ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തപ്പോള്‍

girlഫോണ്‍ ബെല്ലിന്റെ ശബ്ദം കേട്ടാണ് അവള്‍ ഞെട്ടിയെഴുന്നേറ്റത്. ഇരുട്ടിലൂടെ തപ്പിത്തടഞ്ഞ് റിസീവറിലേക്ക് അവളുടെ കൈ നീണ്ടൂ ചെന്നപ്പോള്‍ ആ ശബ്ദം നിലച്ചു. അവള്‍ ലൈറ്റു തെളിച്ചു. കണ്ണുകള്‍ തുരുമ്മി കിടക്കയിലേക്കു നോക്കി അയാള്‍ നല്ല ഉറക്കത്തിലായിരുന്നു. വീണ്ടും ഫോണിന്റെ ഒച്ച….. അവള്‍ റിസീവര്‍ ചെവിയില്‍ ചേര്‍ത്തു പിടിച്ചു. ചെവി പൊട്ടുന്ന ഒച്ചയില്‍ ശകാരങ്ങള്‍. അവള്‍ക്കു കരച്ചില്‍ വന്നു. ഇവിടുത്തെ രാത്രിയില്‍‍ അമേരിക്കയില്‍ പകലാണുന്നുള്ള അറിവ് ഇവിടെ വന്നതിനു ശേഷമുള്ളതായിരുന്നു അവള്‍ക്ക്.

”ഇപ്പോള്‍ അപ്പന് എങ്ങിനെയുണ്ട്? ഇപ്പോള്‍ ചാകുന്ന ലക്ഷണം ഒന്നുമില്ലേ” ? അങ്ങേ തലക്കല്‍ നിന്നും പരുപരുത്ത മനുഷ്യത്വമില്ലാത്ത ചോദ്യം.

” നീ അത്ര കാര്യമായി ഒന്നും നോക്കണ്ട അപ്പനെ. ഇടക്കു മരുന്ന് നേരത്തെ പറഞ്ഞ പോലെ നിര്‍ത്തിയേക്കണം”

പിന്നെ നിശബ്ദത. അവള്‍ സ്നേഹത്തോടെ അയാളെ നോക്കി. അയാള്‍ കണ്ണുകള്‍ തുറന്നു ചുണ്ടുകള്‍ മെല്ലെ ചലിപ്പിച്ചു.

” എന്റെ ജോസൂട്ടി ആരുന്നോ? അവനെന്തു പറഞ്ഞു?” അവള്‍ അയാളുടെ അടുക്കള്‍ ചെന്നു കാലുകള്‍ തടവി.

”അപ്പനെ നല്ലതു പോലെ നോക്കണം എന്നു പറഞ്ഞു” അവള്‍ പറഞ്ഞു.

അപ്പോള്‍ അയാളുടെ കണ്ണുകളില്‍ നിന്നും കണ്ണീര് ഒലിച്ചിറങ്ങുന്നതു കണ്ടു.

അവള്‍ അവിടെ വന്നിട്ട് കുറെ ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. പത്താം ക്ലാസിലെ അവസാന പരീക്ഷ കഴിഞ്ഞ ദിവസം തന്നെ അപ്പന്‍ അവളെകൊണ്ട് ആ വലിയ ആളനക്കമില്ലാത്ത രണ്ട് നിലകളില്‍ തടികൊണ്ടു പണിത പഴയ വീട്ടില്‍ എത്തിയത്.

അപ്പന്‍ കുടിച്ചിട്ടുണ്ടായിരുന്നു.

”നല്ലതു പോലെ നോക്കിക്കൊള്ളണം എത്രത്തോളം ഇയാള്‍‍ ജീവിച്ചിരിക്കോ അത്രത്തോളം നിനക്കിവിടെ നില്‍ക്കാം” അത്രയും പറഞ്ഞു അയാള്‍ പോയി.

ഒരു മാസംകഴിഞ്ഞപ്പോള്‍ അപ്പന്‍ വന്നു പൈസ വാങ്ങാന്‍. പൈസാ എണ്ണി നോക്കുമ്പോള്‍ അയാള്‍ ചോദിച്ചു ഇത്രേ ഒള്ളോ? അത്രയും പറഞ്ഞയാള്‍ പോയി. മോള്‍ക്കു സുഖമാണോ? എന്തെങ്കിലും കഴിച്ചോ എന്നൊന്നും അപ്പന്‍ അന്വേഷിച്ചില്ല. അതൊക്കെ കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും. അവള്‍ ശബ്ദമടക്കി അയാളുടെ കിടക്കയുടെ കോണിലിരുന്ന് കുറെ നേരം കരഞ്ഞു. അയാള്‍ കണ്ണു തുറന്നു കിടക്കുകയായിരുന്നു.

”എന്തിനാ കുഞ്ഞു കരയുന്നത്” അയാളുടെ ചോദ്യം വ്യക്തമല്ലായിരുന്നെങ്കിലും അവള്‍ക്കതു മനസിലായി. ജനാല അവള്‍ തുറന്നിട്ടു. ഗുല്‍മോഹര്‍ മരങ്ങളെ തഴുകി വന്ന തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തട്ടിക്കളിച്ചു. അതിന്റെ പൂക്കളൂടെ മണം അവിടമാകെ നിറഞ്ഞു. നിലാവ് ചിതറികിടക്കുന്ന ആ താഴ്വരകളിലും കുന്നുകളിലുമെല്ലാം.

അപ്പോഴേക്കുമവള്‍ ഉറക്കത്തിലേക്കാണ്ടു പോയിരുന്നു. അവള്‍ ഉണര്‍ന്നപ്പോള്‍ അയാളുടെ കാലുകളും കയ്കളും തണുത്തു മരവിച്ചിരുന്നു. ആ ശരീരം നിശ്ചലമായി കിടന്നു. അവള്‍ പേടിച്ചുറക്കെ നിലവിളിച്ചു ആരും അവളുടെ നിലവിളി കേട്ടില്ല. അവള്‍ കതകു തുറന്നു വെളിയിലേക്കു നോക്കി ഇരുട്ടു മാത്രം. അയാളുടെ കണ്ണുകള്‍ അവള്‍ തിരുമ്മി അടച്ചു.

ആ പഴയ വീടിന്റെ മുറ്റം വിലപിടിപ്പുള്ള വലിയ കാറുകള്‍ കൊണ്ടു നിറഞ്ഞു. അയാളുടെ ശരീരം അവള്‍ക്കു മുന്നിലൂടെ പുറത്തേക്ക് എടുത്തു. അവള്‍ ആ മുറിയില്‍ തനിച്ചായി. അപ്പനെ അവള്‍ കണ്ടു. അപ്പന്‍ കയ്യിലെ പൈസാ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു. അവള്‍ അപ്പനെ നോക്കിയിരുന്നു. അപ്പന്‍ വന്നില്ല. മരണ വീട് ശൂന്യമായിത്തുടങ്ങി. അവളുടെ മുറിയുടെ കതക് ആരോ ശക്തിയായി വെളിയില്‍ നിന്നും വലിച്ചടച്ചു. പിന്നെ താഴിട്ടു പൂട്ടി. ആ വലിയ വീടിന്റെ കതകുകളെല്ലാം വലിയ ശബ്ദത്തില്‍ അടഞ്ഞു. വെളിയിലെ ഇരുമ്പു ഗേറ്റും. പിന്നെ നിശബ്ദത മാത്രം. അവള്‍ ജനാല തുറന്നിട്ടു കാറ്റു പിടിച്ച് ഗുല്‍ മോഹര്‍ മരങ്ങളിലെ പൂക്കള്‍ അവളെ നോക്കി തലയിളക്കി ചിരിച്ചു. കാറ്റ് അവളുടെ ഇളം മുടിയിഴകളെ പാറി പറത്തി ഇക്കിളിപ്പെടുത്തിക്കൊണ്ടിരുന്നു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി ആ വലിയ പഴക്കം ചെന്ന വീട്ടിലേക്കു കാടുകള്‍ പടര്‍ന്നു കയറി.

ഗുല്‍മോഹര്‍ മരങ്ങളെ തഴുകി വരുന്ന കാറ്റു പഴകി ദ്രവിച്ച ആ വീടിന്റെ അടിസ്ഥാനങ്ങളെതൊട്ട് ഇളക്കിക്കൊണ്ടിരുന്നു ഏതു നിമിഷവും ആ വീട് ഒരു കടലാസുകോട്ട പോലെ നിലം പതിക്കാം .

ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്ത താഴ്വരകളില്‍ അവളെ പലരും പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. പ രൂപത്തിലും പല ഭാവത്തിലും. ചില രാത്രികളില്‍ ആ വീടിന്റെ രണ്ടാം നിലയില്‍ ഒരു വെട്ടം തെളിഞ്ഞു വരുന്നതു കാണാം. ചിലപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ നിലവിളിയുടെ ഉച്ച മലകളെയും താഴ്വരകളേയും നടുക്കുമാറ്……..

ഇപ്പോള്‍ ആരും ആ വഴിക്കു പോകാതായി ആ വഴി വിജനമായി കിടന്നു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here