ഹാദിയയെവിടെ , റാഹിലയെവിടെ

ra9ഒരാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ അവിടെ വോട്ട് കൂടുകയോ കുറയുകയോ ബാഹികമായ നേട്ടങ്ങളോ കോട്ടങ്ങളോ ഉണ്ടാവുക സ്വാഭാവികം. എന്നാല്‍, ഒരു മുസ്ലിം പെണ്‍കുട്ടി ഹിന്ദു മതത്തിലേക്ക് പോയതുകൊണ്ട് ഹിന്ദു മതത്തിന് നേട്ടമില്ലെന്നും ഹിന്ദു സ്ത്രീ മുസ്ലിം ആയത്കൊണ്ട് ഇസ്ലാം മതത്തിനും നേട്ടമില്ലെന്നും മതത്തിന്റെ പേരില്‍ ഉപജീവനം നടത്തുകയും രാഷ്ട്രീയ അധികാരം സ്ഥാപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാണ് നഷ്ടബോധം
ഉണ്ടാകുന്നത്.

വിശ്വാസപരമായ തെരഞ്ഞെടുപ്പുകള്‍ക്ക് ഓരോ വ്യക്തിക്കും സ്വാതന്ത്ര്യവും നിയമ പരിരക്ഷയും കിട്ടാതെ വരുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനക്ക് ഗുരുതരമായ കോട്ടം സംഭവിക്കുമെന്ന് മാത്രമല്ല, ചില നേരങ്ങളിലത് ആഭ്യന്തര കലഹങ്ങള്‍ക്ക് നിമിത്തമായാല്‍ ഹൈക്കോടതിയും സുപ്രീം കോടതിയും കൂട്ടിലകപ്പെട്ട തത്തകളും ഒക്കെയായിരിക്കും അതിനുത്തരവാദികള്‍.

ഇഷ്ട മതം സ്വീകരിച്ചു ജീവിക്കാന്‍ ഭരണകൂടം അവസരം ഉണ്ടാക്കി കൊടുക്കുകയും , ഹാദിയമാരുടെ മാതാ പിതാക്കള്‍ക്ക് മകളെ നഷ്ടപെട്ടിട്ടില്ലെന്ന ബോധം ഉണ്ടാക്കുന്ന തരത്തിലുള്ള ജീവിതക്രമം തീര്‍ക്കാന്‍ ഹാദിയമാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും കഴിയുകയും ചെയ്യുമ്പോള്‍ ദൈവ നാട്ടിലെ, മത സാഹോദര്യത്തിന്റെ ആരാമത്തില്‍ മാനവ മൈത്രിയുടെ പൂങ്കുയില്‍ പാട്ട് പാടിക്കൊണ്ടേയിരിക്കും.

ഭര്‍ത്താവിന്റെ കൂടെ വിടാതിരുന്നിട്ടും പിതാവിന്റെ കൂടെ വിടാതിരുന്നതിന്റെ പേരില്‍ ഹാദിയയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നെങ്കില്‍ ആ പിതാവ് മാത്രമല്ല, ഓരോ പിതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു. റാഹില, റാഹില എന്ന് വിളിച്ചുകൊണ്ട് കോടതി പരിസരത്ത് നിലവിളിച്ച് തളര്‍ന്ന ആ പിതാവിനെകുറിച്ച് റാഹില മാത്രമല്ല ഓരോ പെണ്‍കുട്ടികളും ചിന്തിക്കേണ്ടതുണ്ട്.

കേന്ദ്ര കേരള ഭരണകൂടത്തിന്റെ സര്‍വ്വസന്നാഹങ്ങളും മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി പൊരുതുന്നവര്‍ ഹാദിയയുടെ നല്ലഭാവിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത് എന്നും റാഹിലമാരുടെ പിറകെ മാത്രമല്ല, കല്യാണം കഴിക്കാതിരുന്നിട്ടു പോലും കാമുകന്റെ കൂടെ കോടതി മുസ്ലിം സ്ത്രീയെ വിട്ടപ്പോഴും അവരുടെയ പിറകെയും ആരും പോയിരുന്നില്ല എന്നതും, പരമാര്‍ത്ഥം വിളിച്ചു പറയാന്‍ പരിമിതികളുള്ള എല്ലാ മതേതര ലിബറല്‍ വാദികളും അറിയേണ്ടതാണ്.

രാഷ്ട്രീയ പരമായ ആദര്‍ശങ്ങള്‍ വിട്ട് ഒരാള്‍ മറ്റൊരു പ്രസ്ഥാനം തെരഞ്ഞെടുക്കുമ്പോള്‍
അവിടെ സ്വാര്‍ത്ഥ താല്പര്യങ്ങളുണ്ടാകാമെങ്കിലും, ആത്മാര്‍ത്ഥമായ മതം മാറ്റത്തില്‍ ദൈവ പ്രീതി
മാത്രമായിരിക്കും ലക്ഷ്യമെന്നും ഇനി പ്രണയമാണെങ്കില്‍ തന്നെയതിന് തടസ്സം നില്‍ക്കുന്നത് മതേതര രാജ്യമല്ലെങ്കില്‍ പോലും, ഭൂഷണമല്ലെന്നും തിരിച്ചറിയാന്‍ ഇനിയും എത്ര കാത്തിരിക്കണം നാം ?

അഖിലക്ക് പകരം റാഹിലയൊ മറ്റോ ആയിരുന്നുവെങ്കില്‍ ഭര്‍ത്താവിനെ തീവ്രവാദിയാക്കുന്നതിനു പകരം, മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത വിവാഹമെന്നോ പ്രണയത്തിന്റെ വ്യതിരിക്തമായ സാഫല്യമെന്നോ ഒക്കെ ആയി പരിണമിക്കുന്നതിലെ തരം തിരിവും എവിടെയോ കിടക്കുന്ന മലാല എന്ന പെൺകുട്ടിക്ക് വേണ്ടി തൊണ്ട കീറിയിരുന്നവര്‍ കണ്‍മുമ്പിലുള്ള ഹാദിയയുടെ കാര്യത്തില്‍ മൗനികളാകുന്നതും തിരിച്ചറിയാനും വിളിച്ചു പറയാനും പ്രത്യയ ശാസ്ത്രം തടസ്സമാകാത്ത ഒരു തലമുറയുടെ പിറവി ഇനിയും എത്ര അകലെയാണ് ?

ഹാദിയയുടെ കാര്യത്തില്‍ ആട് നോട്ടവും തീവ്രാദവുമൊക്ക ചികഞ്ഞു നോക്കി ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയുടെ മാനവും മതിപ്പും നഷ്ടപെടുത്തുന്ന എന്‍ ഐ എ ക്ക് , വിവാഹം കഴിച്ച് കുടുംബവും കുട്ടികളും ഉള്ള ഒരു യുവാവ് ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ തെരുവില്‍വെച്ച് വെട്ടിക്കൊല്ലപ്പെട്ടതിനെ കുറിച്ചും പള്ളിയില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു മുസ്ലിയാരെ വെട്ടി ക്കൊന്നതിനെകുറിച്ചും ലൗ ജിഹാദ് ആകട്ടെ ഘര്‍ വാപ്പസിയാകട്ടെ, വിവാഹിതരായ സ്ത്രീകളില്‍ എത്ര പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട് എന്നതിനെ കുറിച്ചും ഒരു ആശങ്കയും ഇല്ലാതെ പോയതില്‍
മനസാക്ഷിക്കുത്ത് അനുഭവപ്പെടുന്ന ഒരു കാലം വരിക തന്നെ ചെയ്യുമെന്നോര്‍ക്കുക അമരത്വവും നിത്യ യവ്വനവും ഒരാള്‍ക്കും ദൈവം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമറിയുക!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English