കോടമഞ്ഞുള്ളതിനാൽ അന്തരീക്ഷത്തിനാകെ ഒരു കുളിർമ . വിനീത് കാറിനുള്ളിലെ വില കൂടിയ തണുപ്പ് ഓഫ് ചെയ്ത് ഗ്ലാസുകൾ താഴ്ത്തി പ്രകൃതി സൗജന്യമായി ഒരുക്കിയ തണുപ്പ് കാറിനുളളിലേയ്ക്ക് കയറിയപ്പോൾ അവനത് വളരെ ഹൃദ്യമായ അനുഭവമായി.
പപ്പയുടെ ‘BMW’ കാർ അതിനകത്തിരിക്കുമ്പോഴും അതോടിക്കുമ്പോഴും പപ്പയുടെ തലയെടുപ്പ് അവന്റെ മുഖത്ത് പ്രകടമായിരുന്നു.
” ലൈസൻസ് കൈയ്യിൽ കിട്ടാതെ കാറിന്റെ താക്കോലേ നീ തൊട്ടേ ക്കരുത് ” പപ്പയുടെ വാക്കുകൾ വളരെ കണിശതയുളളതായിരുന്നു .
ഇന്നലെ ലൈസൻസ് ഒപ്പിട്ടു വാങ്ങുമ്പോൾ പോസ്റ്റ്മാനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാനെനിക്ക് തോന്നിപ്പോയി. എന്നാൽ സന്തോഷത്താൽ വിടർന്ന എന്റെ കണ്ണുകൾ കൂമ്പിയ താമര പോലെയായി കാരണം പപ്പാ രാത്രി 11.30 കഴിഞ്ഞേ എത്തൂ എന്ന് മമ്മ പറഞ്ഞു. പപ്പ വരുന്നതു വരെ ഉറങ്ങാതെ പിടിച്ചു നിന്നു ലൈസൻസ് പപ്പയെ കാണിച്ചിട്ടാണ് വിനീത് കിടക്കയിലേയ്ക്ക് മറിഞ്ഞത്.
മമ്മ നിർബന്ധിച്ചില്ലായിരുന്നെങ്കിൽ ഞാൻ രാവിലെ പല്ലു പോലും തേയ്ക്കില്ലായിരുന്നു ഒരു കണക്കിന് ചായ കൂടി അകത്താക്കി കാറുമെടുത്ത് പുറത്തിറങ്ങി. ലൈസൻസില്ലാതെ തന്നെ കൂടുകാരുടെ കാറ് സ്ഥിരം ഓടിക്കാറുണ്ട് , എന്നാൽ ഇതങ്ങിനെയല്ലല്ലോ സ്വന്തം കാറ്, അതും BMW . കൂട്ടുകാരെയാരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഒരു മത്സരയോട്ടം നടത്താമായിരുന്നു.
കുറച്ചു മുൻപിലായി ഒരു നാനോ കാറ് നിർത്തിയിട്ടിരിക്കുന്നു , അതിനടുത്തുനിൽക്കുന്നയാളെ നല്ല പരിചയം. കുറച്ചു കൂടി അടുത്തപ്പോൾ ആളെ പിടികിട്ടി. ദേവൻ സാറ്, കണക്കിന് സ്ഥിരമായി തോൽക്കുന്ന എനിക്ക് SSLC പരീക്ഷയ്ക്ക് കണക്കിന് മാത്രം കിട്ടിയത് 85% മാർക്ക്. അതിനുപിന്നിലെ ബുദ്ധി കേന്ദ്രമാണ് ദേവൻ സാറ്.റിസല്‍റ്റ് വന്നപ്പോ സാറിനൊരു സമ്മാനവുമായി ഞാൻ സ്ക്കൂളിൽ ചെന്നതായിരുന്നു. എന്നാൽ ദേവാനന്ദൻ സാറ് സ്ഥലം മാറി പോയി.
കാറ് ഒതുക്കി നിർത്തി സാറിന്റെടുത്തേയ്ക്ക് നടക്കുമ്പോ ബഹുമാനം പ്രകടിപ്പിക്കാൻ നട്ടെല്ല് ഒരല്പം വളച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്തു. വിനീത് വളരെ വിനീതനായി ചോദിച്ചു.
” സാറേ എന്താ ഇവിടെ “
സാറിന്റെ മുഖത്ത് ചമ്മിയ ചിരി, മുഖഭാവത്തിലൂടെ ‘ മനസ്സിലായില്ല ‘ എന്ന് എന്നെ അറിയിച്ചു.
” സാറിനെന്നെ മനസ്സിലായില്ലേ …. ഞാൻ വിനീത് , സെന്റ്.ആഗ്നസില്‍ സാറെന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. “
ദേവൻ സാറിന്റെ മുഖം തെളിഞ്ഞു.
” ങ്ഹാ …. വിനീദ് ജയിംസ്, മീശയൊക്കെ വച്ചപ്പോ നിന്നെ മനസ്സിലാകാണ്ടായി “
” എന്തുപറ്റി സാറേ “
” ഒന്നും പറയണ്ട വിനീതേ കാറ് പണി തന്നു , എത്ര നോക്കീട്ടുംസ്റ്റാര്‍ട്ട് ആവണില്ല . എനിക്കാണെങ്കിൽ ഈ സ്ഥലം ഒട്ടും പരിചയോം ഇല്ല. ഇവടടുത്ത് വര്‍ക്ക്ഷോപ് വല്ലതും ഉണ്ടോ “
വിനീത് അല്പം ഗൗരവമായി ആലോചിച്ചു.
” ഇവടടുത്തെങ്ങും ഇല്ല സാറേ . പാലം കടവ് സിറ്റി കഴിഞ്ഞ് കുറച്ച് മുന്നോട്ട് പോയാൽ ഒരെണ്ണമുണ്ട്. “
” ശ്ശെ.. ഇനിയിപ്പോ എന്ത് ചെയ്യും ” സാറിന് നിരാശ തോന്നി.
” സാറ് പേടിക്കണ്ടാ , എന്റെ വണ്ടീല്റോപ്പ് ഉണ്ട് , വര്‍ക്ക്ഷോപ്പ് വരെ വണ്ടി ഞാൻ വലിച്ചു കൊണ്ട് പോകാം. “
സാറിന്റെ മുഖം തെളിഞ്ഞു. വിനീത് റോപ്പ് എടുത്ത് കെട്ടി. അത് നല്ലോണം മുറുകീട്ടുണ്ടെന്ന് ദേവൻ സാറ് ഉറപ്പാക്കാൻ മറന്നില്ല.
നാനോയുടെ ഡോര്‍ തുറന്ന് കൊടുത്ത് വിനീത് ഒരു സെര്‍വെന്റിനേപ്പോലെ നിന്നു.
കാറിലേയ്ക്ക് സാറ് കയറുന്നതിനിടയിൽ വിനീത് ഭവ്യതയോടെ ഒരു മുൻകൂർ ജാമ്യം എടുത്തു.
” സാറേ എന്റെ കാറിന്റെ സ്പീഡ്എങ്ങാൻ കൂടുതലാണെന്ന് തോന്നിയാൽ ലൈറ്റ് ഒന്ന് ബ്രൈറ്റ് ആക്കി കാണിച്ചേക്കണേ …. അപ്പോ ഞാൻ സ്പീഡ് കുറച്ചോളാം “
” ഓ…. ശരി വിനീതേ “
രണ്ട് പേരും ബഹുമാനിക്കാൻ പരസ്പരം മത്സരിക്കുന്ന പോലെ തോന്നുന്നു. വിനീത് അഭിമാനത്തോടെ സ്വന്തം കാറിനടുത്തേയ്ക്ക് നീങ്ങി.
” വർഷങ്ങൾ ചിലത് കഴിഞ്ഞെങ്കിലും ഗുരു ദക്ഷിണയുടെ കടം വീട്ടാൻ എനിക്ക് കിട്ടിയ സുവർണ്ണാവസരം ” വിനീത് ആത്മഗതം ചെയ്തു.
വിനീതിന്റെ കാറ് മുന്നോട്ട് നീങ്ങി, പിന്നാലെ ഗുരു ദക്ഷിണയുമായി ദേവൻ സാറിന്റെ നാനോയും .
വിനീതിന്റെ ഫോണ്‍ ശബ്ദിച്ചു , പാച്ചു വിളിക്കുന്നു എന്റെ ആത്മാർത്ഥ സുഹൃത്ത്. ഫോണ്‍ സ്പീക്കറില്‍ ഇട്ട് വിനീത് വാചാലനായി . ലൈസൻസ് കിട്ടിയ കാര്യവും ‘BMW’ ഓടിക്കുന്ന കാര്യവുമെല്ലാം അല്പം എരിവും പുളിയുമൊക്കെ ചേർത്ത് കാച്ചി. അസൂയയും കുശുബും കൊണ്ട് വിളറി വെളുത്ത പാച്ചുവിന്റെ മുഖം വിനീത് ഭാവനയിൽ കണ്ടു. പെട്ടെന്ന് ഒരു Audi കാറ് തന്നെ ഓവര്‍ടേക്ക് ചെയ്ത് മുന്നാട്ട് പാഞ്ഞു. അതിനകത്തിരുന്ന ഒരുത്തൻ തന്നെ നോക്കിയത് പുച്ഛത്തോടെയാണെന്ന് വിനീതിന് തോന്നി.
” പാച്ചു ഞാൻ പിന്ന വിളിക്കാം ” വിനീത് ഫോണ്‍ കട്ട് ചെയ്തു. തന്റെ അഭിമാനത്തെ മുറിവേൽപ്പിച്ചു കൊണ്ട് ഇതാ ഒരു Audi കാർ മുന്നിൽ പോകുന്നു. വിനീതിന്റെ സിരകളിലെ രക്തം തിളയ്ക്കാൻ തുടങ്ങി. മുപ്പത് സെക്കന്റ് വേണ്ടി വന്നില്ല വിനീതിന് , ആ കാറിനെ മറികടക്കാൻ . അയാൾ കാണിച്ചതിനേക്കാൾ മൂന്ന് മടങ്ങ് പുച്ഛം തന്റെ മുഖത്ത് പ്രകടിപ്പിക്കാനും വിനീത് മറന്നില്ല.
” ലോക്കപ്പിൽ പോലീസുകാരന്റെ മുൻപിൽ നിൽക്കണ കുറ്റവാളി അത്രേയുളളൂ നീയൊക്കെ അറിയോ നിനക്ക് . ഇതേ കാറ് ‘BMW’ ആണ് ” വിനീത് ആരോടെന്നില്ലാതെ പിറുപിറുത്തു.
നിമിഷ നേരത്തിനുള്ളിൽ Audi കാർ ഓടിക്കുന്നവന്റെ സിരകളിലും തീപിടിച്ചു. പിന്നെ ആ റോഡ് ഒരു യുദ്ധക്കളമായി മാറി. ‘BMW -വും ‘Audi- യും മാറി മാറി വിജയം നുകർന്നു. ഒടുവിൽ പാലം കടവ് സിറ്റി എത്തി. ഇവിടത്തെ പ്രധാന സാമൂഹ്യ പ്രവർത്തകനാണ് പ്രഭാകരൻ . വെയിറ്റിംഗ് ഷെഡ്ഡില്‍ ഇരുന്ന് ന്യൂസ് പേപ്പര്‍ വായിക്കുന്നത് അദ്ദേഹത്തിന്റെ പതിവുകളിൽ ഒന്നാണ് . കാറുകളുടെ അങ്കക്കലി കണ്ട പ്രഭാകരൻ തന്റെ ഫോണ്‍ എടുത്തു.
” ഹലോ പോലീസ് കണ്ട്രോൾ റൂം ഞാനീ പാലംകടവിലുള്ള പ്രഭാകരനാണ്. ഇവിടെ സിറ്റിയിൽ ഒരു ‘Audi’ കാറും ‘BMW’ കാറും മത്സരിച്ചോടുകയാണ് , എപ്പോ വേണമെങ്കിലും ഒരപകടമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ എന്നെ അതിശയിപ്പിക്കുന്നതതല്ല, ഇവരുടെ മത്സര ഓട്ടം കണ്ട് കലിപ്പിലായ ഒരു നാനോക്കാരൻ ലൈറ്റ്‍ കത്തിച്ചിട്ട് ഇവരോടൊപ്പം മത്സരിക്കുകയാണ്. അതും അസാധ്യമായ വേഗതയിൽ “
പാവം പ്രഭാകരനറിയില്ലല്ലേ ഇതൊരു ഗുരു ദക്ഷിണയുടെ ഭാഗമാണെന്ന് . വിനീതിനെ കണക്ക് പഠിപ്പിച്ചു കൊടുത്തു എന്നൊരു തെറ്റ് മാത്രമേ ദേവാനന്ദൻ സാറ് ചെയ്തിട്ടുള്ളൂ.
അതിൽ പിന്നെ ദേവൻ സാറ് ആരിൽ നിന്നും ഗുരുദക്ഷിണ വാങ്ങീട്ടില്ല.