പാട്ട്‌ വരുന്ന വഴി

വർഷങ്ങൾക്ക്‌ മുമ്പ്‌ ഒരു ഗായകൻ ആലപിച്ച ഗാനം രൂപവും ഭാവവും മാറ്റി മറ്റൊരാളുടെ പേരിൽ പുറത്തിറക്കുന്നത്‌ ധാർമ്മികമായി ശരിയാണോ? അല്ലെന്നും ആണെന്നും വാദിക്കുന്നവരുണ്ട്‌. അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നാണല്ലോ. ആണെന്നു വാദിക്കുന്നവരിൽ ചിലർ പറയുന്നത്‌ ഇതൊരു നൂതന പരീക്ഷണമാണെന്നാണ്‌. റിക്കോർഡിംഗ്‌ സ്‌റ്റുഡിയോക്കാരന്റെ ജോലിയാണോ സിനിമയിൽ സംഗീത സംവിധായകന്റേത്‌? സ്വന്തമായി ഈണം നൽകുമ്പോൾ മാത്രമേ അതിൽ അവകാശം ഉന്നയിക്കാൻ അയാൾ പ്രാപ്‌തനാകുന്നുളളൂ.

എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ചതായി അവകാശപ്പെട്ടുകൊണ്ട്‌ ചാനലുകളിലൊക്കെ പ്രദർശിപ്പിക്കുന്ന ‘നോട്ടം’ സിനിമയിലെ ‘പച്ചപ്പനം തത്തേ….’ എന്നു തുടങ്ങുന്ന പാട്ടിന്റെ സ്ഥിതിയെന്താണ്‌? പൊൻകുന്നം ദാമോധരൻ രചിച്ച്‌ ബാബുരാജ്‌ ഈണം നൽകിയ ഈ നാടകഗാനം കോഴിക്കോട്‌ അബ്‌ദുൽഖാദറും ഭഗീരഥിയും ചേർന്നു പാടിയാണ്‌ എച്ച്‌.എം.വി റിക്കോർഡ്‌ ചെയ്‌തിട്ടുളളത്‌. പുതിയ കാലത്ത്‌ അത്‌ ജയചന്ദ്രന്റെ കൈയ്യിലെത്തിയപ്പോൾ കഥയാകെ മാറി. ഏത്‌ അബ്‌ദുൽ ഖാദർ ഏത്‌ ബാബുരാജ്‌ എന്നാണ്‌ ഇദ്ദേഹത്തിന്റെ ഭാവം. ബാബുരാജിന്റെ തന്നെ ഭാർഗ്ഗവീനിലയത്തിലെ ‘പൊട്ടിത്തകർന്ന കിനാവ്‌ കൊണ്ടൊരു പട്ടുനൂലുഞ്ഞാലുകെട്ടി ഞാൻ- എന്ന ഗാനത്തിന്റെ ഈണത്തിലേക്ക്‌ ഒറിജിനൽ പാട്ടങ്ങ്‌ മാറ്റിയെടുക്കുന്ന വിദ്യയ്‌ക്കാണോ സംഗീത സംവിധാനം എന്നു പറയുന്നത്‌? തീവണ്ടിയിൽ പാട്ടുപാടുന്ന നാടോടികൾ പോലും ചെയ്യാനറക്കുന്ന പരിപാടിയല്ലേയിത്‌? സംഗീതം പഠിച്ചതു കൊണ്ടായില്ല. മാന്യമായി അതിനെ സമീപിക്കാനും പഠിക്കണം. വലിയ മനസ്സും വലിയ ലോകവുമുളള പഴയ കലാകാരൻമാരുടെ സൃഷ്‌ടികളെടുത്ത്‌ കളിക്കുമ്പോൾ അവരെ മനസാ നമിക്കണം. വിനയവും മാന്യതയും വേണം. കാണിക്കയുടെ കാര്യം മാത്രം മനസ്സിലോർത്ത്‌ ചെയ്യുന്ന പ്രവൃത്തി കലയാവില്ല. മോഷണവും ഒരു കലയാണെങ്കിലും.

Generated from archived content: essay1-mar28-06.html Author: ck-hassan-koya

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here