ഗുൽമോഹർ

(പകൽ പോവുന്നതിന് മുൻപ് ഒരു വട്ടം കൂടി സന്ധ്യയുടെ പടിയിൽ ചേർന്ന് നിൽക്കുന്നു…പിന്നീട് അകന്നുപോയി… 

– പത്മരാജൻ )

നിമ്‌തല ഘാട്ടിൽ എരിയുന്ന ചിതയിലെല്ലാം ഒരു സംഗീതമുണ്ട്, ടാഗോറിന്റെ സംഗീതം.

നീ എരിയുമ്പോഴും കേട്ടു, ദൂരെ നിന്ന് ടാഗോർ ഗാനം.

തിരിച് വീടെത്താൻ വൈകുന്നേരമായി, എല്ലാവരോടും നേരത്തെ തന്നെ മടങ്ങി പോവാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ രാത്രി എനിക്ക് ഒറ്റക്ക് ഇരിക്കണം.

ആദ്യം കയറിച്ചെന്നത് എഴുത്ത് മുറിയിലേക്കാണ്, ഇത്രയും നാൾ പഴകിയ കടലാസിന്റെയും മഷിയുടെയും മാത്രം ഗന്ധമുണ്ടായിരുന്ന മുറിക്ക്‌ ഇന്ന് നിന്റെ മണം. വീട്ടിൽ മറ്റു മുറികൾ ഉണ്ടായിരുന്നിട്ടും നമ്മൾ ജീവിച്ചതത്രയും ഈ മുറിയിലായിരുന്നില്ലോ…

കണ്ടുമുട്ടിയ നാൾ മുതൽ പങ്കിട്ട പുസ്തകങ്ങൾ ഉണ്ട് ഈ മുറിയിൽ. ഓരോന്നും വളരെ ചിട്ടയോടെ നീ അടുക്കി വച്ചിട്ടുണ്ട്. എനിക്ക് ഏത് കാലത്തും നിന്റെ പുസ്തകങ്ങളോടുള്ള അച്ചടക്കത്തോട് പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല.

പുസ്തകങ്ങൾ…. ഇക്കാലമത്രയുമുള്ള സമ്പാദ്യവും സഞ്ചാരവും അത് തന്നെ.

ബംഗാളി സാഹിത്യത്തിന്റെ കടുത്ത ആരാധിക എന്നതിനപ്പുറം നിന്നെ ഞാൻ ഇഷ്ടപെട്ടതിന്റെ കാരണമെന്തായിരുന്നിരിക്കാം? എഴുത്ത് തന്നെയായിരുന്നില്ലേ നമ്മൾ തമ്മിലുള്ള ബന്ധം?

അക്ഷരങ്ങൾ കൊണ്ടൊരു ചങ്ങല, അതായിരുന്നു തമ്മിൽ ബന്ധിപ്പിച്ചത്.

അക്ഷരത്തോളം നീ എന്നെ സ്നേഹിച്ചിരുന്നില്ല, പക്ഷെ എന്റെ പ്രണയത്തെ നിനക്ക് ഇഷ്ടമായിരുന്നു ഒരുപാട്.

പഴയ ലെതർ ഹാൻഡിക്രാഫ്റ്റ് ഡയറിയുടെ അവസാനത്തെ പേജിൽ എഴുതി ചീന്തിയെടുത്ത കത്ത് ഒരിക്കൽ നീ എനിക്ക് തന്നു. പ്രേമലേഖനം എഴുതാൻ മാത്രം പൈങ്കിളി ആയിരുന്നില്ല നീ, പക്ഷെ ഒരു വരി മാത്രമുള്ള ആ കത്തിൽ നീ നിന്റെ ആസക്തികളെല്ലാം കുഴിച്ചുമൂടി.

“ഇലകളും പൂക്കളും തൊട്ടുഴിഞ്ഞു നിൽക്കുന്ന ഒരു ഗുൽമോഹർ മരത്തിന് കീഴിൽ വേരുകൾ അറിയാതെ എനിക്ക് നിന്നെ പ്രാപിക്കണം.”

അതായിരുന്നു നീ,

നിന്റെ ഫാന്റസികളുടെ ലോകം വളരെ വലുതായിരുന്നു.

’88 ൽ സോനാഗച്ചിയിൽ വച്ച് കണ്ടുമുട്ടുമ്പോൾ അറിഞ്ഞിരുന്നില്ല ആ സൗഹൃദം ഇത്രത്തോളം വളരുമെന്ന്.

അർദ്ധരാത്രി സോനാഗച്ചി കാണാൻ ഇറങ്ങിയ ആ സാഹസത്തോട് പിന്നീട് ഒരുപാട് തവണ നന്ദി പറഞ്ഞിട്ടുണ്ട്, ചില നിമിഷങ്ങളിൽ ശപിച്ചിട്ടുമുണ്ട്.

സോനാഗച്ചി എനിക്കൊരു കൗതുകമായിരുന്നെങ്കിൽ നിനക്കത് ജീവിതമായിരുന്നു. നീ എഴുതിയതെല്ലാം സോനാഗച്ചിയെ പറ്റിയാണ് അവിടുത്തെ ജീവിതത്തെകുറിച്ചാണ്.

കാമവും വിരഹവും നിന്റെ എഴുത്തിലെ ശക്തമായ മോട്ടിഫ്സ് ആയിരുന്നു.

“പ്രണയമില്ലേ?” ഞാൻ ഒരിക്കൽ ചോദിച്ചു

“കാമവും വിരഹവും ചേർന്നത് തന്നെയാണ് പ്രണയം !”

അതേ.

ശരിയാണ്.

ഈ നിമിഷം ഞാനത് മനസിലാക്കുന്നു…

ടാഗോറും മഹാശ്വേതാ ദേവിയും സത്യജിത് റായും വായിച്ചിരുന്ന നിനക്ക്, മലയാളം അവ്യക്തമായിരുന്നു.

പക്ഷെ മാധവിക്കുട്ടിയുടെ കവിതകളുടെ വിവർത്തനങ്ങൾ തേടിപിടിച് വായിച്ചിരുന്ന നിനക്ക് മലയാളം ഇഷ്ടമായിരുന്നു, അതുകൊണ്ട് എന്നെയും?

എങ്കിലും “നിന്നെ കാണുമ്പോൾ എനിക്ക് സാറാമ്മയെ ഓർമ്മ വരും”

“സാറാമ്മ? ബഷീറിന്റെ സാറാമ്മ?”

അല്ല,

കേശവൻ നായരുടെ സാറാമ്മ.

സത്യജിത് റായും, മൃണാൾ സെന്നും കാണിച്ചു തന്ന ഈ നഗരത്തോടുള്ള പ്രാന്ത് മൂത്താണ് ഞാൻ ഇങ്ങോട്ട് വന്നത്. കൽക്കട്ടയിലെ literary circle ൽ നീ അറിയപ്പെടാൻ തുടങ്ങുന്ന കാലത്താണ് നമ്മൾ പരിചയപ്പെടുന്നത്.

ഈ നഗരത്തിൽ ജനിച്ചു വളർന്ന ഒരു മലയാളിയോടുള്ള കൗതുകം മാത്രമായിരുന്നു ആദ്യം പക്ഷെ എഴുത്തുകാരിയാണെന്നറിഞ്ഞപ്പോൾ അത് സൗഹൃദമായി. പിന്നീട് സോഷ്യലിസ്റ്റ് ആശയങ്ങളിലുണ്ടായിരുന്ന ഐക്യം വളരെ പെട്ടെന്ന് ജീവിതത്തിന്റെ ഭാഗമായി മാറി.

മഹാശ്വേതാ ദേവിയുടെ എഴുത്തിനോടുള്ള പ്രണയം പതിയെ കമ്മ്യൂണിസത്തോടായതിനു ശേഷം പിന്നീട് നീ എഴുതിയതെല്ലാം അത്രത്തോളം വിപ്ലവാത്മകമായിരുന്നു.

അങ്ങനെ വ്യവസ്ഥിതികളെ ചോദ്യം ചെയ്യുന്ന എഴുത്തുകൾക്കിടയിൽ ഒരു മാമൂലുകൾക്കും തല കൊടുക്കാതെ ഒരുമിച്ച് ജീവിതമാരംഭിക്കുമ്പോൾ അക്ഷരങ്ങൾ മാത്രമായിരുന്നു കൂട്ട്…

നിന്നിലൂടെയായിരുന്നു ഞാൻ കൽക്കട്ടയിലെ ജീവിതം കണ്ടത്.

സോനാഗച്ചിക്കപ്പുറം പിൽഖാനയും, ബലുർഘാട്ടും, ഹൗറയും നീ കാണിച്ചു തന്നു.

“ഹൗറ ബ്രിഡ്ജ് എത്ര റൊമാന്റിക് ആണ്, പക്ഷെ പ്രണയിക്കാൻ മറന്നുപോയി, ചിലപ്പോൾ ഒരു റോബെർട്ടിനെയും ഫ്രാൻസിസ്കയെയും കിട്ടാത്തതുകൊണ്ടാവാം”

അത് പറഞ്ഞ നിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.

ആയിരിക്കാം, പ്രണയിക്കാൻ മറന്നതാവാം. പക്ഷെ പിന്നീടുള്ള കാലം റോബെർട്ടിനെയും ഫ്രാൻസിസ്കയെയും കണ്ടെത്തിയതുപോലെ അത്രത്തോളം മനോഹരമായിരുന്നു ഞങ്ങൾക്ക് ഹൗറ ബ്രിഡ്ജ്.

ഇന്ന് വീണ്ടും വരുന്ന വഴി ഹൗറ ബ്രിഡ്ജ് കണ്ടപ്പോൾ മനഃപൂർവം നോക്കിയില്ല, അതിന് മാത്രം ഇനിയെന്തുണ്ട് ബാക്കി…

മൗനം സൃഷ്ടിക്കുന്ന വല്ലാത്തൊരു ഇരുട്ട് തിങ്ങി നിൽക്കുന്നുണ്ട് മുറി നിറയെ. മൗനമായി തന്നെയാണല്ലോ നീ യാത്രയായതും…

കരയാൻ സാധിച്ചിരുന്നില്ല രാവിലെയൊന്നും. അവസാനം കരഞ്ഞു നിന്റെ അച്ഛനുമുന്നിൽ…

ഇനിയൊന്നിനാലും തകർക്കാൻ സാധിക്കാത്ത ജീവിതപാഠങ്ങളുടെ ബാക്കിപത്രമെന്നോണം നിന്ന ആ മനുഷ്യൻ പിറന്നു വീണ കുഞ്ഞിനെയെന്നപോലെ എന്നെ ആശ്വസിപ്പിച്ചു.
എന്റെ രണ്ടാം ബാല്യം അവിടെ തുടങ്ങുകയായിരുന്നോ?

എഴുത്തുമുറിയിലെ മേശയിൽ നെരൂദയുടെ ‘twenty love poems and a song of despair’ ഇരിപ്പുണ്ട്. എത്ര തവണ നീ ഇത് വായിച്ചുവെന്നതിന് വല്ല കണക്കുമുണ്ടോ? ഇന്നലെ രാത്രിയും വായിച്ചിരുന്നിരിക്കണം…

ബാക്കി ഭാഗം ഞാൻ തന്നെ വായിച്ചു തീർക്കണം എന്ന് നിർബന്ധമുള്ളതു പോലെ പുസ്തകം തുറന്നിരിപ്പുണ്ട്. അവസാന ഭാഗമാണ്.

The song of despair…
ഞാൻ വായിച്ചു തുടങ്ങി
Tonight I can write the saddest lines…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here