കേരളം എന്ന അത്ഭുതം

നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിത്തറയിലാണ്‌ രാഷ്‌ട്രീയ കേരളം അൻപതാണ്ടുകൾ പിന്നിടുന്നത്‌. കുറഞ്ഞ വരുമാനം നിലനിൽക്കുമ്പോഴും സമ്പന്ന രാജ്യങ്ങളോട്‌ കിടപിടിക്കുന്ന ജീവിത നിലവാരം നേടുകയും അടിസ്ഥാന വികസനത്തിലും അവസര സമത്വത്തിലും വിപ്ലവം സൃഷ്ടിക്കുകയും ചെയ്‌ത കേരളത്തിന്റെ വികസന മാതൃക, ലോക ശ്രദ്ധയാകർഷിച്ചതും സാമ്പത്തിക സാമൂഹിക ശാസ്‌ത്രങ്ങളുടെ സാമാന്യ ധാരണകളെ അട്ടിമറിക്കുന്നതുമായിരുന്നു. ഈ നേട്ടങ്ങളോടൊപ്പം കേരളീയത ഇന്നെത്തി നിൽക്കുന്ന പ്രതിസന്ധിയും തിരിച്ചടികളും കൂടി തിരിച്ചറിയേണ്ട ചരിത്ര സന്ദർഭമാണിത്‌.

രാഷ്‌ട്രീയവും സാമൂഹികവും ചരിത്രപരവുമായ ഒട്ടേറെ ഘടകങ്ങളാണ്‌ കേരളത്തിന്റെ ഈ നേട്ടങ്ങളുടെ അടിസ്ഥാനം. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭൂമിയുടെ ഉടമസ്ഥത, സാമൂഹിക സ്വാതന്ത്ര്യം, സുരക്ഷ എന്നിവ സാധ്യമാക്കിയതും സാമ്പത്തിക വളർച്ചാനേട്ടങ്ങൾ സാധാരണ ജനങ്ങളിൽ എത്തിച്ചതും കേരളത്തിൽ ബോധപൂർവ്വമായ രാഷ്‌ട്രീയ ഇടപെടലുകളിലൂടെയാണ്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അദ്ധ്വാനിക്കുന്ന മലയാളികൾ അയക്കുന്ന പണമാണ്‌ കേരളത്തിന്റെ സമ്പദ്‌ഘടനയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകം. കേരളീയന്റെ ജീവിത നിലവാരം ഉയർത്തുകയും സമ്പദ്‌ഘടനയെ താങ്ങി നിർത്തുകയും ചെയ്യുന്ന പണം, ഉൽപാദനക്ഷമമായി വിനിയോഗിക്കാൻ ഒരു പദ്ധതിയും ഇല്ലെന്നതാണ്‌ നമ്മുടെ ആസൂത്രണത്തിലെ പാളിച്ച. ഈ മണിയോർഡർ എക്കോണമിയിലൂടെ ഒരു സമ്പദ്‌ഘടനയ്‌ക്ക്‌ എത്രനാൾ നിലനിൽക്കാനാവും?

പുത്തൻ സാമ്പത്തിക നയങ്ങളും ആഗോളവൽക്കരണവും ജനാധിപത്യനേട്ടങ്ങളെ അട്ടിമറിക്കുന്നതിന്റെ ആശങ്കയിലാണ്‌ ഇന്ന്‌ കേരളം. കേരളീയ സമൂഹത്തെ മുന്നോട്ട്‌ നയിച്ച പൊതു സംവിധാനങ്ങൾ തകർച്ചയെ അഭിമുഖീകരിക്കുകയാണ്‌. മലയാളിയുടെ കൈമുതലായ ആത്മവിശ്വാസവും യുക്തിചിന്തയും നമുക്ക്‌ കൈമോശം വന്നിരിക്കുന്നു. സ്വത്വബോധം നഷ്ടപ്പെട്ട മലയാളി കമ്പോളത്തിന്റെ സാമൂഹിക നിയന്ത്രണത്തിന്‌ അടിമപ്പെട്ടിരിക്കുന്നു. കാർഷികരംഗത്തെ തകർച്ചയും കടക്കെണിയും മദ്യവും ഉപഭോഗാസക്തിയും മൂല്യത്തകർച്ചയും, കേരളത്തെ ഒരു ആത്മഹത്യാമുനമ്പാക്കുന്നു. സമകാലിക കേരളീയത നേരിടുന്ന ഇത്തരം വെല്ലുവിളികൾ നേരിടാനുളള ആർജ്ജവം നമ്മുടെ പൊതുസമൂഹത്തിനുണ്ടാകണം.

Generated from archived content: edit_jan12_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English