അശാന്തമായ ഒരിടത്തെ വായന എങ്ങനെയാവും. തിടുക്കത്തിൽ വാക്കുകളുടെ സംഗീതം ശ്രദ്ധിക്കാനാകാതെ അലസമായാകുമോ അതോ വെടിയൊച്ചകളുടെ ഇടവേളകളിലെ പ്രാർഥന പോലെയോ. കശ്മീരിന്റെ ഭൂമിക ഇൻഅതിർത്തി,മത തർക്കങ്ങളിൽ പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. മുറിവുകൾ ഉണങ്ങി വരുമ്പോളേക്കും അവ വെട്ടിപ്പൊളിക്കാൻ ആളുകളെത്തുന്നു..
ഈ താഴ്വരയിൽ ഷെയ്ഖ് മുഹമ്മദ് ഉസ്മാൻ വിൽക്കുന്നത് ആയുധങ്ങളല്ല പുസ്തകങ്ങളാണ്. ഉസ്മാനും മക്കളും നെഹ്‌റു പാർക്കിന്റെ സമീപം നടത്തുന്ന ഈ പുസ്തകശാല അതിന്റെ സമീപപ്രദേശങ്ങളിൽ അക്ഷരത്തിന്റെ വെളിച്ചം എത്തിക്കുന്നു. വൈവിധ്യമേറിയ പുസ്തക ശേഖരത്തിനുള്ള ലിംകാ റെക്കോർഡും ഈ അച്ഛനെയും മക്കളേയും തണുപ്പിൽ തേടിയെത്തിയിട്ടുണ്ട്.
തിരക്കുകളിൽ നിന്നും ദുരന്തങ്ങളിൽ നിന്നുമകലെ ഗുൽഷൻ ബുക്ക്സ് ഒരു പുസ്തകപ്രേമിക്ക് വായിക്കാൻ ഒരിടം നൽകുന്നു. സംഘർഷങ്ങളുടെ ഭൂമികയിൽ ഇതൊരു ചെറിയ കാര്യമല്ല.വായിച്ചു മടുക്കുമ്പോൾ ഉറക്കത്തെ ഓടിക്കാൻ ഇവിടെ കാപ്പിക്കടയും ഉണ്ട്.നിരവധി ദേശങ്ങളിലെ പുസ്തകങ്ങൾക്കൊപ്പം പ്രാദേശിക എഴുത്തുകാരുടെ പുസ്തങ്ങളുടെ വൻ ശേഖരവും ഗുൽഷൻ ബുക്സിൽ ലഭ്യമാണ്.80- 90 വർഷങ്ങളായി ദുരന്തങ്ങളെ അതിജീവിച്ച് കാശ്മീരി എഴുത്തുകാർ രചിച്ച കൃതികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.പുസ്തകകച്ചവടക്കരുടെ അഞ്ചാം തലമുറയിലെ ശേഷിപ്പാണ് ഷെയ്ഖ് മുഹമ്മദ് ഉസ്മാൻ. പിതാവിന്റെ പാത പിന്തുടരാൻ അദ്ദേഹത്തിൻറെ മക്കൾ തയ്യാറെടുപ്പിലാണ്.
Click this button or press Ctrl+G to toggle between Malayalam and English