ശ്രീ നാരായണ ഗുരുവിന്റെ പ്രാധാന്യം അദ്ദേഹത്തിൻറെ കൃതികളിൽ മാത്രം ഒതുങ്ങുന്നതല്ല, കേരളം എന്ന ദേശത്തിന്റെ നിർമാണത്തിലും വളർച്ചയിലും അതിന് പങ്കുണ്ട്. എന്നാൽ പലപ്പോഴും വേണ്ട തരത്തിലുള്ള ആദരവോടെയല്ല ഗുരുവിനെ മലയാളി കാണുന്നത്, അതുകൊണ്ടു തന്നെ പലരുടെയും പേരുകൾക്കിടയിൽ ആ പേര് മറന്നുപോകാറുണ്ട്, മലയാളിയുടെ പ്രിയ എഴുത്തുകാരൻ ഗുരുവിനെക്കുറിച്ചു പറഞ്ഞത് വായിക്കാം:
ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് ഗാന്ധിജി പുകൾക്കൊണ്ട പോലെ, കേരളത്തിന്റെ ദേശപിതാവ് എന്നൊരു സങ്കൽപത്തിലേക്ക് ശ്രീ നാരായണഗുരുവിനെ പരിഗണിക്കേണ്ടുന്ന സമയമാണ് ഇത്. ലോകഗുരുവാകാൻ പ്രാപ്തിയുള്ള ഒരാളെ കേരളത്തിന്റേതുമാത്രമായി ചുരുക്കുകയല്ല, ലോകത്തിനു മാതൃകയാകുന്ന വിധത്തിൽ മലയാളിയെ വിടർത്തുകയാവണം ഗുരുവിനെ വീണ്ടെടുക്കലിലൂടെ നാം ചെയ്യേണ്ടത്.
ഈ മുഖം, ഈ നാമം, നമ്മുടെ രാഷ്ടീയനേതാക്കൾക്കും ജാതിമത മേധാവികൾക്കും എന്തിന് ഇവിടുത്തെ കപട ആധ്യാത്മിക ഗുരുക്കന്മാർക്കുപോലും സ്വീകരിക്കാനോ സ്മരിക്കാനോ കഴിയാതെ മാറ്റിനിർത്തപ്പെടുന്നതിൽ അത്ഭുതമില്ല. കാരണം ഗുരുവിനെ കേരളത്തിന്റെ പൊതുബോധത്തിലേക്ക് തിരികെക്കൊണ്ടുവന്നാൽ ജാതിയുടേയും മതത്തിന്റേയും വ്യാജലേബലുകൾ ഒട്ടിച്ച് അവർ നടത്തുന്ന കച്ചവടങ്ങളെല്ലാം പൊളിയും.
മാനുഷരെല്ലാരും ഒന്നുപോലെ എന്നു ഘോഷിക്കുന്ന ഓണനാളുകളിൽ ഈ മണ്ണ് പെറ്റിട്ട ഒരു മഹാവൃക്ഷത്തിന്റെ വിത്തായി ഗുരു ഉരുവം കൊണ്ടത് യാദൃച്ഛികമല്ല. അത് ഇവിടുത്തെ പൊതുമനസ്സിന്റെ ആഗ്രഹപൂർത്തീകരണമായിരുന്നു. ഇതാ പ്രകൃതി നമ്മെ അക്കാര്യം വീണ്ടുമോർമ്മിപ്പിക്കുന്നു. ഒരു മഹാപ്രളയത്തിലൂടെ നമ്മെ വീണ്ടും സർക്കാർപള്ളിക്കൂടങ്ങളിലെ ബെഞ്ചുകളിൽ അഭയാർഥികളുടെ രൂപത്തിൽ ജാതിമതലിംഗഭേദമില്ല്ലാതെ അത് കൊണ്ടുപോയി ഇരുത്തിയത് വെറുതെയല്ല. ആ ബെഞ്ചുകളിൽ നിന്നാണ് നാം മതേതരത്വവും മനുഷ്യത്വവും പഠിച്ചത്. ആ ബെഞ്ചിലിരുന്നാണ് ലോകം കണ്ട എക്കാലത്തേയും വലിയ മലയാളി യൂസഫലിയോ ശശി തരൂരോ അരുന്ധതി റോയിയോ അല്ല, നാരായണഗുരുവാണെന്നു നാം അറിഞ്ഞത്.
പ്രളയം കഴിഞ്ഞ് ഓണത്തിലൂടെ ഈ ചതയത്തിലെത്തുമ്പോൾ മലയാളി ഓർമിക്കേണ്ടത് അതാണ്. ഈ ജന്മദിനം വെള്ളാപ്പള്ളി നടേശനുമാത്രം ആഘോഷിക്കാനുള്ളതാണെന്നു കരുതി തള്ളിക്കളയരുതേ! ഇത് ആധുനിക മലയാളിയുടെ പിതാവിന്റെ തിരുനാൾ ആണ്. നമ്മുടെ അച്ഛന്റെ പിറന്നാൾ!