര്‍ മാധ്യമപ്രവര്‍ത്തകയാണ് ഹെയ്ദി സാദിയ. തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹെയ്ദി സാദിയ കൈരളി ന്യൂസിലാണ് വാര്‍ത്താ അവതാരകയായി പ്രവര്‍ത്തനം ആരംഭിച്ചത്.

ഓഗസ്റ്റ് 31ന് ജോലിയിൽ പ്രവേശിച്ച ഹെയ്ദി സാദിയയുടെ ആദ്യ വാര്‍ത്ത അവതാരണവും ചരിത്ര പ്രാധാന്യമുള്ളതായിരുന്നു. ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 2 ഓര്‍ബിറ്ററിൽ നിന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള വിക്രം ലാൻഡര്‍ വേര്‍പെടുന്ന വാര്‍ത്തയാണ് ഹെയ്ദി സാദിയ ആദ്യമായി അവതരിപ്പിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബിൽ നിന്ന് ഫസ്റ്റ് ക്ലാസോടെയാണ് ഇലക്ട്രോണിക് ജേണലിസത്തിൽ സാദിയ ബിരുദാനന്തര ഡിപ്ലോമ കരസ്ഥമാക്കിയത്. തൃശ്ശൂര്‍ സ്വദേശിയായ ഹെയ്ദി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ട്രാൻസ്‍‍വുമണായത്.

നാല് വര്‍ഷം മുൻപ് താൻ ട്രാൻസ്ജെൻഡറാണെന്ന് ഹെയ്ദി സാദിയ തുറന്നു പറഞ്ഞതോടെ നാട്ടിലും കുടുംബത്തിലും കോലാഹലമായി. തുടര്‍ന്ന് തന്‍റെ വ്യക്തിത്വം ആരും അംഗീകരിക്കില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഹെയ്ദി ബെംഗളൂരുവിലേയ്ക്ക് പോകുകയായിരുന്നു. ബെംഗളൂരുവിൽ ട്രാൻസ്ജെൻഡര്‍ പ്രവര്‍ത്തകയായ മിയ ഹെയ്ദിയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കി. തുടര്‍ന്ന് പഠിച്ച് നല്ലൊരു ജോലി നേടണമെന്ന ആഗ്രഹത്തിൽ ഹെയ്ദി പഠനം തുടരുകയായിരുന്നു. ഇഗ്നോവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷം പത്രപ്രവര്‍ത്തനം പഠിക്കാനായി തിരുവനനന്തപുരത്ത് എത്തുകയായിരുന്നു. പഠനത്തിന് ശേഷം ഇന്‍റേൺഷിപ്പിനായി കൈരളി ടിവിയിൽ ചേര്‍ന്ന ഹെയ്ദി സാദിയയെ കൈരളി ടിവി ട്രെയ്നിയായി നിയമിക്കുകയായിരുന്നു.

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളര്‍ത്തമ്മ. ട്രാൻസ്ജെൻഡര്‍ ദമ്പതിമാരായ സൂര്യയുടെയും ഇഷാന്‍റേയും വളര്‍ത്തു മകനായ അഥര്‍വുമായി ഹെയ്ദി സാദിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ആലപ്പുഴ സ്വദേശിയാണ് അഥര്‍വ്. വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ല.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here