മാധ്യമങ്ങളിൽ ദിവസങ്ങളായി ചോരയുടെയും കണ്ണീരിന്റെയും ഗന്ധം പടർത്തുന്ന ഹൃദയഭേദകമായ കാഴ്‌ചകളാണ്. അതിഭീകരമായ ബോംബിംഗിൽ കത്തികരിയുന്ന ലബനണിലെ നഗരങ്ങളും നിഷ്‌കരുണം കൊല്ലപ്പെടുന്ന സാധാരണ ജനങ്ങളും സ്‌ത്രീകളും കുട്ടികളും. എല്ലാ സാർവദേശീയ മര്യാദകളും ലംഘിച്ചു കൊണ്ട് ഇസ്രയേൽ ലബനണിനെ തകർത്തെറിയുമ്പോൾ, ലോകം സാമ്രാജ്യത്വ മേൽകോയ്‌മക്ക് മുന്നിൽ നട്ടെല്ലു വളച്ച് നിൽക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്.
സാമ്രാജ്യത്വ പിന്തുണയുണ്ടെങ്കിൽ എന്തു മനുഷ്യത്വരാഹിത്യവും നീതീകരിക്കപ്പെടുന്ന കാലമാണിത്. ലോകസമാധാനത്തിന്റെ നടത്തിപ്പുകാരായ ഐക്യരാഷ്‌ട്ര സംഘടന ഇസ്രയേൽ ഭീകരതയ്‌ക്കുനേരെ കുറ്റകരമായ മൗനം പാലിക്കുകയാണ്. യുദ്ധത്തിനുശേഷം സമാധാനം എന്ന സ്ഥിരം നിലപാടിലാണ് യു. എൻ. നിൽക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നെറ്റി ചുളിയാൻ ഒരിക്കലും ഇഷ്ടമില്ലാത്ത നമ്മുടെ ഭരണാധികാരികൾക്കും നിശ്ശബ്ദരായിരിക്കാനാണ് ഇഷ്ടം. പക്ഷെ മജ്ജയും മാംസവും മനസ്സുമുള്ള ലോകജനത എന്നൊന്നുണ്ടല്ലോ. അവരുടെ മനസ്സും ശരീരവും ഈ പീഡിതരുടെ പോരാട്ടങ്ങൾക്ക് പിന്തുണയേകും. ജന്മാവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന പലസ്തീൻ ജനതക്കൊപ്പം നിലയുറപ്പിച്ച ഒരു രാജ്യത്തോടൊപ്പം ലോകമനസ്സാക്ഷിയും ചേർന്നുകഴിഞ്ഞു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും ബോംബുകളേക്കാൾ ശക്തമായ, പാലസ്തീൻ ജനതയുടെ ആത്മധൈര്യം ഓടിപ്പോകാൻ ഇടമില്ലാത്തവന്റെ ഗത്യന്തരമില്ലായ്‌മയാണ്. അധിനിവേശത്തിനെതിരെ നിലനില്പിനെ പ്രക്ഷോഭമാക്കിയ പലസ്തീൻ ജനതയെ കീഴ്‌പ്പെടുത്താൻ സാമ്രാജ്യത്വത്തിന്റെ കൂലിപ്പടക്കാവില്ല. പലസ്തീനിലെ ശവക്കുമ്പാരങ്ങൾക്ക് മുകളിൽ നാളെ വിമ്മോചനത്തിന്റെ പൂക്കൾ വിരിയുക തന്നെ ചെയ്യും.
പത്രാധിപർ
Generated from archived content: editorial_sept1_06.html